സ്മൃതി മന്ഥാന വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടി കളിക്കാന്‍ മടങ്ങിയെത്തും, ദീപ്തി ശര്‍മ്മയ്ക്കൊപ്പം കളിയ്ക്കും

2019 വനിത ക്രിക്കറ്റ് സൂപ്പര്‍ ലീഗില്‍ വെസ്റ്റേണ്‍ സ്റ്റോമിനായി കളിക്കുവാന്‍ സ്മൃതി മന്ഥാന മടങ്ങിയെത്തും. കഴിഞ്ഞാഴ്ച കരാറിലെത്തിയ ദീപ്തി ശര്‍മ്മയ്ക്കൊപ്പം ഇന്ത്യന്‍ ഓപ്പണിംഗ് താരവും ഈ സീസണില്‍ വെസ്റ്റേണ്‍ സ്റ്റോമിനൊപ്പമുണ്ടാകുമെന്ന് ഉറപ്പായി. കഴിഞ്ഞ സീസണില്‍ ഒരു ശതകവും രണ്ട് അര്‍ദ്ധ ശതകവും ഉള്‍പ്പെടെ 421 റണ്‍സാണ് സ്മൃതി നേടിയത്.

വെസ്റ്റേണ്‍ സ്റ്റോമിലേക്ക് തിരികെ വരാനായതില്‍ താന്‍ ഏറെ സന്തുഷ്ടയാണെന്ന് സ്മൃതി പറഞ്ഞു. താന്‍ ഇവിടെ കളിച്ച ഓരോ നിമിഷവും ആസ്വദിച്ചിരുന്നുവെന്നും ഈ വര്‍ഷം കപ്പ് നേടുവാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സ്മൃതി വ്യക്തമാക്കി.

വനിത സൂപ്പര്‍ ലീഗിലേക്ക് മറ്റൊരു ഇന്ത്യന്‍ താരം കൂടി

ഇംഗ്ലണ്ടില്‍ നടക്കുന്ന വനിത സൂപ്പര്‍ ലീഗിന്റെ പുതിയ പതിപ്പില്‍ ഇന്ത്യന്‍ താരം ദീപ്തി ശര്‍മ്മ കളിക്കും. ദീപ്തി ശര്‍മ്മ വെസ്റ്റേണ്‍ സ്റ്റോമിനു വേണ്ടിയാണ് വരുന്ന സീസണില്‍ കളിക്കാന്‍ പോകുന്നത്. ജൂലൈ 28ന് ഇംഗ്ലണ്ടിലേക്ക് പറക്കുന്ന ദീപ്തി ഓഗസ്റ്റ് 6 മുതല്‍ സെപ്റ്റംബര്‍ ഒന്ന് വരെ ടൂര്‍ണ്ണമെന്റ് മുഴുവനും കളിക്കാനുണ്ടാകുമെന്നാണ് അറിയുന്നത്.

തനിക്ക് ലഭിച്ച ഈ അവസരത്തെ താന്‍ ഉറ്റുനോക്കുകയാണെന്നാണ് 21 വയസ്സുള്ള ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ അഭിപ്രായപ്പെട്ടത്. ലോകത്തിലെ മികച്ച താരങ്ങള്‍ക്കൊപ്പം കളിയ്ക്കാനാകുമെന്നതില്‍ താന്‍ ഏറെ സന്തോഷവാനാണെന്നും ദീപ്തി പറഞ്ഞു. ഇന്ത്യന്‍ സഹതാരം സ്മൃതി മന്ഥാന വെസ്റ്റേണ്‍ സ്റ്റോമിന് വേണ്ടിയാണ് കളിയ്ക്കുന്നത്.

2014ലാണ് ദീപ്തി ഇന്ത്യയ്ക്ക് വേണ്ടി അരങ്ങേറ്റം നടത്തിയത്. നിലവിലെ റാങ്കിംഗ് പട്ടികയില്‍ ഓള്‍റൗണ്ടര്‍മാരില്‍ രണ്ടാം സ്ഥാനത്താണ് ഏകദിനത്തില്‍ ദീപ്തി നിലകൊള്ളുന്നത്. 2016ല്‍ ടി20 അരങ്ങേറ്റം കുറിച്ച ദീപ്തി 30 അന്താരാഷ്ട്ര മത്സരങ്ങളില്‍ നിന്നായി 28 വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.

സൂപ്പര്‍ ലീഗില്‍ സ്മൃതി മന്ഥാനയുടെ വേഗതയേറിയ അര്‍ദ്ധ ശതകം

18 പന്തില്‍ നിന്ന് അര്‍ദ്ധ ശതകം നേടി കിയ സൂപ്പര്‍ ലീഗിലെ വേഗതയേറിയ അര്‍ദ്ധ ശതകത്തിനു ഉടമയായി സ്മൃതി മന്ഥാന. റേച്ചല്‍ പ്രീസ്റ്റ് കഴിഞ്ഞ സീസണില്‍ നേടിയ 22 പന്തില്‍ നിന്നുള്ള അര്‍ദ്ധ ശതകത്തെയാണ് ഇന്നത്തെ പ്രകടനത്തിലൂടെ സ്മൃതി മറികടന്നത്. മത്സരം മഴ മൂലം ആറോവറാക്കി ചുരുക്കിയുരുന്നു. വെസ്റ്റേണ്‍ സ്റ്റോം 85 റണ്‍സാണ് 2 വിക്കറ്റ് നഷ്ടത്തില്‍ നേടിയത്.

മന്ഥാന 19 പന്തില്‍ 52 റണ്‍സ് നേടി പുറത്താകാതെ നിന്നു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Exit mobile version