രണ്ടാം റൗണ്ടിലേക്ക് അനായാസം മുന്നേറി ടെന്നീസിലെ വികൃതിചെറുക്കൻ

ഓസ്‌ട്രേലിയൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഓസ്‌ട്രേലിയൻ താരവും 23 സീഡുമായ നിക്ക് ക്യൂരിയോസ്. എന്നും തന്റെ ചൂടൻ സ്വഭാവം കൊണ്ട് വാർത്തകളിൽ ഇടം നേടാറുള്ള ക്യൂരിയോസ് തന്റേതായ ദിവസം ആരെയും തോൽപ്പിക്കുന്ന വിധം അപകടകാരി കൂടിയാണ്. ഇറ്റാലിയൻ താരം ലോറൻസോക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ക്യൂരിയോസ് ജയം കണ്ടത്. ആദ്യ സെറ്റ് 6-2 നു നേടിയ താരം തുടർന്നുള്ള രണ്ട് സെറ്റുകളും ടൈബ്രെക്കറിലൂടെ ആണ് നേടിയത്. ടൂർണമെന്റിന് മുന്നേ താൻ മത്സരത്തിൽ നേടുന്ന ഓരോ ഏസിനും അനുസരിച്ച് പൈസ കാട്ടുതീയിൽ വന്ന നഷ്ടത്തിന് പകരമായി നൽകും എന്നു പ്രഖ്യാപിച്ച ക്യൂരിയോസ് 14 ഏസുകൾ ആണ് ഇന്നത്തെ മത്സരത്തിൽ നേടിയത്.

അതേസമയം ദക്ഷിണാഫ്രിക്കയുടെ കെവിൻ ആന്റേഴ്സണും ഓസ്‌ട്രേലിയൻ ഓപ്പൺ രണ്ടാം റൗണ്ടിലേക്ക് മുന്നേറി. 5 സെറ്റ് നീണ്ട വമ്പൻ പോരാട്ടത്തിൽ ഇലിയ ഇവാഷ്‌കയെ ആണ് ആന്റേഴ്സൺ മറികടന്നത്. ആദ്യ സെറ്റ് 6-4 നു നേടിയ ദക്ഷിണാഫ്രിക്കൻ താരത്തിന് എതിരെ ശക്തമായി തിരിച്ചു വന്ന ഇലിയ 6-2 നു മൂന്നും 6-4 നും നാലും സെറ്റുകൾ നേടി. എന്നാൽ വിട്ട് കൊടുക്കാൻ ഒരുക്കമല്ലായിരുന്ന ആന്റേഴ്സൺ നാലാം സെറ്റ് 6-4 നു സ്വന്തമാക്കി മത്സരം അഞ്ചാം സെറ്റിലേക്ക് നീട്ടി. ടൈബ്രെക്കറിലേക്ക് നീണ്ട ആവേശകരമായ അഞ്ചാം സെറ്റിൽ ഒടുവിൽ ജയം സ്വന്തമാക്കിയ ആന്റേഴ്സൺ ഇലിയയുടെ പോരാട്ടവീര്യത്തിന് അന്ത്യം കുറിച്ച് രണ്ടാം റൗണ്ടിലേക്ക് മുന്നേറി.

Previous articleസഞ്ജു സാംസൺ ധവാന് പകരക്കാരനായി ന്യൂസിലാന്റിനെതിരായ ഇന്ത്യൻ സ്ക്വാഡിൽ
Next articleബേക്കലിൽ അൽ മദീനയെ തോൽപ്പിച്ച് മെഡിഗാഡ് അരീക്കോടിന് കിരീടം