‘എന്നിലെ കുട്ടിയുടെ സ്വപ്നം ഇന്നു അവസാനിച്ചു’ ഓസ്‌ട്രേലിയയിലെ ആരാധകരുടെ മോശം പെരുമാറ്റത്തിൽ നിരാശ പരസ്യമാക്കി മെദ്വദേവ്

എന്നും ഏത് മൈതാനത്തും ഡാനിൽ മെദ്വദേവ് എന്ന റഷ്യൻ താരത്തിന് പോരാടേണ്ടി വരുന്നത് തനിക്ക് എതിരെ കൂവലുകളും ശാപ വാക്കുകളും ആയി വരുന്ന ആരാധകരെ കൂടിയാണ്. ചിലപ്പോൾ നൊവാക് ജ്യോക്കോവിച്ച് നേരിടുന്ന ആരാധകരുടെ എതിർപ്പിലും കഠിനം ആണ് മെദ്വദേവ് നേരിടുന്ന ഈ എതിർപ്പ്. ഈ എതിർപ്പിനെ അമേരിക്കയിൽ മറികടന്നു ആണ് ജ്യോക്കോവിച്ചിനെ തോൽപ്പിച്ചു അയാൾ കഴിഞ്ഞ യു.എസ് ഓപ്പൺ നേടുന്നത്. എന്നും ആരാധകരെ കൂടി തോൽപ്പിച്ചു മുന്നേറുന്ന റഷ്യൻ താരത്തിന് എന്നാൽ ഇന്ന് റാഫേൽ നദാലിന് എതിരെ ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിൽ പിഴച്ചു. ഫൈനൽ കളി തുടങ്ങും മുമ്പ് കൂവലോടെ ഫൈനൽ കളിക്കാൻ സ്വീകരണം ലഭിക്കുന്ന താരത്തിന്റെ മാനസികാവസ്ഥ എന്താവും. ഇത് മറികടന്നു ആണ് റഷ്യൻ താരം കളി തുടങ്ങിയത് എന്നാൽ കളി തുടർന്നപ്പോൾ ആരാധകരുടെ നിരന്തരമുള്ള മോശം പെരുമാറ്റം താരത്തിന്റെ താളം തെറ്റിക്കുക തന്നെ ചെയ്തു.

Img 20220130 230543

പലപ്പോഴും കാണികളോട് കൂടുതൽ പക്വത കാണിക്കാൻ ചെയർ അമ്പയർ നിരന്തരം ആവശ്യപ്പെടുന്നതും കാണാൻ ആയി. മത്സര ശേഷം ആരാധകരുടെ ഈ പെരുമാറ്റത്തിൽ തന്റെ അതൃപ്തി മെദ്വദേവ് പരസ്യമാക്കുകയും ചെയ്തു. ഇത് പോലെ പെരുമാറുന്ന കാണികൾക്ക് മുമ്പിൽ കളിക്കുക പ്രയാസം ആണെന്ന് താരം തുറന്നു പറഞ്ഞു. നേരിയ കണ്ണീരോടെയാണ് താരം തന്റെ നിരാശ പരസ്യമാക്കിയത്. ഇന്ന് കളിക്ക് ഇടയിൽ താൻ തന്നിലെ കുട്ടി സ്വപ്നം കാണുന്നത് നിർത്തി എന്നു പറഞ്ഞ മെദ്വദേവ് ഇന്ന് മുതൽ താൻ തനിക്ക് വേണ്ടി മാത്രം ആയിരിക്കും കളിക്കുക എന്നു പറഞ്ഞു. തന്റെ കുടുംബത്തിന്റെ വരുമാനം എന്ന നിലയിൽ തന്നെ വിശ്വസിക്കുന്നവർക്ക് മാത്രം ആയിരിക്കും താൻ കളിക്കുക എന്നു പറഞ്ഞ മെദ്വദേവ് മോസ്‌കോയിൽ ഒരു ഹാർഡ് കോർട്ട് ടൂർണമെന്റ് ഉണ്ടെങ്കിൽ ഓസ്‌ട്രേലിയൻ ഓപ്പണിനു പകരം താൻ അതായിരിക്കും കളിക്കുക എന്നു തുറന്നടിച്ചു. തനിക്ക് വേണ്ടി മാത്രമാണ് തന്റെ കളികൾ എന്നു പറഞ്ഞ താരം തന്റെ സ്വപ്നം ഇന്ന് അവസാനിച്ചു എന്നു ആവർത്തിച്ചു. 30 വയസ്സിനു ശേഷം താൻ ടെന്നീസിൽ കളത്തിൽ ഉണ്ടാവുമോ എന്ന സംശയവും താരം പ്രകടിപ്പിച്ചു.