ലോക എട്ടാം നമ്പർ താരം മിറ ആൻഡ്രീവ തന്റെ കരിയറിലെ നാലാമത്തെ ഡബ്ല്യു.ടി.എ (WTA) കിരീടം സ്വന്തമാക്കി. അഡലെയ്ഡ് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റിന്റെ ഫൈനലിൽ കാനഡയുടെ പത്തൊൻപതുകാരിയായ വിക്ടോറിയ എംബോക്കോയെ പരാജയപ്പെടുത്തിയാണ് പതിനെട്ടുകാരിയായ ആൻഡ്രീവ കിരീടം ചൂടിയത്. സ്കോർ: 6-3, 6-1.
വെറും 64 മിനിറ്റ് മാത്രം നീണ്ടുനിന്ന മത്സരത്തിൽ സമ്പൂർണ്ണ ആധിപത്യം പുലർത്തിയാണ് റഷ്യൻ താരം 2026-ലെ തന്റെ ആദ്യ കിരീടം കൈക്കലാക്കിയത്. വരാനിരിക്കുന്ന ഓസ്ട്രേലിയൻ ഓപ്പണിന് മുന്നോടിയായി താരത്തിന് ഈ വിജയം വലിയ ആത്മവിശ്വാസം നൽകും.
മത്സരത്തിന്റെ തുടക്കത്തിൽ 3-0 ന് പിന്നിലായിരുന്ന ആൻഡ്രീവ, പിന്നീട് തുടർച്ചയായി ഒൻപത് ഗെയിമുകൾ ജയിച്ചുകൊണ്ട് അതിശക്തമായി തിരിച്ചുവരികയായിരുന്നു.
കഴിഞ്ഞ വർഷം ദുബായിലും ഇന്ത്യൻ വെൽസിലും ഡബ്ല്യു.ടി.എ 1000 കിരീടങ്ങൾ നേടിയ താരം, ഇപ്പോൾ തന്റെ ആദ്യ ഡബ്ല്യു.ടി.എ 500 കിരീടവും അലമാരയിലെത്തിച്ചു. മറുവശത്ത്, ലോക റാങ്കിംഗിൽ പതിനേഴാം സ്ഥാനത്തുള്ള എംബോക്കോ കരിയറിലെ മൂന്നാമത്തെ ഫൈനലിലാണ് മാറ്റുരച്ചത്. രണ്ടാം സെറ്റിനിടെ ശാരീരിക അസ്വസ്ഥതകളെത്തുടർന്ന് എംബോക്കോ മെഡിക്കൽ ടൈം ഔട്ട് എടുത്തിരുന്നെങ്കിലും ആൻഡ്രീവയുടെ കുതിപ്പിനെ തടയാൻ കഴിഞ്ഞില്ല.









