നാട്ടുകാരിയെ മറികടന്നു ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറി ഹാലപ്പ്, മുഗുരെസയും അവസാന എട്ടിൽ

Wasim Akram

ഓസ്‌ട്രേലിയൻ ഓപ്പണിൽ അവസാന എട്ടിലേക്ക് അനായാസം മാർച്ച് ചെയ്തു നാലാം സീഡ് റൊമാനിയയുടെ സിമോണ ഹാലപ്പ്. നാട്ടുകാരിയായ 16 സീഡ് എൽസി മെർട്ടനസിനു ഒരവസരവും നൽകാതെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് ഹാലപ്പ് ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. 6-4, 6-4 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ജയം കണ്ട ഹാലപ്പിന് മത്സരത്തിൽ അധികം ഒന്നും വിയർക്കേണ്ടി വന്നില്ല എന്നതാണ് വാസ്തവം. തന്റെ ആദ്യ ഓസ്‌ട്രേലിയൻ ഓപ്പൺ ലക്ഷ്യമിടുന്ന വിംബിൾഡൺ ജേതാവ് കൂടിയായ ഹാലപ്പിന് ഈ പ്രകടനം വലിയ ആത്മവിശ്വാസം ആവും നൽകുക.

അതിനിടയിൽ ഡച്ച് താരവും ഒമ്പതാം സീഡുമായ കിക്കി ബെർട്ടൻസിനെ അട്ടിമറിച്ച പരിചയസമ്പന്നയായ സ്പാനിഷ് താരം ഗബ്രിൻ മുഗുരെസയും ക്വാർട്ടർ ഫൈനലിൽ എത്തി. ബെർട്ടൻസിനെതിരെ അവിസ്മരണീയപ്രകടനം പുറത്ത് എടുത്ത മുഗുരെസ 6-3, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ജയം കണ്ടത്. ഇതോടെ വനിതാവിഭാഗത്തിൽ മറ്റൊരു അട്ടിമറിക്ക് കൂടി ആരാധകർ സാക്ഷിയായി. അതേസമയം യുവ പോളിഷ് താരം ഇഗ സ്വിയാറ്റക്കിനെ മൂന്ന് സെറ്റ് പോരാട്ടത്തിൽ മറികടന്ന എസ്‌തോണിയ താരവും 28 സീഡുമായ അന്നറ്റ് കോന്റവെയിറ്റും അവസാന എട്ടിലേക്ക് മുന്നേറി. ആദ്യ സെറ്റ് ടൈബ്രെക്കറിലൂടെ നഷ്ടമായ ശേഷം ആയിരുന്നു 6-7, 7-5, 7-5 എന്ന സ്കോറിന് അന്നറ്റിന്റെ ജയം.