അനായാസ ജയവുമായി മെക്സിക്കൻ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് കടന്നു നദാലും, മെദ്വദേവും അടക്കമുള്ള പ്രമുഖർ

Screenshot 20220223 141010

ഓസ്‌ട്രേലിയൻ ഓപ്പൺ വിജയത്തിന് ശേഷമുള്ള ആദ്യ മത്സരത്തിൽ അനായാസ ജയം കണ്ടു റാഫേൽ നദാൽ. എ.ടി.പി 500 മാസ്റ്റേഴ്സ് ആയ മെക്സിക്കൻ ഓപ്പണിൽ നാലാം സീഡ് ആയ നദാൽ അമേരിക്കൻ താരം ഡെന്നിസ് കുദ്ലയെ 6-3, 6-2 എന്ന സ്കോറിന് തകർത്തു ആണ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. അനായാസം കളിച്ച മത്സരത്തിൽ 8 ഏസുകളും 3 ബ്രൈക്കുകളും ആണ് നദാൽ നേടിയത്. മെക്സിക്കയിൽ മൂന്നു തവണ കിരീടം നേടിയ താരമാണ് നദാൽ. അതേസമയം ഒന്നാം സീഡ് ഡാനിൽ മെദ്വദേവും അനായാസ ജയം ആദ്യ റൗണ്ടിൽ കുറിച്ചു. ഫ്രഞ്ച് താരം പൈരയെ 6-3, 6-4 എന്ന സ്കോറിന് ആണ് റഷ്യൻ താരം തകർത്തത്.

Screenshot 20220223 140522

മെക്സിക്കയിൽ കിരീടം നേടാൻ ആയാൽ ലോക ഒന്നാം നമ്പർ റാങ്കിൽ എത്താൻ ഡാനിൽ മെദ്വദേവിനു ആവും. എന്നാൽ അഞ്ചാം സീഡ് ഇറ്റാലിയൻ താരം മറ്റെയോ ബരെറ്റിനി അമേരിക്കൻ താരം ടോമി പോളിന് എതിരായ മത്സരത്തിൽ പരിക്കേറ്റു പിന്മാറി. കരിയറിലെ തന്റെ ഇരുനൂറാം ജയം കുറിച്ച മൂന്നാം സീഡ് സ്റ്റഫനോസ് സിറ്റിപാസും മെക്സിക്കയിൽ രണ്ടാം റൗണ്ടിൽ എത്തി. സെർബിയൻ താരം ലാസ്ലോക്ക് എതിരെ രണ്ടു ടൈബ്രേക്കുകളും ജയിച്ചു നേരിട്ടുള്ള സെറ്റുകൾക്ക് ആണ് ഗ്രീക്ക് താരം രണ്ടാം റൗണ്ട് ഉറപ്പിച്ചത്. മൂന്നു സെറ്റ് കടുത്ത പോരാട്ടത്തിൽ ആദ്യ സെറ്റ് കൈവിട്ട ശേഷം ആണ് അതേസമയം നിലവിലെ ജേതാവും രണ്ടാം സീഡും ആയ സാഷ സെരവ് രണ്ടാം റൗണ്ടിൽ എത്തിയത്. 3-6, 7-6, 6-2 എന്ന സ്കോറിന് കടുത്ത പോരാട്ടം അതിജീവിച്ചു സെരവ് ജയിച്ച മത്സരം മെക്സിക്കൻ സമയം പുലർച്ചെ 4.34 നു ആണ് അവസാനിച്ചത്.