നാലാം റൗണ്ടിലേക്ക് മുന്നേറി ആഷ്‌ലി ബാർട്ടിയും പെട്ര ക്വിറ്റോവയും

Photo: Twitter/@bet365_aus
- Advertisement -

ഓസ്‌ട്രേലിയൻ ഓപ്പണിന്റെ നാലാം റൗണ്ടിലേക്ക് അനായാസം മുന്നേറി ഒന്നാം സീഡും ഓസ്‌ട്രേലിയൻ താരവുമായ ആഷ്‌ലി ബാർട്ടി. 29 സീഡ് എലേന റൈബാകിനക്ക് എതിരെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഫ്രഞ്ച് ഓപ്പൺ ജേതാവ് കൂടിയായ ബാർട്ടി ജയിച്ച് കയറിയത്. ആദ്യ സെറ്റ് 6-3 നു നേടിയ ബാർട്ടി രണ്ടാം സെറ്റ് 6-2 നു സ്വന്തമാക്കി നാലാം റൗണ്ടിലേക്ക് മാർച്ച് ചെയ്തു. ജർമൻ താരം ജൂലിയ ഗോർജസിനെ മറികടന്ന അമേരിക്കൻ താരം ആലിസൻ റിസ്ക് ആണ് ബാർട്ടിയുടെ നാലാം റൗണ്ട് എതിരാളി.

ആദ്യ സെറ്റ് 6-1 നു നഷ്ടമായ ശേഷം അവിസ്മരണീയമായ തിരിച്ചു വരവിലൂടെയാണ് 18 സീഡ് റിസ്ക് മൂന്നാം റൗണ്ടിൽ ജയം കണ്ടത്. രണ്ടാം സെറ്റ് ടൈബ്രെക്കറിലൂടെ നേടിയ അമേരിക്കൻ താരം മൂന്നാം സെറ്റ് 6-2 നു സ്വന്തമാക്കി നാലാം റൗണ്ട് ഉറപ്പിക്കുകയായിരുന്നു. അതേസമയം നാട്ടുകാരിയും 25 സീഡുമായ അലക്സാന്ദ്രോയെ നേരിട്ടുള്ള സെറ്റുകൾക്ക് മറികടന്ന 7 സീഡും ചെക് താരവുമായ പെട്ര ക്വിറ്റോവയും നാലാം റൗണ്ടിലേക്ക് മുന്നേറി. 6-1, 6-2 എന്ന സ്കോറിന് ജയം കണ്ട ക്വിറ്റോവക്ക് വലിയ വെല്ലുവിളി ഉയർത്താൻ മത്സരത്തിൽ എതിരാളിക്ക് ഒരു ഘട്ടത്തിലും സാധിച്ചില്ല.

Advertisement