വിയന്ന ഓപ്പണിൽ ജയത്തോടെ തുടങ്ങി ജ്യോക്കോവിച്ച്

Djokovic
- Advertisement -

എ.ടി.പി ടൂറിൽ ഇൻഡോർ 500 മാസ്റ്റേഴ്സ് ആയ വിയന്ന ഓപ്പണിൽ ആദ്യ മത്സരത്തിൽ ജയം കണ്ടു ലോക ഒന്നാം നമ്പർ താരം നൊവാക് ജ്യോക്കോവിച്ച്. ഒന്നാം സീഡ് ആയ ജ്യോക്കോവിച്ച് നാട്ടുകാരൻ ആയ ഫിലിപ്പ് ക്രാജിനോവിച്ചിനെ നേരിട്ടുള്ള സെറ്റുകൾക്ക് ആണ് തകർത്തത്. 2 തവണ ബ്രൈക്ക് വഴങ്ങിയെങ്കിലും 4 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ജ്യോക്കോവിച്ച് ആദ്യ സെറ്റ് ടൈബ്രേക്കറിലൂടെയാണ് നേടിയത്. എന്നാൽ രണ്ടാം സെറ്റ് 6-3 നു സ്വന്തമാക്കിയ താരം അവസാന പതിനാറിൽ സ്ഥാനം ഉറപ്പിച്ചു.

അടുത്ത റൗണ്ടിൽ ബോർണ ചോരിച്ചിനെ തോല്പിച്ചാൽ ആറാം വർഷവും ഒന്നാം റാങ്കിൽ വർഷം അവസാനിപ്പിക്കുക എന്ന ആന്ദ്ര അഗാസിയുടെ റെക്കോർഡിന് ഒപ്പം സെർബിയൻ താരം എത്തും. അതേസമയം എട്ടാം സീഡ് കനേഡിയൻ താരം ഡെന്നിസ് ഷപോവലോവ് ഓസ്ട്രിയൻ താരം ജൂറിജ് റോഡിനോവിനോട് 6-4, 7-5 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് തോറ്റ് പുറത്തായി. റഷ്യൻ താരം കാരൻ ഖാചനോവിനെ 7-6, 6-3 എന്ന നേരിട്ടുള്ള സെറ്റുകൾക്ക് വീഴ്‌ത്തിയ ഗ്രിഗോർ ദിമിത്രോവും അവസാന പതിനാറിലേക്ക് മുന്നേറി. എതിരാളി പിന്മാറിയതിനെ തുടർന്ന് ബ്രിട്ടീഷ് താരം ഡാൻ ഇവാൻസും അവസാന പതിനാറിൽ എത്തി.

Advertisement