ആദ്യ റൗണ്ടിൽ ആധിപത്യ ജയവുമായി സിറ്റിപാസ്, നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ടു ബരേറ്റിനിയും

- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിൽ ആദ്യ റൗണ്ടിൽ സമ്പൂർണ ആധിപത്യം പുലർത്തിയ പ്രകടനവുമായി അഞ്ചാം സീഡ് ഗ്രീക്ക് താരം സ്റ്റഫനോസ് സിറ്റിപാസ്. പരിചയസമ്പന്നനായ ഫ്രഞ്ച് താരം ഗിൽസ് സൈമണിനു എതിരെ ഒരു ദയയുമില്ലാത്ത പ്രകടനം ആണ് മുൻ ഓസ്‌ട്രേലിയൻ ഓപ്പൺ സെമി ഫൈനലിസ്റ്റ് ആയ സിറ്റിപാസ് പുറത്തെടുത്തത്. മത്സരത്തിൽ 6 ഇരട്ടപ്പിഴവുകൾ വരുത്തിയ സൈമണിന്റെ സർവീസ് 7 തവണയാണ് സിറ്റിപാസ് ബ്രൈക്ക് ചെയ്തത്. 6-1, 6-2, 6-1 എന്ന സ്കോറിന് ആയിരുന്നു ഗ്രീക്ക് താരത്തിന്റെ ജയം. ഗ്രാന്റ് സ്‌ലാമിൽ ഒരു മികച്ച പ്രകടനം ലക്ഷ്യം വക്കുന്ന സിറ്റിപാസിനെ സംബന്ധിച്ച് ഇത് വളരെ മികച്ച തുടക്കം തന്നെയാണ്.

അതേസമയം പരിചയസമ്പന്നനായ ദക്ഷിണാഫ്രിക്കൻ താരം കെവിൻ ആന്റേഴ്സന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് 9 സീഡ് ഇറ്റാലിയൻ താരം മറ്റിയോ ബരേറ്റിനി ജയം കണ്ടത്. ആന്റേഴ്സൻ 14 ഏസുകൾ ഉതിർത്ത മത്സരത്തിൽ 18 ഏസുകൾ ആണ് ബരേറ്റിനി ഉതിർത്തത്. ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെ നേടിയ ഇറ്റാലിയൻ താരം രണ്ടാം സെറ്റിൽ ആദ്യ ബ്രൈക്ക് കണ്ടത്തി 7-5 നു നേടി മത്സരം ഒരു സെറ്റ് മാത്രം അകലെയാക്കി. മൂന്നാം സെറ്റിൽ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ ഇറ്റാലിയൻ താരം സെറ്റ് 6-3 നു സ്വന്തമാക്കി രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി.

Advertisement