എ. ടി. പി ടൂറിൽ മെക്സിക്കൻ ഓപ്പണിൽ കിരീടം ഉയർത്തി ലോക രണ്ടാം നമ്പർ താരം റാഫേൽ നദാൽ. ഒന്നാം സീഡ് ആയ നദാൽ സീഡ് ചെയ്യാത്ത അമേരിക്കൻ താരം ടൈയ്ലർ ഫ്രിറ്റ്സിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് മെക്സിക്കയിൽ കിരീടം ഉയർത്തിയത്. മത്സരത്തിൽ ഉടനീളം വ്യക്തമായ ആധിപത്യം പുലർത്തിയ നദാൽ ഇരു സെറ്റുകളിലും ആയി 3 തവണയാണ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്. 83 ശതമാനം ആദ്യ സർവീസ് പോയിന്റുകൾക്ക് പുറമെ 87 ശതമാനം രണ്ടാം സർവീസ് പോയിന്റുകളും നദാൽ ജയിച്ചു. ആദ്യ സെറ്റ് 6-3 നു നേടിയ നദാൽ രണ്ടാം സെറ്റിൽ 6-2 നു ജയം കണ്ടു.
വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള താരങ്ങൾ നേരത്തെ പുറത്ത് ആയതിനാൽ തന്നെ ഒരു സെറ്റ് പോലും കൈവിടാതെ ആണ് നദാൽ ടൂർണമെന്റിൽ കിരീടം നേടിയത്. ഇതോടെ കഴിഞ്ഞ 17 സീസണുകളിൽ തുടർച്ചയായി ഒരു കിരീടം എങ്കിലും ഉയർത്തുന്ന പതിവ് നദാൽ തുടർന്നു. കൂടാതെ ഒരു സെറ്റ് പോലും കൈവിടാതെ നദാൽ നേടുന്ന 27 മത്തെ കിരീടം കൂടിയാണ് ഇത്. ഹാർഡ് കോർട്ടിൽ ഉയർത്തുന്ന 22 മത്തെ കിരീടവും. ഇതോടെ ഹാർഡ് കോർട്ടിൽ മകെൻറോക്ക് ഒപ്പം ഏറ്റവും കൂടുതൽ കിരീടം നേടുന്ന പത്താമത്തെ താരം കൂടിയായി നദാൽ മാറി.കൂടാതെ 2005 ൽ മെക്സിക്കൻ ഓപ്പണിൽ കിരീടം നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരമായി മാറിയ നദാൽ 2020 തിൽ ഈ നേട്ടം കൈവരിക്കുന്ന ഏറ്റവും പ്രായം കൂടിയ താരവും ആയി.