ഓസ്‌ട്രേലിയൻ ഓപ്പണിൽ ആറാം സീഡ് ഗ്രീക്ക് യുവതാരം സ്റ്റെഫാനോസ് സ്റ്റിസ്റ്റിപാസിനെ അട്ടിമറിച്ച് കനേഡിയൻ താരം മിലോസ് റയോണിക്. പലരും കിരീടപ്രതീക്ഷ വരെ നൽകിയ സ്റ്റിസ്റ്റിപാസിന്റെ പരാജയം തികച്ചും അപ്രതീക്ഷമായിരുന്നു. പരിചയസമ്പന്നനായ റയോണികിന് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽവി വഴങ്ങാൻ ആയിരുന്നു ഗ്രീക്ക് താരത്തിന്റെ വിധി. ആദ്യ സെറ്റ് 7-5 നും രണ്ടാം സെറ്റ് 6-4 നും കൈവിട്ട സ്റ്റിസ്റ്റിപാസ് മൂന്നാം സെറ്റിൽ മത്സരം ടൈബ്രെക്കറിലേക്ക് നീട്ടി എങ്കിലും ടൈബ്രെക്കറിലൂടെ സെറ്റ് നേടിയ റയോണിക് മത്സരം സ്വന്തം പേരിൽ കുറിച്ചു. മത്സരത്തിൽ 19 ഏസുകൾ പാഴിച്ച റയോണിക് പലപ്പോഴും തന്റെ നല്ല കാലം ഓർമ്മിപ്പിച്ചു. വലിയ നിരാശയാണ് സ്റ്റിസ്റ്റിപാസിന് ഈ മത്സരഫലം സമ്മാനിച്ചത്.
നാലാം റൗണ്ടിൽ മുൻ യു.എസ് ഓപ്പൺ ജേതാവ് കൂടിയായ മാരിൻ സിലിച്ച് ആണ് റയോണികിന്റെ എതിരാളി. പരിചയസമ്പന്നരായ ഇരുതാരങ്ങളും തമ്മിലുള്ള പോരാട്ടം പ്രവചനാതീതമാണ് എന്നുറപ്പാണ്. അതേസമയം കഴിഞ്ഞ രണ്ട് കളികളും 5 സെറ്റ് മാരത്തോൺ പോരാട്ടത്തിൽ ജയിച്ച 12 സീഡ് ഇറ്റലിയുടെ ഫാബിയോ ഫോഗിനിനി 22 സീഡ് അർജന്റീനയുടെ ഗെഡോ പെല്ലയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന് നാലാം റൗണ്ടിൽ കടന്നു. 7-6, 6-2, 6-3 എന്ന സ്കോറിന് ആയിരുന്നു ഇറ്റാലിയൻ താരം ജയം കണ്ടത്. ഇതിനിടയിൽ വനിതകളിലെ 14 മത്തെ സീഡ് അമേരിക്കൻ താരം സോഫിയ കെനിനും ചൈനീസ് താരം ഷാങ് ഷുയായിയെ 7-5, 7-6 എന്ന സ്കോറിന് മറികടന്ന് നാലാം റൗണ്ടിൽ കടന്നു.