റോട്ടർഡാമിനു പിറകെ മാഴ്സെ ഓപ്പണിലും ഫൈനലിലേക്ക് മുന്നേറി കനേഡിയൻ യുവതാരം ഫെലിക്സ് ആഗർ അലിയാസ്മെ. നാട്ടുകാരൻ ആയ ഗില്ലെസ് സൈമണിനെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് ഏഴാം സീഡ് ആയ 19 കാരൻ കരിയറിലെ തന്റെ അഞ്ചാം ഫൈനലിലേക്ക് മുന്നേറിയത്. മത്സരത്തിൽ തന്റെ മികച്ച പ്രകടനം പുറത്ത് എടുത്ത ഫെലിക്സ് ആദ്യ സെറ്റിൽ അവസാന സർവീസിൽ ബ്രൈക്ക് നേടി 7-5 സെറ്റ് സ്വന്തമാക്കി.
ആദ്യ സെറ്റിൽ എന്ന പോലെ മികച്ച പ്രകടനം രണ്ടാം സെറ്റിലും തുടർന്ന സൈമൺ സെറ്റ് ടൈബ്രെക്കറിലേക്ക് നീട്ടി. എന്നാൽ ടൈബ്രെക്കറിൽ തന്റെ പ്രായത്തിൽ കവിഞ്ഞ പക്വത ഒരിക്കൽ കൂടി കാണിച്ച ഫെലിക്സ് രണ്ടാം സെറ്റ് സ്വന്തമാക്കി ഫൈനലിലേക്ക് മുന്നേറി. കരിയറിലെ തുടർച്ചയായ രണ്ടാം ഫൈനലിന് പിറകെ തന്റെ അഞ്ചാം ഫൈനൽ ആണ് ഫെലിക്സിന് ഇത്. എന്നാൽ ഇത് വരെയുള്ള എല്ലാ ഫൈനലുകളിലും തോൽവി ഏറ്റു വാങ്ങിയ ഫെലിക്സിന് ഇത്തവണ കിരീടം ഉയർത്താൻ ആവുമോ എന്നു കണ്ടറിയാം. നിലവിലെ ജേതാവും രണ്ടാം സീഡും ആയ ഗ്രീക്ക് താരം സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ് ആണ് ഫൈനലിൽ ഫെലിക്സിന്റെ എതിരാളി.