റോട്ടർഡാം 500 മാസ്റ്റേഴ്സിൽ ആദ്യ സെമിഫൈനൽ ജയിച്ച് കനേഡിയൻ യുവ താരം ഫെലിക്സ് ആഗർ അലിയാസ്മെ ഫൈനലിലേക്ക് മുന്നേറി. ഇതോടെ 19 വയസ്സ് കാരൻ ആയ ഫെലിക്സ് റോട്ടർഡാമിൽ ഫൈനലിൽ എത്തുന്ന ഏറ്റവും പ്രായം കുറഞ്ഞ താരവും ആയി. 2001 ൽ റോജർ ഫെഡറർ സ്ഥാപിച്ച 19 വയസ്സും 195 ദിവസവും എന്ന റെക്കോർഡ് ആണ് 19 വയസ്സുക 192 ദിവസവും പ്രായമുള്ള ഫെലിക്സ് മറികടന്നത്. പരിചയസമ്പന്നനായ സ്പാനിഷ് താരം പാബ്ലോ കൊറെനോ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് ആയിരുന്നു ഫെലിക്സ് മറികടന്നത്. തന്റെ കരിയറിലെ നാലാമത്തെ മാത്രം എ. ടി. പി ഫൈനൽ ആണ് ഫെലിക്സിന് ഇത്.
ആദ്യ സെറ്റിൽ ടൈബ്രെക്കറിലൂടെ നേടിയ ഫെലിക്സ് രണ്ടാം സെറ്റിൽ കുറച്ച് കൂടി ആധിപത്യം സ്പാനിഷ് താരത്തിന് മുകളിൽ നേടി. 6-4 നു രണ്ടാം സെറ്റ് സ്വന്തമാക്കിയ താരം ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. രണ്ടാം സെമിയിൽ നിലവിലെ ജേതാവ് മോൻഫിൽസ്, ക്രാജിനോവിച് മത്സരവിജയിയെ ആവും ഫെലിക്സ് ഫൈനലിൽ നേരിടുക. ഫൈനലിൽ ജയിക്കാൻ ആയാൽ ഒരു എ. ടി. പി 500 മാസ്റ്റേഴ്സ് കിരീടം നേടുന്ന രണ്ടാമത്തെ മാത്രം കനേഡിയൻ പുരുഷ താരം ആയി ഫെലിക്സ് മാറും. ഇതിനുമുമ്പ് വാഷിങ്ടണിൽ 2014 ൽ കിരീടം നേടിയ റയോണിക് മാത്രം ആണ് എ. ടി. പി 500 മാസ്റ്റേഴ്സ് കിരീടം അണിഞ്ഞ കനേഡിയൻ താരം. നിലവിലെ ഫോമിൽ ഭാവി സൂപ്പർ സ്റ്റാർ എന്ന് അറിയപ്പെടുന്ന ഫെലീക്സിനു അതിനു ആവും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.