സൂപ്പർ ലീഗ് കേരള, തൃശ്ശൂരിനെ തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ്

പെരും മഴയിൽ നടന്ന കളിയിൽ തൃശൂർ മാജിക് എഫ്സിയെ രണ്ട് ഗോളിന് തോൽപ്പിച്ച് തിരുവനന്തപുരം കൊമ്പൻസ് മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിൽ രണ്ടാം ജയം കുറിച്ചു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ ഇരുപകുതികളിലായി ബിപ്സോ ഓട്ടിമർ, ഷിഹാദ് എന്നിവരാണ് കൊമ്പൻസിനായി ഗോൾ നേടിയത്.

ഏഴ് കളികളിൽ കൊമ്പൻസിന് ഒൻപത് പോയൻ്റായി. ലീഗിൽ ഇതുവരെ ജയം നേടാൻ കഴിയാത്ത തൃശൂർ ഏഴ് കളികളിൽ രണ്ട് പോയൻ്റ് മാത്രം നേടി അവസാന സ്ഥാനത്ത്. മൂന്ന് കളി മാത്രം ശേഷിക്കെ തൃശൂരിൻ്റെ സെമി ഫൈനൽ സാധ്യത തുലാസിലായി.

സി കെ വിനീതിൻ്റെ അഭാവത്തിൽ ബ്രസീൽ താരം മെയിൽസണിൻ്റെ നായകത്വത്തിൽ ഇറങ്ങിയ തൃശൂർ ആദ്യപകുതിയിൽ തകർപ്പൻ പ്രകടനവുമായി കളം നിറഞ്ഞു. മഴവെള്ളം കെട്ടിക്കിടന്ന ഗ്രൗണ്ടിൽ കൊമ്പൻസിൻ്റെ ബ്രസീലിയൻ ഗോൾ കീപ്പർ അമേരിക്കോ സാൻ്റോസ് നടത്തിയ അത്യുഗ്രൻ സേവുകൾ മത്സരത്തിൻ്റെ തുടക്കത്തിൽ നിരവധി തവണ സന്ദർശക ടീമിൻ്റെ രക്ഷക്കെത്തി. മുപ്പത്തിയൊൻപതാം മിനിറ്റിൽ അപ്രതീക്ഷിതമായി കൊമ്പൻസ് ലീഡ് നേടി. ഇടതു വിംഗിലൂടെ മുന്നേറിവന്ന ഗണേശനെ തൃശൂരിൻ്റെ പകരക്കാരൻ ഗോളി പ്രതീഷ് നേരിട്ടതിന് റഫറി സെന്തിൽ നാഥൻ പെനാൽറ്റി വിധിച്ചു. കിക്ക് എടുത്ത ബ്രസീലുകാരൻ ബിപ്സോ ഓട്ടിമറിന് പിഴച്ചില്ല1-0. നാല്പത്തിമൂന്നാം മിനിറ്റിൽ തൃശൂരിന് അനുകൂലമായും പെനാൽറ്റി വിസിൽ മുഴങ്ങി. എന്നാൽ അലക്സ് സാൻ്റോസ് എടുത്ത കിക്ക് കൊമ്പൻസ് ഗോൾ കീപ്പർ
അമേരിക്കോ സാൻ്റോസ് ഡൈവ് ചെയ്തു രക്ഷപ്പെടുത്തി.

രണ്ടാം പകുതിയുടെ തുടക്കത്തിൽ തൃശൂരിന് അനുകൂലമായി ലഭിച്ച ഫ്രീ കിക്ക് ആൻ്റണി മനോഹരമായി എതിർ ഗോൾ പോസ്റ്റിന് മുന്നിൽ എത്തിച്ചുവെങ്കിലും ഫിനിഷ് ചെയ്യാൻ ആരും ഉണ്ടായിരുന്നില്ല. അൻപത്തിയഞ്ചാം മിനിറ്റിൽ പരിക്കേറ്റ് മടങ്ങിയ തൃശൂരിൻ്റെ ഫിലോക്ക് പകരം അനുരാഗ് കളത്തിലിറങ്ങി. ഇഞ്ചുറി ടൈമിൽ പകരക്കാരനായി എത്തിയ ഷിഹാദ് കൂടി സ്കോർ ചെയ്തതോടെ കൊമ്പൻസ് വിജയം പൂർത്തിയാക്കി 2-0. മഴവെള്ളം കെട്ടിക്കിടന്ന ഗ്രൗണ്ടിൽ ഒരു ഗോൾ എങ്കിലും മടക്കാൻ അവസാന നിമിഷം വരെ തൃശൂർ പൊരുതി നോക്കിയെങ്കിലും സാധിച്ചില്ല.

ഇന്ന് (ഒക്ടോബർ 12) കാലിക്കറ്റ് എഫ്സി മലപ്പുറം എഫ്സിയെ നേരിടും. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30 ന് കിക്കോഫ്.

സൂപ്പർ ലീഗ് കേരള; കാലിക്കറ്റിൽ തൃശൂർ മാജിക്

അവിശ്വസനീയ തിരിച്ചുവരവ് കണ്ട മഹീന്ദ്ര സൂപ്പർ ലീഗ് കേരളയുടെ നാലാം റൗണ്ട് മത്സരത്തിൽ
തൃശൂർ മാജിക് എഫ്സി 2-2 ന് കാലിക്കറ്റ് എഫ്സിയെ സമനിലയിൽ തളച്ചു. കോഴിക്കോട് ഇഎംഎസ് സ്റ്റേഡിയത്തിൽ നടന്ന ആവേശകരമായ മത്സരത്തിൻ്റെ രണ്ടാം പകുതിയിലാണ് നാല് ഗോളുകളും പിറന്നത്. രണ്ടു ഗോളിന് പിന്നിട്ട് നിന്ന ശേഷമായിരുന്നു തൃശൂർ ടീമിൻ്റെ തിരിച്ചു വരവ്. മുഹമ്മദ് റിയാസ്, പി എം ബ്രിട്ടോ എന്നിവർ കാലിക്കറ്റ് എഫ്സിക്കായും ബ്രസീൽ താരങ്ങളായ ഫിലോ, ലൂക്കാസ് സിൽവ എന്നിവർ തൃശൂർ ടീമിനായും സ്കോർ ചെയ്തു.

വിജയം ലക്ഷ്യമിട്ട് തോയി സിംഗ്, ഗനി നിഗം, ബെൽഫോർട്ട് ത്രിമൂർത്തികളെ ആക്രമണത്തിൽ അണിനിരത്തിയാണ് കാലിക്കറ്റ് കോച്ച് ഇയാൻ ആൻഡ്രൂ ഗിലാൻ ഇന്നലെ ടീമിനെ വിന്യസിച്ചത്. നായകൻ സി കെ വിനീതിനൊപ്പം ബ്രസീൽ താരങ്ങളായ മാർസലോ, അലക്സ് സാൻ്റോസ് എന്നിവരെയിറക്കി തൃശൂർ മാജിക് എഫ്സിയും മുന്നേറ്റനിര ശക്തിപ്പെടുത്തി.

തൃശൂർ ടീം തൊട്ടുനീക്കിയ പന്തിൽ ആദ്യ ഗോൾ മണമുള്ള നീക്കം കാണാൻ പത്താം മിനിറ്റ് വരെ കാത്തിരിക്കേണ്ടി വന്നു. ഫ്രീകിക്കിൽ നിന്ന് വന്ന പന്ത് വിനീത് കാലിക്കറ്റ് വലയിൽ എത്തിച്ചെങ്കിലും റഫറിയുടെ ഓഫ്സൈഡ് കൊടി പൊങ്ങി. കാലിക്കറ്റ് എഫ്സിയുടെ ഗോൾവേട്ടക്കാരൻ ഗനി നിഗമിനെ കൃത്യമായി മാർക്ക് ചെയ്യാൻ തൃശൂർ ഡിഫൻസിന് സാധിച്ചതോടെ ആദ്യ പകുതിയിൽ മത്സരം കാര്യമായ മുന്നേറ്റങ്ങൾ ഒന്നുമില്ലാതെ ഗോൾ രഹിതമായി അവസാനിച്ചു.

ഗോളുകളുടെ രണ്ടാം പകുതി

രണ്ടാം പകുതിയിൽ പി എം ബ്രിട്ടോയെ കൊണ്ടുവന്ന് കാലിക്കറ്റും ഷംനാദിനെ ഇറക്കി തൃശൂരും ആക്രമണത്തിന് കരുത്ത് കൂട്ടി. നാല്പത്തി ഒൻപതാം മിനിറ്റിൽ തന്നെ ഫലം കണ്ടു. ഗനി നൽകിയ പന്തിൽ താളം പിടിച്ച് വെട്ടിയൊഴിഞ്ഞ് മുന്നേറിയ ബ്രിട്ടോ പറത്തിയ കരുത്തുറ്റ ഷോട്ട് തൃശൂർ ഗോളി ജോയ് തട്ടിയിട്ടു. റീബൗണ്ടിന് കൃത്യം പൊസിഷനിൽ ഹാജരായ യുവതാരം മുഹമ്മദ് റിയാസ് പന്ത് പോസ്റ്റിൽ നിക്ഷേപിച്ചു. കാലിക്കറ്റിന് ലീഡ് 1-0. അറുപത്തിയേഴാം മിനിറ്റിൽ ഗോളി മാത്രം മുന്നിൽ നിൽക്കെ ലഭിച്ച അവസരം റിയാസ് പുറത്തേക്കടിച്ച് തുലച്ചു.
എൺപത്തിയൊന്നാം മിനിറ്റിൽ അഭിറാം നൽകിയ പാസ് ഹെഡ്ഡർ വഴി ഗോളാക്കി മാറ്റി ബ്രിട്ടോ കാലിക്കറ്റ് എഫ്സിയുടെ ലീഡ് ഇരട്ടിയാക്കി. വിജയം ഉറപ്പിച്ച കാലിക്കറ്റ് എഫ്സി ആരാധകരെ അമ്പരപ്പിച്ച് കളിയുടെ അവസാന നിമിഷങ്ങളിൽ
ഫിലോ, ലൂക്കാസ് സിൽവ എന്നിവരിലൂടെ ഗോൾ കണ്ടെത്തിയ തൃശൂർ വിജയസമാനമായ സമനില പിടിച്ചുവാങ്ങി.

സമനിലയോടെ നാല് കളിയിൽ ആറ് പോയൻ്റ് നേടിയ കാലിക്കറ്റ് ടേബിളിൽ ഒന്നാം സ്ഥാനത്ത് തുടരുന്നു. നാല് കളിയിൽ രണ്ട് പോയൻ്റ് മാത്രമുള്ള തൃശൂർ അവസാന സ്ഥാനത്താണ്.

സൂപ്പർ ലീഗ് കേരള; മലപ്പുറം തൃശ്ശൂർ പോരാട്ടം സമനിലയിൽ

മലപ്പുറം എഫ്സി – 0 തൃശൂർ മാജിക് എഫ്സി – 0

മഹീന്ദ്ര സൂപ്പർ ലീഗ് കേരളയിലെ മലപ്പുറം എഫ്സി – തൃശൂർ മാജിക് എഫ്സി മത്സരം സമനിലയിൽ പിരിഞ്ഞു. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഇരു ടീമുകൾക്കും ഗോളടിക്കാനായില്ല. ലീഗിലെ ആദ്യ രണ്ടു മത്സരങ്ങളും പരാജയപ്പെട്ട തൃശൂർ ഇന്നലെ ആദ്യ പോയൻ്റ് സ്വന്തമാക്കി. മൂന്ന് കളിയിൽ മലപ്പുറത്തിന് നാല് പോയൻ്റുണ്ട്.

ഗോൾ കീപ്പർ സ്ഥാനത്ത് ടെൻസിൻ, മുന്നേറ്റനിരയിൽ ബുജൈർ എന്നിവരെ ആദ്യ ഇലവനിൽ കൊണ്ടുവന്നാണ് കോച്ച് ജോൺ ഗ്രിഗറി ഇന്നലെ മലപ്പുറം ഇലവനെ കളത്തിലിറക്കിയത്. സ്പാനിഷ് താരം പെഡ്രോക്കൊപ്പം ഫസലു റഹ്മാനും ആതിഥേയരുടെ മുന്നേറ്റനിരയിൽ ഇറങ്ങി. ബ്രസീൽ താരങ്ങളായ ലൂക്കാസ്, മൈൽസൺ എന്നിവരെ പ്രതിരോധം ഏൽപ്പിച്ചാണ് തൃശൂർ ടീം തന്ത്രങ്ങൾ മെനഞ്ഞത്.

തുടക്കം മുതൽ തകർത്തു കളിച്ച മലപ്പുറത്തിൻ്റെ പതിനാലാം നമ്പർ താരം ബുജൈർ പത്താം മിനിറ്റിൽ പറത്തിയ പൊള്ളുന്ന ഷോട്ട് നേരിയ വ്യത്യാസത്തിൽ പുറത്തുപോകുന്നത് കണ്ടാണ് ആരാധകർ നിറഞ്ഞ മഞ്ചേരി സ്റ്റേഡിയം കളിയിലേക്ക് ഉണർന്നത്. ആദ്യ അരമണിക്കൂറിനിടെ നിർണായകമായ ഫ്രീകിക്കുകൾ നേടിയെടുക്കാൻ തൃശൂരിന് കഴിഞ്ഞെങ്കിലും രണ്ടുതവണയും ലൂക്കാസിൻ്റെ ശ്രമങ്ങൾക്ക് ലക്ഷ്യബോധം ഉണ്ടായിരുന്നില്ല. മുപ്പത്തി അഞ്ചാം മിനിറ്റിൽ തൃശൂർ നായകൻ സി കെ വിനീതിന് തുറന്ന അവസരം കൈവന്നു. ഗോളി മാത്രം മുന്നിൽ നിൽക്കെ പന്തിലേക്ക് ഓടിയെത്താൻ മുൻ ഇന്ത്യൻ താരത്തിന് കഴിഞ്ഞില്ല. നാല്പതാം മിനിറ്റിൽ മലപ്പുറത്തിൻ്റെ ശ്രമം ബാറിൽ തട്ടി തെറിച്ചതോടെ ആദ്യപകുതി ഗോൾ രഹിതമായി അവസാനിച്ചു.

രണ്ടാംപകുതിയുടെ തുടക്കം മുതൽ ഇരു സംഘങ്ങളും ഗോളിനായി ആഞ്ഞുശ്രമിച്ചതോടെ കളി ആവേശകരമായി. അൻപത്തിയേഴാം മിനിറ്റിൽ നന്നായി കളിച്ച ബുജൈറിനെ പിൻവലിച്ച് മലപ്പുറം റിസ്‌വാൻ അലിയെ കൊണ്ടുവന്നു. അഭിജിത്ത്, ജസീൽ എന്നിവരെയിറക്കി തൃശൂരും ആക്രമണത്തിന് മൂർച്ചകൂട്ടി. എഴുപത്തി ഒന്നാം മിനിറ്റിൽ തൃശൂരിൻ്റെ കോർണർ വഴിയുള്ള ആക്രമണത്തിന് ക്രോസ്സ് ബാർ വിലങ്ങായി. തുടർന്നും ഗോളിനുള്ള ശ്രമങ്ങൾ ഇരുഭാഗത്ത് നിന്നും ഉണ്ടായെങ്കിലും റഫറി അജയ് കൃഷ്ണൻ ഫൈനൽ വിസിൽ മുഴക്കുമ്പോൾ സ്കോർ ബോർഡിൽ തെളിഞ്ഞത് മലപ്പുറം എഫ്സി – 0 തൃശൂർ മാജിക് എഫ്സി – 0. ഇന്ന് തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ തിരുവനന്തപുരം കൊമ്പൻസ് എഫ്സി കണ്ണൂർ വാരിയേഴ്സ് എഫ്സിയെ നേരിടും. കിക്കോഫ് രാത്രി 7.30 ന്.

ഇന്ന് സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം തൃശ്ശൂർ പോരാട്ടം

അലകടലായ് എത്തുന്ന മലപ്പുറം എഫ്സിയുടെ ആരാധകക്കൂട്ടം ‘ അൾട്രാസിന് ‘ ഹോം ഗ്രൗണ്ടിൽ ഒരു ആവേശവിജയം സമ്മാനിക്കാനാണ് ടീം ഇന്ന് ഇറങ്ങുകയെന്ന് ഗോൾകീപ്പർ വി മിഥുൻ. മലപ്പുറം എഫ്സിയും തൃശൂർ മാജിക് എഫ്സിയും മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ കൊമ്പുകോർക്കുമ്പോൾ കേരളത്തിൻ്റെ ഇതിഹാസ ഗോൾകീപ്പർമാരിൽ ഒരാളായ മിഥുന് പ്രതീക്ഷയേറെ. ഫോർസ കൊച്ചിയെ അവരുടെ ഗ്രൗണ്ടിൽ തോല്പിച്ചുകൊണ്ടാണ് മലപ്പുറം എഫ്സി മഹീന്ദ്ര സൂപ്പർ ലീഗിൽ അരങ്ങേറിയത്. പക്ഷേ, രണ്ടാം അങ്കത്തിൽ കാലിക്കറ്റ് എഫ്സിയോട് മൂന്ന് ഗോളിൻ്റെ തോൽവി വഴങ്ങി. അത് ഏവരെയും ഞെട്ടിച്ചു. ആ ഷോക്കിൽ നിന്ന് തിരിച്ചുകയറാനാണ് മലപ്പുറം എഫ്സി ബൂട്ട് കെട്ടുന്നത്. ആദ്യ രണ്ടു കളികളിലും സുല്ലിട്ട തൃശൂർ വിജയത്തിൽ കുറഞ്ഞ ഒന്നിലും സംതൃപ്തരാവില്ല. അതുകൊണ്ട് തന്നെ ഒരു ‘ യുദ്ധത്തിനാവും ‘ ഇന്ന് മഞ്ചേരി സ്റ്റേഡിയം സാക്ഷിയാവുക.

മഞ്ചേരി; ലക്കി ഗ്രൗണ്ട്

കണ്ണൂർക്കാരൻ മിഥുന് മഞ്ചേരി എന്നത് ഭാഗ്യമൈതാനമാണ്. ടച്ച് ലൈനിൽ വരെ കാണികളെ നിർത്തി 2022 ൽ കേരളം അവസാനമായി സന്തോഷ് ട്രോഫി ജയിക്കുന്നത് ഇവിടെ വെച്ചാണ്. ബംഗാളിൻ്റെ വമ്പ് ഷൂട്ടൗട്ടിൽ മറികടന്ന് കേരളം കിരീടം നേടുമ്പോൾ പോസ്റ്റിന് കാവൽ നിന്നത് ഈ കണ്ണൂർക്കാരൻ. 2018 ൽ കൊൽക്കത്ത സാൾട്ട്ലേക്ക് സ്റ്റേഡിയത്തിൽ വെച്ച് ബംഗാളിനെ തോൽപ്പിച്ച് കേരളം ദേശീയ ചാമ്പ്യന്മാർ ആവുമ്പോഴും മിഥുൻ തന്നെ ഹീറോ. അന്ന് ഷൂട്ടൗട്ടിൽ രണ്ട് ബംഗാളി കിക്കുകൾ സേവ് ചെയ്താണ് മിഥുൻ പതിറ്റാണ്ടുകൾക്കു ശേഷം കേരളത്തിലേക്ക് സന്തോഷ് ട്രോഫി കിരീടമെത്തിച്ചത്. എട്ട് തവണ കേരളത്തെ സന്തോഷ് ട്രോഫിയിൽ പ്രതിനിധീകരിച്ച മിഥുൻ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥനാണ്.

*കണ്ണൂരിൻ്റെ മുത്ത്, മലപ്പുറത്തിൻ്റെ സ്വത്ത്

  • മുഴുപ്പിലങ്ങാട് ബീച്ചിലും കണ്ണൂർ എസ്എൻ കോളേജിലും കളിച്ചുതെളിഞ്ഞ മിഥുൻ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറം എഫ്സിയുടെ ഗോൾകീപ്പറായി എത്തുന്നുവെന്ന വാർത്ത ആരാധകർ ഏറെ ആവേശത്തോടെയാണ് സ്വീകരിച്ചത്. നിർണായക ഘട്ടങ്ങളിൽ ടീമിന് തുണയായി മിഥുൻ എന്ന ഗോൾകീപ്പർ ഉയിർക്കും എന്ന വിശ്വാസം. കേരള പോലീസ് താരമായിരുന്ന മുരളിയുടെ മകനായി ജനിച്ച മിഥുന് ആരാധകരുടെ ആവേശം വളരെ വേഗം തിരിച്ചറിയാൻ കഴിയും. അവരുടെ വികാരങ്ങളെ ഉൾക്കൊള്ളാൻ പറ്റും. തൃശൂർ ഘടികൾ എത്തും

ഇന്ന് മലപ്പുറം എഫ്സിയുടെ ആരാധകർ മാത്രമാവില്ല മഞ്ചേരി സ്റ്റേഡിയത്തിൽ ആരവം മുഴക്കുക. മലപ്പുറത്തിനൊപ്പം തൃശൂർ ടീമിൻ്റെയും ഹോം ഗ്രൗണ്ടാണ് മഞ്ചേരി സ്റ്റേഡിയം. ഇവിടെ നടന്ന തൃശൂർ – കണ്ണൂർ മത്സരത്തിന് നിരവധി തൃശൂർ ഘടികൾ എത്തിയിരുന്നു. കൂടുതൽ കരുത്തോടെ അവർ വീണ്ടും നാളെ ഗ്യാലറിയിൽ ഉണ്ടാവും. ക്ലാസിക് പോരാട്ടത്തിൻ്റെ ടിക്കറ്റ് ഇന്നലെ ഉച്ചയോടെ തന്നെ 60 ശതമാനം വിറ്റുതീർന്നിട്ടുണ്ട്.

ഇനിയുമുണ്ട് ടിക്കറ്റ്

ഗ്യാലറി ടിക്കറ്റ് പരിമിതമാണ് എങ്കിലും
പേടിഎം വഴി ഇനിയും ലഭ്യമാണ്. മത്സര ദിവസം സ്‌റ്റേഡിയത്തിലും ടിക്കറ്റ്‌ സൗകര്യം ഒരുക്കിയിട്ടുണ്ട്. കളികളുടെ തത്സമയ സംപ്രേഷണം സ്റ്റാർ സ്പോർട്സ് 1ൽ. വെബ്സ്ട്രീമിങ് ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും മിഡിൽ ഈസ്റ്റിൽ ഉള്ളവർക്ക് മനോരമ മാക്സിലും മഹീന്ദ്ര സൂപ്പർ ലീഗ് മത്സരങ്ങൾ കാണാം.

സൂപ്പർ ലീഗ് കേരള: തൃശൂർ മാജിക്കിനെ തോൽപ്പിച്ച് ട്രിവാൻഡ്രം കൊമ്പൻസ്

തിരുവനന്തപുരം: തൃശൂർ മാജിക് എഫ് സിയെ 2-0ന് തകർത്ത് ട്രിവാൻഡ്രം കൊമ്പൻസ് സൂപ്പർ ലീഗ് കേരള സീസണിലെ ആദ്യ ജയം ഉറപ്പിച്ചു. ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഏറ്റുമുട്ടലിൽ ഹോം ടീം ആധിപത്യം പുലർത്തി, കളിയിലുടനീളം മികച്ച നിയന്ത്രണവും ടീം വർക്കും അവർ പ്രദർശിപ്പിച്ചു.

ആദ്യ പകുതിയുടെ തുടക്കത്തിൽ തന്നെ ഹോം ഫാൻസിന് ആഹ്ലാദം പകരുന്ന വഴിത്തിരിവ് ഉണ്ടായി. 16-ാം മിനിറ്റിൽ ക്യാപ്റ്റൻ മോട്ട ഉജ്ജ്വലമായ ക്രോസിലൂടെ വിഷ്ണു ടിഎമ്മിനെ കണ്ടെത്തി, അത് വിഷ്ണു ഹെഡറിലൂടെ വലയിലെത്തിച്ചു. 1-0 ന് മുന്നിൽ.

തൃശൂർ ഒരു മറുപടി ഗോൾ കണ്ടെത്താൻ പാടുപെട്ടു, ഫൈനൽ തേർഡിൽ അവരുടെ ശ്രമങ്ങൾ പലപ്പോഴും പരാജയപ്പെട്ടു. കളിയിലേക്ക് തിരിച്ചുവരാൻ ശ്രമിച്ചെങ്കിലും, അവർ സൃഷ്ടിച്ച കുറച്ച് അവസരങ്ങൾ മുതലാക്കുന്നതിൽ അവർ പരാജയപ്പെട്ടു.

69-ാം മിനിറ്റിൽ ട്രിവാൻഡ്രം ലീഡ് ഇരട്ടിയാക്കി. മോട്ട തൻ്റെ പ്ലേമേക്കിംഗ് കഴിവുകൾ ഒരിക്കൽ കൂടി കാണിച്ചു തന്നു, മറ്റൊരു പിൻപോയിൻ്റ് അസിസ്റ്റ് അദ്ദേഹം നൽകി, ഇത്തവണ ലാൽമംഗൈഹ്‌സങ്ക പന്ത് അനായാസം ഗോൾകീപ്പറെ കീഴ്പ്പെടുത്തി വലയിൽ എത്തിച്ചു.

ഈ വിജയം ട്രിവാൻഡ്രം കൊമ്പൻസിൻ്റെ ഈ സീസണിലെ ആദ്യത്തെ ജയമാണ്. തൃശൂർ മാജിക്ക് ഇപ്പോഴും ആദ്യ വിജയത്തിനായി കാത്തിരിക്കുകയാണ്‌.

കണ്ണൂർ വാരിയേഴ്സ് തന്നെ!! തൃശ്ശൂരിനെതിരെ വമ്പൻ തിരിച്ചുവരവ്!!

സൂപ്പർ ലീഗ് കേരളയിലെ രണ്ടാം മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ് സിയെ കണ്ണൂർ വാരിയേഴ്സ് തോൽപ്പിച്ചു. മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തുടക്കത്തിൽ ഒരു ഗോളിന് പിറകിൽ നിന്ന ശേഷം തിരിച്ചടിച്ച് 2-1ന്റെ വിജയം സ്വന്തമാക്കി. 95ആം മിനുട്ടിലെ ഗോളിൽ ആയിരിന്നു കണ്ണൂരിന്റെ വിജയം.

ഇന്ന് ആദ്യ പകുതിയിൽ തൃശ്ശൂർ മാജിക്കാണ് മികച്ചു നിന്നത്. ആദ്യ അവർ സി കെ വിനീതിന്റെ ഒരു ഹെഡറിലൂടെ ഗോളിന് അടുത്ത് എത്തി. ക്യാപ്റ്റൻ കൂടിയായ വിനീതിന്റെ ഹെഡർ പോസ്റ്റിൽ തട്ടി മടങ്ങുകയായിരുന്നു. മത്സരത്തിന്റെ 36ആം മിനുട്ടിൽ തൃശ്ശൂർ ആദ്യ ഗോൾ കണ്ടെത്തി. സി കെ വിനീത് നൽകിയ പാസ് സ്വീകരിച്ച് അഭിജിത്ത് ആണ് ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ കണ്ണൂർ ശക്തമായി തിരികെ വന്നു. അവർ 76ആം മിനുട്ടിൽ ഡേവിഡ് ഗ്രാൻഡെയിലൂടെ സമനില ഗോൾ നേടി. ഒരു സെറ്റ് പീസിൽ നിന്ന് ലഭിച്ച അവസരം മുതലാക്കി ആയിരുന്നു ഈ ഗോൾ.

88ആം മിനുട്ടിൽ തൃശ്ശൂരിന്റെ ഹെൻറി ആന്റ്ണി രണ്ടാം മഞ്ഞ കാർഡ് വാങ്ങി ചുവപ്പുമായി കളത്തിന് പുറത്തേക്ക് പോയി. ഇതിനു ശേഷം കണ്ണൂർ കൂടുതൽ സമ്മർദ്ദം ഉയർത്തി. അവസാനം 95ആം മിനുട്ടിൽ ആല്വാരോ ആല്വാരസിന്റെ ഒരു ഹെഡറിലൂടെ കണ്ണൂർ വാരിയേഴ്സ് വിജയം ഉറപ്പിച്ചു.

സൂപ്പർ ലീഗ് കേരള; ഇന്ന് കണ്ണൂർ തൃശ്ശൂർ പോരാട്ടം

ഫുട്ബോൾ പ്രേമികൾ ഏറെ ആവേശത്തോടെ കാത്തിരുന്ന മാജിക് തൃശൂർ എഫ്സിയും കണ്ണൂർ എഫ് സി തമ്മിലുള്ള സൂപ്പർ പോരാട്ടം  ഇന്ന് (സെപ്റ്റംബർ 9) വൈകുന്നേരം 7.30ന് മലപ്പുറം പയ്യനാട് സ്റ്റേഡിയത്തിൽ അരങ്ങേറും. 

 ഇരുടീമങ്ങളും തങ്ങളുടെ ആദ്യ സൂപ്പർ ലീഗ് മത്സരത്തിലെ വിജയത്തിനായി മികച്ച താരനിരയെ തന്നെ ഇന്ന് അണിനിരത്തും. മലയാളികളുടെ സ്വന്തം സി കെ വിനീതിനോടൊപ്പം, വിദേശ താരങ്ങളായ മെയിൽസൺ ആൽവെസ്, മാർസെല്ലോ  ടോസ്കലോ എന്നിവരും മാജിക് തൃശൂർ എഫ്സിക്കായി തങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ അണിനിരക്കും. മറുപുറത്ത് തങ്ങളുടെ സീസണിലെ ആദ്യ വിജയം ഉറപ്പിക്കാൻ സ്വദേശ താരങ്ങളോടൊപ്പം, വിദേശ താരങ്ങളായ അസിയർ ഗോമസ്, ആൽവരോ ആൽവാരസ്, എന്നിവർ ഉൾപ്പെടെയുള്ളവർ ആദിൽ ഖാന്റെ നേതൃത്വത്തിൽ പോരാട്ടത്തിന് ഇറങ്ങും. 

 “ഞങ്ങളുടെ താരങ്ങളുടെ പ്രകടനത്തിനായി ഞാൻ കാത്തിരിക്കുകയാണ്, ഞങ്ങളുടെ ആദ്യ ഹോം മത്സരത്തിൽ, ആരാധകരുടെ മനസ്സിൽ എന്നും  ഓർമ്മിക്കപ്പെടുന്ന വിജയം നൽകുവാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.” മാജിക് തൃശൂർ എഫ് സി  മുഖ്യ പരിശീലകൻ  ജിയോവാനി സ്കാനു പറഞ്ഞു. 

 ഞങ്ങൾ ആദ്യം മത്സരത്തിന് പൂർണ്ണ സജ്ജരാണ്, ഞങ്ങളുടെ ആരാധകർക്കായി മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നുതന്നെയാണ് ഞങ്ങളുടെ ലക്ഷ്യം. കഴിഞ്ഞ ഒന്നര മാസത്തോളം ഞങ്ങൾ കഠിന പരിശീലനത്തിലായിരുന്നു, അതിന്റെ ഫലം നാളെ ഗ്രൗണ്ടിൽ കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു. കണ്ണൂർ വാരിയേഴ്സിന്റെ  സ്പാനിഷ് പരിശീലകൻ  മാനുവൽ സാഞ്ചസ് മുറിയസ് പറഞ്ഞു. 

 മത്സരത്തിനായുള്ള ടിക്കറ്റുകൾ പേടിഎം ഇൻസൈഡറിൽ ലഭ്യമാണ്.

സി കെ വിനീത് സൂപ്പർ ലീഗ് കേരളയിൽ തൃശ്ശൂർ മാജിക്കിനായി കളിക്കും

സൂപ്പർ ലീഗ് കേരളയിൽ സി കെ വിനീത് കളിക്കും. മുൻ ഇന്ത്യൻ താരം വിനീതിനെ തൃശൂർ മാജിക് എഫ് സി സ്വന്തമാക്കിയതായി ക്ലബ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. അവസാന വർഷങ്ങളിൽ പ്രൊഫഷണൽ ഫുട്ബോളിൽ ഇല്ലാതിരുന്ന സി കെ വിനീതിന്റെ പ്രൊഫഷണൽ ഫുട്ബോളിലേക്കുള്ള തിരിച്ചുവരവാകും ഇത്.

സി കെ വിനീത് അവസാനം 2021ൽ പഞ്ചാബ് എഫ് സിയിൽ ആണ് കളിച്ചത്. മുമ്പ് ഐ എസ് എല്ലിൽ കേരള ബ്ലാസ്റ്റേഴ്സിനായി ഗംഭീര പ്രകടനങ്ങൾ കാഴ്ചവെച്ചിട്ടുള്ള താരമാണ് സി കെ വിനീത്. സ്റ്റീവ് കോപ്പലിന് കീഴിൽ കേരള ബ്ലാസ്റ്റേഴ്സ് ഐ എസ് എൽ ഫൈനലിൽ എത്തിയപ്പോൾ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്നു ഈ കണ്ണൂരുകാരൻ. ചെന്നൈയിൻ എഫ് സിക്ക് വേണ്ടിയും ജംഷദ്പൂരിന് വേണ്ടിയും ഈസ്റ്റ് ബംഗാളിനു വേണ്ടിയും ഐ എസ് എല്ലിൽ സി കെ കളിച്ചിട്ടുണ്ട്. മുമ്പ് ബെംഗളൂരു എഫ് സിക്ക് ഒപ്പം 2 ഐ ലീഗ് കിരീടങ്ങളും സി കെ വിനീത് ഉയർത്തിയിട്ടുണ്ട്.

Exit mobile version