മിയാമി ഓപ്പൺ സെമിഫൈനലിലേക്ക് മുന്നേറി സ്പാനിഷ് താരവും പതിനാലാം സീഡും ആയ കാർലോസ് അൽകാരസ് ഗാർഫിയ. സെർബിയൻ താരം മിയോമിർ കെക്മനോവിച്ചിനെ മൂന്നു സെറ്റ് നീണ്ട ത്രില്ലറിൽ തോൽപ്പിച്ചു ആണ് പതിനെട്ട്കാരൻ തുടർച്ചയായ രണ്ടാം എ.ടി.പി 1000 മാസ്റ്റേഴ്സ് സെമിയിലേക്ക് മുന്നേറിയത്. സെമിയിൽ നിലവിലെ ജേതാവ് ഉമ്പർട്ട് ഹുർകാഷ് ആണ് അൽകാരസിന്റെ എതിരാളി. ആദ്യ സെറ്റിൽ മികച്ച പോരാട്ടം ആണ് കണ്ടത്.
ഇരു താരങ്ങളും ആദ്യ സെറ്റിൽ ഓരോ ബ്രൈക്ക് കണ്ടത്തിയപ്പോൾ സെറ്റ് ടൈബ്രേക്കറിലേക്ക്. കടുത്ത ടൈബ്രേക്കർ അതിജീവിച്ച സെർബിയൻ താരം ആദ്യ സെറ്റ് സ്വന്തം പേരിൽ കുറിച്ചു. എന്നാൽ രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയ സ്പാനിഷ് യുവതാരം സെറ്റ് 6-3 നു നേടി മത്സരത്തിൽ ഒപ്പമെത്തി. മൂന്നാം സെറ്റിൽ സർവീസ് കൈവിടാൻ ഇരു താരങ്ങളും തയ്യാർ ആവാതെ വന്നതോടെ സെറ്റ് ടൈബ്രേക്കറിലേക്ക്. ഇത്തവണ കടുത്ത പോരാട്ടത്തിൽ ജയം കണ്ട അൽകാരസ് ഭാവിയുടെ താരം എന്ന പ്രതീക്ഷ നിലനിർത്തി സെമി ഫൈനലിലേക്ക് മുന്നേറി. ടൈബ്രേക്കറിൽ 5-3 നു പിന്നിൽ നിന്ന ശേഷം ആയിരുന്നു അൽകാരസിന്റെ തിരിച്ചു വരവ്. സീസണിലെ ഏറ്റവും മികച്ച മത്സരങ്ങളിൽ ഒന്നായിരുന്നു മിയാമിയിൽ അരങ്ങേറിയത്.