ഇന്ത്യ നന്നായി ബാറ്റു ചെയ്തില്ല, ബൗളർമാരിൽ ആത്മവിശ്വാസം ഉണ്ടായിരുന്നു – രോഹിത് ശർമ്മ

പാകിസ്താന് എതിരായ മത്സരത്തിൽ ഇന്ത്യ നന്നായി ബാറ്റു ചെയ്തില്ല എന്ന് സമ്മതിച്ച് ക്യാപ്റ്റൻ രോഹിത് ശർമ്മ. ബൗളിംഗ് ലൈനപ്പ് ആണ് വിജയം നൽകിയത് എന്നും എല്ലാവരുടെയും ചെറിയ ചെറിയ സംഭാവനകൾ വരെ ടീമിനെ വിജയത്തിലേക്ക് എത്താൻ സഹായിച്ചു എന്നും ക്യാപ്റ്റൻ മത്സര ശേഷം പറഞ്ഞു.

*ഞങ്ങൾ വേണ്ടത്ര നന്നായി ബാറ്റ് ചെയ്തില്ല. ഞങ്ങളുടെ ഇന്നിംഗ്‌സിൻ്റെ പകുതിയിൽ ഞങ്ങൾ നല്ല നിലയിലായിരുന്നു. പക്ഷെ അവിടെ നിന്ന് വേണ്ടത്ര നല്ല കൂട്ടുകെട്ട് ഉണ്ടാക്കിയില്ല, 140 ഒക്കെ എടുക്കാൻ ആഗ്രഹിച്ചു എങ്കിലും 119ലേ എത്താനായുള്ളൂ.” രോഹിത് പറയുന്നു.

“കഴിഞ്ഞ മത്സരത്തെ അപേക്ഷിച്ച് സത്യസന്ധമായി പറഞ്ഞാൽ ഇത് നല്ലൊരു പിച്ചായുരുന്നു. ഞങ്ങളുടെ ഒരു ബൗളിംഗ് ലൈനപ്പ് ഉപയോഗിച്ച് വിജയിക്കാൻ ആകുമെന്ന് ആത്മവിശ്വാസമുണ്ടായിരുന്നു.എല്ലാവരുടെയും ചെറിയ സംഭാവന വലിയ മാറ്റങ്ങളുണ്ടാക്കി.” രോഹിത് പറഞ്ഞു.

രോഹിത് ബുന്രയെയും പ്രശംസിച്ചു. ബുമ്ര ശക്തിയിൽ നിന്ന് ശക്തിയിലേക്ക് പോകുകയാണ്. അവന് എന്ത് ചെയ്യാൻ കഴിയുമെന്ന് നമുക്കെല്ലാവർക്കും അറിയാം. ഈ ലോകകപ്പിൽ ഉടനീളം അവൻ ഈ മികവിൽ ഉണ്ടാകണം എന്ന് ആഗ്രഹിക്കുന്നു. രോഹിത് പറഞ്ഞു.

ബുമ്ര മാജിക്ക്!! ബൗളിംഗ് മികവിൽ ഇന്ത്യ പാകിസ്താനെ തോൽപ്പിച്ചു

ലോകകപ്പിൽ ചിരവൈരികളായ പാകിസ്താനെതിരെ ഇന്ത്യക്ക് മികച്ച വിജയം. ഇന്ന് ന്യൂയോർക്കിൽ നടന്ന മത്സരത്തിൽ 6 റൺസിന്റെ വിജയമാണ് ഇന്ത്യ നേടിയത്. ഇന്ത്യ മുന്നിൽ വെച്ച 120 എന്ന വിജയലക്ഷ്യം പിന്തുടർന്ന പാകിസ്താൻ ബാറ്റർമാർ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ പതറുക ആയിരുന്നു. അവർക് 20 ഓവറിൽ 113 റൺസ് എടുക്കാനെ ആയുള്ളൂ. ബുമ്രയുടെ തകർപ്പൻ ബൗളിംഗ് ആണ് ഇന്ത്യൻ വിജയത്തിൽ പ്രധാന പങ്കുവഹിച്ചത്.

തുടക്കത്തിൽ 13 റൺസ് എടുത്ത ബാബർ അസമിനെ പാകിസ്താന് നഷ്ടമായി എങ്കിലും റിസുവാന്റെ ഇന്നിംഗ്സ് പാകിസ്താനെ തകരാതെ കാത്തു. മെല്ലെ സ്കോർ ചെയ്ത പാകിസ്താൻ 13 റൺസ് വീതം എടുത്ത് നിൽക്കെ ഉസ്മാൻ ഖാനെയും ഫഖർ സമാനെയും ചെയ്സിന് ഇടയിൽ നഷ്ടമായി.

അവസാന 6 ഓവറിൽ 40 റൺസ് ആയിരുന്നു പാകിസ്താന് ജയിക്കാൻ വേണ്ടിയിരുന്നത്. പതിനഞ്ചാം ഓവറിൽ ആദ്യ പന്തിൽ ബുമ്ര റിസുവാനെ പുറത്താക്കി. ഇത് പാകിസ്താനെ സമ്മർദ്ദത്തിൽ ആക്കി. 44 പന്തിൽ നിന്ന് 31 റൺസ് മാത്രമാണ് റിസുവാൻ എടുത്തത്. ബുമ്ര ആ ഓവറിൽ 3 റൺസ് മാത്രമാണ് നൽകിയത്. പാകിസ്താന് ജയിക്കാൻ വേണ്ടത് 5 ഓവറിൽ 37 എന്ന സ്കോർ ആയി.

അടുത്ത ഓവറിൽ അക്സർ വിട്ടു നൽകിയത് വെറും 2 റൺസ് മാത്രം. റിക്വയേർഡ് റൺ റേറ്റ് ഉയർന്ന്യ്. 4 ഓവറിൽ 35 റൺസ് എന്നായി. അടുത്ത ഓവറിൽ ഹാർദിക് ശദബ് ഖാനെ പുറത്താക്കി. അഞ്ച് റൺസ് ആണ് ആ ഓവറിൽ വന്നത്. ജയിക്കാൻ 3 ഓവറിൽ 30 എന്നായി‌.

സിറാജ് എറിഞ്ഞ 18ആം ഓവറിൽ 9 റൺസ് വന്നു. 2 ഓവറിൽ ജയിക്കാൻ 21 റൺസ്. ബുമ്രയാണ് 19ആം ഓവർ എറിഞ്ഞത്. 3 റൺസ് മാത്രം വിട്ടുകൊടുത്ത ബുമ്ര ഇഫ്തിഖാറിന്റെ വിക്കറ്റും എടുത്തു‌. അവസാന ഓവറിൽ ജയിക്കാൻ പാകിസ്താന് 18 റൺസ്. ബുമ്ര 4 ഓവറിൽ 14 റൺസ് മാത്രം വിട്ടുകൊടുത്ത് 3 വിക്കറ്റ് വീഴ്ത്തി.

അവസാന ഓവർ അർഷ്ദീപ് ആണ് അറിഞ്ഞത്. ആദ്യ പന്തിൽ അർഷ്ദീപ് ഇമാദിനെ പുറത്താക്കി.രണ്ടാം പന്തിൽ ഒരു സിംഗിൾ മാത്രമെ വന്നുള്ളൂ. അടുത്ത പന്തിലും സിംഗിൾ. നാലാം പന്തിൽ നസീം ഷാ ഒരു ബൗണ്ടറി നേടി. അവസാന 2 പന്തിൽ 12 റൺസ് വേണമായിരുന്നു ജയിക്കാൻ. അഞ്ചാം പന്തിൽ ഫോർ അടിച്ചു. ഇതോടെ ഒരു പന്തിൽ നിന്ന് 8 റൺസ് വേണം എന്നായി. അവസാന പന്തിൽ ഒരു സിംഗിൾ മാത്രം. ഇന്ത്യക്ക് രണ്ടാം വിജയം.

ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് വെറും 119 റൺസ് മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ. 19 ഓവറിൽ ഇന്ത്യ ഓള്‍ഔട്ട് ആയപ്പോള്‍ 42 റൺസ് നേടിയ ഋഷഭ് പന്ത് ആണ് ടീമിന്റെ ടോപ് സ്കോറര്‍.

മൂന്നാം വിക്കറ്റിൽ 39 റൺസാണ് അക്സര്‍ പട്ടേലുമായി ചേര്‍ന്ന് പന്ത് നേടിയത്. 20 റൺസായിരുന്നു അക്സറിന്റെ സംഭാവന. പന്തും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് നാലാം വിക്കറ്റിൽ 31 റൺസ് നേടിയപ്പോള്‍ അതിൽ സ്കൈയുടെ സംഭാവന വെറും ഏഴ് റൺസായിരുന്നു. പന്തിന് നിരവധി അവസരം നൽകി പാക്കിസ്ഥാന്‍ സഹായിയ്ക്കുകയായിരുന്നു.

95/4 എന്ന നിലയിൽ നിന്ന് ഇന്ത്യ 96/7 എന്ന നിലയിലേക്ക് വീഴുന്ന കാഴ്ചയാണ് കണ്ടത്. പൊരുതി നിന്ന ഋഷഭ് പന്തിനെയും ഇന്ത്യയ്ക്ക് നഷ്ടമായത് ടീമിന് തിരിച്ചടിയായി. 31 പന്തിൽ 42 റൺസാണ് പന്ത് നേടിയത്. വാലറ്റത്തിൽ അര്‍ഷ്ദീപ്, മൊഹമ്മദ് സിറാജ് എന്നിവരുടെ സംഭാവനകളാണ് ടീമിനെ 119 റൺസിലേക്ക് എത്തിച്ചത്. പാക്കിസ്ഥാന് വേണ്ടി നസീം ഷായും ഹാരിസ് റൗഫും 3 വീതം വിക്കറ്റാണ് നേടിയത്. മൊഹമ്മദ് അമീര്‍ 2 വിക്കറ്റും നേടി.

IPL-ൽ നിന്ന് പിന്മാറിയതാണ് താനെടുത്ത ഏറ്റവും മികച്ച തീരുമാനം – ആഡം സാമ്പ

2024ലെ ടി20 ലോകകപ്പിന് മുന്നോടിയായി ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് പിന്മാറിയത് ആണ് താൻ ചെയ്ത ഏറ്റവും മികച്ച കാര്യമെന്ന് ഓസ്‌ട്രേലിയൻ സ്പിന്നർ ആദം സാമ്പ പറഞ്ഞു. ഇംഗ്ലണ്ടിനെതിരെ സാമ്പ നാല് ഓവറിൽ 2/28 എന്ന മികച്ച സ്‌പെൽ എറിഞ്ഞ് പ്ലയർ ഓഫ് ദി മാച്ച് ആയിരുന്നു. ഈ മത്സരത്തിനു ശേഷം സംസാരിക്കുക ആയിരുന്നു അദ്ദേഹം.

“ഐപിഎല്ലിൽ നിന്ന് പിന്മാറാൻ ഞാം തീരുമാനമെടുത്തു, ഈ ലോകകപ്പിലേക്ക് വരുമ്പോൾ ഞാൻ ചെയ്ത ഏറ്റവും നല്ല കാര്യമാണ് ഐ പി എല്ലിൽ നിന്ന് പിന്മാറിയത് എന്ന് ഞാൻ കരുതുന്നു.” സാമ്പ പറഞ്ഞു.

“ഞാൻ ക്ഷീണിതനായിരുന്നു, എനിക്ക് ചില അസ്വസ്ഥതകൾ ഉണ്ടായിരുന്നു, ഞാൻ കുടുംബത്തെ കാര്യമായി കണക്കാക്കുന്ന ആളാണ്, അതിനാൽ ജോലിക്ക് മേൽ അവർക്ക് ചില സമയങ്ങളിൽ എങ്കിലും മുൻഗണന കൊടുക്കേണ്ടതുണ്ട്.” മത്സരത്തിന് ശേഷമുള്ള പത്രസമ്മേളനത്തിൽ സാമ്പ പറഞ്ഞു.

ഇന്ന് ഇന്ത്യ പാകിസ്ഥാൻ പോരാട്ടം!! ലോകകപ്പ് ഇന്ന് ഫയറാകും

ഇന്ന് ലോകകപ്പിൽ നടക്കുന്ന വൻ പോരാട്ടത്തിൽ ഇന്ത്യ ചിരവൈരികളായ പാക്കിസ്ഥാനെ നേരിടും. ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ന് ന്യൂയോർക്കിൽ വച്ച് നടക്കുന്ന മത്സരത്തിലാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇന്ന് വൈകിട്ട് 8 മണിക്ക് നടക്കുന്ന മത്സരം തൽസമയം സ്റ്റാർ സ്പോർട്സിലും ഹോട്ട് സ്റ്റാറിലും കാണാനാകും.

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അയർലണ്ടിനെ പരാജയപ്പെടുത്തിക്കൊണ്ട് മികച്ച തുടക്കമാണ് ഇന്ത്യ നേടിയത്. ആ വിജയ പരമ്പര തുടരുകയാകും ഇന്ത്യയുടെ ലക്ഷ്യം. പാകിസ്ഥാൻ ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ അമേരിക്കയോട് പരാജയപ്പെട്ടിരുന്നു. ആ പരാജയത്തിൽ നിന്ന് കരകയറുകയാകും പാകിസ്ഥാന്റെ ലക്ഷ്യം. എന്നാൽ ഇന്ത്യക്ക് എതിരെ ലോകകപ്പിൽ അവർക്ക് അത്ര നല്ല റെക്കോർഡ് അല്ല ഉള്ളത്. അതുകൊണ്ട് തന്നെ ഇന്ന് ഒരു വിജയം നേടുക എന്നത് എളുപ്പമായിരിക്കില്ല.

ഇന്ത്യ ആദ്യ മത്സരത്തിലെ അതേ ടീമിനെ തന്നെ നിലനിർത്താനാണ് സാധ്യത. സഞ്ജു സാംസൺ ഇന്നും പുറത്തിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. മത്സരത്തിന് മഴയുടെ ഭീഷണി ഉണ്ടാവില്ല എന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പിച്ചിന്റെ മോശം അവസ്ഥ കൊണ്ട് ഇന്നത്തെ മത്സരത്തിൽ ബാറ്റർമാർ ഒരു താളം കണ്ടെത്താൻ പ്രയാസപ്പെടാൻ സാധ്യതയുണ്ട്.

റൺ കണ്ടെത്താൻ ഇംഗ്ലണ്ടും പാടുപെട്ടു, ഓസ്ട്രേലിയക്ക് വിജയം

ടി20 ലോകകപ്പിൽ ഓസ്ട്രേലിയക്ക് മികച്ച വിജയം. ഇംഗ്ലണ്ടിന് എതിരെ 36 റൺസിന്റെ മികച്ച വിജയമാണ് ഓസ്ട്രേലിയ നേടിയത്. ഓസ്ട്രേലിയ ഉയർത്തിയ 202 എന്ന വിജയ ലക്ഷ്യം പിന്തുടർന്ന ഇംഗ്ലീഷ് ടീമിന് 20 ഓവറിൽ 165-6 എന്ന സ്കോർ എടുക്കാനെ ആയുള്ളൂ.

37 റൺസ് എടുത്ത് ഓപ്പണർ ഫിൽ സാൾട്ടും 42 റൺസ് എടുത്ത ബട്ലറും നല്ല തുടക്കം നൽകിയെങ്കിൽ അത് തുടരാൻ ഇംഗ്ലണ്ടിനായില്ല. റൺ റേറ്റ് കൂട്ടാൻ അവർ ഏറെ പ്രയാസപ്പെട്ടു.ഓസ്ട്രേലിയക്ക് ആയി സാമ്പയും കമ്മിൻസും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.

ഇന്ന് ആദ്യം ബാറ്റ് ഓസ്ട്രേലിയ മികച്ച രീതിയിലാണ് ബാറ്റ് ചെയ്തത്. ഉയർന്ന സ്കോറുകൾ വളരെ അപൂർവമായി പിറക്കുന്ന ഈ ലോകകപ്പിൽ 201 എന്ന മികച്ച സ്കോറാണ് ഓസ്ട്രേലിയ നേടിയത്. ഇതാദ്യമായാണ് ഈ ലോകകപ്പിൽ 200നു മുകളിൽ ഒരു ടീം സ്കോർ ചെയ്യുന്നത്. ഇന്ന് മുൻനിര ബാറ്റർമാരുടെ മികച്ച സംഭാവനകൾ ഓസ്ട്രേലിയക്ക് കരുത്തായി.

18 പന്തൽ 34 റൺസ് എടുത്ത് ഓപ്പണർ ട്രാവിസ് ഹെഡും 16 പന്തൽ 39 റൺസ് എടുത്ത ഡേവിഡ് വാർണറും മികച്ച തുടക്കമാണ് ഓസ്ട്രേലിയക്ക് നൽകിയത്‌ ക്യാപ്റ്റൻ മാർഷ് 35 റൺസ്, മാക്സ്‌വെൽ 28 റൺസ് എന്നിവരും ഭേദപ്പെട്ട രീതിയിൽ കളിച്ചു. അതിനു ശേഷം വന്ന സ്റ്റോയിനിസ് 30, ടിം ഡേവിഡ് 11 റൺസ്, വേഡ് 17 തുടങ്ങിയവരുടെ സംഭാവനകൾ കൂടിയായപ്പോൾ ഓസ്ട്രേലിയയെ 200ന് മുകളിൽ എത്തിച്ചു.

ഇംഗ്ലണ്ടിനായി മൊയീൻ അലി, ആർച്ചർ, ആദിൽ റാഷിദ്, ജോർദൻ, ലിവിങ്സ്റ്റോൺ എന്നിവർ ഒരോ വിക്കറ്റ് വേതം വീഴ്ത്തി.

പാകിസ്താനെ തോൽപ്പിക്കുന്നത് ഇന്ത്യക്ക് ലോകകപ്പ് നേടുന്നത് പോലെ – സിദ്ദു

പാകിസ്ഥാനെ തോൽപ്പിക്കുന്നത് ഇന്ത്യയെ സംബന്ധിച്ചെടുത്തോളം ലോകകപ്പ് വിജയിക്കുന്നതിനു തുല്യമാണെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരവും കമൻ്റേറ്ററുമായ നവ്‌ജ്യോത് സിംഗ് സിദ്ദു. നാളെ ഇന്ത്യ ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ വെച്ച് പാകിസ്ഥാനെ നേരിടാൻ ഇരിക്കുകയാണ്.

“ഈ മത്സരത്തിൽ ആരും തോൽവി സമ്മതിക്കില്ല, പ്രതികാരത്തിൻ്റെ സംസ്കാരമാണ് ഈ മത്സരത്തിനുള്ളത്, തോൽവി അത് ഉൾക്കൊള്ളാൻ കഴിയാത്തതാണ്. ഇവിടെ ആരും പരാജയം ഏറ്റുവാങ്ങാൻ ആഗ്രഹിക്കുന്നില്ല, നിങ്ങൾ ആരോടും തോറ്റോളൂ പാകിസ്ഥാനെതിരെ തോൽക്കരുത്, പാകിസ്ഥാനെതിരെ ജയിച്ചാൽ, നിങ്ങൾ ഒരു ലോകകപ്പ് നേടിയത് പോലെയാണ്, ആളുകൾ അങ്ങനെയാണ് കാണുന്നത്,” – സിദ്ദു പറഞ്ഞു.

“ഇന്ത്യയെയും പാകിസ്താനെയും നോക്കിയാൽ ഒരു വശത്ത് ഉയർച്ചയും മറുവശത്ത് പതർച്ചയും ഉണ്ട്. പാകിസ്താൻ ഇംഗ്ലണ്ടിനെതിരെ തോറ്റു. നിങ്ങൾ ഒരു ടെസ്റ്റ് കളിക്കുന്ന രാജ്യമാണ് എഞിട്ടും നിങ്ങൾ യുഎസ്എയ്‌ക്കെതിരെ തോൽക്കുന്നു. പാകിസ്ഥാൻ ടീമിന് ബാറ്റിംഗില്ല. നിങ്ങൾക്ക് അവരെ വിശ്വസിക്കാൻ കഴിയില്ല. അതേസമയം, ടി20 ലോകകപ്പിൽ ഇന്ത്യക്ക് നല്ല ബാലൻസുള്ള ടീമുണ്ട്, ”സിദ്ദു കൂട്ടിച്ചേർത്തു

ത്രില്ലറിൽ ശ്രീലങ്കയെ തോൽപ്പിച്ച് ബംഗ്ലാദേശ്!!

ലോകകപ്പിൽ ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ബംഗ്ലാദേശ് ശ്രീലങ്കയെ പരാജയപ്പെടുത്തി. 2 വിക്കറ്റിന്റെ വിജയമാണ് ബംഗ്ലാദേശ് ഇന്ന് നേടിയത്. ശ്രീലങ്ക ഉയർത്തിയ 125 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ ബംഗ്ലാദേശ് തുടക്കത്തിൽ ഒന്ന് പതറിയെങ്കിലും പിന്നീട് തിരിച്ചടിച്ച് വിജയം സ്വന്തമാക്കുകയായിരുന്നു.

ഇന്ന് തുടക്കത്തിൽ 28ന് മൂന്ന് എന്ന നിലയിലേക്ക് ബംഗ്ലാദേശ് തകർന്നിരുന്നു. അവിടെ നിന്ന് ലിറ്റൺ ദാസും തൗഹീദ് ഹൃദോയിയും കൂടി ബംഗ്ലാദേശിനെ വിജയത്തിലേക്ക് അടുപ്പിക്കുകയായിരുന്നു. 19ആം ഓവറിലേക്ക് അവർ വിജയം പൂർത്തിയാക്കി.

ഹൃദ്യോയ് 20 പന്തിൽ 40 റൺസ് ആണ് എടുത്തത്‌. 4 സിക്സും 1 ഫോറും ഹൃദോയ് അടിച്ചു. ലിറ്റൺ ദാസ് 38 പന്തിൽ നിന്ന് 36 റൺസും എടുത്തു. ഇരുവരും പുറത്തായത് അവസാനം ആവേശകരമായ ഫിനിഷ് മത്സരത്തിന് നൽകി. 18ആം ഓവറിൽ തുഷാര റിഷാദ് ഹൊസൈനെയും ടസ്കിൻ അഹമ്മദിനെയും അടുത്തടുത്ത പന്തുകളിൽ പുറത്താക്കിയതോടെ കളി ശ്രീലങ്കയുടെ ഭാഗത്തേക്ക് തിരിഞ്ഞു.

ഇതിനു ശേഷം 15 പന്തിൽ നിന്ന് 12 റൺസ് ആയിരുന്നു ബംഗ്ലാദേശിന് വേണ്ടിയിരുന്നത്. ബാക്കിയുള്ളത് രണ്ട് വിക്കറ്റുകളും. അവസാന 12 പന്തിൽ 11 റൺസ് ആയിരുന്നു വേണ്ടിയിരുന്നത്. 19ആം ഓവറിന്റെ ആദ്യ പന്തിൽ മഹ്മൂദുള്ള ശനകയെ സിക്സ് പറത്തി. ഈ ഓവറിൽ തന്നെ അവർ വിജയം പൂർത്തിയാക്കുകയും ചെയ്തു.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ശ്രീലങ്കയ്ക്ക് 124 റൺസ് മാത്രമെ എടുക്കാൻ ആയിരുന്നുള്ളൂ. 47 റൺസ് എടുത്ത പതും നിസങ്ക മാത്രമാണ് ശ്രീലങ്കയ്ക്ക് ആയി തിളങ്ങിയത്. മുസ്തഫിസുറും റിഷാദ് ഹൊസൈനും ബംഗ്ലാദേശിനായി 3 വിക്കറ്റുകൾ വീതം വീഴ്ത്തി.

T20 World Cup; സ്കോട്ട്‌ലൻഡ് ചരിത്രത്തിൽ ആദ്യമായി നമീബിയയെ തോൽപ്പിച്ചു

ലോകകപ്പിൽ ഇന്ന് പുലർച്ചെ നടന്ന മത്സരത്തിൽ സ്കോട്ലൻഡ് നമീബിയയെ പരാജയപ്പെടുത്തി. 6 വിക്കറ്റ് വിജയം ആണ് സ്കോട്ട്‌ലൻഡ് നേടിയത്. ഇതാദ്യമായാണ് സ്കോട്ട്‌ലൻഡ് നമീബിയയെ പരാജയപ്പെടുത്തുന്നത്‌. ഇന്ന് ആദ്യം ബാറ്റു ചെയ്ത നമീബിയ 155 റൺസ് ആണ് എടുത്തത്. 31 പന്തിൽ നിന്ന് 52 റൺസ് നേടിയ ക്യാപ്റ്റൻ എറസ്മസ് മാത്രമാണ് നമീബിയക്ക് ആയി ബാറ്റു കൊണ്ട് തിളങ്ങിയത്.

സ്കോട്ലൻഡിനായി വീൽ 3 വിക്കറ്റും ബ്രാഡ്ലി കറി രണ്ടു വിക്കറ്റും വീഴ്ത്തി. മറുപടി ബാറ്റിംഗിന് ഇറങ്ങിയ സ്കോട്ട്‌ലൻഡ് 18.3 ഓവറിലേക്ക് 5 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു. 35 പന്തിൽ 47 റൺസുമായി ക്യാപ്റ്റൻ ബെരിങ്ടൺ പുറത്താകാതെ നിന്നു‌. മൈക്കിൾ ലെസ്ക് 17 പന്തിൽ നിന്ന് 35 റൺസും എടുത്തു.

പാകിസ്താനെതിരെ കുൽദീപ് ഇന്ത്യൻ ഇലവനിൽ ഉണ്ടാകണം – ആകാശ് ചോപ്ര

സ്പിന്നർ കുൽദീപ് യാദവ് പാകിസ്ഥാനെതിരായ ഇന്ത്യൻ മത്സരത്തിൽ കളിക്കണം എന്ന് ഇന്ത്യൻ ക്രിക്കറ്റ് താരം ആകാശ് ചോപ്ര. ലോകകപ്പിലെ ആദ്യ മത്സരത്തിൽ ഇന്ത്യ കുൽദീപ് യാദവിനെ കളിപ്പിച്ചിരുന്നില്ല. ജിയോ സിനിമയിൽ ഇന്ത്യ പാകിസ്താൻ മത്സരത്തെ കുറിച്ച് സംസാരിക്കവെ ആണ് കുൽദീപിനെ കുറിച്ച് ചോപ്ര പറഞ്ഞത്. ജൂൺ 9നാണ് ഇന്ത്യ പാകിസ്താൻ പോരാട്ടം നടക്കുന്നത്.

“ഈ മത്സരം വൈകാരികമായ പോരാട്ടമായിരിക്കും, വ്യക്തമായും രണ്ടു ടീമുകൾക്കുമുള്ള കഴിവുകൾ തുല്യമാണ്. ഇരു ടീമുകൾക്കും സ്റ്റേഡിയത്തിലെ ആരാധകരിൽ നിന്ന് ഏതാണ്ട് തുല്യ പിന്തുണ ലഭിക്കും. മത്സരത്തിൽ പിച്ച് എങ്ങനെ പെരുമാറുമെന്ന് പറയാൻ വളരെ പ്രയാസമാണ്, പക്ഷേ ടോസ് നിർണായകമാകും. കാരണം ആരു ജയിച്ചാലും ആദ്യം പന്തെറിയുകയും പവർപ്ലേ നിയന്ത്രിക്കാൻ നോക്കുകയും ചെയ്യും.” ആകാശ് പറഞ്ഞു.

“കുൽദീപ് യാദവ് കളിക്കണമെന്ന് ഞാൻ ശരിക്കും ആഗ്രഹിക്കുന്നു, എന്നാൽ ഇന്ത്യ ആദ്യ മത്സരത്തിലെ അതേ ടീമിനൊപ്പം ഈ മത്സരത്തിനും ഇറങ്ങാനാണ് സാധ്യത” ആകാശ് ചോപ്ര പറഞ്ഞു. കുൽദീപ് ഈ ഐപിഎൽ സീസണിൽ 11 മത്സരങ്ങൾ നിന്ന് 16 വിക്കറ്റുകൾ വീഴ്ത്തിയിരുന്നു.

ഗ്രൗണ്ടിലേക്ക് ഒരു മണിക്കൂർ ദൂരം, പാകിസ്താന്റെ പരാതി പരിഹരിച്ച് പുതിയ ഹോട്ടൽ നൽകി ICC

പാകിസ്താൻ ടീമിന്റെ പരാതി പരിഗണിച്ച് അവരുടെ ഹോട്ടൽ ഐ സി സി മാറ്റി നൽകി. ഗ്രൗണ്ടിലേക്ക് 90 മിനിറ്റ് ഡ്രൈവ് ചെയ്ത് പോകാൻ ഉള്ള പ്രശ്നത്തിൽ പാകിസ്താൻ പരാതിപ്പെട്ടിരുന്നു. തുടർന്ന് ഐസിസി പാകിസ്ഥാൻ ടീമിനെ ന്യൂയോർക്കിലെ മറ്റൊരു ഹോട്ടലിലേക്ക് മാറ്റി.

ന്യൂയോർക്കിലെ വെസ്റ്റ്ബറിയിലെ ലോംഗ് ഐലൻഡിലെ സ്റ്റേഡിയത്തിൽ നിന്ന് അഞ്ച് മിനിറ്റ് മാത്രം ദൂരെയുള്ള ഒരു ഹോട്ടലിലേക്ക് ടീമിനെ മാറ്റിയതായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് വൃത്തങ്ങൾ അറിയിച്ചു. ഈ ഞായറാഴ്ച ഇന്ത്യയെ നേരിടാനുള്ള ഒരുക്കത്തിലാണ് പാകിസ്താൻ ഇപ്പോൾ.

ന്യൂയോർക്കിൽ മൂന്ന് ഗ്രൂപ്പ് മത്സരങ്ങൾ കളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീം ഗ്രൗണ്ടിൽ നിന്ന് 10 മിനിറ്റ് മാത്രം അകലെയുള്ള ഒരു ഹോട്ടലിലാണ് താമസിക്കുന്നത്.

IPL കളിച്ച് വരുന്നത് ലോകകപ്പിൽ ഗുണം ആകുന്നുണ്ടെന്ന് സ്റ്റോയിനിസ്

IPL കളിച്ചത് ഈ ലോകകപ്പിൽ തനിക്ക് ഗുണമാകുന്നുണ്ട് എന്ന് ഓസ്ട്രേലിയൻ ഓൾറൗണ്ടർ സ്റ്റോയിനിസ്. ഇന്ന് ഒമാനെതിരെ ഓസ്ട്രേലിയയുടെ വിജയശില്പിയാകാൻ സ്റ്റോയിനിസിനായിരുന്നു. സ്റ്റോയിനിസ് ഇന്ന് 67 റൺസും ഒപ്പം 3 വിക്കറ്റും നേടി പ്ലയർ ഓഫ് ദി മാച്ച് ആയി.

“ഞാൻ ഇപ്പോൾ 10 വർഷമായി ഐപിഎല്ലിൽ കളിക്കുന്നു. നിങ്ങൾ ഐപിഎൽ സീസൺ പൂർത്തിയാക്കുമ്പോൾ മികച്ച നിലയിൽ ആണെന്ന് എല്ലായ്പ്പോഴും തോന്നും. ഈ സീസണിലെ ഫോം പരിഗണിച്ചാലും ഇല്ലെങ്കിലും ഐ പി എൽ പോലൊരു ടൂർണമെന്റ് കളിച്ചു കഴിഞ്ഞാൽ നിങ്ങൾ മികച്ച നിലയിലായിരിക്കും.” സ്റ്റോയിനിസ് പറഞ്ഞു.

ഈ സീസണിൽ എൽഎസ്ജിക്ക് വേണ്ടി 14 മത്സരങ്ങളിൽ നിന്ന് 388 റൺസും 4 വിക്കറ്റും സ്റ്റോയിനിസ് നേടിയിരുന്നു.

ടി20യിൽ ഇന്ത്യക്ക് ആയി 4000 റൺസ് തികച്ച് രോഹിത് ശർമ്മ

അന്താരാഷ്ട്ര ടി20 ക്രിക്കറ്റിൽ 4000 റൺസ് എന്ന നാഴികക്കല്ല് പിന്നിട്ട് രോഹിത് ശർമ്മ. ന്യൂയോർക്കിലെ നാസൗ കൗണ്ടി ഇൻ്റർനാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന അയർലൻഡിനെതിരായ മത്സരത്തിനിടെയിൽ ആണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ പുരുഷ ടി20യിൽ 4000 റൺസ് തികയ്ക്കുന്ന നാലാമത്തെ ബാറ്ററായി മാറിയത്.

ബാബർ അസമും വിരാട് കോഹ്‌ലിയും മാത്രമാണ് മുമ്പ് പുരുഷ ക്രിക്കറ്റിൽ ഈ നാഴികക്കല്ലിലെത്തിയ താരങ്ങൾ. വനിതാ ടി20യിൽ ന്യൂസിലൻഡിൻ്റെ സൂസി ബേറ്റ്‌സ് ഈ നേട്ടം കൈവരിച്ചിട്ടുണ്ട്. ഇന്ന് രോഹിത് ശർമ്മ 37 പന്തിൽ നിന്ന് 52 റൺസ് എടുത്തിരുന്നു. പരിക്കേറ്റതിനാൽ രോഹിത് റിട്ടയർ ചെയ്യുക ആയിരുന്നു. 3 സിക്സും 4 ഫോറും രോഹിത് ഇന്ന് അടിച്ചു.

Exit mobile version