എന്റെ മത്സരം അല്ല ലോക സമാധാനം ആണ് പ്രധാനം യുദ്ധ ഭീതിക്ക് ഇടയിൽ പ്രതികരണവും ആയി റഷ്യൻ താരം റൂബ്ലേവ്

20220223 142322

റഷ്യ, ഉക്രൈൻ യുദ്ധത്തിന്റെ നടുവിൽ ലോകം ഭയന്നു നിൽക്കുമ്പോൾ സമാധാനത്തിനു ആയി ആഹ്വാനം ചെയ്തു റഷ്യൻ ടെന്നീസ് താരം ആന്ദ്ര റൂബ്ലേവ്. ദുബായ് ഓപ്പണിൽ രണ്ടാം സീഡ് ആയ താരം തന്റെ ക്വാർട്ടർ ഫൈനൽ വിജയത്തിന് ശേഷം ആണ് യുദ്ധത്തിൽ പ്രതികരണവും ആയി എത്തിയത്. ലോകത്ത് ഇത്രയും ഭയാനകമായ സാഹചര്യത്തിൽ തന്റെ മത്സരം അല്ല പ്രധാനം എന്നു വ്യക്തമാക്കി റൂബ്ലേവ്.

ലോകത്ത് സമാധാനം ഉണ്ടാവേണ്ടത് ഏറ്റവും പ്രധാനമാണ് എന്നു പറഞ്ഞ താരം മറ്റുള്ളവരെ ബഹുമാനിച്ചും ഒരുമിച്ചും നിൽക്കേണ്ടത് ലോകത്തിന്റെ ആവശ്യം ആണ് എന്ന് വ്യക്തമാക്കി. നമ്മുടെ ഭൂമിയെയും മറ്റു മനുഷ്യരെയും സംരക്ഷിക്കേണ്ടത് എല്ലാവരുടെയും ആവശ്യം ആണ് എന്നും റഷ്യൻ ടെന്നീസ് താരം കൂട്ടിച്ചേർത്തു. യുദ്ധത്തിനു ഇറങ്ങി പുറപ്പെട്ട റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനു എതിരായ പരോക്ഷ വിമർശനം ആയി തന്നെ യുവ റഷ്യൻ താരത്തിന്റെ വാക്കുകൾ കാണാവുന്നത് ആണ്. നാളെ പുലർച്ചെ തന്റെ മെക്സിക്കൻ ഓപ്പൺ മത്സര ശേഷം നിലവിലെ ലോക ഒന്നാം നമ്പർ താരം ഡാനിൽ മെദ്വദേവ് വിഷയത്തിൽ പ്രതികരിക്കുമോ എന്നു കണ്ടറിയാം.