അവിശ്വസനീയം! റോമിലെ കളിമണ്ണ് കോർട്ടിൽ നദാലിനെ അട്ടിമറിച്ച് ഷ്വാർട്ട്സ്മാൻ!

- Advertisement -

എ. ടി. പി ടൂറിൽ മാസ്റ്റേഴ്സ് 1000 റോം ഓപ്പണിൽ ക്വാർട്ടർ ഫൈനലിൽ റാഫേൽ നദാലിനെ അട്ടിമറിച്ച് അർജന്റീനൻ താരം ഡീഗോ ഷ്വാർട്ട്സ്മാൻ. കളിമണ്ണ് കോർട്ടിലെ രാജാവ് ആയ നദാലിന് എതിരെ തന്റെ ഏറ്റവും മികച്ച ടെന്നീസ് പുറത്ത് എടുത്ത ഷ്വാർട്ട്സ്മാൻ നദാലിനെ ഞെട്ടിച്ചു. റോമിൽ പത്താം കിരീടവും തുടർച്ചയായ മൂന്നാം കിരീടവും ലക്ഷ്യമിട്ട് ഇറങ്ങിയ രണ്ടാം സീഡ് ആയ നദാലിന് എതിരെ മികച്ച പ്രകടനം ആണ് എട്ടാം സീഡ് ആയ ഷ്വാർട്ട്സ്മാൻ പുറത്ത് എടുത്തത്. തുടക്കത്തിൽ താളം കണ്ടത്താൻ വിഷമിച്ച നദാലിനെതിരെ തുടർച്ചയായി ബ്രൈക്ക് കണ്ടത്തിയ അർജന്റീനൻ താരം ആദ്യ സെറ്റ് 6-2 നു നേടി നദാലിനെ ഞെട്ടിച്ചു.

രണ്ടാം സെറ്റിൽ കുറച്ച് കൂടി മത്സരത്തിൽ ആധിപത്യം നേടാൻ നദാലിന് ആയി. എന്നാൽ രണ്ടാം സെറ്റിൽ ആദ്യ ബ്രൈക്ക് കണ്ടത്തിയ ഷ്വാർട്ട്സ്മാൻ നദാലിനു വലിയ മുന്നറിയിപ്പ് നൽകി. എന്നാൽ ബ്രൈക്ക് തിരിച്ചു പിടിച്ച നദാൽ അതേനാണയത്തിൽ തന്നെ മറുപടി നൽകി. എന്നാൽ വീണ്ടുമൊരു ബ്രൈക്ക് നേടിയ ഷ്വാർട്ട്സ്മാൻ മത്സരത്തിനായി സർവീസ് ചെയ്യാൻ തുടങ്ങി. എന്നാൽ ഒരിക്കൽ കൂടി നദാലിലെ പോരാളി ഉണർന്നപ്പോൾ ഷ്വാർട്ട്സ്മാന്റെ ഒരു സർവീസ് കൂടി നദാൽ ബ്രൈക്ക് ചെയ്തു. എന്നാൽ ഒരിക്കൽ കൂടി ബ്രൈക്ക് കണ്ടത്തിയ ഷ്വാർട്ട്സ്മാൻ അടുത്ത സർവീസ് ഗെയിമിൽ സെറ്റ് 7-5 നു നേടി മത്സരം സ്വന്തം പേരിൽ കുറിച്ചു.

കരിയറിൽ 10 തവണ ഏറ്റുമുട്ടിയപ്പോൾ ഇത് ആദ്യമായാണ് ഷ്വാർട്ട്സ്മാൻ നദാലിനെ തോല്പിക്കുന്നത്. തുടർച്ചയായ രണ്ടാം വർഷം ആണ് അർജന്റീനൻ താരം റോമിൽ അവസാന നാലിൽ ഇടം കണ്ടത്തുന്നത്. ഫ്രഞ്ച് ഓപ്പണിന് മുമ്പ് ഇത്തവണ കാര്യങ്ങൾ എളുപ്പം ആവില്ല എന്ന സൂചന നദാലിന് ഈ മത്സരത്തിൽ നിന്നു ലഭിക്കും എന്നുറപ്പാണ്. സെമിഫൈനലിൽ 12 സീഡ് ആയ കനേഡിയൻ താരം ഡെന്നിസ് ഷപോവലോവ് ആണ് ഷ്വാർട്ട്സ്മാന്റെ എതിരാളി. 15 സീഡ് ഗ്രിഗോർ ദിമിത്രോവിനെ മൂന്നു സെറ്റ് പോരാട്ടത്തിൽ ആണ് ഷപോവലോവ് മറികടന്നത്. 2 തവണ ബ്രൈക്ക് വഴങ്ങി എങ്കിലും മികച്ച ഫോമിൽ ഉണ്ടായിരുന്ന ഷപോവലോവ് 5 തവണ എതിരാളിയെ ബ്രൈക്ക് ചെയ്തു. 6-2, 3-6, 6-2 എന്ന സ്കോറിന് ആയിരുന്നു കനേഡിയൻ താരത്തിന്റെ ജയം.

Advertisement