മാഴ്സെ ഓപ്പണിൽ സെമിഫൈനലിൽ അലക്സാണ്ടർ ബുബ്ലിക്കിനെ നേരിട്ടുള്ള സെറ്റുകൾക്ക് തകർത്തു ഫൈനലിലേക്ക് മുന്നേറി നിലവിലെ ജേതാവും രണ്ടാം സീഡും ആയ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. സീഡ് ചെയ്യാത്ത എതിരാളിക്ക് എതിരെ തന്റെ മികച്ച ഫോമിൽ ആയിരുന്നു ഗ്രീക്ക് താരം. ആദ്യ സെറ്റിൽ പൊരുതി നോക്കിയ ബുബ്ലിക്കിനെ മറികടന്ന സ്റ്റിസ്റ്റിപാസ് 7-5 നു സെറ്റ് കയ്യിലാക്കി മത്സരത്തിൽ മുൻതൂക്കം നേടി.
രണ്ടാം സെറ്റിൽ മത്സരത്തിൽ കൂടുതൽ ആധിപത്യം നേടിയ ഗ്രീക്ക് താരം ഇരട്ട ബ്രൈക്കുകൾ നേടി സെറ്റിൽ മുൻതൂക്കം നേടി. 6-3 നു ഈ സെറ്റ് നേടിയ സ്റ്റിസ്റ്റിപാസ് ഫൈനലിലേക്ക് അനായാസം മുന്നേറി. മത്സരത്തിൽ 6 ഏസുകൾ സ്റ്റിസ്റ്റിപാസ് ഉതിർത്തപ്പോൾ 8 എണ്ണമായിരുന്നു ബുബ്ലിക്കിന്റെ സമ്പാദ്യം. ഫൈനലിൽ കിരീടം നിലനിർത്തുക എന്നത് തന്നെയാവും ഗ്രീക്ക് താരത്തിന്റെ ലക്ഷ്യം.