കാസ്പർ റൂഡിന്റെ വെല്ലുവിളി അതിജീവിച്ച് ജ്യോക്കോവിച്ച് പത്താം തവണയും റോം ഓപ്പൺ ഫൈനലിൽ

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ. ടി. പി ടൂറിൽ മാസ്റ്റേഴ്സ് 1000 റോം ഓപ്പണിൽ ഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് നൊവാക് ജ്യോക്കോവിച്ച്. സീഡ് ചെയ്യാത്ത നോർവീജിയൻ താരം കാസ്പർ റൂഡിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് സെർബിയൻ താരം സെമിഫൈനലിൽ മറികടന്നത്. റോമിൽ തന്റെ അഞ്ചാം കിരീടം ലക്ഷ്യമിടുന്ന ജ്യോക്കോവിച്ചിന്റെ പത്താം ഫൈനൽ പ്രവേശനം ആണ് ഇത്. ആദ്യ സെറ്റിൽ ജ്യോക്കോവിച്ചിനു കടുത്ത പോരാട്ടം ആണ് റൂഡ് നൽകിയത്. ആദ്യം ജ്യോക്കോവിച്ചിനു എതിരെ ബ്രൈക്ക് കണ്ടത്തിയ റൂഡ് ഒരു ഘട്ടത്തിൽ ആദ്യ സെറ്റിന് ആയി സർവീസ് ചെയ്യാൻ തുടങ്ങി. എന്നാൽ ആ സർവീസ് ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് മത്സരത്തിൽ ഒപ്പമെത്തി. ജ്യോക്കോവിച്ചിന്റെ അടുത്ത സർവീസ് ബ്രൈക്ക് ചെയ്യാൻ നിരവധി അവസരങ്ങൾ റൂഡ് തുറന്നു എങ്കിലും ജ്യോക്കോവിച്ച് വിട്ട് കൊടുത്തില്ല.

നിർണായക സമയത്ത് ഏസുകൾ ഉതിർത്തു ബ്രൈക്ക് പോയിന്റുകൾ രക്ഷിച്ച ജ്യോക്കോവിച്ച് മത്സരത്തിൽ 12 ഏസുകൾ ആണ് ഉതിർത്തത്. പിന്നീട്‌ ഒരിക്കൽ കൂടി ആദ്യ സെറ്റിൽ റൂഡിനെ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് ആദ്യ സെറ്റ് 7-5 നു ഒരു മണിക്കൂറിൽ ഏറെ നീണ്ട പോരാട്ടത്തിൽ സ്വന്തമാക്കി. ഏതാണ്ട് കയ്യിൽ കിട്ടിയ ആദ്യ സെറ്റ് കൈവിട്ടതോടെ റൂഡ് ജ്യോക്കോവിച്ചിനു മുന്നിൽ കൂടുതൽ പിഴവുകൾ വരുത്താൻ തുടങ്ങി. രണ്ടാം സെറ്റിൽ ആദ്യ സെറ്റിൽ നിന്നു വിഭിന്നമായി വലിയ പോരാട്ടം ഒന്നും ജ്യോക്കോവിച്ച് നേരിട്ടില്ല. തുടർന്ന് 6-3 നു സെറ്റ് സ്വന്തം പേരിൽ കുറിച്ച ജ്യോക്കോവിച്ച് ഫൈനലിലേക്ക് ടിക്കറ്റ് എടുത്തു. നദാൽ പുറത്ത് ആയതോടെ ജ്യോക്കോവിച്ചിനു വലിയ സാധ്യതയാണ് റോമിൽ കിരീടം ഉയർത്താൻ കൽപ്പിക്കുന്നത്. ഫൈനലിൽ ഡീഗോ ഷ്വാർട്ട്സ്മാൻ, ഡെന്നിസ് ഷപോവലോവ് മത്സരവിജയിയെ ആവും ജ്യോക്കോവിച്ച് നേരിടുക.