ഓസ്ട്രേലിയൻ ഓപ്പൺ ആരംഭിക്കാൻ ഒരാഴ്ച മാത്രം ബാക്കി നിൽക്കെ റാഫേൽ നദാലിന് പരിക്ക്. ബ്രിസ്‌ബേൻ ഓപ്പണിന്റെ ക്വാർട്ടർ ഫൈനലിൽ ജോർദാൻ തോംസണെ നേരിടുന്നതിന് ഇടയിലാണ് നദാലിന് പരിക്കേറ്റത്. നദാൽ മത്സരം പൂർത്തിയാക്കി എങ്കിലും പരാജയപ്പെട്ടു. പരിക്കിൽ നിന്ന് തിരിച്ചുവരികയായിരുന്ന നദാൽ ബ്രിസ്ബണിൽ ആദ്യ രണ്ട് റൗണ്ടുകളും നേരിട്ടിട്ടുള്ള സെറ്റുകൾക്ക് വിജയിച്ചിരുന്നു. ഇന്ന് രണ്ട് മാച്ച് പോയിന്റ് ലഭിച്ചു എങ്കിലും അവസാനം നദാൽ പരാജയപ്പെടുകയായിരുന്നു.
37കാരനായ നദാൽ മൂന്നാം സെറ്റിനിടയിൽ ചികിത്സയ്ക്കായി കുറച്ച് മിനിറ്റ് കോർട്ട് വിട്ടതിനു ശേഷമാണ് കളി തുടർന്നത്. 7-5, 6-7 (6-8), 3-6 എന്ന സ്കോറിന് ആയിരുന്നു പരാജയം. മസിലിന്റെ പ്രശ്‌നമാകുമെന്നും ആശങ്ക വേണ്ട എന്നും മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ നദാൽ പറഞ്ഞു.
ജനുവരി 14-ന് ആണ് ഓസ്‌ട്രേലിയൻ ഓപ്പൺ ആരംഭിക്കുന്നത്. “ഇത് പ്രധാനമല്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു, അടുത്ത ആഴ്ച പരിശീലനം നടത്താനും മെൽബൺ കളിക്കാനും ആകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. സത്യസന്ധമായി, എനിക്ക് ഇപ്പോൾ ഒന്നിനെക്കുറിച്ചും 100% ഉറപ്പില്ല.” നദാൽ പറഞ്ഞു.