ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനി, ഇന്ത്യയുടെ ആദ്യ മത്സരത്തിൽ കളിക്കില്ല

ലോകകപ്പിലെ ആദ്യ മത്സരത്തിനു മുന്നെ ഇന്ത്യക്ക് വലിയ തിരിച്ചടി. ഇന്ത്യയുടെ ഓപ്പണർ ആയ ശുഭ്മൻ ഗില്ലിന് ഡെങ്കിപ്പനി സ്ഥിരീകരിച്ചിരിക്കുകയാണ്‌. കഴിഞ്ഞ ദിവസം പനി ബാധിച്ച താരത്തിന് നടത്തിയ ടെസ്റ്റിൽ ആണ് ഡെങ്കി ആണെന്ന് ഉറപ്പിച്ചത്. മറ്റന്നാൾ ആണ് ഇന്ത്യയുടെ ലോകകപ്പിലെ ആദ്യ മത്സരം. ഓസ്ട്രേലിയക്ക് എതിരായ ആ മത്സരത്തിൽ ഇനി ഗിൽ കളിക്കുന്ന കാര്യം സംശയമാണ്.

അവസാന ഒരു വർഷത്തോളമായി ഇന്ത്യയുടെ ഏറ്റവും മികച്ച ബാറ്റർ ആണ് ഗിൽ. ഓപ്പണിംഗിൽ രോഹിതും ഗില്ലും ചേർന്നുള്ള പ്രകടനങ്ങൾ ഇന്ത്യക്ക് കരുത്തായിരുന്നു. ഗില്ലിന്റെ അഭാവത്തിൽ ഇഷൻ കിഷനോ രാഹുലോ രോഹിതിന് ഒപ്പം ഓപ്പൺ ചെയ്യാൻ ആണ് സാധ്യത.

9 ഓവറിൽ ബംഗ്ലാദേശിനെ തീർത്ത് ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനലിൽ

ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ ക്രിക്കറ്റ് ടീം ഫൈനലിൽ. ഇന്ന് സെമി ഫൈനലിൽ ബംഗ്ലാദേശിനെ 9 വിക്കറ്റിനാണ് ഇന്ത്യ തോൽപ്പിച്ചത്‌. ആദ്യ ബാറ്റു ചെയ്ത ബംഗ്ലാദേശിന് 20 ഓവറിൽ 96-9 എന്ന റൺസ് മാത്രമെ എടുക്കാൻകായിരുന്നുള്ളൂ. മറുപടി ബാറ്റിങിന് ഇറങ്ങിയ ഇന്ത്യ 9.2 ഓവറിലേക്ക് ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ ലക്ഷ്യം കണ്ടു‌.

ജയ്സ്വാളിനെ റൺ ഒന്നും എടുക്കാതെ നഷ്ടപ്പെട്ടു എങ്കിലും റുതുരാജും തിലക് വർമ്മയും ചേർന്ന് ഇന്ത്യയെ വിജയത്തിൽ എത്തിക്കുക ആയിരുന്നു. തിലക് വർമ്മ 26 പന്തിൽ നിന്ന് 55 റൺസ് അടിച്ചു‌. 6 സിക്സും 2 ഫോറും ഉൾപ്പെടുന്നതായിരുന്നു ഇന്നിംഗ്സ്‌. റുതുരാജ് 26 പന്തിൽ 40 റൺസുമായി പുറത്താകാതെ നിന്നു. 3 സിസ്കും 4 ഫോറും അദ്ദേഹം പറത്തി.

ഇന്ത്യക്ക് ആയി നേരത്തെ സായ് കിഷോർ 3 വിക്കറ്റും വാഷിങ്ടൻ സുന്ദർ രണ്ട് വിക്കറ്റും എടുത്ത് നല്ല ബൗളിംഗ് പ്രകടനം കാഴ്ചവെച്ചിരുന്നു‌. പാകിസ്താനും അഫ്ഗാനിസ്താനും തമ്മിൽ ആണ് രണ്ടാം സെമി.

ചരിത്രത്തിൽ ആദ്യമായി ഇന്ത്യക്ക് 20 സ്വർണ്ണം, എഷ്യൻ ഗെയിംസിൽ ഇന്ത്യൻ പതാക ഉയരെ പറക്കുന്നു

ഏഷ്യൻ ഗെയിംസിന്റെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യ 20 സ്വർണ്ണം എന്ന നേട്ടത്തിൽ എത്തി. ഇന്ന് സ്ക്വാഷ് മിക്സ്ഡ് ഡബിൾസ് ഫൈനലിൽ ഇന്ത്യൻ സഖ്യമായ ദീപിക പല്ലിക്കലും ഹരീന്ദർപാൽ സിംഗും ജയിച്ചതോടെ ഇന്ത്യയുടെ സ്വർണ്ണ നേട്ടം 20 ആയത്. 2-0ന് മലേഷ്യൻ സഖ്യത്തെ ആണ് ഇന്ത്യൻ താരങ്ങൾ പരാജയപ്പെടുത്തിയത്. ഇന്ത്യയുടെ ഇന്നത്തെ രണ്ടാം സ്വർണ്ണമാണ്. നേരത്തെ അമ്പെയ്ത്തിലും ഇന്ത്യ സ്വർണ്ണം നേടിയിരുന്നു.

ആകെ ഇന്ത്യക്ക് ഈ ഏഷ്യൻ ഗെയിംസിൽ ഇതോടെ 83 മെഡൽ ആയി. ഏഷ്യൻ ഗെയിംസ് ചരിത്രത്തിലെ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ നേട്ടമാണ് ഇത്. 20 സ്വർണ്ണത്തോടൊപ്പം 31 വെള്ളിയും 32 വെങ്കലവും ഇന്ത്യ ഇതുവരെ നേടി. 100 മെഡലുകൾ എന്ന മാന്ത്രിക സംഖ്യയിൽ എത്തുക ആകും ഇന്ത്യൻ ടീമിന്റെ ഇനിയുള്ള ലക്ഷ്യം.

ഇന്ത്യൻ വനിതാ ടീമിന് അമ്പെയ്ത്തിൽ സ്വർണ്ണം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യ മെഡൽ വേട്ട തുടരുന്നു. ഇന്ന് രാവിലെ അമ്പെയ്ത്തിൽ ഇന്ത്യ ഒരു സ്വർണ്ണം നേടി. ഫൈനലിൽ ചൈനീസ് തായ്‌പേയിയെ 230-229 എന്ന സ്‌കോറിന് തോൽപ്പിച്ച് ആണ് ഇന്ത്യൻ വനിതാ കോമ്പൗണ്ട് അമ്പെയ്ത്ത് ടീം ഏഷ്യൻ ഗെയിംസിൽ സ്വർണം ഉറപ്പിച്ചത്.

ഇന്ത്യയുടെ 19ആം സ്വർണ്ണം ആണിത്. ആകെ ഇന്ത്യക്ക് ഏഷ്യൻ ഗെയിംസിൽ 82 മെഡലും ആയി. ആവേശകരമായ ഫിനിഷാണ് അമ്പെയ്ത്തിൽ കണ്ടത്. അവസാനം ആദ്യ ഷോട്ട് എടുത്ത ഇന്ത്യക്ക് 230 പോയിന്റിലെത്തി. ചൈനീസ് തായ്‌പേയ്‌ക്ക് അവരുടെ അവസാന മൂന്ന് ഷോട്ടുകളിൽ നിന്ന് 30 റൺസ് വേണ്ടിയിരുന്നെങ്കിലും 29 റൺസ് മാത്രമാണ് നേടാനായത്.

സ്ക്വാഷിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ നേടി തന്ന് അനാഹതും അഭയും

ഏഷ്യൻ ഗെയിംസിൽ സ്ക്വാഷിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ. മിക്‌സഡ് ഡബിൾസിന്റെ സെമിയിൽ തോറ്റ യുവതാരങ്ങളായ അനാഹത് സിങ്ങും അഭയ് സിംഗും ആണ് വെങ്കലം നേടിയത്. മലേഷ്യൻ ജോഡിയോട് 1-2 എന്ന സ്കോറിന് തോറ്റതോടെയാണ് ഇന്ത്യ വെങ്കലം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നത്. 11-8, 2-11, 9-11 എന്നായിരുന്നു ഗെയിമുകൾ അവസാനിച്ചത്.

15കാരിയായ അനാഹത് സിങ് നേരത്തെ വനിതാ ടീം ഇവന്റിൽ മെഡൽ നേടിയിരുന്നു. അഭയ് സിങ് പുരിഷ ടീം ഇവന്റിലും ഇന്ത്യക്ക് ആയി മെഡൽ നേടി. ഈ മെഡലോടെ ഇന്ത്യക്ക് 72 മെഡലുകൾ ആയി. 16 സ്വർണ്ണം, 26 വെള്ളി, 30 വെങ്കലം എന്നിവ ഇതുവരെ ഇന്ത്യ നേടി.

അമ്പെയ്ത്തിൽ സ്വർണ്ണം, 71ആം മെഡൽ, ഏഷ്യൻ ഗെയിംസിൽ മെഡലെണ്ണത്തിൽ ഇന്ത്യക്ക് സർവ്വകാല റെക്കോർഡ്

ഒരു ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ ഏറ്റവും മികച്ച മെഡൽ റെക്കോർഡ് ഇനി ഈ ഏഷ്യൻ ഗെയിംസിന്റെ പേരിൽ ആകും. മെഡൽ വേട്ടയിൽ ഇന്ത്യ ഇന്ന് സർവ്വകാല റെക്കോർഡ് തകർത്തു. മിക്‌സഡ് ടീം കോമ്പൗണ്ട് അമ്പെയ്ത്ത് ഫൈനലിൽ ഇന്ത്യ സ്വർണ്ണം നേടിയതോടെ ഇന്ത്യയുടെ മെഡൽ എണ്ണം 71 ആയി. ഇന്ത്യയുടെ ഓജസ് പ്രവീണും ജ്യോതി സുരേഖയും ആണ് അമ്പെയ്ത്തിൽ സ്വർണ്ണം കൊണ്ടു വന്നത്‌.

ദക്ഷിണ കൊറിയയ്‌ക്കെതിരെ 159-158 എന്ന സ്‌കോറിന് ഇന്ത്യ ജയിച്ചു. ഈ ഇനത്തിൽ മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കസാക്കിസ്ഥാനെ 157-154ന് പരാജയപ്പെടുത്തിയ ചൈനീസ് തായ്‌പേയ് വെങ്കലം നേടി.

അമ്പെയ്ത്ത് സ്വർണത്തോടെ, ഏഷ്യൻ ഗെയിംസിലെ തങ്ങളുടെ എക്കാലത്തെയും മികച്ച മെഡൽ നേട്ടം ഇന്ത്യ രേഖപ്പെടുത്തി. 2018ലെ 70 മെഡലുകൾ എന്ന നേട്ടമാണ് ഇന്ത്യ മറികടന്നത്. 16 സ്വർണവും 26 വെള്ളിയും 29 വെങ്കലവുമടക്കം 71 മെഡലുകളാണ് ഇന്ത്യ ഇതുവരെ നേടിയത്. 2018ൽ ജക്കാർത്തയിലും പാലംബാംഗിലും നടന്ന ഗെയിംസിൽ 16 സ്വർണവും 23 വെള്ളിയും 31 വെങ്കലവുമടക്കം 70 മെഡലുകളാണ് ഇന്ത്യ നേടിയത്.

തിരുവനന്തപുരത്ത് ശക്തമായ മഴ, ഇന്ത്യയുടെ സന്നാഹ മത്സരം ആശങ്കയിൽ

ഇന്ന് ലോകകപ്പിനു മുന്നേയുള്ള ഇന്ത്യയുടെ അവസാന സന്നാഹ മത്സരം നടക്കേണ്ടതാണ്. തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയം ആതിഥ്യം വഹിക്കുന്ന മത്സരം എന്നാൽ ഇപ്പോൾ അനിശ്ചിതാവസ്ഥയിൽ ആണുള്ളത്‌. ഇന്ന് രാവിലെ മുതൽ തലസ്ഥാന നഗരയിൽ ശക്തമായ മഴ തുടരുകയാണ്. ഇത് കൊണ്ട് തന്നെ കളി നടക്കാനുള്ള സാധ്യതകൾ കുറവാണെന്ന് കാലാവസ്ഥാ നിരീക്ഷകർ പറയുന്നു.

തിരുവനന്തപുരത്ത് ഇന്നലെ ദക്ഷിണാഫ്രിക്കയും ന്യൂസിലൻഡും ഏറ്റുമുട്ടിയപ്പോൾ മഴ പ്രശ്നമായിരുന്നു എങ്കിലും രണ്ട് ഇന്നിംഗ്സിലുമായി 87 ഓവറുകൾ എറിയാൻ ഇന്നലെ ആയിരുന്നു. അതിനു മുന്നെ തിരുവനന്തപുരത്തെ രണ്ട് സന്നാഹ മത്സരങ്ങൾക്കും മഴ തടസ്സം സൃഷ്ടിച്ചിരുന്നു. ഇന്ത്യക്ക് ആകട്ടെ ഗുവാഹത്തിയിൽ നടക്കേണ്ടിയിരുന്ന ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കേണ്ടി വന്നിരുന്നു‌. ഇന്ന് കളി നടന്നില്ല എങ്കിൽ ഇന്ത്യ ഒക്ടോബർ 8ന് ഓസ്ട്രേലിയക്ക് എതിരെ ലോകകപ്പിൽ ആകും ഇനി ഇറങ്ങുക.

കനോയ് ഡബിൾ 1000 മീറ്ററിൽ ഇന്ത്യക്ക് വെങ്കലം

ഏഷ്യൻ ഗെയിംസിൽ ഇന്ത്യക്ക് ഒരു മെഡൽ കൂടെ. പുരുഷന്മാരുടെ കനോയ് ഡബിൾ 1000 മീറ്റർ ഫൈനലിൽ അർജുൻ സിംഗ്-സുനിൽ സിംഗ് സലാം സഖ്യം 3:53.329 സമയത്തിൽ ഫിനിഷ് ചെയ്ത് ഇന്ത്യക്ക് വെങ്കല മെഡൽ നേടിക്കൊടുത്തു.

1994-ൽ ഹിരോഷിമയിൽ ഇതേ ഇനത്തിൽ ജോണി റോമലും സിജി കുമാർ സദാനന്ദനും വെങ്കല മെഡൽ നേടിയതിന് ശേഷം ആദ്യമായാണ് കനോയിങ്ങിൽ ഇന്ത്യ മെഡൽ നേടുന്നത്‌.

ഉസ്‌ബെക്കിസ്ഥാന്റെ ഷോഖ്‌മുറോദ് ഖോൽമുറാഡോവ്, നൂറിസ്‌ലോം തുഖ്താസിൻ ഉഗ്ലി സഖ്യം 3:43.796 സെക്കൻഡിൽ ഫിനിഷ് ചെയ്ത് സ്വർണം നേടി. 3:49.991 സമയത്തിൽ കസാക്കിസ്ഥാന്റെ ടിമോഫിയും സെർജി യെമെലിയാനോവും വെങ്കലം നേടി.

അമ്പെയ്ത്തിൽ സ്വർണ്ണവും വെള്ളിയും ഉറപ്പിച്ച് ഇന്ത്യ

ഏഷ്യൻ ഗെയിംസിൽ ഒരു സ്വർണ്ണം കൂടെ ഉറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ വ്യക്തിഗത അമ്പെയ്ത്ത് കോമ്പൗണ്ട് ഇനത്തിലെ ഇന്ത്യയുടെ രണ്ട് താരങ്ങൾ ഫൈനലിൽ എത്തി. ഇന്ത്യയുടെ അഭിഷേക് വർമ്മ 147-145 ന് ജെഹൂൺ ജൂയെ തോൽപ്പിച്ചു ഫൈനലിൽ എത്തിയപ്പോൾ. തുടർച്ചയായ രണ്ടാം തവണയും 150ൽ 150 സ്കോറുമായി ലോക ചാമ്പ്യനായ ഓജസ് പ്രവീൺ ഡിയോട്ടേൽ കൊറിയയുടെ യാങ് ജേവോണിനെ തോൽപ്പിച്ചും ഫൈനലിൽ എത്തി.

ഫൈനലിൽ ഓജസ് പ്രവീൺ അഭിഷേക് വർമയെ നേരിടും. ഇവന്റിൽ ഇതോടെ ഇന്ത്യക്ക് സ്വർണ്ണവും വെള്ളിയും ഉറപ്പായി. ഒക്ടോബർ 7നാകും ഫൈനൽ നടക്കുക.

ഇന്ത്യ 4×400 മീറ്റർ മിക്‌സഡ് റിലേയിൽ വെള്ളി സ്വന്തമാക്കി

ഏഷ്യൻ ഗെയിംസ് അത്ലറ്റിക്സിൽ ഇന്ത്യക്ക് മറ്റൊരു മെഡൽ കൂടെ. ഇന്ത്യയുടെ 4×400 മീറ്റർ മിക്‌സഡ് റിലേ ടീം ഇന്ന് വെള്ളി മെഡൽ നേടി. ബഹ്‌റൈനും ശ്രീലങ്കയ്ക്കും പിന്നിൽ ഇന്ത്യ 3-ാം സ്ഥാനത്താണ് ഫിനിഷ് ചെയ്തത് എങ്കിലും ശ്രീലങ്കൻ അയോഗ്യരാക്കപ്പെട്ടതോടെ ഇന്ത്യയുടെ മെഡൽ വെള്ളിയായി മാറി.

ഏഷ്യൻ ഗെയിംസിൽ 4×400 മീറ്റർ മിക്സഡ് റിലേയിൽ നിലവിലെ ചാമ്പ്യന്മാരായിരുന്നു ഇന്ത്യ. മുഹമ്മദ് അനസ് ഉൾപ്പെടെയുള്ള പ്രമുഖർ ഇല്ലാതെ ഇറങ്ങിയത് ആണ് ഇന്ത്യയെ ഇറങ്ങിയത്. മുഹമ്മദ് അജ്മൽ (43.14 സെ.), വിത്യ രാംരാജ് (54.19), രാജേഷ് രമേഷ് (45.77), ശുഭ വെങ്കിടേശൻ (51.24 സെ.) എന്നിവരുടെ ടീം 3.14.34 സെക്കൻഡിൽ ആണ് ഇന്ന് ഓടി എത്തിയത്.
ഹാങ്‌ഷൗവിൽ നടന്ന ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ ഇന്ത്യയുടെ 12-ാം മെഡലാണിത്.

3:14.02 സെക്കൻഡിലാണ് ബഹ്‌റൈൻ സ്വർണം നേടിയത്.

സ്റ്റീപ്പിൾ ചേസിൽ ഇന്ത്യക്ക് രണ്ട് മെഡൽ, പാരുളിന് വെള്ളി, പ്രീതിക്ക് വെങ്കലം

ഹാങ്‌ഷൗവിൽ അത്ലറ്റിക്സിൽ ഇന്ത്യക്ക് രണ്ട് മെഡൽ കൂടെ. ഇന്ന് നടന്ന വനിതകളുടെ 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ ഇന്ത്യയുടെ പാരുൾ ചൗധരി വെള്ളി നേടിയപ്പോൾ ഇന്ത്യയുടെ തന്നെ പ്രീതി വെള്ളിയും നേടി. 3000 മീറ്റർ സ്റ്റീപ്പിൾ ചേസിൽ പാരുൾ ചൗധരി 9.27.63 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് വെള്ളി നേടിയത്.

ലോക ചാമ്പ്യൻ യാവി വിൻഫ്രഡ് 9:18.26 സെക്കൻഡിൽ ഫിനിഷ് ചെയ്ത് ഏഷ്യൻ ഗെയിംസ് റെക്കോർഡ് തകർത്ത് സ്വർണം നേടി. 9:43.32 സെക്കൻഡിൽ ഫിനിഷ് ചെയ്താണ് പ്രീതി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്ത് വെങ്കലം നേടിയത്‌. ഇന്നലെ പുരുഷന്മാരുടെ സ്റ്റീപ്പിൾ ചേസിൽ അവിനാശ് ഇന്ത്യക്ക് സ്വർണ്ണം നേടിക്കൊടുത്തിരുന്നു.

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ്, ക്വാർട്ടറിൽ ഇന്ത്യ നാളെ നേപ്പാളിനെ നേരിടും

അവസാനം ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിലെ ഇന്ത്യയുടെ എതിരാളികൾ തീരുമാനം ആയി. ക്വാർട്ടർ ഫൈനലിൽ ഇന്ത്യ നാളെ നേപ്പാളിനെ ആകും നേരിടുക. നാളെ പുലർച്ചെ 6.30നാകും മത്സരം. ഇന്ത്യ ക്വാർട്ടർ ഫൈനൽ ഘട്ടം മുതൽ ആകും ഏഷ്യൻ ഗെയിംസിൽ കളിച്ചു തുടങ്ങുന്നത്. മെച്ചപെട്ട റാങ്കിംഗ് ഇന്ത്യ, പാകിസ്താൻ തുടങ്ങുയ ടീമുകളെ ഗ്രൂപ്പ് ഘട്ടം കളിക്കാതെ നേരെ ക്വാർട്ടറിൽ എത്താൻ സഹായിച്ചു.

നാളെ നടക്കുന്ന രണ്ടാം ക്വാർട്ടർ ഫൈനലിൽ പാകിസ്താൻ ഹോങ്കോങ്ങിനെ നേരിടും. ഒക്ടോബർ 4ന് നടക്കുന്ന മറ്റു ക്വാർട്ടർ ഫൈനലിൽ ശ്രീലങ്ക അഫ്ഗാനിസ്താനെയും ബംഗ്ലാദേശ് മലേഷ്യയെയും നേരിടും.

ലോകകപ്പ് ആയതിനാൽ പ്രധാന ടീമുകൾ എല്ലാം അവരുടെ രണ്ടാം ടീമും ആയാണ് ലോകകപ്പിന് എത്തിയിരിക്കുന്നത്. ഇന്ത്യൻ ടീമിനെ റുതുരാജ് ഗെയ്ക്വാദ് ആണ് നയിക്കുന്നത്. പരിശീലകനായി ലക്ഷ്മണനും ടീമിനൊപ്പം ഉണ്ട്.

Exit mobile version