റോമിൽ കളിമണ്ണ് സീസൺ ജയത്തോടെ തുടങ്ങി ജ്യോക്കോവിച്ച്

Wasim Akram

Download the Fanport app now!
Appstore Badge
Google Play Badge 1

എ.ടി.പി 1000 മാസ്റ്റേഴ്സ് റോം ഓപ്പണിൽ ജയത്തോടെ തുടങ്ങി നൊവാക് ജ്യോക്കോവിച്ച് കളിമണ്ണ് സീസണു തുടക്കമിട്ടു. യു.എസ് ഓപ്പണിലെ അപ്രതീക്ഷിത പുറത്താകലിന് ശേഷം കളിച്ച ആദ്യ മത്സരത്തിൽ ഇറ്റാലിയൻ താരം സാൽവറ്റോർ ക്രൂസോയെ ആണ് ഒന്നാം സീഡ് ആയ ജ്യോക്കോവിച്ച് മറികടന്നത്. എതിരാളിയെ മൂന്നു തവണ ബ്രൈക്ക് ചെയ്ത നൊവാക് 6-3, 6-2 എന്ന നേരിട്ടുള്ള സ്കോറിന് ആണ് ജയം കണ്ടത്. അതേസമയം മൂന്നാം സീഡ് സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസിനെ സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം യാനിക്ക് സിന്നർ അട്ടിമറിച്ചു. മൂന്നു സെറ്റ് പോരാട്ടത്തിൽ 6-1 നു ആദ്യ സെറ്റ് നേടിയ സിന്നർ രണ്ടാം സെറ്റ് ടൈബ്രേക്കറിലൂടെ കൈവിട്ടു എങ്കിലും മൂന്നാം സെറ്റ് 6-2 ജയിച്ച് ആണ് ജയം കണ്ടത്.

നാലാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരേറ്റിനി അതേസമയം അവസാന പതിനാറിലേക്ക് മുന്നേറി. 7-5, 6-1 എന്ന നേരിട്ടുള്ള സ്കോറിന് അർജന്റീനൻ താരം ഫെഡറികോ കോരിയയെ ആണ് ബരേറ്റിനി മറികടന്നത്. സ്റ്റിസ്റ്റിപാസിന് പുറമെ ആറാം സീഡ് ഡേവിഡ് ഗോഫിൻ, പത്താം സീഡ് സ്റ്റാൻ വാവറിങ്ക എന്നിവരും ടൂർണമെന്റിൽ നിന്നു പുറത്തായി. മുൻ ഗ്രാന്റ് സ്‌ലാം ജേതാവ് സീഡ് ചെയ്യാത്ത മാരിൻ സിലിച്ച് ആണ് ഗോഫിനെ 6-2, 6-2 എന്ന നേരിട്ടുള്ള സ്കോറിന് അട്ടിമറിച്ചത്. അതേസമയം 6-0, 7-5 എന്ന സ്കോറിന് ആയിരുന്നു വാവറിങ്ക സീഡ് ചെയ്യാത്ത ഇറ്റാലിയൻ താരം ലോറൻസോ മുസെറ്റിയോട് തോറ്റത്. ജപ്പാന്റെ യോഷിറ്റോ നിഷിയോറ്റയെ 6-1, 6-0 എന്ന നേരിട്ടുള്ള സ്കോറിന് മറികടന്നു പതിനഞ്ചാം സീഡ് ഗ്രിഗോർ ദിമിത്രോവും അവസാന പതിനാറിൽ എത്തി.