പെർത്തിൽ ഇന്ത്യക്ക് റെക്കോർഡ് ഓപ്പണിംഗ് കൂട്ടുകെട്ട്

പെർത്തിൽ ഓസ്‌ട്രേലിയയ്‌ക്കെതിരായ ബോർഡർ-ഗവാസ്‌കർ ട്രോഫിയുടെ ആദ്യ ടെസ്റ്റിൻ്റെ രണ്ടാം ഇന്നിംഗ്‌സിൽ ഇന്ത്യൻ ഓപ്പണർമാരായ യശസ്വി ജയ്‌സ്വാളും കെഎൽ രാഹുലും ചരിത്രപരമായ പ്രകടനം നടത്തി. അവരുടെ 201 റൺസിൻ്റെ ഓപ്പണിംഗ് കൂട്ടുകെട്ട് ഇന്ത്യയ്ക്ക് ഒരു കമാൻഡിംഗ് സ്ഥാനം ഉറപ്പാക്കുക മാത്രമല്ല, ഓസ്‌ട്രേലിയയിൽ ഒരു ഇന്ത്യൻ ജോഡിയുടെ എക്കാലത്തെയും ഉയർന്ന ഓപ്പണിംഗ് കൂട്ടുകെട്ടിൻ്റെ റെക്കോർഡും തകർത്തു. 1986ൽ സിഡ്‌നിയിൽ സുനിൽ ഗവാസ്‌കറും ക്രിസ് ശ്രീകാന്തും സ്ഥാപിച്ച 191 റൺസിൻ്റെ റെക്കോർഡാണ് ഇപ്പോൾ ഇവർ മറികടന്നത്.

ഓസ്‌ട്രേലിയയിലെ ഇന്ത്യയുടെ മൊത്തത്തിലുള്ള ഏറ്റവും ഉയർന്ന കൂട്ടുകെട്ടുകളിൽ ഈ കൂട്ടുകെട്ട് ആറാം സ്ഥാനത്താണ്. ജയ്‌സ്വാൽ സെഞ്ച്വറിയുമായി പുറത്താകാതെ നിൽക്കുകയാണ്. രാഹുൽ 77 റൺസ് എടുത്ത് പുറത്തായി.

Top Opening Stands by Indian Openers in Australia:

  1. Yashasvi Jaiswal, KL Rahul – 201 runs (2024)
  2. Sunil Gavaskar, Kris Srikkanth – 191 runs (1986)
  3. Chetan Chauhan, Sunil Gavaskar – 165 runs (1981)
  4. Aakash Chopra, Virender Sehwag – 141 runs (2003)
  5. Mulvantrai Mankad, Chintaman Sarwate – 124 runs (1948)

ഗൗതം ഗംഭീറിൻ്റെ 16 വർഷം പഴക്കമുള്ള റെക്കോർഡ് യശസ്വി ജയ്സ്വാൾ തകർത്തു

ഓസ്‌ട്രേലിയക്കെതിരായ പെർത്ത് ടെസ്റ്റിൻ്റെ രണ്ടാം ദിനത്തിൽ ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ ഇന്ത്യൻ ഇടംകൈയ്യൻ ബാറ്റ്‌സ്മാൻ എന്ന ഗൗതം ഗംഭീറിൻ്റെ 16 വർഷം പഴക്കമുള്ള റെക്കോർഡ് യശസ്വി ജയ്‌സ്വാൾ മറികടന്നു. 2024-ൽ 55.28 ശരാശരിയിൽ 1200-ലധികം റൺസ് നേടിയ ജയ്‌സ്വാൾ 2008-ൽ ഗംഭീറിൻ്റെ 1134 റൺസ് ആണ് മറികടന്നത്. ആദ്യ ഇന്നിംഗ്‌സിൽ ജയ്‌സ്വാൾ ഡക്കിന് പുറത്തായെങ്കിലും, രണ്ടാം ഇന്നിംഗ്‌സിൽ 90 റൺസ് നേടി പുറത്താകാതെ നിൽക്കുകയാണ്.

ജയ്‌സ്വാളിൻ്റെ സ്ഥിരതയാർന്ന പ്രകടനങ്ങൾ അദ്ദേഹത്തെ 2024-ലെ ഇന്ത്യയുടെ ഏറ്റവും മികച്ച ടെസ്റ്റ് ബാറ്ററാക്കി, ഏഴ് അർധസെഞ്ചുറികളും രണ്ട് ഡബിൾ സെഞ്ചുറികളും ഈ വർഷം ജയ്സ്വാൾ നേടി. ഇംഗ്ലണ്ട് പരമ്പരയിൽ 700-ലധികം റൺസ് നേടിയിരുന്നു. 1338 റൺസുള്ള ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് മാത്രം ആണ് ഈ വർഷം റൺസിൽ ജയ്സ്വാളിന് മുന്നിൽ ഉള്ളത്.

യശസ്വി ജയ്സ്വാൾ ടെസ്റ്റ് റാങ്കിംഗിൽ 3ആം സ്ഥാനത്തേക്ക് ഉയർന്നു

ഇന്ത്യയുടെ യുവ ഓപ്പണർ യശസ്വി ജയ്സ്വാൾ കരിയറിലെ ഏറ്റവും മികച്ച റാങ്കിംഗിൽ എത്തി. ബംഗ്ലാദേശിനെതിരായ കാൺപൂർ ടെസ്റ്റിലെ തകർപ്പൻ പ്രകടനത്തെത്തുടർന്ന് ഐസിസി ടെസ്റ്റ് ബാറ്റർ റാങ്കിംഗിൽ ആദ്യ 3-ലേക്ക് താരം എത്തി. അവസാന ടെസ്റ്റിൽ 72-ഉം 51-ഉം റൺസ് നേടിയതിന് പ്ലെയർ ഓഫ് ദി മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ട ജയ്‌സ്വാൾ അഞ്ചാം സ്ഥാനത്ത് നിന്ന് രണ്ട് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി, സ്റ്റീവ് സ്മിത്തിനെ മറികടന്ന് മൂന്നാം സ്ഥാനത്തെത്തി.

792 റേറ്റിംഗ് പോയിൻ്റുമായി, ഇംഗ്ലണ്ടിൻ്റെ ജോ റൂട്ട് ആണ് ഒന്നാമത്. ന്യൂസിലൻഡിൻ്റെ കെയ്ൻ വില്യംസൺ രണ്ടാമതും നിൽക്കുന്നു. വിരാട് കോഹ്‌ലി ആറാം സ്ഥാനത്ത് തുടരുമ്പോൾ ഋഷഭ് പന്ത് 9-ാം റാങ്കിൽ നിൽക്കുന്നു. അതേസമയം, രോഹിത് ശർമ്മ 15-ാം സ്ഥാനത്തേക്കും ശുഭ്മാൻ ഗിൽ 16-ാം സ്ഥാനത്തേക്കും പിന്തള്ളപ്പെട്ടു.

ഓരോ ഇന്നിംഗ്സും പ്രാധാന്യമേറിയത്, തന്നോട് സ്വതസിദ്ധമായ ശൈലിയിൽ കളിയ്ക്കുവാന്‍ ആയിരുന്നു നിര്‍ദ്ദേശം – ജൈസ്വാള്‍

കാന്‍പൂരിൽ ഇന്ത്യയ്ക്കായി ഇരു ഇന്നിംഗ്സുകളിലും അര്‍ദ്ധ ശതകങ്ങള്‍ നേടിയ യശസ്വി ജൈസ്വാള്‍ മത്സരത്തിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടപ്പോള്‍ തന്നോട് രോഹിത് ശര്‍മ്മയും ഗൗതം ഗംഭീറും നൽകിയ നിര്‍ദ്ദേശം മാത്രമാണ് താന്‍ നടപ്പിലാക്കിയതെന്നാണ് ഇന്ത്യയുടെ യുവ ഓപ്പണര്‍ പറഞ്ഞത്.

ആദ്യ ഇന്നിംഗ്സിൽ 51 പന്തിൽ 72 റൺസും രണ്ടാം ഇന്നിംഗ്സിൽ 45 പന്തിൽ 51 റൺസുമായി ജൈസ്വാള്‍ നേടിയത്. താന്‍ ടീമിന് വേണ്ടി എന്ത് ചെയ്യാമെന്ന് മാത്രമാണ് കരുതിയതെന്നും ചെന്നൈയിലെ സാഹചര്യത്തിൽ നിന്ന് വിഭിന്നമായ സാഹചര്യം ആയിരുന്നു കാന്‍പൂരിൽ എന്നും ജൈസ്വാള്‍ വ്യക്തമാക്കി.

ഓരോ ഇന്നിംഗ്സും വളരെ പ്രാധാന്യമുള്ളതാണെന്നും താന്‍ അതിനായുള്ള തയ്യാറെടുപ്പുകള്‍ നടത്തുകയാണ് ചെയ്യാറെന്നും തന്നോട് സ്വതസിദ്ധമായ ശൈലിയിൽ കളിയ്ക്കുവാനാണ് നിര്‍ദ്ദേശം നൽകിയതെന്നും ജൈസ്വാള്‍ സൂചിപ്പിച്ചു.

ആദ്യ 10 ടെസ്റ്റുകളിൽ ഏറ്റവും കൂടുതൽ റൺസ്, സുനിൽ ഗവാസ്‌കറിൻ്റെ റെക്കോർഡ് യശസ്വി ജയ്‌സ്വാൾ തകർത്തു

ചെന്നൈയിൽ ബംഗ്ലാദേശിനെതിരായ ആദ്യ ടെസ്റ്റിനിടെ ഇതിഹാസതാരം സുനിൽ ഗവാസ്‌കറുടെ പേരിലുള്ള ദീർഘകാല റെക്കോർഡാണ് യുവ ഇന്ത്യൻ ഓപ്പണർ യശസ്വി ജയ്‌സ്വാൾ തകർത്തത്. തൻ്റെ പത്താം ടെസ്റ്റ് മത്സരം കളിക്കുന്ന ജയ്‌സ്വാൾ, ഗവാസ്‌കറുടെ 978 റൺസ് എന്ന റെക്കോർഡ് മറികടന്നു, അവരുടെ ആദ്യ 10 ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് ഒരു ഇന്ത്യൻ ബാറ്റർ നേടുന്ന ഏറ്റവും കൂടുതൽ റൺസ് 1,094 റൺസാക്കി ജയ്സ്വാൾ തിരുത്തി എഴുതി.

ആദ്യ ഇന്നിംഗ്‌സിൽ 56 റൺസ് നേടിയ ജയ്‌സ്വാളിന് രണ്ടാം ഇന്നിംഗ്‌സിൽ 10 റൺസ് മാത്രമേ നേടാനായുള്ളൂ, എന്നാൽ 1973-ൽ ഗവാസ്‌കറുടെ 51 വർഷം പഴക്കമുള്ള റെക്കോർഡ് തകർക്കാൻ ഇത് മതിയായിരുന്നു. ഈ നേട്ടത്തോടെ, എക്കാലത്തെയും പട്ടികയിൽ നാലാം സ്ഥാനത്താണ് ജയ്‌സ്വാൾ. 10 ടെസ്റ്റ് മത്സരങ്ങൾക്ക് ശേഷം ഏറ്റവും കൂടുതൽ റൺസിന്റെ കാര്യത്തിൽ, ഡോൺ ബ്രാഡ്മാൻ, എവർട്ടൺ വീക്കസ്, ജോർജ്ജ് ഹെഡ്‌ലി എന്നിവർക്ക് പിന്നിൽ ആയി ജയ്സ്വാൾ നിൽക്കുന്നു‌

ആദ്യ 10 ടെസ്റ്റുകൾക്ക് ശേഷം ഏറ്റവും കൂടുതൽ റൺസ്:

  1. ഡോൺ ബ്രാഡ്മാൻ (ഓസ്ട്രേലിയ) – 1,446 റൺസ്
  2. എവർട്ടൺ വീക്കസ് (വെസ്റ്റ് ഇൻഡീസ്) – 1,125 റൺസ്
  3. ജോർജ് ഹെഡ്‌ലി (വെസ്റ്റ് ഇൻഡീസ്) – 1,102 റൺസ്
  4. യശസ്വി ജയ്‌സ്വാൾ (ഇന്ത്യ) – 1,094 റൺസ്
  5. മാർക്ക് ടെയ്‌ലർ (ഓസ്‌ട്രേലിയ) – 1,088 റൺസ്

ജയ്സ്വാളിന് അർധ സെഞ്ച്വറി, ഇന്ത്യയുടെ 6 വിക്കറ്റുകൾ നഷ്ടം

ബംഗ്ലാദേശിന് എതിരായ ആദ്യ ടെസ്റ്റിന്റെ ആദ്യ ദിനം ചായക്കായി പിരിയുമ്പോൾ ഇന്ത്യ 6 വിക്കറ്റ് നഷ്ടത്തിൽ 176 എന്ന നിലയിൽ. ലഞ്ചിന് ശേഷം മൂന്ന് വിക്കറ്റുകൾ ഇന്ത്യക്ക് നഷ്ടമായി. ജയ്സ്വാളിന്റെ അർധ സെഞ്ച്വറി മാത്രമാണ് ഇന്ത്യക്ക് ഇന്ന് ആശ്വാസം നൽകുന്നത്.

ജയ്സ്വാൾ 118 പന്തിൽ നിന്ന് 56 റൺസ് എടുത്താണ് പുറത്തായത്‌. 39 റൺസ് എടുത്ത് നിൽക്കെ പന്തിനെയും നഷ്ടമായി. 16 റൺസ് എടുത്ത രാഹുലാണ് ഈ സെഷനിൽ ഇന്ത്യക്ക് നഷ്ടമായ മറ്റൊരു വിക്കറ്റ്.

രാവിലെ നടന്ന സെഷനിൽ ഇന്ത്യക്ക് ഗിൽ (0), കോഹ്ലി (6), രോഹിത് (6) എന്നിവരെയും നഷ്ടമായിരുന്നു. ബംഗ്ലാദേശിനായി ഹസൻ മഹ്മുദ് നാലു വിക്കറ്റ് നേടി. മെഹ്ദി ഹസൻ, നഹിദ് റാണ എന്നിവർ ഒരോ വിക്കറ്റ് വീതവും നേടി. ഇപ്പോൾ 21 റൺസുമായി അശ്വിനും 7 റൺസുമായി ജഡേജയും ആണ് ക്രീസിൽ ഉള്ളത്.

പരമ്പര ഇന്ത്യക്ക് സ്വന്തം!! 6.3 ഓവറിലേക്ക് 78 ചെയ്സ് ചെയ്ത് വിജയം

ശ്രീലങ്കയ്ക്ക് എതിരായ രണ്ടാം ടി20യിലും ഇന്ത്യക്ക് വിജയം. ഇന്ന് നടന്ന മത്സരത്തിൽ 8 ഓവറിൽ 78 റൺസ് ആയിരുന്നു ഇന്ത്യയുടെ വിജയലക്ഷ്യം. ഇത് ഏഴാം ഓവറിലേക്ക് മറികടക്കാൻ ഇന്ത്യക്ക് ആയി. ഈ വിജയത്തോടെ ഇന്ത്യ പരമ്പര സ്വന്തമാക്കി. ഇനി ഒരു ടി20 മത്സരം കൂടെ ബാക്കിയിരിക്കെ ആണ് ഇന്ത്യയുടെ പരമ്പര വിജയം.

ജയ്സ്വാൾ ഇന്ന് 15 പന്തിൽ നിന്ന് 30 റൺസ് എടുത്തു

നേരത്തെ ശ്രീലങ്ക 161 റൺസ് ആയിരുന്നു എടുത്തിരുന്നത്. ഇന്ത്യ ചെയ്സ് ആരംഭിച്ചപ്പോൾ തന്നെ മഴ എത്തിയിരുന്നു. 6 റൺസ് എടുത്ത് നിൽക്കെ ആണ് ഇന്ത്യ കളി നിർത്തിവെക്കേണ്ടി വന്നത്.

മഴ മാറി കളി പുനരാരംഭിക്കുമ്പോൾ ഇന്ത്യയുടെ വിജയലക്ഷ്യം 8 ഓവറിൽ 78 ആക്കി ഡെക്ക്വർത്ത് ലൂയിസ് നിയമപ്രകാരം പുതുക്കി. ആകെ 2 ഓവർ മാത്രമെ പവർ പ്ലേ ഉണ്ടായിരുന്നുള്ളൂ. സഞ്ജു സാംസൺ ഡക്കിൽ പോയെങ്കിലും സൂര്യകുമാറും ജയ്സ്വാളും ചേർന്ന് ഇന്ത്യയ്ർ വിജയത്തിലേക്ക് നയിച്ചു.

സൂര്യകുമാർ യാദവ് 12 പന്തിൽ നിന്ന് 26 റൺസ് എടുത്തു. ജയ്സ്വാൾ 15 പന്തിൽ 30 റൺസും എടുത്തു. പിന്നെ ഹാർദികിനും പന്തിനും കളി ഫിനിഷ് ചെയ്യേണ്ട പണിയേ ഉണ്ടായിരുന്നുള്ളൂ. 6.3 ഓവറിലേക്ക് ഇന്ത്യ വിജയം ഉറപ്പിച്ചു.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ശ്രീലങ്ക 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 161 റൺസ് എടുത്തു. അവർക്ക് ആയി ഇന്ന് കുശാൽ പെരേര ആണ് അർധ സെഞ്ച്വറിയുമായി തിളങ്ങിയത്. കുശാൽ പെരേര 34 പന്തിൽ നിന്ന് 53 റൺസ് എടുത്തു. 2 സിക്സും 6 ഫോറും അദ്ദേഹത്തിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

അർധ സെഞ്ച്വറി നേടിയ കുശാൽ പെരേര

പതും നിസാങ്ക 32 റൺസുമായി തിളങ്ങി. 24 പന്തിൽ നിന്നാണ് നിസങ്ക 32 റൺസ് എടുത്തത്. കമിന്ദു മെൻഡിസ് 26 റൺസും എടുത്തു.

ഇന്ത്യക്ക് ആയി ഹാർദിക് പാണ്ഡ്യയും അക്സർ പട്ടേലും അർഷ്ദീപും 2 വിക്കറ്റു വീതവും രവി ബിഷ്ണോയ് 3 വിക്കറ്റും വീഴ്ത്തി.

ജയ്സ്വാൾ പുതിയ ICC റാങ്കിംഗിൽ ആറാം സ്ഥാനത്ത്

പുതിയ ടി20 റാങ്കിംഗിൽ മുന്നേറ്റം നടത്തി ഇന്ത്യൻ ഓപ്പണർമാരായ യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും. ഇരുവരും സിംബാബ്‌വെ പര്യടനത്തിൽ തിളങ്ങിയിരുന്നു‌. ഐസിസി പുരുഷ ടി20 റാങ്കിംഗിൽ 743 പോയിൻ്റുമായി ജയ്‌സ്വാൾ നാല് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആറാം സ്ഥാനത്തെത്തി. പാക്കിസ്ഥാൻ്റെ മുഹമ്മദ് റിസ്വാൻ, ബാബർ അസം എന്നിവർക്ക് തൊട്ടുപിന്നിലാണ് 22-കാരൻ ഇപ്പോൾ ഉള്ളത്.

ശുഭ്മാൻ ഗിൽ 36 സ്ഥാനങ്ങൾ മെച്ചപ്പെടുത്തി റാങ്കിംഗിൽ 37-ാം സ്ഥാനത്തെത്തി. റുതുരാജ് ഗെയ്‌ക്‌വാദ് എട്ടാം സ്ഥാനത്തും ഉണ്ട്.

ട്രാവിസ് ഹെഡ് ആണ് ടി20 റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്നത്. 797 പോയിൻ്റുമായി സൂര്യകുമാർ യാദവ് രണ്ടാം സ്ഥാനത്ത് തുടർന്നു. ഇംഗ്ലണ്ടിൻ്റെ ഫിൽ സാൾട്ടും ഇതേ പോയിൻ്റുമായി സ്കൈക്ക് ഒപ്പം ഉണ്ട്.

ജയ്സ്വാളിന് സെഞ്ച്വറി നേടാൻ അവസരം നൽകാതെ ഗിൽ!! സെൽഫിഷ് എന്ന് വിമർശനം

ഇന്ന് ജയ്സ്വാളിന് സെഞ്ച്വറി നേടാൻ അവസരം നൽകാത്തതിന് ശുഭ്മൻ ഗില്ലിന് എതിരെ സാമൂഹിക മാധ്യമങ്ങളിൽ വിമർശനങ്ങൾ ഉയരുന്നു. ഇന്ന് സിംബാബ്‌വെക്ക് എതിരായ ഇന്ത്യയുടെ നാലാം മത്സരത്തിൽ ഇന്ത്യ പത്ത് വിക്കറ്റിന് വിജയിച്ചിരുന്നു. മത്സരത്തിൽ ഓപ്പണർമാരായ ഗില്ലും ജയ്സ്വാളും പുറത്താകാതെ നിന്നാണ് ഇന്ത്യയെ വിജയിപ്പിച്ചത്. എന്നാൽ ഈ വിജയത്തിലും ക്യാപ്റ്റൻ സ്വാർത്ഥൻ ആണെന്ന് വിമർശനം കേൾക്കുകയാണ്.

തന്റെ സഹ ഓപ്പണർ ആയ ജയസ്വാളിന് സെഞ്ച്വറി നേടാൻ ഗിൽ അവസരം നൽകിയില്ല എന്നാണ് ക്രിക്കറ്റ് ആരാധകർ പറയുന്നത്. അവസാനഘട്ടത്തിൽ ജയസ്വാൾ സെഞ്ച്വറിയുടെ അടുത്ത് എത്തിയപ്പോൾ അദ്ദേഹത്തിന് സെഞ്ച്വറി നേടാൻ അവസരം നൽകാതെ ആക്രമിച്ചു കളിച്ച് തന്റെ സ്കോർ ഉയർത്താനാണ് ഗിൽ ശ്രമിച്ചത്. ഇതാണ് ക്യാപ്റ്റനു നേരെ വിമർശനം ഉയരാൻ കാരണം.

ഒരു ഘട്ടത്തിൽ ജയസ്വാൾ 83 റൺസിൽ നൽകുമ്പോൾ ഇന്ത്യയ്ക്ക് വിജയിക്കാൻ 23 റൺസായിരുന്നു വേണ്ടിയിരുന്നത്. അതായത് ജയ്സ്വാളിന് സെഞ്ച്വറി നേടാൻ 17 റൺസ്. സ്വാഭാവികമായി ഓവറുകൾ ഒരുപാട് ബാക്കിയുള്ളതിനാൽ സെഞ്ച്വറി നേടാൻ അവസരം ഒരുക്കുകയായിരുന്നു ഒരു ക്യാപ്റ്റൻ എന്ന നിലയിൽ ഗിൽ ചെയ്യേണ്ടിയിരുന്നത്. എന്നാൽ അതിനു ശ്രമിക്കാതെ സ്ട്രൈക്ക് കൈമാറുന്നതിൽ ശ്രദ്ധ കൊടുക്കാതെ പെട്ടെന്ന് തന്നെ കളി അവസാനിപ്പിക്കാനാണ് ഗില്ല് ശ്രമിച്ചത്. ഒപ്പം തന്റെ അർദ്ധസഞ്ചറിൽ ഉറപ്പിക്കാനും ഗിൽ നോക്കി.

ഇതോടെ ജയ്സ്വാളിന് സെഞ്ച്വറി നേടാനുള്ള അവസരം നഷ്ടമായി. 93 റൺസ് മാത്രമാണ് അദ്ദേഹത്തിന് നേടാൻ ആയത്. ഐപിഎല്ലിൽ കളിക്കുമ്പോൾ സമാന സാഹചര്യത്തിൽ ജയ്സ്വാളിന് സെഞ്ച്വറി നേടാം വേണ്ടി സഞ്ജു സാംസൺ സിംഗിൾ എടുത്തു കൊടുത്തതും അടിക്കാതിരുന്നതും കഴിഞ്ഞ ഐ പി എല്ലിൽ ക്രിക്കറ്റ് ലോകം കണ്ടതാണ്. പക്ഷേ ഇന്ന് ഗില്ലിൽ നിന്ന് അത് കാണാനായില്ല. അതിനാൽ ഏറെ വിമർശനമാണ് താരം നേരിടുന്നത്. ഓപ്പണിങ് സ്ഥാനം ഉറപ്പിക്കാൻ വേണ്ടിയാണ് ഇതുപോലെ സ്വാർത്ഥമായ ഒരു ഇന്നിംഗ്സ് ഗിൽ കളിച്ചതെന്ന് ആരാധകർ വിമർശിക്കുന്നു.

പത്ത് വിക്കറ്റ് വിജയവുമായി ഇന്ത്യ!! പരമ്പര സ്വന്തമാക്കി

സിംബാബ്‌വെക്ക് എതിരായ നാലാം മത്സരത്തിലും ഇന്ത്യക്ക് വിജയം. ഇന്ന് സിംബാവെക്ക് എതിരെ 10 വിക്കറ്റ് വിജയമാണ് ഇന്ത്യ നേടിയത്. സിംബാബ്‌വെ ഉയർത്തിയ 153 എന്ന വിജയലക്ഷ്യം 16ആം ഓവറിലേക്ക് ഇന്ത്യ മറികടന്നു. ഈ വിജയത്തോടെ 3-1ന്റെ ലീഡ് നേടിയ ഇന്ത്യ പരമ്പര സ്വന്തമാക്കി.

ഇന്ത്യക്ക് ആയി ഇന്ന് ഓപ്പണിംഗ് ഇറങ്ങിയ ഗില്ലും ജയ്സ്വാളും തകർപ്പൻ ബാറ്റിംഗ് ആണ് കാഴ്ചവെച്ചത്. ജയ്സ്വാൾ 53 പന്തിൽ നിന്ന് 93 റൺസ് നേടി. 2 സിക്സും 13 ഫോറും ജയ്സ്വാൾ ഇന്ന് അടിച്ചു. അത്ര ആക്രമിച്ചു കളിക്കാതിരുന്ന ഗിൽ 39 പന്തിൽ നിന്ന് 58 റൺസും എടുത്തു.

ഇന്ന് പരമ്പരയിലെ നാലാം മത്സരത്തിൽ ആദ്യം ബാറ്റ് ചെയ്ത സിംബാബ്‌വെ 7 ഏഴ് വിക്കറ്റ് നഷ്ടത്തിൽ 152 റൺസ് എടുത്തു. ക്യാപ്റ്റൻ റാസയുടെ മികച്ച ഇന്നിംഗ്സാണ് സിംബാബ്‌വെക്ക് മാന്യമായ സ്കോർ നൽകിയത്.

ഇന്ന് ഓപ്പണിംഗ് വിക്കറ്റിൽ തന്നെ 63 റൺസ് ചേർക്കാൻ സിംബാബ്‌വെക്ക് ആയി. ഓപ്പണർ മധെര 25 റൺസും മരുമണി 33 റൺസും എടുത്തു. റാസ 28 പന്തിൽ 46 റൺസാണ് അടിച്ചത്. 3 സിക്സും രണ്ടു ഫോറും ഇതിൽ ഉൾപ്പെടുന്നു.

ഇന്ത്യക്കായി ഖലീൽ അഹമ്മദ് രണ്ടു വിക്കറ്റും, തുശാർ പാണ്ഡെ, വാഷിംഗ്ടൺ, അഭിഷേക് ശർമ, ശിവം ദൂബെ എന്നിവർ ഓരോ വിക്കറ്റ് വീതവും എടുത്തു

എന്റെ 400 റൺ റെക്കോർഡ് തകർക്കാൻ ജയ്സ്വാളിനും ഗില്ലിനും ആകും എന്ന് ലാറ

ഇതിഹാസ വെസ്റ്റ് ഇൻഡീസ് ബാറ്റർ ബ്രയാൻ ലാറയുടെ ടെസ്റ്റ് ക്രിക്കറ്റിലെ 400 എന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ കടത്താൻ ആർക്ക് ആകും എന്ന ചോദ്യത്തിന് ലാറ തന്നെ ഉത്തരം നൽകി. ഇന്ത്യൻ യുവതാരങ്ങളായ യശസ്വി ജയ്‌സ്വാളിനെയും ശുഭ്മാൻ ഗില്ലിനെയും ഈ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ളവരിൽ ലാറ ഉൾപ്പെടുത്തി.

ഇംഗ്ലണ്ടിനെതിരെ 2004ൽ ആയിരുന്നു ലാറ 400* റൺസ് നേടിയത്. ഇതുവരെ ആർക്കും അത് മറികടക്കാൻ ആയിട്ടില്ല.

“ഞാൻ കളിച്ചിരുന്ന കാലത്ത് ആ സ്കോറിനെ വെല്ലുവിളിക്കാൻ പോന്ന ചില താരങ്ങൾ ഉണ്ടായിരുന്നു. വീരേന്ദർ സെവാഗ്, ക്രിസ് ഗെയ്ൽ, ഇൻസമാം-ഉൾ-ഹഖ്, സനത് ജയസൂര്യ. അവരെല്ലാം ഏറെക്കുറെ അഗ്രസീവ് കളിക്കാരായിരുന്നു, ”ലാറ പറഞ്ഞു.

ഭാവിയിൽ തൻ്റെ റെക്കോർഡ് തകർക്കാൻ സാധ്യതയുള്ള സ്ഥാനാർത്ഥികളായി ഇംഗ്ലണ്ട് ബാറ്റർമാരായ സാക്ക് ക്രാളി, ഹാരി ബ്രൂക്ക്, ഇന്ത്യൻ യുവതാരങ്ങളായ ശുഭ്മാൻ ഗിൽ, യശസ്വി ജയ്‌സ്വാൾ എന്നിവരെ അദ്ദേഹം തിരഞ്ഞെടുത്തു.

“ഇന്ന് നിങ്ങൾക്ക് എത്ര അഗ്രസീവ് കളിക്കാർ കളിക്കുന്നുണ്ട്? പ്രത്യേകിച്ച് ഇംഗ്ലണ്ട് ടീമിൽ. സാക്ക് ക്രാളിയും ഹാരി ബ്രൂക്കും. ഇന്ത്യൻ ടീമിലും? യശസ്വി ജയ്‌സ്വാൾ, ശുഭ്മാൻ ഗിൽ. അവർ ശരിയായ സാഹചര്യം കണ്ടെത്തിയാൽ, ഈ റെക്കോർഡുകൾ തകർക്കാൻ കഴിയും ” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പിൽ ജയ്സ്വാളും കോഹ്ലിയും ഓപ്പൺ ചെയ്യണം എന്ന് വസീം ജാഫർ

ടി20 ലോകകപ്പിൽ യശസ്വി ജയ്‌സ്വാളും വിരാട് കോഹ്ലിയും ഇന്ത്യക്കായി ബാറ്റിംഗ് ഓപ്പൺ ചെയ്യണമെന്ന് വസീം ജാഫർ. രോഹിത് ശർമ്മ നാലാമനായി ഇറങ്ങണം എന്നു ജാഫർ പറയുന്നു. ഇന്ത്യയുടെ ലോകകപ്പ് ഓപ്പണിംഗ് കൂട്ടുകെട്ട് എന്താകും എന്ന് ഇനിയും തീരുമാനം ആയിട്ടില്ല. ജയ്സ്വാളും രോഹിതും ഓപ്പൺ ചെയ്യും എന്നാണ് കരുതപ്പെടുന്നത് എങ്കിലും കോഹ്ലി ഐ പി എല്ലിൽ ഓപ്പണിംഗ് ആയി വീണ്ടും തിളങ്ങിയത് അദ്ദേഹം ഓപ്പൺ ചെയ്യാനുള്ള സാധ്യതയ വർധിപ്പിക്കുന്നു.

സ്പിൻ-ബൗളിംഗിന് എതിരെ മികച്ച പ്രകടനം കാഴ്ചവെക്കുന്ന രോഹിത് മൂന്നാം നമ്പറിലോ നാലിലോ ബാറ്റ് ചെയ്യണമെന്ന് ജാഫർ പറയുന്നു. നാലാം നമ്പറിൽ ബാറ്റ് ചെയ്യുന്നത് രോഹിതിൻ്റെ ക്ലാസിലെ ഒരു ബാറ്റർക്ക് പ്രശനം ഉണ്ടാക്കില്ല എന്നും അദ്ദേഹം പറയുന്നു.

“കോഹ്‌ലിയും ജയ്‌സ്വാളും ലോകകപ്പിൽ ഓപ്പൺ ചെയ്യണം എന്നാണ് എന്റെ അഭിപ്രായം. നമുക്ക് ലഭിക്കുന്ന തുടക്കത്തിനനുസരിച്ച് രോഹിതും സ്കൈയും 3 ഉം 4 ഉം സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യണം. രോഹിത് സ്പിൻ നന്നായി കളിക്കുന്നു, അതിനാൽ 4ൽ ബാറ്റ് ചെയ്യുന്നതിൽ ആരും ആശങ്കപ്പെടേണ്ടതില്ല, ”ജാഫർ ട്വിറ്ററിൽ കുറിച്ചു.

Exit mobile version