അടുത്ത മാസം 41 വയസ്സ് ആവും എന്നത് ഒന്നും ക്രൊയേഷ്യൻ താരം ഇവോ കാർലോവിച്ചിനു ഒരു വിഷയമല്ല. കാരണം പുള്ളി ഇപ്പോഴും ഗ്രാന്റ് സ്‌ലാം മത്സരങ്ങൾ ജയിക്കുന്ന തിരക്കിൽ ആണ്. ഓസ്‌ട്രേലിയൻ ഓപ്പണിലെ ആദ്യ റൗണ്ട് മത്സരം കാനഡയുടെ വാസക് പോസ്പിസിലിനോട് ജയിച്ചതോടെ 40 വയസ്സും 327 ദിവസം പ്രായവുമുള്ള കാർലോവിച്ച് പുതിയ റെക്കോർഡ് ആണ് കുറിച്ചത്. ഗ്രാന്റ് സ്‌ലാമിൽ ഹാർഡ് കോർട്ടിൽ ഒരു മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി ഇതോടെ ക്രൊയേഷ്യൻ താരം മാറി. സാക്ഷാൽ ജിമ്മി കോണോർസിന്റെ റെക്കോർഡ് ആണ് ഇതോടെ കാർലോവിച്ച് മറികടന്നത്. എന്നും വലിയ സർവീസുകൾക്ക് പേരുകേട്ട കാർലോവിച്ച് 7-6, 6-4, 7-5 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് ജയിച്ച മത്സരത്തിലും 14 ഏസുകൾ ആണ് നേടിയത്.
കൂടാതെ 42 വർഷത്തിന് ഇടയിൽ ഒരു ഗ്രാന്റ് സ്‌ലാം മത്സരം ജയിക്കുന്ന ഏറ്റവും പ്രായം കൂടിയ താരം കൂടിയായി കാർലോവിച്ച് ഇതോടെ. അമേരിക്കയുടെ റെയ്ലി ഒപ്ലെക്ക് ഒപ്പം ഏറ്റവും നീളം കൂടിയ ടെന്നീസ് താരം ആയി ആണ് കാർലോവിച്ച് അറിയപ്പെടുന്നത്. 211 സെന്റീമീറ്റർ ആണ് ക്രൊയേഷ്യൻ താരത്തിന്റെ ഉയരം. നിലവിൽ 123 റാങ്കിലുള്ള താരം കരിയറിൽ 8 എ. ടി.പി കിരീടങ്ങൾ നേടിയിട്ടുണ്ട്. 2005 ൽ ക്രൊയേഷ്യക്ക് ഒപ്പം ഡേവിസ് കപ്പ് നേട്ടത്തിലും താരം പങ്കാളിയായി. രണ്ടാം റൗണ്ടിൽ ഫ്രാൻസിന്റെ ഗെയിൽ മോൻഫിൽസ് ആണ് കാർലോവിച്ചിന്റെ എതിരാളി. പ്രായം തടസ്സമായില്ലെങ്കിൽ ഫ്രഞ്ച് താരത്തിന് എതിരെ മികവ് പുലർത്താൻ പുതിയ തലമുറയെ പറ്റി ഒരുപാട് സംസാരിക്കുന്ന ഈ ഓസ്‌ട്രേലിയൻ ഓപ്പണിലും കാർലോവിച്ച് എന്ന 1970 കളിൽ ജനിച്ച വയസ്സൻ താരത്തിന് ആയേക്കും.