ദുബായ് ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി സ്റ്റിസ്റ്റിപാസ്

- Advertisement -

എ. ടി. പി ടൂറിൽ ദുബായ് ഡ്യൂട്ടി ഫ്രീ ഓപ്പണിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറി ഗ്രീക്ക് താരവും രണ്ടാം സീഡുമായ സ്റ്റെഫനോസ് സ്റ്റിസ്റ്റിപാസ്. സ്പാനിഷ് താരം പാബ്ലോ കരേനോ ബുസ്റ്റയെ നേരിട്ടുള്ള സെറ്റുകൾക്ക് തോൽപ്പിച്ച് ആണ് സ്റ്റിസ്റ്റിപാസ് രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത്. മാഴ്സെ ഓപ്പണിൽ കിരീടം നേടി ദുബായിൽ എത്തിയ സ്റ്റിസ്റ്റിപാസ് മികച്ച പോരാട്ടം തന്നെയാവും ദുബായിൽ നടത്താൻ ശ്രമിക്കുക. ആദ്യ സെറ്റിൽ ഇരു താരങ്ങളും തങ്ങളുടെ പൂർണ മികവിലേക്ക് ഉയർന്നപ്പോൾ സെറ്റ് ടൈബ്രെക്കറിലേക്ക് നീണ്ടു. ടൈബ്രെക്കറിലൂടെ സെറ്റ് സ്വന്തം പേരിൽ കുറിച്ച സ്റ്റിസ്റ്റിപാസ് മത്സരത്തിൽ ഇതോടെ മുൻതൂക്കം നേടി.

രണ്ടാം സെറ്റിൽ പക്ഷെ എതിരാളിക്ക് ഒരവസരവും ഗ്രീക്ക് താരം നൽകിയില്ല. ഒന്നിന് പിറകെ ഒന്നായി ബ്രൈക്ക് പോയിന്റുകൾ നേടിയ സ്റ്റിസ്റ്റിപാസ് സെറ്റ് 6-1 നു സ്വന്തമാക്കി രണ്ടാം റൗണ്ട് ഉറപ്പിച്ചു. അതേസമയം സ്പാനിഷ് താരവും അഞ്ചാം സീഡുമായ റോബർട്ടൊ ബാറ്റിസ്റ്റ അഗ്യുറ്റിനെ ജർമ്മൻ താരം ലനാർഡ് സ്ട്രഫ്‌ അട്ടിമറിച്ചു. വാശിയേറിയ മത്സരത്തിൽ ടൈബ്രെക്കറിലൂടെ ആദ്യ സെറ്റ് നേടിയ ജർമ്മൻ താരം രണ്ടാം സെറ്റ് 7-5 നു നേടി രണ്ടാം റൗണ്ടിലേക്ക് മുന്നേറി. മത്സരത്തിൽ 13 ഏസുകൾ ആണ് ജർമ്മൻ താരം ഉതിർത്തത്.

Advertisement