ഓസ്‌ട്രേലിയൻ ഓപ്പൺ ടെന്നീസിന്റെ സെമിഫൈനലിൽ പ്രവേശിച്ച് ലോക ഒന്നാം നമ്പർ താരം കാർലോസ് അൽകാരസ് തന്റെ അപ്രമാദിത്വം ഒരിക്കൽ കൂടി തെളിയിച്ചു. ക്വാർട്ടർ ഫൈനലിൽ പ്രാദേശിക താരവും ആറാം സീഡുമായ അലക്സ് ഡി മിനോറിനെ നേരിട്ടുള്ള സെറ്റുകൾക്കാണ് സ്പാനിഷ് താരം പരാജയപ്പെടുത്തിയത്. റോഡ് ലേവർ അരീനയിൽ നടന്ന മത്സരത്തിൽ 7-5, 6-2, 6-1 എന്ന സ്കോറിനായിരുന്നു അൽകാരസിന്റെ വിജയം.
ഈ വിജയത്തോടെ തന്റെ കരിയറിലെ പത്താമത്തെ ഗ്രാൻഡ് സ്‌ലാം സെമിഫൈനലിലേക്കും കന്നിക്കിരീടം ലക്ഷ്യമിടുന്ന ഓസ്‌ട്രേലിയൻ ഓപ്പണിലെ ആദ്യ സെമിഫൈനലിലേക്കും താരം ചുവടുവെച്ചു.
മത്സരത്തിന്റെ ആദ്യ സെറ്റിൽ ഡി മിനോർ ശക്തമായ പോരാട്ടം കാഴ്ചവെച്ചെങ്കിലും നിർണ്ണായക നിമിഷങ്ങളിൽ പതറാതെ കളിച്ച അൽകാരസ് സെറ്റ് സ്വന്തമാക്കി. എന്നാൽ തുടർന്നുള്ള രണ്ട് സെറ്റുകളിൽ ഡി മിനോറിന് യാതൊരു അവസരവും നൽകാതെ അൽകാരസ് കളം നിറഞ്ഞു കളിച്ചു. ഈ ടൂർണമെന്റിൽ ഇതുവരെ ഒരു സെറ്റ് പോലും വിട്ടുനൽകാരെയാണ് 22-കാരനായ അൽകാരസ് മുന്നേറുന്നത്.









