ആവേശ ഫിനിഷ്!! 1 റണ്ണിന് രാജസ്ഥാനെ വീഴ്ത്തി സൺറൈസേഴ്സ്!!

രാജസ്ഥാൻ റോയൽസിന്റെ വിജയ പരമ്പര അവസാനിപ്പിച്ച് സൺറൈസേഴ്സ്. ഇന്ന് 202 എന്ന ടാർഗറ്റ് ചെയ്സ് ചെയ്ത രാജസ്ഥാൻ 200 റൺസ് ആണ് എടുത്തത്. അവസാന പന്തിൽ ജയിക്കാൻ 2 റൺസ് എടുക്കേണ്ടിരുന്ന സമയത്ത് പവൽ എൽ ബി ഡബ്ല്യു ആവുക ആയിരുന്നു. അവസാന 17 പന്തിൽ 21 റൺസ് മാത്രമെ രാജസ്ഥാന് ജയിക്കാൻ വേണ്ടിയുരുന്നുള്ളൂ. എന്നാൽ അത് നേടാൻ അവർക്ക് ആയില്ല.

ഇന്ന് സൺറൈസസിനെതിരെ 202 എന്ന ലക്ഷ്യം പിന്തുടർന്ന് രാജസ്ഥാന് തുടക്കത്തിൽ തന്നെ അവരുടെ ഓപ്പണർ ബട്ലറെയും ക്യാപ്റ്റൻ സഞ്ജു സാംസണയും നഷ്ടപ്പെട്ടിരുന്നു. ഇരുവരും ഡക്കിലാണ് ഇന്ന് പുറത്തായത്. ഇരുവരെയും ആദ്യ ഓവറിൽ ഭുവനേശ്വർ കുമാർ ആണ് പുറത്താക്കിയത്‌. എന്നാൽ ഇതിൽ പതറാതെ യശസ്വി യസ്വാളും റിയാൻ പരാഗും കൂടി ടീമിനെ മുന്നോട്ടേക്ക് നയിച്ചു.

ഇരുവരും റൺറേറ്റ് കുറയാതെ സൂക്ഷിച്ചത് രാജസ്ഥാൻ വലിയ സമ്മർദ്ദത്തിലേക്ക് പോകാതെ അവരെ കാത്തു. ജയസ്വാൾ 30 പന്തിൽ 50 പൂർത്തിയാക്കിയപ്പോൾ, പരാഗ് 31 പന്തിൽ 50 റൺസിൽ എത്തി. 13 ഓവറിൽ 132 എന്ന സ്കോറിൽ രാജസ്ഥാൻ എത്തി. അവർക്ക് അവസാന 7 ഓവറിൽ 70 റൺസായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്.

40 പന്തിൽ 67 റൺസ് എടുത്താണ് ജയ്സ്വാൾ പുറത്തായത്. 2 സിസ്കും 7 ഫോറും ജയ്സ്വാൾ അടിച്ചു. അവസാന 5 ഓവറിൽ 45 റൺസ് ആയിരുന്നു രാജസ്ഥാന് ജയിക്കാൻ വേണ്ടത്. 16ആം ഓവറിൽ പരാഗിനെ കമ്മിൻസ് പുറത്താക്കി. 49 പന്തിൽ നിന്ന് 77 റൺസ് ആണ് പരാഗ് എടുത്തത്‌. 4 സിക്സും എട്ടു ഫോറും അടിച്ചു.

പവലും ഹെറ്റ്മയറും ആയിരുന്നു ക്രീസിൽ. അവസാന 4 ഓവറിൽ 42 ആയിരുന്നു ടാർഗറ്റ്. ഇത് 3 ഓവറിൽ 27 ആയി കുറഞ്ഞു. 18ആം ഓവറിൽ ഹെറ്റ്മയറിനെ രാജസ്ഥാന് നഷ്ടമായി. അവസാന ഓവറിൽ ജയിക്കാൻ വേണ്ടത് 20 റൺസ്.

കമ്മിൻസ് എറിഞ്ഞ 19ആം ഓവറിലെ ആദ്യ പന്തിൽ ജുറൽ പുറത്ത്. രാജസ്ഥാൻ സമ്മർദ്ദത്തിൽ ആയ നിമിഷം. അശ്വിൻ പവലിനൊപ്പം ചേർന്നു. പവൽ അവസാന പന്തിൽ സിക്സ് അടിച്ചു എങ്കിലും കമ്മിൻസ് ആ ഓവറിൽ നൽകിയത് ആകെ 7 റൺസ്. അവസാന ഓവറിൽ ജയിക്കാൻ 13 റൺസ്.

ഭുവനേശ്വർ ആണ് അവസാന ഓവർ എറിഞ്ഞത്. ആദ്യ പന്തിൽ അശ്വിൻ സിംഗിൾ എടുത്തു. 5 പന്തിൽ 12 റൺസ്. രണ്ടാം പന്തിൽ 2. 4 പന്തിൽ ജയിക്കാൻ 10 റൺസ്. 3ആം പന്തിൽ 4. ജയിക്കാൻ 3 പന്തിൽ 6 റൺസ്. അടുത്ത പന്തിൽ വീണ്ടും 2. ജയിക്കാൻ 2 പന്തിൽ 4 റൺസ്. അഞ്ചാം പന്തിലും 2. ഒരു പന്തിൽ ജയിക്കാൻ 2.

ആവേശകരമായ ഫിനിഷ്. അവസാന പന്തിൽ പവൽ എൽ ബി ഡബ്ല്യു. രാജസ്ഥാൻ റിവ്യൂ ചെയ്തു എങ്കിലും ഔട്ട് തന്നെ ആയിരുന്നു. 1 റണ്ണിന് സൺറൈസേഴ്സ് വിജയം.

ഇന്ന് ആദ്യം ബാറ്റു ചെയ്ത സൺറൈസേഴ്സ് ഹൈദ്രാബാദ് 201 റൺസ് ആയിരുന്നു എടുത്തത്. നിതിഷ് റെഡ്ഡിയും ട്രാവിസ് ഹെഡും അര്‍ദ്ധ ശതകങ്ങള്‍ നേടിയപ്പോള്‍ 19 പന്തിൽ 42 റൺസ് നേടി ക്ലാസ്സനും തിളങ്ങിയപ്പോള്‍ 3 വിക്കറ്റ് നഷ്ടത്തിൽ 201 റൺസാണ് സൺറൈസേഴ്സ് നേടിയത്.

അഭിഷേക് ശര്‍മ്മയെ അവേശ് ഖാനും അന്മോൽപ്രീത് സിംഗിനെ സന്ദീപ് ശര്‍മ്മയും പുറത്താക്കിയപ്പോള്‍ സൺറൈസേഴ്സ് 35/2 എന്ന നിലയിലേക്ക് സൺറൈസേഴ്സ് വീണു. പിന്നീട് സൺറൈസേഴ്സിനെ ട്രാവിസ് ഹെഡും നിതീഷ് റെഡ്ഡിയും മുന്നോട്ട് നയിക്കുകയായിരുന്നു. 37 പന്തിൽ നിന്ന് ട്രാവിസ് ഹെഡ് തന്റെ അര്‍ദ്ധ ശതകം നേടിയത്.

58 റൺസ് നേടിയ ട്രാവിസ് ഹെഡിനെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ 96 റൺസിന്റെ മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് രാജസ്ഥാന്‍ തകര്‍ത്തു.  ചഹാലിനെ തുടരെയുള്ള ഓവറുകളിൽ നിതീഷ് റെഡ്ഡി കടന്നാക്രമിച്ചപ്പോള്‍ 15 ഓവറുകള്‍ പിന്നിടുമ്പോള്‍ സൺറൈസേഴ്സ് 131/3 എന്ന നിലയിലായിരുന്നു. 30 പന്തിൽ നിന്ന് നിതീഷ് റെഡ്ഢി തന്റെ അര്‍ദ്ധ ശതകം തികച്ചപ്പോള്‍ അതേ ഓവറിൽ അശ്വിനെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് താരം റൺറേറ്റ് ഉയര്‍ത്തി.

തന്റെ അവസാന ഓവര്‍ എറിയാനെത്തിയ ചഹാലിനെ ഹെയിന്‍റിച്ച് ക്ലാസ്സന്‍ തുടരെയുള്ള സിക്സുകളോടെ വരവേറ്റപ്പോള്‍ ഓവറിൽ നിന്ന് 16 റൺസാണ് പിറന്നത്. അതിന് മുമ്പ് അശ്വിന്‍ എറിഞ്ഞ ഓവറിൽ നിന്ന് 15 റൺസ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയിരുന്നു.

അവേശ് ഖാന്‍ എറിഞ്ഞ 18ാം ഓവറിൽ നിതീഷ് റെഡ്ഡി ഒരു ഫോറും ഒരു സിക്സും നേടിയപ്പോള്‍ ഓവറിൽ നിന്ന് 12 റൺസ് വന്നു. അവേശ് ഖാന്‍ തന്റെ നാലോവറിൽ 39 റൺസ് വഴങ്ങി രണ്ട് വിക്കറ്റ് നേടുകയായിരുന്നു. 19ാം ഓവറിൽ രണ്ട് ബൗണ്ടറിയുമായി ക്ലാസ്സനും റൺ റേറ്റ് ഉയര്‍ത്തിയപ്പോള്‍ ബോള്‍ട്ടിന്റെ ഓവറിൽ നിന്ന് 12 റൺസ് വന്നു.

32 പന്തിൽ 70 റൺസാണ് നിതീഷ് റെഡ്ഡി – ക്ലാസ്സന്‍ കൂട്ടുകെട്ട് നേടിയത്. റെഡ്ഡി 42 പന്തിൽ 76 റൺസുമായി പുറത്താകാതെ നിന്നപ്പോള്‍ അവസാന ഓവറുകളിൽ ക്ലാസ്സന്‍ താണ്ഡവമാടുകയായിരുന്നു. അവസാന 5 ഓവറിൽ 70 റൺസാണ് സൺറൈസേഴ്സ് നേടിയത്.

“ജയ്സ്വാളിന് ഉപദേശം ആവശ്യമില്ല, അവൻ ആത്മവിശ്വാസമുള്ള കളിക്കാരനാണ്” – സഞ്ജു

ജയ്സ്വാളിന് ഉപദേശത്തിന്റെ ആവശ്യമില്ല, അവൻ മികച്ച ടാലന്റ് ആണ് എന്ന് സഞ്ജു സാംസൺ. മുംബൈ ഇന്ത്യൻസിന് എതിരെ സെഞ്ച്വറി അടിച്ചു കൊണ്ട് ഫോമിലേക്ക് മടങ്ങിയെത്താൻ ജയ്സ്വാളിന് ആയിരുന്നു. ജയ്സ്വാളിന് ആരാണ് ഊർജ്ജം നൽകുന്ന വാക്കുകൾ നൽകിയത് എന്ന ചോദ്യത്തിന് മറുപടി പറയുക ആയിരുന്നു സഞ്ജു സാംസൺ.

ജയ്സ്വാളിന് ആരിൽ നിന്നും ഉപദേശം ആവശ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല. അവൻ വളരെ ആത്മവിശ്വാസമുള്ളവനാണ്. അവൻ മികച്ച ടാലന്റ് ആണ്. അവൻ ഫോമിലേക്ക് തിരികെയെത്തിയതിൽ താൻ സന്തോഷവാനാണ്. സഞ്ജു സാംസൺ പറഞ്ഞു. ജയ്സ്വാൾ ഹാർഡ് വർക്ക് ചെയ്യുന്നുണ്ടായിരുന്നു എന്നും സഞ്ജു പറഞ്ഞു.

ജയ്സ്വാൾ ഇന്ന് 60 പന്തിൽ നിന്ന് 104 റൺസ് എടുത്ത് പുറത്താകാതെ നിന്നു. 7 സിക്സും 9 ഫോറും താരം അടിച്ചിരുന്നു.

തന്നിൽ വിശ്വാസം അർപ്പിച്ചതിന് സഞ്ജു സാംസണ് നന്ദി പറയുന്നു എന്ന് ജയ്സ്വാൾ

ഇന്ത്യം പ്രീമിയർ ലീഗിൽ ഈ സീസണിലെ തന്റെ ആദ്യ സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാൾ സഞ്ജു സാംസണ് നന്ദി പറഞ്ഞു. ഇതുവരെയുള്ള മത്സരങ്ങളിൽ ജയ്സ്വാളിന് തിളങ്ങാൻ ആയിരുന്നില്ല. തന്നെ വിശ്വസിച്ചതിനും തനിക്ക് അവസരങ്ങൾ തന്നതിനും സഞ്ജു സാംസണ് നൻസി പറയുന്നു എന്ന് ജയ്സ്വാൾ പറഞ്ഞു. ഇന്ന് 60 പന്തിൽ 104 റൺസുമായി ജയ്സ്വാൾ പുറത്താകാതെ നിന്നിരുന്നു.

“ഇന്ന് തുടക്കം മുതൽ ഞാൻ ശരിക്കും ബാറ്റിംഗ് ആസ്വദിച്ചു, പന്ത് ശരിയായി കാണുന്നുണ്ടെന്നും ശരിയായ ക്രിക്കറ്റ് ഷോട്ടുകൾ കളിക്കുന്നുണ്ടെന്നും ഞാൻ ഉറപ്പാക്കി. ഞാൻ ചെയ്യുന്നത് നന്നായി ചെയ്യാൻ ഞാൻ ശ്രമിക്കുന്നു, ചില ദിവസങ്ങളിൽ അത് നന്നായി വരുന്നു, ചില ദിവസങ്ങളിൽ അത് സംഭവിക്കുന്നില്ല, ഞാൻ അധികം ചിന്തിക്കുന്നില്ല.” ജയ്സ്വാൾ പറഞ്ഞു.

“എന്നെ നയിച്ച എല്ലാ മുതിർന്നവർക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എനിക്ക് അവസരങ്ങൾ തന്നതിന് രാജസ്ഥാൻ റോയൽസ് മാനേജ്‌മെൻ്റിനും പ്രത്യേകിച്ച് സംഗ സാറിനും സഞ്ജു ഭായിക്കും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു.” ജയ്സ്വാൾ പറഞ്ഞു.

ജയ്സ്വാളിനെ സംഗക്കാരയോ രോഹിതോ ഉപദേശിക്കണം എന്ന് ആകാശ് ചോപ്ര

ഐ പി എല്ലിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന യശസ്വി ജയ്സ്വാളിനെ കുറിച്ച് ഓർത്ത് തനിക്ക് ആശങ്കയുണ്ട് എന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര. യശ്വസി കൂറ്റനടികൾക്ക് നോക്കാതെ ടൈമിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നും അദ്ദേഹത്തിന്റെ കരുത്ത് ടൈമിംഗ് ആണ് എന്നും ആകാശ് പറഞ്ഞു.

“യശസ്വി കളിക്കാത്തതിനാൽ എനിക്ക് യശസ്വിയെക്കുറിച്ച് അൽപ്പം ആശങ്കയുണ്ട്. അവൻ ഓരോ പന്തും അറ്റാക്ക് ചെയ്യാൻ ശ്രമിക്കുന്നു. നിങ്ങൾ വളരെ മികച്ച കളിക്കാരനാണ്, നിങ്ങൾ ടൈമിംഗിൽ വിശ്വസിക്കുന്നതിനാൽ ആണ് നിങ്ങൾ നല്ല കളിക്കാരനായത്. നിങ്ങൾ ആന്ദ്രേ റസ്സൽ അല്ല, നിങ്ങളുടെ കളി ശൈലി വളരെ വ്യത്യസ്തമാണ് എന്ന് ഓർക്കുക” ചോപ്ര തൻ്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.

“എനിക്ക് ജയ്സ്വാളിന്ര് ഒരുപാട് ഇഷ്ടമായതിനാൽ, കുമാർ സംഗക്കാര അദ്ദേഹവുമായി ഇതുസംബന്ധിച്ച് സംസാരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു, അല്ലെങ്കിൽ രോഹിത് ശർമ്മ ഫോൺ എടുത്ത് അവനോട് സംസാരിക്കണം, ‘നിങ്ങൾക്ക് ടി20 ലോകകപ്പിന് പോകണം’. എന്ന് രോഹിത് പറയണം.” ആകാശ് ചോപ്ര പറഞ്ഞു.

“അൽപ്പം കരുതലോടെ കളിക്കുക’ അദ്ദേഹം ഒരു സിക്സും ഫോറും അടിച്ചു, എന്നിട്ടാണ് മറ്റൊരു വലിയ ഷോട്ട് പരീക്ഷിച്ച് പുറത്തായത്,” അദ്ദേഹം കൂട്ടിച്ചേർത്തു

ജയ്സ്വാൾ ഈ IPL-ൽ തകർക്കും എന്ന് ഡി വില്ലിയേഴ്സ്

ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ 2024 സീസണിൽ രാജസ്ഥാൻ റോയൽസ് ബാറ്റിംഗ് താരം യശസ്വി ജയ്‌സ്വാൾ ആണ് താൻ ഉറ്റുനോക്കുന്ന താരം എന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റൻ എബി ഡിവില്ലിയേഴ്‌സ് പറഞ്ഞു. മാർച്ച് 24 ഞായറാഴ്ച ജയ്പൂരിലെ സവായ് മാൻസിംഗ് സ്റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയൻ്റ്‌സിനെ നേരിട്ട് കൊണ്ടാണ് ജയ്സ്വാളിന്റെ RR അവരുടെ IPL 2024 കാമ്പെയ്ൻ ആരംഭിക്കുന്നത്.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ചരിത്രം തിരുത്തിയ ജയ്സ്വാൾ പൂർണ്ണ ആത്മവിശ്വാസത്തോടെ ആകും ഈ ഐ പി എൽ സീസണ് എത്തുന്നത്. ജയ്സ്വാൾ 600ന് മുകളിൽ റൺസ് നേടും എന്ന് താൻ പ്രതീക്ഷിക്കുന്നു എന്ന് ഡി വില്ലിയേഴ്സ് പറഞ്ഞു.

“ഞാം കാണാൻ കാത്തിരിക്കുന്ന ഒരു വ്യക്തിയുണ്ട്. അതാണ് ജയ്‌സ്വാൾ. തൻ്റെ കഴിവ് ടെസ്റ്റ് ഫോർമാറ്റിൽ അദ്ദേഹം കാണിച്ചു. ഇപ്പോൾ ടി20 ക്രിക്കറ്റിൽ തൻ്റെ കഴിവ് ശരിക്കും പ്രകടിപ്പിക്കേണ്ട സമയമാണ്. ആ ടെസ്റ്റ് പരമ്പരയിൽ നിന്ന് അദ്ദേഹം എടുത്ത ആത്മവിശ്വാസം ഈ ഐപിഎല്ലിലേക്ക് എടുക്കാൻ ആയാൽ ഈ വ്യക്തിയിൽ നിന്ന് ഞാൻ ഫയർവർക്സ് പ്രതീക്ഷിക്കുന്നു.” ഡി വില്ലിയേഴ്സ് പറഞ്ഞു.

“ഞാൻ കുറഞ്ഞത് 500-ലധികം റൺസ് എങ്കിലും ഈ സീസണിൽ പ്രതീക്ഷിക്കുന്നു, ഒരുപക്ഷേ 600-ലധികം പോലും റൺസ് അദ്ദേഹം നേടും, ”ഡിവില്ലിയേഴ്സ് പറഞ്ഞു.

“ജയ്സ്വാളിന് ക്രിക്കറ്റ് ആണ് എല്ലാം, ഈ സീസൺ അവന് മികച്ചതായിരിക്കും” – ഉത്തപ്പ

യശസ്വി ജയ്‌സ്വാളിന് ഐപിഎൽ 2024 മികച്ച ഐ പി എലായിരിക്കും എന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പിംഗ് ബാറ്റർ റോബിൻ ഉത്തപ്പ. ജയ്സ്വാളിന് ക്രിക്കറ്റ് മാത്രമാണ് ജീവിതം എന്നും അങ്ങനെ ഒരു താരമാണ് ജയ്സ്വാൾ എന്നും ഉത്തപ്പ പറഞ്ഞു. അവൻ ക്രിക്കറ്റിൽ ജീവിക്കുന്നു, ക്രിക്കറ്റ് ശ്വസിക്കുന്നു, ക്രിക്കറ്റ് ഭക്ഷിക്കുന്നു. ഉത്തപ്പ പറഞ്ഞു.

കഴിഞ്ഞ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 48.07 ശരാശരിയിൽ 625 റൺസ് നേടാൻ ജയ്‌സ്വാളിനായിരുന്നു.

“2020ൽ യശസ്‌വി ആർആർആറിനൊപ്പം ഐപിഎല്ലിൽ എത്തിയപ്പോൾ ഞാൻ അദ്ദേഹവുമായി അടുത്ത് പ്രവർത്തിച്ചു. അവൻ ക്രിക്കറ്റ് ഭ്രാന്തനാണ്. അദ്ദേഹത്തിന് ക്രിക്കറ്റല്ലാതെ മറ്റൊന്നും അറിയില്ല.” ഉത്തപ്പ പറഞ്ഞു.

ഇപ്പോൾ ഇന്ത്യൻ ടീമിനായി ഗംഭീര പ്രകടനം നടത്തുന്ന ജയ്സ്വാൾ രാജസ്ഥാന്റെ ഈ സീസണിലെ പ്രധാന താരമായിരിക്കും. അടുത്തിടെ അവസാനിച്ച ടെസ്റ്റ് പരമ്പരയിൽ ഇംഗ്ലണ്ടിനെതിരെ 700ൽ അധികം റൺസ് നേടി ജയ്സ്വാൾ റെക്കോർഡ് ഇട്ടിരുന്നു.

ICC-യുടെ ഫെബ്രുവരിയിലെ മികച്ച താരമായി യശസ്വി ജയ്സ്വാൾ

2024 ഫെബ്രുവരിയിലെ ഐസിസി പ്ലെയർ ഓഫ് ദി മന്ത് അവാർഡ് ഇന്ത്യൻ യുവ ബാറ്റർ യശസ്വി ജയ്സ്വാൾ സ്വന്തമാക്കി. ഇംഗ്ലണ്ടിനെതിരായ മിന്നുന്ന പ്രകടനത്തിനാണ് ഇന്ത്യയുടെ യുവ ബാറ്ററെ ഐ സി സി പുരസ്കാരത്തിന് അർഹനാക്കിയത്.

ന്യൂസിലൻഡ് സ്റ്റാർ ബാറ്റർ കെയ്ൻ വില്യംസൺ, ശ്രീലങ്കൻ ഓപ്പണർ പാത്തും നിസ്സാങ്ക എന്നിവരെ മറികടന്നാണ് ജയ്‌സ്വാൾ പുരസ്കാരത്തിൽ എത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ 9 ഇന്നിംഗ്‌സുകളിൽ നിന്നായി 700ൽ അധികം റൺസ് നേടാൻ ജയ്സ്വാളിനായിരുന്നു‌. 2 ഇരട്ട സെഞ്ച്വറികളും ജയ്സ്വാൾ ഈ പരമ്പരയിൽ നേടി. ഫെബ്രുവരിയിൽ ജയ്‌സ്വാൾ 112 ശരാശരിയിൽ 560 റൺസ് നേടി. ഇതിൽ 20 സിക്‌സറുകൾ ഉൾപ്പെടുന്നു.

വ്യക്തിഗത നേട്ടങ്ങൾ നോക്കുന്നില്ല, ടീമിന്റെ ജയമാണ് പ്രാധാന്യം എന്ന് ജയ്സ്വാൾ

ഇംഗ്ലണ്ടിന് എതിരായ ടെസ്റ്റ് പരമ്പരയിൽ പ്ലയർ ഓഫ് ദി സീരീസ് ആയ യശസ്വി ജയ്സ്വാൾ താൻ വ്യക്തിഗത നേട്ടങ്ങൾ കാര്യമാക്കുന്നില്ല എന്നും ടീമിനൊപ്പം വിജയങ്ങൾ നേടാൻ ആണ് ശ്രമിക്കുന്നത് എന്നും പറഞ്ഞു. ഇന്ന് അഞ്ചാം ടെസ്റ്റ് വിജയിച്ച ശേഷം സംസാരിക്കുക ആയിരുന്നു ജയ്സ്വാൾ.

“ഞാൻ ഈ പരമ്പര ശരിക്കും ആസ്വദിച്ചു. ഇത് ഒരുപാട് അനുഭവങ്ങൾ നൽകുന്നു, എൻ്റെ ഷോട്ടുകൾ കളിക്കാൻ ആണ് ഞാൻ ശ്രമിച്ചത്, ഒരോ ബൗളറെയും അറ്റാക്ക് ചെയ്യാൻ തീരുമാനിച്ചു, അതായിരുന്നു എൻ്റെ ലക്ഷ്യം.” ജയ്‌സ്വാൾ പറഞ്ഞു.

“ഒരു സമയം ഒരു മത്സരം എന്ന രീതിയിലാണ് കളിച്ചത്. ടീമിൻ്റെ ലക്ഷ്യങ്ങളിലേക്കും ലക്ഷ്യത്തിലേക്കും സംഭാവന നൽകാൻ ഞാൻ ആഗ്രഹിക്കുന്നു, എൻ്റെ ലക്ഷ്യങ്ങൾ അടിസ്ഥാനപരമായി ടീം അധിഷ്ഠിതമാണ്, ഒരു വ്യക്തിയെന്ന നിലയിൽ പ്രത്യേക നേട്ടങ്ങൾ ചിന്തയിൽ ഇല്ല,” ജയ്‌സ്വാൾ പറഞ്ഞു.

ഈ പരമ്പരയിൽ 5 മത്സരങ്ങളിൽ നിന്ന് 89 ശരാശരിയിൽ 712 റൺസ് നേടാൻ ജയ്‌സ്വാളിനായിരുന്നു. പരമ്പരയ്ക്കിടെ 26 സിക്‌സറുകൾ അടിച്ച് റെക്കോർഡ് ഇടാനും അദ്ദേഹത്തിന് ആയി.

ജയ്സ്വാളിനും രോഹിതിനും അർധ സെഞ്ച്വറി, ഇന്ത്യ ശക്തമായ നിലയിൽ

ധരംശാലയിൽ നടക്കുന്ന അഞ്ചാം ടെസ്റ്റിന്റെ ആദ്യദിവസം അവസാനിക്കുമ്പോൾ ഇന്ത്യ ശക്തമായ നിലയിൽ. ഇന്ത്യ ഇപ്പോൾ 135/1 എന്ന നിലയിലാണ് ഉള്ളത്‌. നേരത്തെ ഇന്ത്യ ഇംഗ്ലണ്ടിനെ 218ന് ഓളൗട്ട് ആക്കിയിരുന്നു. അർദ്ധ സെഞ്ച്വറി നേടിയ ജയ്സ്വാളിന്റെ വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.

ഇപ്പോൾ ഇംഗ്ലണ്ടിന് ഇംഗ്ലണ്ടിന് 83 റൺസ് പിറകിലാണ് ഇന്ത്യ ഉള്ളത്. അക്രമിച്ചു കളിച്ച ജയ്സ്വാൾ 57 പന്തിൽ 58 റൺസ് എടുത്തു. മൂന്ന് സിക്സ് അഞ്ച് ഫോറും അടങ്ങുന്നതായിരുന്നു ജയ്സ്വാളിന്റെ ഇന്നിംഗ്സ്. ഇപ്പോൾ 52 റൺസുമായി രോഹിത് ശർമ്മയും 26 റൺസുമായി ശുഭ്മൻ ഗില്ലും ആണ് ക്രീസിൽ ഉള്ളത്.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇംഗ്ലണ്ടിന് ഇന്ത്യൻ സ്പിന്നിനു മുന്നിൽ പിടിച്ചു നിൽക്കാൻ ആയില്ല. കുൽദീപ് യാദവ് 5 വിക്കറ്റും അശ്വിൻ 4 വിക്കറ്റും വീഴ്ത്തി. കുൽദീപ് ധരംശാലയിൽ 5 വിക്കറ്റ് വീഴ്ത്തിയ ആദ്യ ഇന്ത്യൻ സ്പിന്നർ ആയി മാറി.

ഇംഗ്ലണ്ടിനായി സാക് ക്രോളി അർധ സെഞ്ച്വറിയുമായി സാക് ക്രോളി തിളങ്ങി. സാക് ക്രോലിയെയും കുൽദീപ് ആണ് പുറത്താക്കിയത്‌. ക്രോളി 108 പന്തിൽ 79 റൺസുമായാണ് പുറത്തായത്‌. കുൽദീപ് ക്രോളിയെ കൂടാതെ ഡെക്ക്സ്റ്റിനെയും (27) പോപിനെയും (11) സ്റ്റോക്സിനെയും (0) ബെയർ സ്റ്റോയെയും (29) പുറത്താക്കി. ജഡേജ ജോ റൂട്ടിനെയും പുറത്താക്കി. ഹാർട്ലിയെയും മാർക്ക് വുഡിനെയും അശ്വിൻ ആണ് പുറത്താക്കിയത്‌.

ചായക്ക് ശേഷം ബെൻ ഫോക്സിനെയും ആൻഡേഴ്സണെയും വീഴ്ത്തി അശ്വിൻ ഇംഗ്ലണ്ടിന്റെ ഇന്നിംഗ്സ് അവസാനിപ്പിച്ചു.

1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന വേഗതയാർന്ന രണ്ടാമത്തെ ഇന്ത്യക്കാരനായി യശസ്വി ജയ്സ്വാൾ

ഇന്ത്യൻ ക്രിക്കറ്റിൻ്റെ ചരിത്ര നിമിഷത്തിൽ, ഏറ്റവും വേഗത്തിൽ 1000 ടെസ്റ്റ് റൺസ് തികയ്ക്കുന്ന രണ്ടാമത്തെ ഇന്ത്യൻ ബാറ്റ്‌സ്മാനായി യശസ്വി ജയ്സ്വാൾ തൻ്റെ പേര് റെക്കോർഡ് ബുക്കുകളിൽ എഴുതിച്ചേർത്തു. ധരംശാലയിൽ നടന്ന അഞ്ചാം ടെസ്റ്റ് മത്സരത്തിൽ ഇംഗ്ലണ്ടിനെതിരായ തൻ്റെ ഇന്നിംഗ്സിനിടെയാണ് യുവ പ്രതിഭ ഈ ശ്രദ്ധേയമായ നേട്ടം കൈവരിച്ചത്.

വിനോദ് കാംബ്ലിയുടെ റെക്കോർഡ് മാത്രമാണ് ജയ്സ്വാളിന് മുന്നിൽ ഉള്ളത്. വെറും 16 ഇന്നിംഗ്‌സുകളിൽ ജയ്‌സ്വാളിൻ്റെ ഈ നേട്ടം. കാംബ്ലി 14 ഇന്നിംഗ്സുകളിൽ നിന്ന് 1000 റൺസ് തികച്ചിരുന്നു. ഷൊയ്ബ് ബഷീറിൻ്റെ പന്തിൽ ബൗണ്ടറി നേടിയാണ് ജയ്സ്വ ഈ നാഴികക്കല്ല് പിന്നിട്ടത്‌. ഈ ടൂർണമെന്റിൽ 680ൽ അധികം റൺസ് ഇതിനകം ജയ്സ്വാൾ നേടിക്കഴിഞ്ഞു.

Quickest Innings to 1000 Test Runs for 🇮🇳

14 – Vinod Kambli
16 – Yashasvi Jaiswal*
18 – Cheteshwar Pujara
19 – Mayank Agarwal
21 – Sunil Gavaskar

ടെസ്റ്റ് റാങ്കിംഗിൽ ജയ്സ്വാൾ ആദ്യ പത്തിൽ

ഇന്ത്യൻ യുവതാരം യശസ്വി ജയ്‌സ്വാൾ ടെസ്റ്റ് ബാറ്റർമാരുടെ റാങ്കിംഗിൽ ആദ്യ പത്തിൽ എത്തി. ഇന്ന് വന്ന പുതിയ റാങ്കിംഗിൽ രണ്ട് സ്ഥാനങ്ങൾ ഉയർന്ന് കരിയറിൽ ആദ്യമായി അദ്ദേഹം ആദ്യ പത്തിൽ പ്രവേശിച്ചു. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിലെ തകർപ്പൻ പ്രകടനത്തിൻ്റെ പിൻബലത്തിലാണ് ജയ്‌സ്വാളിൻ്റെ മുന്നേറ്റം.

ഈ പരമ്പരയിൽ മിന്നുന്ന ഫോമിലുള്ള ജയ്‌സ്വാൾ നാല് ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 655 റൺസ് നേടിയിട്ടുണ്ട്. ഒരു മാസം മുമ്പ് 29-ാം സ്ഥാനത്തായിരുന്നു ജയ്സ്വാൾ. അവിടെ നിന്നാണ് പത്തിലേക്ക് ഈ പരമ്പരയോടെ എത്തിയത്. ജയ്സ്വാളിനെ കൂടാതെ എട്ടാം റാങ്കിൽ ഉള്ള കോഹ്ലിയാണ് ആദ്യ പത്തിൽ ഉള്ള മറ്റൊരു ഇന്ത്യൻ താരം.

ന്യൂസിലൻഡിൻ്റെ സീനിയർ താരം കെയ്ൻ വില്യംസൺ 870 പോയിൻ്റുമായി ഒന്നാം സ്ഥാനത്തും ജോ റൂട്ട് 799 പോയിന്റുമായി രണ്ടാം സ്ഥാനത്തും, സ്റ്റീവ് സ്മിത്ത് 789 പോയിന്റുമായി മൂന്നാമതും നിൽക്കുന്നു.

ഐപിഎലിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് അത് രാജസ്ഥാന്‍ റോയൽസിന്റേത് – ആകാശ് ചോപ്ര

ഐപിഎലിലെ ഏറ്റവും മികച്ച ഓപ്പണിംഗ് കൂട്ടുകെട്ട് രാജസ്ഥാന്‍ റോയൽസിന്റേതാണെന്ന് പറഞ്ഞ് ആകാശ് ചോപ്ര. മുംബൈ ഇന്ത്യന്‍സിന്റെ രോഹിത് ശര്‍മ്മയും ഇഷാന്‍ കിഷനും മുന്‍ നിരയിലുള്ള ഓപ്പണിംഗ് കൂട്ടുകെട്ടാണെങ്കിലും അവരെക്കാള്‍ ഒരു പടി മുന്നിൽ താന്‍ യശസ്വി ജൈസ്വാളിനെയും ജോസ് ബട്‍ലറെയും ആണ് കാണുന്നതെന്ന് ആകാശ് ചോപ്ര വ്യക്തമാക്കി.

ജൈസ്വാളിന്റെ ഇപ്പോളത്തെ ഫോം ആണ് താന്‍ ഇതിന് കാരണമായി കാണുന്നതെന്നും കഴിഞ്ഞ സീസണിലെ മോശം ഫോമിൽ നിന്ന് മടങ്ങി വരുവാന്‍ ശേഷിയുള്ള ജോസ് ബട്‍ലറിന്റെ സാന്നിദ്ധ്യവും ഈ കൂട്ടുകെട്ടിനെ ഒന്നാം റാങ്കുകാരാക്കുന്നുവെന്നും ചോപ്ര പറഞ്ഞു.

ഡെവൺ കോൺവേ – റുതുരാജ് ഗായക്വാഡ് ആണ് ശ്രദ്ധേയമായ പ്രകടനം പുറത്തെടുക്കുവാന്‍ ശേഷിയുള്ള മറ്റൊരു ഓപ്പണിംഗ് കൂട്ടുകെട്ടെങ്കിലും ഡെവൺ കോൺവേ ഐപിഎലില്‍ നിന്ന് പുറത്ത് പോയത് ചെന്നൈയ്ക്ക് പുതിയ വെല്ലുവിളി സൃഷ്ടിക്കുമെന്നും ചോപ്ര പറഞ്ഞു.

Exit mobile version