റയാന്‍ റിക്കൽടണിന് ശതകം നഷ്ടമായി, അയര്‍ലണ്ടിനെതിരെ ദക്ഷിണാഫ്രിക്കയ്ക്ക് 271 റൺസ്

അയര്‍ലണ്ടിനെതിരെ ആദ്യ ഏകദിനത്തിൽ ഒരു ഘട്ടത്തിൽ വലിയ പ്രതിരോധത്തിലായെങ്കിലും 9 വിക്കറ്റ് നഷ്ടത്തിൽ 271 റൺസ് നേടി ദക്ഷിണാഫ്രിക്ക . 91 റൺസ് നേടിയ റയാന്‍ റിക്കൽടണും 79 റൺസ് നേടിയ ട്രിസ്റ്റന്‍ സ്റ്റബ്സും മാത്രമാണ് ദക്ഷിണാഫ്രിക്കന്‍ നിരയിൽ റൺസ് കണ്ടെത്തിയത്. ഒരു ഘട്ടത്തിൽ 39/3 എന്ന നിലയിലേക്ക് വീണ ദക്ഷിണാഫ്രിക്കയെ ഈ കൂട്ടുകെട്ട് 152 റൺസ് കൂട്ടുകെട്ടുമായി തിരിച്ചുവരവ് സാധ്യമാക്കി.

എന്നാൽ റയാനും സ്റ്റബ്സും അടുത്തടുത്ത ഓവറുകളിൽ പുറത്തായത് ദക്ഷിണാഫ്രിക്കയ്ക്ക് തിരിച്ചടിയായി. 191/3 എന്ന നിലയിൽ നിന്ന് ടീം 201/6 എ്ന നിലയിലേക്ക് ഏതാനും ഓവറുകള്‍ക്കുള്ളിൽ വീഴുകയായിരുന്നു. വാലറ്റത്തിൽ ബോര്‍ൺ ഫോര്‍ച്യുന്‍, ലുംഗി എന്‍ഗിഡി എന്നിവര്‍ പൊരുതി നിന്നാണ് ദക്ഷിണാഫ്രിക്കയെ 271/9 എന്ന സ്കോറിലേക്ക് എത്തിച്ചത്. ഫോര്‍ച്യുന്‍ 28 റൺസും എന്‍ഗിഡി 20 റൺസും നേടി.

അയര്‍ലണ്ടിന് വേണ്ടി മാര്‍ക്ക് അഡൈര്‍ നാലും ക്രെയിഗ് യംഗ് മൂന്നും വിക്കറ്റ് നേടി.

സ്റ്റബ്സിന് ഡി വില്ലിയേഴ്സിനെ പോലൊരു താരമാകാനുള്ള ഭാവിയുണ്ട് – അമ്പാട്ടി റായുഡു

ദക്ഷിണാഫ്രിക്കൻ താരം ട്രിസ്റ്റൻ സ്റ്റബ്‌സിനെ പ്രശംസിച്ച് അമ്പാട്ടി റായുഡു. സ്റ്റബ്സിന് . ഇതിഹാസ താരം എബി ഡിവില്ലിയേഴ്‌സിനെപ്പോലെ മികച്ച താരമായി മാറാൻ ആകും എന്ന് റായുഡു പറഞ്ഞു. എൽഎസ്‌ജിക്കെതിരെ 25 പന്തിൽ മൂന്ന് ഫോറും നാല് സിക്‌സും സഹിതം പുറത്താകാതെ 57 റൺസ് നേടാൻ സ്റ്റബ്സിനായിരുന്നു. ഒപ്പം ആയുഷ് ബദോനിയുടെ നിർണായക വിക്കറ്റും സ്റ്റബ്സ് സ്വന്തമാക്കി.

“ട്രിസ്റ്റൻ സ്റ്റബ്‌സ് ഒരു ഓൾറൗണ്ട് പാക്കേജാണ്. അവൻ മനോഹരമായ ഒരു ഓവർ എറിഞ്ഞു, ഈ സീസണിൽ അവൻ പന്ത് അടിക്കുന്ന രീതി മികച്ചതാണ് — ഷോർട്ട് ബോൾ മുതൽ ഒരു ഫുളർ ബോൾ വരെ അവൻ എല്ലാ ലെങ്തും അടിക്കുന്നു.” റായുഡു പറഞ്ഞു.

“എബി ഡിവില്ലിയേഴ്‌സിനെ പോലുള്ള ഒരു ദക്ഷിണാഫ്രിക്കൻ താരമാണ് അദ്ദേഹം. ഡി വില്ലിയേഴ്സിനെ പോലൊരു താരമായി വളരാനും സ്റ്റബ്സിനാകും.” സ്റ്റാർ സ്‌പോർട്‌സിൽ സംസാരിക്കവെ റായുഡു പറഞ്ഞു

ഈ സീസൺ ഐ പി എല്ലിൽ 13 മത്സരങ്ങളിലെ മൂന്ന് അർധസെഞ്ചുറികൾ ഉൾപ്പെടെ 54.00 ശരാശരിയിൽ 378 റൺസ് നേടാൻ സ്റ്റബ്സിനായിം 190.90 എന്ന സ്‌ട്രൈക്ക് റേറ്റും താരത്തിനുണ്ട്.

ട്രിസ്റ്റന്‍ സ്റ്റബിന്റെ വെല്ലുവിളി അതിജീവിച്ച് രാജസ്ഥാന്‍, ഡൽഹിയ്ക്കെതിരെ 12 റൺസ് വിജയം

ഐപിഎലില്‍ തങ്ങളുടെ രണ്ടാം വിജയം കരസ്ഥമാക്കി രാജസ്ഥാന്‍. ഇന്ന് ഡൽഹി 186 റൺസ് വിജയ ലക്ഷ്യം തേടിയിറങ്ങിയപ്പോള്‍ ടീമിന് 173/5 എന്ന സ്കോര്‍ മാത്രമേ നേടാനായുള്ളു. ഡേവിഡ് വാര്‍ണറും ട്രിസ്റ്റന്‍ സ്റ്റബ്സും പൊരുതി നോക്കിയെങ്കിലും വിജയം സഞ്ജുവിനും സംഘത്തിനൊപ്പം നിന്നു. നേരത്തെ 36/3 എന്ന നിലയിൽ നിന്ന് പരാഗ് നേടിയ 84 റൺസാണ് രാജസ്ഥാനെ 185/5 എന്ന സ്കോറിലെത്തിച്ചത്.

 

ഡൽഹി ഓപ്പണര്‍മാര്‍ 30 റൺസുമായി കുതിയ്ക്കുമ്പോള്‍ 12 പന്തിൽ 23 റൺസ് നേടിയ മിച്ചൽ മാര്‍ഷിനെ നാന്‍ഡ്രേ ബര്‍ഗര്‍ പുറത്താക്കി. അതേ ഓവറിൽ റിക്കി ഭുയിയെയും ബര്‍ഗര്‍ പുറത്താക്കി. ഡേവിഡ് വാര്‍ണര്‍ തന്റെ സ്വതസിദ്ധമായ ശൈലിയിൽ ബാറ്റ് വീശിയപ്പോള്‍ കരുതലോടെ ഋഷഭ് പന്തും ക്രീസിൽ നിലയുറപ്പിച്ചപ്പോള്‍ പത്തോവറിൽ 89/2 എന്ന സ്കോറിലേക്ക് ഡൽഹി എത്തി.

എന്നാൽ അധികം വൈകാതെ ഡേവിഡ് വാര്‍ണറെ അവേശ് ഖാന്‍ പുറത്താക്കിയപ്പോള്‍ ഡൽഹിയ്ക്ക് മൂന്നാം വിക്കറ്റ് നഷ്ടമായി. 34 പന്തിൽ 49 റൺസായിരുന്നു വാര്‍ണറുടെ സംഭാവന. 28 റൺസ് നേടിയ ഋഷഭ് പന്തിനെയും അധികം വൈകാതെ ഡൽഹിയ്ക്ക് നഷ്ടമായി. ചഹാലാണ് വിക്കറ്റ് നേടിയത്.

മത്സരം അവസാന അഞ്ചോവറിലേക്ക് കടന്നപ്പോള്‍ വിജയത്തിനായി ഡൽഹി 66 റൺസായിരുന്നു നേടേണ്ടിയിരുന്നത്. കഴിഞ്ഞ മത്സരത്തിലെ അപകടകാരിയായ അഭിഷേക് പോറെലിനെ പുറത്താക്കി ചഹാൽ മത്സരത്തിലെ തന്റെ രണ്ടാം വിക്കറ്റ് നേടി.

17ാം ഓവറിൽ അശ്വിനെ രണ്ട് സിക്സുകള്‍ക്ക് പായിച്ച് ട്രിസ്റ്റന്‍ സ്റ്റബ്സ് വിജയ ലക്ഷ്യം 18 പന്തിൽ 41 റൺസാക്കി. അടുത്ത ഓവറിൽ അവേശ് ഖാനെ ബൗണ്ടറി പായിച്ച് അക്സര്‍ തുടങ്ങിയെങ്കിലും പിന്നീട് വലിയ ഷോട്ടുകള്‍ വരാതിരുന്നപ്പോള്‍ ഓവറിൽ നിന്ന് 9 റൺസ് മാത്രം വന്നു. ഇതോടെ അവസാന രണ്ടോവറിലെ ലക്ഷ്യം 32 റൺസായി മാറി.

കഴിഞ്ഞ മത്സരത്തിലെ ഹീറോ സന്ദീപ് ശര്‍മ്മയെ ഒരു സിക്സും ബൗണ്ടറിയും നേടി ട്രിസ്റ്റന്‍ സ്റ്റബ്സ് ഡൽഹിയ്ക്ക് വിജയ പ്രതീക്ഷ സമ്മാനിച്ചു. എന്നാൽ സന്ദീപിനെ പിന്നീട് വലിയ ഷോട്ടുകള്‍ക്ക് പായിക്കുവാന്‍ സ്റ്റബ്സിന് സാധിക്കാതെ വന്നപ്പോള്‍ ഓവറിൽ നിന്ന് 15 റൺസ് വരികയും അവസാന ഓവറിലെ ലക്ഷ്യം 17 റൺസായി മാറി. അവേശ് ഖാന്‍ എറിഞ്ഞ അവസാന ഓവറിൽ വെറും 4 റൺസ് പിറന്നപ്പോള്‍ രാജസ്ഥാന്‍ 12 റൺസ് വിജയം കരസ്ഥമാക്കി. ട്രിസ്റ്റന്‍ സ്റ്റബ്സ് 23 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നു. അക്സര്‍ പട്ടേൽ 13 പന്തിൽ 15 റൺസ് നേടി.

രാജസ്ഥാന് വേണ്ടി നാന്‍ഡ്രേ ബര്‍ഗറും യൂസുവേന്ദ്ര ചഹാലും രണ്ട് വീതം വിക്കറ്റ് നേടി.

ദക്ഷിണാഫ്രിക്കൻ കീപ്പർ സ്റ്റബ്സിനെ ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി

ദക്ഷിണാഫ്രിക്കൻ വിക്കറ്റ് കീപ്പർ ബാറ്റർ ട്രിസ്റ്റൻ സ്റ്റബ്സിനെ ഡെൽഹി ക്യാപിറ്റൽസ് സ്വന്തമാക്കി. അടിസ്ഥാന വിലയായ 50 ലക്ഷത്തിനാണ് ഡെൽഹി താരത്തെ സ്വന്തമാക്കിയത്. വേറെ ആരും സ്റ്റബ്സിനായി രംഗത്ത് വന്നില്ല. 23കാരനായ താരം മുമ്പ് മുംബൈ ഇന്ത്യൻസിനായി ഐ പി എൽ കളിച്ചിട്ടുണ്ട്.

ആകെ നാല് ഐ പി എൽ മത്സരങ്ങൾ മാത്രമെ താരം കളിച്ചിട്ടുള്ളൂ. ടി20യിൽ ആകെ 21 മത്സരങ്ങൾ കളിച്ച താരം ഇതുവരെ 21 ശരാശരിയിൽ 239 റൺസ് നേടിയിട്ടുണ്ട്.

മുംബൈ ഇന്ത്യന്‍സ് താരം ടി20 ബ്ലാസ്റ്റിൽ ഡര്‍ഹത്തിനായി ഇറങ്ങും

ദക്ഷിണാഫ്രിക്കയുടെ ട്രിസ്റ്റന്‍ സ്റ്റബ്സിനെ ടി20 ബ്ലാസ്റ്റിനായി ടീമിലേക്ക് എത്തിച്ച് ഡര്‍ഹം. ഇതാദ്യമായാണ് സ്റ്റബ്സ് കൗണ്ടിയിലെ ഒരു ക്ലബിനായി ജഴ്സിയണിയുന്നത്. തന്റെ കന്നി ടി20 ഇന്നിംഗ്സിൽ തന്നെ 28 പന്തിൽ 72 റൺസ് ഇംഗ്ലണ്ടിനെതിരെ നേടി ശ്രദ്ധ പിടിച്ച് പറ്റിയ താരം ദക്ഷിണാഫ്രിക്കയ്ക്കായി 13 ടി20 മത്സരങ്ങളിൽ കളിച്ചിട്ടുണ്ട്.

ഐപിഎലിൽ മുംബൈ ഇന്ത്യന്‍സ് ടീമിൽ അംഗമായ താരം എസ്എ20 ഉദ്ഘാടന പതിപ്പിൽ കിരീടം നേടിയ സൺറൈസേഴ്സ് ഈസ്റ്റേൺ കേപ് സ്ക്വാഡിൽ അംഗമായിരുന്നു. ദി ഹണ്ട്രെഡിൽ കളിച്ചത് വഴി താരത്തിന് ഇംഗ്ലണ്ടിൽ കളിച്ച് വേണ്ട പരിചയവും ഉണ്ട്. ദി ഹണ്ട്രെഡിൽ മാഞ്ചസ്റ്റര്‍ ഒറിജിനൽസ് ടീമിലെ അംഗമായിരുന്നു സ്റ്റബ്സ്.

Exit mobile version