പാരീസ് മാസ്റ്റേഴ്സിൽ അവസാന എട്ടിലേക്ക് മുന്നേറി നാലാം സീഡ് അലക്‌സാണ്ടർ സാഷ സെരവ്. 16 സീഡ് ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവിന്റെ കടുത്ത പോരാട്ടം അതിജീവിച്ച് ആണ് ജർമ്മൻ താരം ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറിയത്. രണ്ടു ടൈബ്രേക്കറുകൾ കണ്ട മത്സരത്തിൽ മൂന്നു സെറ്റിന് ഒടുവിൽ ആയിരുന്നു സാഷയുടെ ജയം. ദിമിത്രോവിനു പുറമെ കാണികളെയും സാഷ മത്സരത്തിൽ അതിജീവിച്ചു. മത്സരത്തിൽ 17 ഏസുകൾ ആണ് സാഷ ഉതിർത്തത്. ആദ്യം ബ്രൈക്ക് കണ്ടത്തിയെങ്കിലും തുടർന്ന് ബ്രൈക്ക് വഴങ്ങിയ സാഷ ആദ്യ സെറ്റ് ടൈബ്രേക്കറിൽ ആണ് സ്വന്തമാക്കിയത്.
എന്നാൽ രണ്ടാം സെറ്റിൽ മത്സരത്തിൽ ശക്തമായി പൊരുതിയ ദിമിത്രോവ് ടൈബ്രേക്കറിലൂടെ തന്നെ രണ്ടാം സെറ്റ് നേടി. എന്നാൽ മൂന്നാം സെറ്റിൽ ഉണർന്നു കളിച്ച സാഷ നിർണായക ബ്രൈക്കുകൾ കണ്ടത്തി സെറ്റ് 6-3 നു നേടി ക്വാർട്ടർ ഫൈനൽ ഉറപ്പിക്കുക ആയിരുന്നു. അമേരിക്കൻ താരം മാർക്കോസ് ഗിരോനെ 6-2, 6-1 എന്ന നേരിട്ടുള്ള സ്കോറിന് തകർത്ത ആറാം സീഡ് കാസ്പർ റൂഡ് ആണ് സാഷയുടെ ക്വാർട്ടറിലെ എതിരാളി. ഈ ജയത്തോടെ ഈ വർഷത്തെ എ.ടി.പി ഫൈനൽസിലേക്ക് ഏഴാമൻ ആയി യോഗ്യത നേടാനും കാസ്പറിന് ആയി.