മെക്സിക്കൻ ഓപ്പണിൽ സെമിഫൈനലിൽ നദാലും ദിമിത്രോവും നേർക്കുനേർ

- Advertisement -

എ. ടി. പി ടൂറിൽ മെക്സിക്കൻ ഓപ്പണിൽ സെമിഫൈനലിലേക്ക് മുന്നേറി ഒന്നാം സീഡ് റാഫേൽ നദാലും ഏഴാം സീഡ് ഗ്രിഗോർ ദിമിത്രോവും. സീഡ് ചെയ്യാത്ത ജപ്പാൻ താരം സൂൺ വൂയിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്ത് ആണ് നദാൽ മെക്സിക്കൻ ഓപ്പണിൽ മുന്നോട്ടു കുതിച്ചത്. ടൂർണമെന്റിൽ ഇത് വരെ ഒരു സെറ്റ് പോലും കൈവിടാതെ കുതിക്കുന്ന നദാൽ 6-2, 6-1 എന്ന അനായാസ സ്കോറിന് ആണ് ജയം കണ്ടത്. 5 ഏസുകൾ ഉതിർത്ത നദാൽ 4 തവണയാണ് എതിരാളിയുടെ സർവീസ് ബ്രൈക്ക് ചെയ്തത്. തന്റെ മികച്ച ഫോർ ഹാന്റ് വിന്നറുകൾ കൊണ്ടും കളം നിറഞ്ഞ നദാൽ എതിരാളിയെ അക്ഷരാർത്ഥത്തിൽ തകർത്തു.

അതേസമയം മൂന്നാം സീഡ് സ്റ്റാൻ വാവറിങ്കയെ അട്ടിമറിച്ച് സെമിയിൽ എത്തിയ ബൾഗേറിയൻ താരം ഗ്രിഗോർ ദിമിത്രോവ് ആണ് നദാലിന്റെ സെമിയിലെ എതിരാളി. തുടർച്ചയായ 5 പരാജയങ്ങൾക്ക് ശേഷം ആണ് ദിമിത്രോവ് വാവറിങ്കയെ തോല്പിക്കുന്നത്. 1 സർവീസ് ബ്രൈക്ക് വഴങ്ങിയിട്ടും 3 തവണ എതിരാളിയെ ബ്രൈക്ക് ചെയ്ത ദിമിത്രോവ് 6-4, 6-4 എന്ന നേരിട്ടുള്ള സ്കോറിന് ആണ് മത്സരത്തിൽ ജയം കണ്ടത്. സെമിയിൽ മികച്ച ഫോമിലുള്ള നദാലിന് എതിരെ ദിമിത്രോവിന് എന്തെങ്കിലും ചെയ്യാൻ ആവുമോ എന്നു കണ്ടറിയണം.

Advertisement