എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് സെമിഫൈനലിൽ ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ റഷ്യയുടെ ഡാനിൽ മെദ്വദേവ്, നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് എന്നിവർ മുഖാമുഖം വരും.
എ.ടി.പി 1000 സിൻസിനാറ്റി മാസ്റ്റേഴ്സ് സെമിഫൈനലിൽ ലോക ഒന്നാം നമ്പറും ഒന്നാം സീഡും ആയ റഷ്യയുടെ ഡാനിൽ മെദ്വദേവ്, നാലാം സീഡ് ഗ്രീക്ക് താരം സ്റ്റെഫനോസ് സിറ്റിപാസ് എന്നിവർ മുഖാമുഖം വരും. ക്വാർട്ടർ ഫൈനലിൽ 11 സീഡ് അമേരിക്കൻ താരം ടെയിലർ ഫ്രിറ്റ്സിനെ മെദ്വദേവ് 7-6, 6-3 എന്ന സ്കോറിന് മറികടക്കുക ആയിരുന്നു. മത്സരത്തിൽ 18 ഏസുകൾ ഉതിർത്ത റഷ്യൻ താരം രണ്ടാം സെറ്റിൽ നിർണായക ബ്രൈക്ക് കണ്ടത്തിയപ്പോൾ ആദ്യ സെറ്റ് ടൈബ്രൈക്കറിൽ നേടി. ഈ വർഷത്തെ ആദ്യ എ.ടി.പി 1000 മാസ്റ്റേഴ്സ് സെമിഫൈനൽ ആണ് ലോക ഒന്നാം നമ്പർ താരത്തിന് ഇത്.
മറ്റൊരു അമേരിക്കൻ താരം ജോൺ ഇസ്നറെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് നാലാം സീഡ് സിറ്റിപാസ് മറികടന്നത്. സിറ്റിപാസിന്റെ തുടർച്ചയായ മൂന്നാം സെമിഫൈനൽ ആണ് സിൻസിനാറ്റിയിൽ ഇത്. ആദ്യ സെറ്റ് ടൈബ്രൈക്കറിൽ 7-6 നു സിറ്റിപാസ് നേടിയപ്പോൾ രണ്ടാം സെറ്റിൽ ബ്രൈക്ക് നേടിയ ഇസ്നർ സെറ്റ് 7-5 നു നേടി. എന്നാൽ 18 ഏസുകൾ ഉതിർത്ത ഇസ്നർക്ക് എതിരെ ആദ്യമായി ബ്രൈക്ക് പോയിന്റ് കണ്ടത്തി ബ്രൈക്ക് നേടിയ സിറ്റിപാസ് മൂന്നാം സെറ്റ് 6-3 നു നേടി മത്സരം സ്വന്തം പേരിലാക്കി. സെമിയിൽ തീപാറും പോരാട്ടം ആവും നടക്കുക എന്നുറപ്പാണ്.
നദാലിന് പുറമെ ഏഴാം സീഡ് ഫെലിക്‌സ് ആഗർ അലിയാസമെയെയും അട്ടിമറിച്ച ക്രൊയേഷ്യൻ താരം ബോർണ ചോരിചും സെമിഫൈനൽ ഉറപ്പിച്ചു. ഇരു സെറ്റുകളിലും ആയി ഓരോ വീതം ബ്രൈക്ക് നേടിയ ബോർണ 6-4, 6-4 എന്ന സ്കോറിന് ആണ് കനേഡിയൻ താരത്തെ ക്വാർട്ടർ ഫൈനലിൽ തോൽപ്പിച്ചത്. മത്സരത്തിൽ ഫെലിക്‌സ് 12 ഏസുകൾ ഉതിർത്തപ്പോൾ 8 ഏസുകൾ ബോർണ ഉതിർത്തു. സെമി ഫൈനലിൽ ഒമ്പതാം സീഡ് ബ്രിട്ടീഷ് താരം കാമറൂൺ നോറി ആണ് ബോർണയുടെ എതിരാളി.
മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് സ്പാനിഷ് താരം മൂന്നാം സീഡ് കാർലോസ് അൽകാരസിനെ നോറി അട്ടിമറിച്ചത്. ആദ്യ രണ്ടു സെറ്റുകളും ടൈബ്രൈക്കറിലേക്ക് നീണ്ടപ്പോൾ ആദ്യ സെറ്റ് നോറിയും രണ്ടാം സെറ്റ് അൽകാരസും നേടി. രണ്ടാം സെറ്റിൽ 4-1 നു മുന്നിൽ നിന്ന ശേഷം സെറ്റ് കൈവിട്ട നോറി മൂന്നാം സെറ്റിൽ 3-1 നു പിറകിൽ നിന്ന ശേഷം സെറ്റ് നിർണായക ബ്രൈക്ക് കണ്ടത്തി 6-4 നു നേടി. കരിയറിലെ ഏറ്റവും വലിയ വിജയങ്ങളിൽ ഒന്നാണ് ബ്രിട്ടീഷ് താരത്തിന് ഈ ജയം. മൂന്നു മണിക്കൂർ നീണ്ട മത്സരത്തിൽ കടുത്ത പോരാട്ടം തന്നെയാണ് ഇരു താരങ്ങളും പുറത്ത് എടുത്തത്.