ആരും ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറരുത് എന്ന് രോഹിത് ശർമ്മ

ലോകകപ്പിനിടയിൽ ഒരു ആരാധകനും ഗ്രൗണ്ടിലേക്ക് അതിക്രമിച്ചു കയറരുത് എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ‌. എല്ലാ രാജ്യങ്ങളുടെയും നിയമങ്ങൾ മാനിക്കണം എന്നത് പ്രധാനമാണ് എന്ന് രോഹിത് പറഞ്ഞു. ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ സന്നാഹ മത്സരത്തിനിടെ ഗ്രൗണ്ടിലേക്ക് ഓടിക്കയറിയ ആരാധകനെ അമേരിക്കൻ സുരക്ഷാ ഉദ്യോഗസ്ഥർ ദയയില്ലാത്ത രീതിയിൽ ആയിരുന്നു നേരിട്ടത്.

“ആരും പിച്ചിലേക്ക് വരരുത് എന്ന് ഞാൻ പറയും. ഇത് ശരിയല്ല. ഗ്രൗണ്ടിലേക്ക് ആര് വരുന്നതിനെയും പ്രോത്സാഹിപ്പിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നില്ല, ”രോഹിത് ശർമ്മ പറഞ്ഞു.

“കളിക്കാരുടെ സുരക്ഷ പ്രധാനമാണ്. അതുപോലെ, പുറത്തുള്ള ആരാധകരുടെ സുരക്ഷയും പ്രധാനമാണ്. ഞങ്ങൾ ക്രിക്കറ്റ് കളിക്കുന്നു, നിയമങ്ങളും നിയന്ത്രണങ്ങളും ഉണ്ടെന്ന് ആരാധകർ മനസ്സിലാക്കേണ്ടത് പ്രധാനമാണ്. ഓരോ രാജ്യവും പിന്തുടരുന്ന നിയമങ്ങൾ മനസ്സിലാക്കുകയും അതിനെ ബഹുമാനിക്കുകയും ചെയ്യേണ്ടത് വളരെ പ്രധാനമാണ്.” രോഹിത് പറഞ്ഞു.

ലോകകപ്പിൽ ഇന്ന് ഇന്ത്യയുടെ ആദ്യ മത്സരം, സഞ്ജു കളിക്കാൻ സാധ്യതയില്ല

ടി20 ലോകകപ്പിൽ ഇന്ത്യ ഇന്ന് അവരുടെ ആദ്യ മത്സരത്തിന് ഇറങ്ങും. ഇന്ന് ന്യൂയോർക്കിൽ നടക്കുന്ന മത്സരത്തിൽ അയർലണ്ടിനെ ആകും ഇന്ത്യ നേരിടുക. മികച്ച വിജയം നേടി കൊണ്ട് തുടങ്ങാൻ ആകും ഇന്ത്യ ആഗ്രഹിക്കുന്നത്. കോഹ്ലി ഇന്ന് ടീമിലേക്ക് തിരികെയെത്തും. സന്നാഹ മത്സരം കളിച്ച ടീമിൽ നിന്ന് സഞ്ജു സാംസൺ ആകും കോഹ്ലിക്ക് ആയി പുറത്ത് പോവുക.

സന്നാഹ മത്സരത്തിൽ സഞ്ജുവിന് തിളങ്ങാൻ ആയിരുന്നില്ല. ആ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെതിരെ വലിയ വിജയം നേടിയിരുന്നു.
ഇന്ന് കോഹ്ലിയും രോഹിത് ശർമ്മയും ആകും ഇന്ത്യക്ക് ആയി ഓപ്പൺ ചെയ്യുക. വൺ ഡൗൺ ആയി പന്ത് ഇറങ്ങാനായുള്ള സാധ്യതയും ഉണ്ട്. ഇന്ന് രാത്രി 8 മണിക്ക് നടക്കുന്ന മത്സരം ഹോട്സ്റ്റാറിലും സ്റ്റാർസ്പോർട്സിലും കാണാം.

മഴ തടസ്സം, ഇംഗ്ലണ്ട് – സ്കോട്ട്‌ലൻഡ് മത്സരം ഉപേക്ഷിച്ചു

ലോകകപ്പിൽ ഇന്ന് നടക്കേണ്ടിയിരുന്ന ഇംഗ്ലണ്ട് സ്കോട്ട്‌ലൻഡ് മത്സരം ഉപേക്ഷിച്ചു. മഴ കാരണം ഇംഗ്ലണ്ടിന് ഇന്ന് രണ്ടാം ഇന്നിംഗ്സിൽ ബാറ്റു ചെയ്യാൻ ആയില്ല. ഇന്ന് ആദ്യം ബാറ്റു ചെയ്ത സ്കോട്ലൻഡ് 10 ഓവറിൽ 90 റൺസ് എടുത്തിരുന്നു. ഒറ്റ വിക്കറ്റ് നഷ്ടപ്പെടാതെയാണ് സ്കോട്ട്‌ലൻഡ് 90 റൺസ് എടുത്തത്.

സ്കോട്ലൻഡിന്റെ സ്കോർ ഡക്ക്വർത്ത് ലൂയിസ് നിയമപ്രകാരം 10 ഓവറിൽ 109 ആക്കി ഉയർത്തപ്പെട്ടു. സ്കോട്ലൻഡിന് ഇത് വലിയ പ്രതീക്ഷ നൽകി. പക്ഷെ ഇംഗ്ലണ്ടിന് രണ്ടാം ഇന്നിങ്സിന് ബാറ്റു ചെയ്യാൻ ഇറങ്ങാനെ ആയില്ല. സ്കോട്ലൻഡിനായി ബാറ്റു കൊണ്ട് മുൻസെ 41 റൺസും മൈക്കൾ ജോൺസ് 45 റൺസുമായും പുറത്താകാതെ നിന്നു.

“പലരും സ്വപ്നം കാണുന്നതാണ് ഈ അവസരം, താൻ ഇന്ത്യക്കായി എല്ലാം നൽകേണ്ടതുണ്ട്” – സഞ്ജു സാംസൺ

ഒരുപാട് പേർ ആഗ്രഹിക്കുന്ന ഒരു സ്ഥലത്താണ് താൻ ഉള്ളത് എന്നും അത് താൻ മനസ്സിലാക്കുന്നുണ്ട് എന്നും സഞ്ജു സാംസൺ പറഞ്ഞു. ഇന്ന് ബിസിസിഐ ടിവി നൽകിയ അഭിമുഖത്തിലാണ് ലോകകപ്പിൽ ലഭിച്ച അവസരത്തെ കുറിച്ച് സഞ്ജു സംസാരിച്ചത്. ഐപിഎൽ അവസാനിച്ച് ഇന്ത്യം ടീമിനൊപ്പം യാത്ര ചെയ്യാൻ തുടങ്ങിയ മുതൽ ലോകകപ്പ് മാത്രമാണ് തന്നെ മനസ്സിലുള്ളത് എന്നും ഐപിഎൽ താൻ മറന്നു കഴിഞ്ഞു എന്നും സഞ്ജു പറഞ്ഞു.

*താൻ ഇപ്പോൾ എവിടെയാണ് നിൽക്കുന്നത് എന്നും അവിടെയെത്താൻ പലരും സ്വപ്നം കാണുന്നുണ്ട് എന്നും അതുകൊണ്ടുതന്നെ ഈ അവസരം നന്നായി മുതലാക്കേണ്ടതുണ്ട് എന്നും മനസ്സിലാക്കുന്നു. തനിക്ക് നല്ല പ്രകടനം നടത്താൻ ആവശ്യമായ എല്ലാവിധ പരിശ്രമങ്ങളും താൻ ചെയ്യുന്നുണ്ട്.” സഞ്ജു പറഞ്ഞു.

ഇന്ത്യക്കായി കളിക്കാൻ പ്രത്യേകം മോട്ടിവേഷൻ ആവശ്യമില്ല എന്നും ഇന്ത്യക്കാണ് കളിക്കുന്നത് ബോധവും പിന്നെ ഇന്ത്യൻ ടീമിൽ വിരാട് കോഹ്ലിയെയും രോഹിത് ശർമ്മയെയും പോലുള്ള താരങ്ങളെ കാണുമ്പോൾ ഇൻസ്പിരേഷൻ താനെ വരുമെന്നും സഞ്ജു പറയുന്നു.

“സഞ്ജു സാംസണ് എങ്ങനെ ഇന്ത്യൻ ടീമിനെ കൂടുതൽ മത്സരങ്ങൾ വിജയിക്കാൻ സഹായിക്കാൻ കഴിയും എന്ന് മാത്രമാണ് താൻ ചിന്തിക്കുന്നത്.” സഞ്ജു പറഞ്ഞു.

ഐപിഎല്ലിലും തന്റെ കരിയർ പത്തു വർഷത്തിനിടയിൽ താൻ ഒരുപാട് തിരിച്ചടികൾ നേരിട്ടിട്ടുണ്ട്. ആ തിരിച്ചടികളും പരാജയങ്ങളും തന്നെ മികച്ച കളിക്കാരനായി മാറ്റുന്നതിൽ സഹായിച്ചിട്ടുണ്ട് എന്നും സഞ്ജു പറഞ്ഞു.

T20 ലോകകപ്പ്; സൂപ്പർ ഓവറിൽ ഒമാനെ തോല്പ്പിച്ച് നമീബിയ

ലോകകപ്പിൽ പിറന്ന ആവേശകരമായ മത്സരത്തിൽ നമീബിയഒമാനെ തോൽപ്പിച്ചു. ഇന്ന് T20 ലോകകപ്പിൽ നടന്ന ഒമാനും നമിബിയയും തമ്മിലുള്ള മത്സരം സൂപ്പർ ഓവർ വരെ എത്തിയിരുന്നു. ആവേശകരമായ മത്സരത്തിൽ ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഒമാന് 109 റൺസ് മാത്രമേ എടുക്കാൻ ആയിരുന്നുള്ളൂ. 34 റൺസ് എടുത്ത ഖാലിദ് കെയ്ലും 22 റൺസ് എടുത്ത സീഷാനും മാത്രമാണ് ഒമാനായി കുറച്ചെങ്കിലും ബാറ്റു കൊണ്ട് സംഭാവന നൽകിയത്.

ട്രമ്പിൽമാൻ നാലു വിക്കറ്റുകൾ നമീബിയക്ക് ആയി തിളങ്ങി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കാര്യങ്ങൾ എളുപ്പമായിരുന്നില്ല. റൺസ് കണ്ടെത്താൻ അവർ ഏറെ പ്രയാസപ്പെട്ടു. ഫ്രൈലിങ്ക് 45 റൺസ് എടുത്തെങ്കിലും അദ്ദേഹത്തിന് കാര്യമായ പിന്തുണ ലഭിച്ചില്ല. അവസാനം ഒരു ഓവറിൽ അഞ്ച് റൺസായിരുന്നു നമീബിയക്ക് ജയിക്കാൻ വേണ്ടി വന്നിരുന്നത്. എന്നാൽ അവർക്ക് നാല് റൺസ് മാത്രമേ അവസാന ഓവറിൽ എടുക്കാനായുള്ളൂ. അവസാന പന്തൽ ജയിക്കാൻ 2 റൺ വേണ്ടപ്പോൾ ഒരു ബൈ ഓടിയാണ് കളി സൂപ്പർ ഓവറിൽ എത്തിയത്.

സൂപ്പർ ഓവറിൽ ആദ്യ ബാറ്റു ചെയ്ത നമീബിയ 4 പന്തിൽ 13 റൺസ് എടുത്ത വീസെയുടെ മികവിൽ 21 റൺസ് എടുത്തു. വീസ തന്നെയാണ് നമീബിയക്ക് ആയി ബൗളും ചെയ്തത്. വീസ തന്റെ ഓവറിൽ വെറും 10 റൺസ് മാത്രമാണ് വിട്ടു നൽകിയത്‌. ഇതോടെ സൂപ്പർ ഓവറിൽ നമീബിയ വിജയം ഉറപ്പിച്ചു.

ഹാർദിക് ഫോമിൽ ആയാൽ ഇന്ത്യൻ ടീമിന് മികച്ച ബാലൻസ് ലഭിക്കും എന്ന് ബാലാജി

ഹാർദിക് ഫോമിൽ ആയാൽ ലോകകപ്പിൽ അത് ഇന്ത്യൻ ടീമിന് മികച്ച ബാലൻസ് നൽകും എന്ന് മുൻ ഇന്ത്യൻ ബൗളർ ബാലാജി. ഇന്ത്യക്ക് ലോകകപ്പിൽ കിരീടത്തിലേക്ക് അടുക്കാനും ഹാർദികിന്റെ ഫോം നിർണായകമാണെന്ന് ബാലാജി പറഞ്ഞു.

“ഹാർദികിന്റെ ഫോ വളരെ പ്രധാനമാണ്. ഇന്ത്യൻ ടീം നോക്കൗട്ടിലേക്ക് മുന്നേറാൻ ഹാർദിക് നിർണായക പങ്ക് വഹിക്കണം. അവൻ നന്നായി വന്നാൽ, ബാറ്റിലും പന്തിലും ഇന്ത്യൻ ടീമിന് അത്രയും ബാലൻസ് ലഭിക്കും. പ്രത്യേകിച്ച് ബാറ്റിംഗിൽ അവൻ തിളങ്ങിയാൽ, നിങ്ങളുടെ ബാറ്റിങ് ഓർഡർ മുൻകൂട്ടി തിരഞ്ഞെടുക്കാനുള്ള വഴക്കം അദ്ദേഹം നിങ്ങൾക്ക് നൽകും, ”ബാലാജി സ്റ്റാർ സ്‌പോർട്‌സിനോട് പറഞ്ഞു.

“പവർപ്ലേയിലും ഡെത്ത് ഓവറുകളിലും പന്തെറിയാനും ഹാർദികിനാകും. ഹാർദിക്കിൻ്റെ ഫോം വളരെ നിർണായകമാണ്, സിക്സറുകൾ അടിക്കാൻ തനിക്ക് കഴിവുണ്ടെന്ന് അദ്ദേഹം ഇന്ന് കാണിച്ചു തന്നു. ” ബാലാജി കൂട്ടിച്ചേർത്തു.

ഇന്ന് ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം, കോഹ്ലിയുടെ സ്ഥാനത്ത് സഞ്ജു കളിക്കും

ഇന്ന് ലോകകപ്പിനു മുന്നോടിയായുള്ള സന്നാഹ മത്സരത്തിൽ ഇന്ത്യ ബംഗ്ലാദേശിനെ നേരിടും. ഇന്ത്യയുടെ ലോകകപ്പിനു മുന്നെയുള്ള ഏക സന്നാഹ മത്സരമാണ് ഇത്. ന്യൂയോർക്കിലെ നസാവു കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ചാണ് മത്സറ്റം നടക്കുന്നത്. ഇന്ന് മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഉണ്ടാകും എന്നാണ് പ്രതീക്ഷ. വിരാട് കോഹ്ലി ടീമിനൊപ്പം ചേരാൻ വൈകി എന്നതിനാൽ കോഹ്ലി ഇന്ന് കളിക്കില്ല. പകരം വൺ ഡൗണായി സഞ്ജു കളിക്കും എന്ന് പ്രതീക്ഷിക്കപ്പെടുന്നു.

വിരാട് കോഹ്‌ലി ഒഴികെയുള്ള ഇന്ത്യൻ ടീമിലെ എല്ലാ അംഗങ്ങളും നേരത്തെ തന്നെ എത്തി ടീമിനൊപ്പം പരിശീലനം നടത്തിയിരുന്നു. കോഹ്ലി ഇന്ന് മാത്രമാണ് ടീമിനൊപ്പം ചേരുന്നത്.

ബംഗ്ലാദേശിൻ്റെ ആദ്യ സന്നാഹ മത്സരം കാരണം നഷ്ടപ്പെട്ടിരുന്നു. ഇതിനു മുമ്പ് അമേരിക്കയ്ക്ക് ഒപ്പം പരമ്പര കളിച്ച ബംഗ്ലാദേശ് പരമ്പര തോറ്റ് നാണംകെട്ടിരുന്നു.

ഇന്ത്യ vs ബംഗ്ലാദേശ് സന്നാഹ മത്സരം ഇന്ന് രാത്രി 8:00 PM (IST) മണിക്ക് ആരംഭിക്കും. സ്റ്റാർ സ്‌പോർട്‌സിൽ മത്സരം തത്സമയം കാണാം. Disney+Hotstar-ൽ സ്ട്രീമിങും ഉണ്ടാകും.

വിരാട് കോഹ്ലിയും അമേരിക്കയിലേക്ക് തിരിച്ചു, ഇനി ലോകകപ്പ് സമയം!!

ഇന്ത്യയുടെ ലോകകപ്പ് സ്ക്വാഡിനൊപ്പം ചേരാനായി വിരാട് കോഹ്ലിയും അമേരിക്കയിലേക്ക് പറന്നു. ഇന്ന് മുംബൈയിൽ നിന്നാണ് കോഹ്ലി വിമാനം കയറിയത്. വിരാട് കോഹ്ലി ഒഴികെ ബാക്കി എല്ലാ താരങ്ങളും നേരത്തെ തന്നെ അമേരിക്കയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം റിങ്കു സിങും ടീമിനൊപ്പം ചേർന്നിരുന്നു.

വിരാട് കോഹ്ലി പ്രത്യേക അനുമതി വാങ്ങിയാണ് വൈകി യാത്ര ചെയ്യുന്നത്‌. ആദ്യ സംഘം ഇന്ത്യൻ ടീം മെയ് 25ന് തന്നെ യാത്ര തിരിച്ചിരുന്നു. നാളെ മാത്രമെ കോഹ്ലി അമരിക്കയിൽ എത്തുകയുള്ളൂ. അതുകൊണ്ട് തന്നെ ബംഗ്ലാദേശിന് എതിരെയുള്ള സന്നാഹ മത്സരത്തിൽ കോഹ്ലി കളിക്കാൻ സാധ്യതയില്ല. ജൂൺ 1നാണ് ഇന്ത്യ ബംഗ്ലാദേശ് പോരാട്ടം. ആ മത്സരത്തിൽ കോഹ്ലിക്ക് പകരം സഞ്ജു സാംസൺ വൺ ഡൗൺ ആയി ഇറങ്ങാൻ സാധ്യതയുണ്ട്.

ടി20 ലോകകപ്പിൽ പാകിസ്താനും ഓസ്ട്രേലിയയും ഫൈനലിൽ എത്തും എന്ന് ലിയോൺ

ജൂൺ 1 മുതൽ യുഎസ്എയിലും വെസ്റ്റ് ഇൻഡീസിലും ആയി നടക്കുന്ന ടി20 ലോകകപ്പിൻ്റെ ഫൈനലിൽ ഓസ്‌ട്രേലിയയും പാകിസ്താനും എത്തും എന്ന് ഓസ്ട്രേലിയൻ ഓഫ് സ്പിന്നർ നഥാൻ ലിയോൺ.

“ടി20 ഫൈനൽ ടീമിനെ സംബന്ധിച്ചിടത്തോളം, ഓസ്‌ട്രേലിയ എത്തും. കാരണം എനിക്ക് ഓസ്ട്രേലിയയോട് എന്തായാലും സ്നേഹം ഉണ്ടാകും. ഓസ്ട്രേലിയക്ക് ഒപ്പം പാക്കിസ്ഥാൻ ഫൈനലിൽ എത്തും എന്ന് ഞാൻ കരുതുന്നു. ഗുണനിലവാരമുള്ള സ്പിൻ ബൗളർമാർ, ബാബർ അസമിനെപ്പോലുള്ള മികച്ച ബാറ്റർമാരും പാകിസ്താനുണ്ട്.” ലിയോൺ പറഞ്ഞു.

ടൂർണമെൻ്റിനിടെ ടി20യിലെ ഏറ്റവും ഉയർന്ന സ്‌കോഎ തകർക്കപ്പെടും എന്നും ഈ ലോകകപ്പിക് ഏറ്റവും നന്നായി തിളങ്ങുക ഓസ്‌ട്രേലിയ ടി20 ഐ ക്യാപ്റ്റൻ മിച്ചൽ മാർഷ് ആയിരിക്കും എന്നും ലിയോൺ പറഞ്ഞു.

“ടൂർണമെൻ്റിൻ്റെ തുടക്കത്തിൽ തന്നെ ടി20യിലെ ഏറ്റവും ഉയർന്ന സ്‌കോർ കാണാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. മിച്ചൽ മാർഷ് ആകും ടൂർണമെന്റിലെ താരമാവുക. ബാറ്റിംഗിലും ബൗളിംഗിലും അദ്ദേഹത്തിന് മികച്ച ടാലന്റ് ഉണ്ട്.” അദ്ദേഹം കൂട്ടിച്ചേർത്തു.

ലോകകപ്പ് ടീമിൽ എത്തുമെന്ന് സത്യത്തിൽ പ്രതീക്ഷിച്ചിരുന്നില്ല – സഞ്ജു സാംസൺ

ലോകകപ്പ് ടീമിൽ എത്തുമെന്ന് താൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് സഞ്ജു സാംസൺ. ലോകകപ്പ് സെലക്ഷനെ കുറിച്ച് സ്റ്റാർ സ്പോർട്സിൽ സംസാരിക്കുക ആയിരുന്നു സഞ്ജു. ഇപ്പോൾ അമേരിക്കയിൽ ലോകകപ്പിനായി എത്തിയ ഇന്ത്യൻ ടീമിനൊപ്പം ആണ് സഞ്ജു.

ലോകകപ്പ് സെലക്ഷൻ വാർത്ത വളരെ വൈകാരികമായിരുന്നു. വളരെ സത്യസന്ധമായി പറഞ്ഞാൽ, ഞാൻ തീരെ പ്രതീക്ഷിക്കാത്ത ഒന്നായിരുന്നു അത്. ടീമിൽ തിരഞ്ഞെടുക്കപ്പെടാൻ ഞാൻ അത്ര അടുത്തല്ലെന്ന് എനിക്കറിയാമായിരുന്നു. ഈ ഐപിഎല്ലിൽ അവിടെയെത്താൻ എനിക്ക് പ്രത്യേകമായ എന്തെങ്കിലും ചെയ്യണമെന്ന് എനിക്കറിയാമായിരുന്നു. സഞ്ജു പറഞ്ഞു.

അവിടെ വച്ചാണ് ഫോൺ ഉപയോഗിക്കേണ്ട എന്ന് ഞാൻ തീരുമാനിച്ചു. എൻ്റെ ഫോണിൽ നിന്ന് ഞാൻ പൂർണ്ണമായും വിച്ഛേദിക്കപ്പെട്ടുവെന്ന് ഞാൻ കരുതുന്നു. കഴിഞ്ഞ 2-3 മാസമായി എൻ്റെ ഫോൺ ഓഫാണ്. ഞാൻ എൻ്റെ കളിയിൽ പൂർണ്ണമായും ശ്രദ്ധ കേന്ദ്രീകരിക്കണം എന്ന് തീരുമാനിച്ചു. സഞ്ജു പറഞ്ഞു.

ലോകത്തിലെ ഏറ്റവും മികച്ച ടി20 ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അതും ഒരു ലോകകപ്പിന്. ഞാൻ ഇന്ത്യക്ക് സ്പെഷ്യൽ ആയ പ്രകടനങ്ങൾ നൽകേണ്ടതുണ്ട്. സഞ്ജു സാംസൺ പറഞ്ഞു.

“എൻ്റെ സ്വന്തം കഴിവുകളോട്, എൻ്റെ കഴിവുകളോട് ഞാൻ നീതി പുലർത്തിയാൽ, എനിക്ക് ശരിക്കും ഈ അവസരം പ്രയോജനപ്പെടാൻ കഴിയുമെന്ന് ഞാൻ കരുതുന്നു. ലോകത്തിലെ ഏറ്റവും വലിയ വേദിയിൽ നല്ല പ്രകടനങ്ങൾ നടത്താൻ ഞാൻ തയ്യാറാണെന്ന് ഞാൻ കരുതുന്നു, എൻ്റെ രാജ്യത്തിനായി എനിക്ക് മികച്ച സംഭാവന നൽകാൻ കഴിയുമെന്ന് എനിക്ക് തോന്നുന്നു, ”സാംസൺ കൂട്ടിച്ചേർത്തു.

Exit mobile version