ഇന്ത്യയുടെ രക്ഷയ്ക്ക് എത്തി കിംഗ് കോഹ്ലി!! ഒപ്പം അക്സറും! ഇന്ത്യക്ക് മികച്ച സ്കോർ!!

ടി20 ലോകകപ്പ് ഫൈനലിൽ ആദ്യം ബാറ്റു ചെയ്ത ഇന്ത്യക്ക് 20 ഓവറിൽ 176/7 എന്ന പൊരുതാവുന്ന സ്കോർ. തുടക്കത്തിൽ മൂന്ന് വിക്കറ്റുകൾ പോയി എങ്കിലും ഇന്ത്യ മികച്ച രീതിയിൽ തിരിച്ചുവന്നു. തുടക്കത്തിൽ 9 റൺസ് എടുത്ത രോഹിത് ശർമ്മ, റൺ ഒന്നും എടുക്കാത്ത പന്ത്, 3 റൺസ് എടുത്ത സൂര്യകുമാർ എന്നിവരെ ഇന്ത്യക്ക് നഷ്ടമായി.

എന്നാൽ അതിനു ശേഷം വിരാട് കോഹ്ലിയും അക്സർ പട്ടേലും ചേർന്ന് ഇന്ത്യക്ക് ആയി നാലാം വിക്കറ്റിൽ നല്ല കൂട്ടുക്കെട്ട് പടുത്തു. അക്സർ പട്ടേൽ 14ആം ഓവറിൽ റണ്ണൗട്ട് ആകുന്നത് വരെ ആ കൂട്ടുകെട്ട് നീണ്ടു. അക്സർ പട്ടേൽ 31 പന്തിൽ നിന്ന് 47 റൺസ് എടുത്താണ് പുറത്തായത്. നാലു സിക്സും ഒരു ഫോറും അക്സറിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

അക്സർ പോയതിനു ശേഷം ദൂബെ ക്രീസിൽ എത്തി. കോഹ്ലി 48 പന്തിൽ നിന്ന് 50ൽ എത്തി. കോഹ്ലിയുടെ ഈ ലോകകപ്പിലെ ആദ്യ അർധ സെഞ്ച്വറി ആയിരുന്നു ഇത്‌. അർധ സെഞ്ച്വറി നേടിയ ശേഷം കോഹ്ലി കൂടുതൽ അറ്റാക്കിലേക്ക് തിരിഞ്ഞു. 58 പന്തിൽ 76 റൺസ് ആണ് കോഹ്ലി ആകെ എടുത്തത്. 2 സിക്സും 6 ഫോറും വിരാടിന്റെ ഇന്നിംഗ്സിൽ ഉണ്ടായിരുന്നു.

ദൂബെയും 16 പന്തിൽ 27 റൺസിന്റെ ഇന്നിംഗ്സ് കൂടെ ആയതോടെ ഇന്ത്യ 170 കടന്നു‌‌.

ലോകകപ്പ് ഫൈനൽ ഇന്ത്യക്ക് ടോസ്!! വിജയ ഇലവൻ തുടരാൻ തീരുമാനം

ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യ ആദ്യം ബാറ്റു ചെയ്യും. ഇന്ന് ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ ആദ്യം ബാറ്റു ചെയ്യാൻ തീരുമാനിക്കുക ആയിരുന്നു. സെമി ഫൈനലിലും ഇന്ത്യ ആദ്യം ബാറ്റു ചെയ്താണ് വിജയിച്ചത്. ഇന്ത്യൻ സ്റ്റാർടിംഗ് ഇലവനിൽ മാറ്റം ഒന്നുമില്ല. വിജയ ടീം തന്നെ തുടരാൻ ആണ് ഇന്ത്യ തീരുമാനിച്ചത്.

വിരാട് കോഹ്ലിയും രോഹിത് ശർമ്മയും ഓപ്പൺ ചെയ്യും. ഫോമിൽ അല്ല എങ്കിലും ശിവം ദൂബെയെ ടീം നിലനിർത്തി. പതിവു പോലെ മൂന്ന് സ്പിന്നർമാരും കളിക്കുന്നുണ്ട്.

ഇന്ത്യ: രോഹിത് ശർമ്മ, കോഹ്ലി, സൂര്യകുമാർ, പന്ത്, ഹാർദിക്, ശിവം ദൂബെ, ജഡേജ, അക്സർ, കുൽദീപ്, അർഷ്ദീപ്, ബുമ്ര

വലിയ മത്സരങ്ങളിൽ എന്നും കോഹ്ലി തിളങ്ങാറുണ്ട് – നാസർ ഹുസൈൻ

വിരാട് കോഹ്ലി വലിയ മത്സരങ്ങളിൽ തിളങ്ങാറുണ്ടെന്നും അത് ഇന്ന് നടക്കുന്ന ഫൈനലിലും സംഭവിക്കും എന്നും മുൻ ഇംഗ്ലണ്ട് ക്യാപ്റ്റൻ നാസർ ഹുസൈൻ. ഈ ലോകകപ്പിൽ ഇതുവരെ ആയി ഫോം കണ്ടെത്താൻ വിരാട് കോഹ്ലിക്ക് ആയിട്ടില്ല.

“നിങ്ങൾ പാകിസ്ഥാനെതിരായ എംസിജിയിലെ കളി ഓർക്കുക, ഇന്ത്യ അന്ന് പതറുകയായിരുന്നു. അവസാനം ആരായിരുന്നു രക്ഷകനായത്?. ഇന്ത്യക്കാരുടെ എക്കാലത്തെയും വലിയ കളി അതാണ്. ഇന്ത്യ, പാകിസ്ഥാൻ, അതിനാൽ കോഹ്ലി എപ്പോഴും വലിയ മത്സരങ്ങളിൽ ടീമിനെ മുന്നിൽ നിന്ന് നയിക്കാൻ ഉണ്ടാകും,” നാസർ ഹുസൈൻ സ്കൈ സ്പോർട്സിനോട് പറഞ്ഞു

“കഴിഞ്ഞ ദശകത്തിൽ ബാറ്റ് ചെയ്തതുപോലെ വിരാട് കോഹ്‌ലി ബാറ്റ് ചെയ്യണമെന്ന് ഞാൻ വ്യക്തിപരമായി കരുതുന്നു. അദ്ദേഹത്തിന് 138 സ്‌ട്രൈക്ക് റേറ്റ് ഉണ്ട്. അയാൾ അതുപോലെ കളിച്ചാൽ മതി. ഒരു വലിയ മത്സരത്തിൽ നിങ്ങൾക്ക് അദ്ദേഹത്തെ സംശയിക്കാൻ കഴിയില്ല. കോഹ്ലിയുടെ മോശം ഫോമിന് കാരണം തുടക്കത്തിലെ ന്യൂയോർക്കിലെ പിച്ച് ആയിരുന്നു‌.” – നാസർ ഹുസൈൻ പറയുന്നു.

ഈ ലോകകപ്പ് ഫൈനൽ കൂടെ തോറ്റാൽ രോഹിത് ശർമ്മ ബാർബഡോസ് സമുദ്രത്തിലേക്ക് ചാടിയേക്കും – ഗാംഗുലി

ഇന്നത്തെ ലോകകപ്പ് ഫൈനലിലും ഇന്ത്യ തോറ്റാൽ രോഹിത് ബാർബഡോസ് സമുദ്രത്തിൽ ചാടിയേക്കുമെന്ന് മുൻ ഇന്ത്യൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. ഇന്ത്യയുടെ ലോകകപ്പ് ഫൈനൽ യാത്രയെ കുറിച്ച് സംസാരിക്കവെ തമാശയായാണ് ഗാംഗുലി ഈ വാക്കുകൾ പറഞ്ഞത്. രോഹിത് ശർമ്മ മികച്ച ക്യാപ്റ്റൻ ആണെന്നും താൻ ബി സി സി ഐ പ്രസിഡന്റ് ആയി നിൽക്കവെ ആണ് രോഹിതിനെ ക്യാപ്റ്റൻ ആക്കിയത് എന്നും ഗാംഗുലി പറഞ്ഞു.

“അദ്ദേഹം രണ്ട് ലോകകപ്പ് ഫൈനൽ കളിച്ചു, രണ്ടിലും തോൽവിയറിയാതെ ഫൈനലിൽ പ്രവേശിച്ചു. അത് അദ്ദേഹത്തിൻ്റെ ക്യാപ്റ്റൻസിയെയും നേതൃഗുണത്തെയും കുറിച്ച് സംസാരിക്കുന്നു, ഞാൻ ബിസിസിഐ പ്രസിഡൻ്റായിരിക്കുമ്പോൾ ആണ് രോഹിതിനെ ക്യാപ്റ്റൻ ആയി നിയമിച്ചത്.” ഗാംഗുലി പറയുന്നു.

“അദ്ദേഹം ക്യാപ്റ്റനാകാൻ തയ്യാറായിരുന്നില്ല. അദ്ദേഹത്തെ ക്യാപ്റ്റനാക്കാൻ വളരെയധികം സമ്മർദ്ദം ചെലുത്തേണ്ടി വന്നു. അദ്ദേഹത്തിന് കീഴിൽ ഇന്ത്യൻ ക്രിക്കറ്റിൻ്റെ പുരോഗതി കാണുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്.” ഗാംഗുലി പറഞ്ഞു.

“അഞ്ച് ഐപിഎൽ കിരീടങ്ങൾ നേടിയതിൻ്റെ റെക്കോർഡ് രോഹിത്തിനുണ്ട്, അത് ഒരു വലിയ നേട്ടമാണ്. ഒരു ഐപിഎൽ കിരീടം നേടുന്നത് കൂടുതൽ ബുദ്ധിമുട്ടാണ്. ഐപിഎൽ അന്താരാഷ്ട്ര ക്രിക്കറ്റിനേക്കാൾ മികച്ചതാണെന്ന് ഞാൻ പറയുന്നില്ല. എന്നാൽ ഐപിഎൽ ജയിക്കണമെങ്കിൽ 16-17 (12-13) മത്സരങ്ങൾ ജയിക്കണം; നിങ്ങൾക്ക് ഒരു ലോകകപ്പ് നേടുന്നതിന് 8-9 മത്സരങ്ങൾ മാത്രമെ ജയിക്കേണ്ടതുള്ളൂ. എങ്കിലും ലോകകപ്പ് നേടുന്നതിലാണ് കൂടുതൽ ബഹുമതി, നാളെ രോഹിത് അത് നേടും എന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഗാംഗുലി പറഞ്ഞു.

“ഏഴ് (ആറ്) മാസത്തിനുള്ളിൽ രണ്ട് ലോകകപ്പ് ഫൈനൽ തോൽക്കാൻ അദ്ദേഹത്തിന് കഴിയുമെന്ന് ഞാൻ കരുതുന്നില്ല. ഏഴ് മാസത്തിനുള്ളിൽ തൻ്റെ ക്യാപ്റ്റൻസിയിൽ രണ്ട് ഫൈനലുകൾ തോറ്റാൽ അദ്ദേഹം ബാർബഡോസ് സമുദ്രത്തിലേക്ക് ചാടിയേക്കും. അദ്ദേഹം ടീമിനെ മുന്നിൽ നിന്ന് നയിച്ചു, മികച്ച ബാറ്റിംഗ് നടത്തി, നാളെ അത് തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഗാംഗുലി പറഞ്ഞു.

ഇന്നാണ് ലോകകപ്പ് ഫൈനൽ!! ലോക കിരീടം മാത്രം ലക്ഷ്യമിട്ട് ഇന്ത്യ ദക്ഷിണാഫ്രിക്കയ്ക്ക് എതിരെ

ടി20 ലോകകപ്പ് ഫൈനൽ ആണ് ഇന്ന്. ഇന്ത്യ കിരീടം തേടി ദക്ഷിണാഫ്രിക്കയെ നേരിടുന്നു. ബാർബദോസിൽ നടക്കുന്ന മത്സരം ഇന്ന് പ്രാദേശിക സമയം രാവിലെ 10.30നാകും ആരംഭിക്കുക. ഇന്ത്യ സമയം രാത്രി 8 മണിക്കും. കളി തത്സമയം സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

ഒരു ആവേശകരമായ ഫൈനൽ തന്നെ ഇന്ന് ഏവരും പ്രതീക്ഷിക്കുന്നു. ഈ ടൂർണമെന്റിൽ ഒരു മത്സരം പോലും പരാജയപ്പെടാത്ത രണ്ടു ടീമുകൾ ആണ് നേർക്കുനേർ വരുന്നത്. രണ്ടും അത്ര മികച്ച ഫോമിൽ ഉള്ള ടീമുകൾ. ഇന്ത്യ സെമി ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ മറികടന്നാണ് ഫൈനലിൽ എത്തിയത്. ദക്ഷിണാഫ്രിക്ക അഫ്ഗാനിസ്ഥാനെ തകർത്തു കൊണ്ടും.

ദക്ഷിണാഫ്രിക്ക അവരുടെ ചരിത്രത്തിലെ ആദ്യ ലോകകപ്പ് ആണ് ലക്ഷ്യമിടുന്നത്. ഇന്ത്യക്ക് ഇന്ന് ലോകകപ്പ് നേടാൻ ആയാൽ അത് ഇന്ത്യയുടെ നാലാം ലോകകപ്പ് ആകും. ടി20 ലോകകപ്പിന്റെ ആദ്യ എഡിഷനിൽ കിരീടം നേടിയ ഇന്ത്യക്ക് ഇന്ന് കിരീടം ഉയർത്താൻ ആയാൽ അത് രണ്ടാം ടി20 ലോകകിരീടം ആകും.

ഇന്ന് ഫൈനലിന് ഇറങ്ങുമ്പോൾ വിരാട് കോഹ്ലി, ശിവം ദൂബെ, ജഡേജ എന്നിവരുടെ ഫോം മാത്രം ഇന്ത്യയുടെ ആശങ്ക. എന്നാലും ഇവർ മൂന്നു പേരും ആദ്യ ഇലവനിൽ തുടരാൻ തന്നെയാണ് സാധ്യത. ദക്ഷിണാഫ്രിക്ക ഇന്ത്യക്ക് വലിയ വെല്ലുവിളി തന്നെ ഉയർത്തും. മികച്ച ഫോമിലുള്ള ഷംസിയുടെ ബൗളിംഗ് ആകും ഇന്ത്യ ഏറ്റവും ആശങ്കയോടെ നോക്കുന്നത്.

കോഹ്ലി കിംഗുകളുടെ കിംഗ് ആണ്, ഫോമിൽ ആശങ്ക വേണ്ട – ശ്രീകാന്ത്

വിരാട് കോഹ്‌ലിയുടെ ഫോമിൽ ആശങ്ക വേണ്ട എന്ന് മുൻ ഇന്ത്യൻ താരം കൃഷ്ണമാചാരി ശ്രീകാന്ത്. ഇന്ത്യ ഫൈനലിലേക്ക് കടക്കുമ്പോൾ കോഹ്ലി ഫോമിൽ ആകും എന്ന് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.ഈ ലോകകപ്പിൽ ഇതുവരെ ഫോമിലേക്ക് ഉയരാൻ കോഹ്ലിക്ക് ആയിട്ടില്ല. ഏഴ് ഇന്നിംഗ്‌സുകളിൽ നിന്ന് 10.71 ശരാശരിയിൽ 100 ​​സ്‌ട്രൈക്ക് റേറ്റിൽ 75 റൺസ് മാത്രമാണ് കോഹ്‌ലി നേടിയത്.

“കോഹ്‌ലിക്ക് വലിയ സ്‌കോർ ഇല്ലാത്തതിൽ ഒരു പ്രശ്‌നവും ആശങ്കയും ഇല്ല. അവൻ രാജാക്കന്മാരുടെ രാജാവാണ്” സ്റ്റാർ സ്പോർട്സിൽ കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞു.

കോഹ്ലി ഇന്ത്യക്ക് ആയി ഓപ്പണറായാണ് ഈ ലോകകപ്പിൽ ഉടനീളം കളിച്ചത്. കോഹ്ലിയെ ഓപ്പണിൽ നിന്ന് മാറ്റണം എന്ന് വിമർശനം ഉയരുന്നുണ്ട് എങ്കിലും അതിനുള്ള സാധ്യതയില്ല. കോഹ്ലി ഫൈനലിൽ ഫോം ആകും എന്നാണ് ഇന്ത്യം ക്യാപ്റ്റൻ രോഹിത് ശർമ്മ കഴിഞ്ഞ ദിവസം പറഞ്ഞത്.

മലയാളി ഇല്ലാതെ ഇന്ത്യ ലോകകപ്പ് നേടിയിട്ടില്ല!! സഞ്ജു ഇന്ത്യയുടെ ഭാഗ്യം ആകുമോ!!

മലയാളി ഇല്ലാതെ ഇന്ത്യക്ക് ഒരു ക്രിക്കറ്റ് ലോകകപ്പ് നേടാൻ ആകില്ല എന്നത് എപ്പോഴും ഒരു ചൊല്ലാണ്. കാരണം ഇന്ത്യ മൂന്നുതവണ ലോകകപ്പ് നേടിയപ്പോഴും മലയാളികൾ ലോകകപ്പ് ടീമിൽ ഉണ്ടായിരുന്നു. മലയാളികൾ ഇല്ലാതെ ഇന്ത്യ പോയ ഒരു ലോകകപ്പും ഇന്ത്യയ്ക്ക് വിജയിക്കാൻ ആയിട്ടുമില്ല.

അതുകൊണ്ടുതന്നെ ഇത്തവണ സഞ്ജു സാംസൺ ഇന്ത്യൻ ടീമിൽ എത്തിയപ്പോൾ മലയാളി കൊണ്ടുവരുന്ന ആ കിരീട ഭാഗ്യം ഇന്ത്യക്ക് തിരികെ കിട്ടും എന്നാണ് മലയാളികൾ തുടക്കം വിശ്വസിക്കുന്നത്. സഞ്ജു സാംസണ് ഇതുവരെ ഈ ലോകകപ്പിൽ ആദ്യ ഇലവനിൽ അവസരം കിട്ടിയില്ല എങ്കിലും സഞ്ജു സ്ക്വാഡിനൊപ്പം ഉണ്ട്. മലയാളിയുടെ ഭാഗ്യവും സഞ്ജുവിനൊപ്പം ടീമിന് കിട്ടുന്നുണ്ട് എന്ന് വിശ്വസിക്കാം.

ഇന്ത്യ ആദ്യമായിട്ട് 1983ല്‍ ലോകകപ്പ് നേടിയപ്പോൾ സുനിൽ വത്സൻ ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു. മലയാളിയായ സുനിൽ വാൾസൻ അന്ന് ഒരു മത്സരം പോലും കളിച്ചിട്ടില്ല എങ്കിലും ലോകകപ്പ് കിരീടം നേട്ടത്തിന്റെ ഭാഗമായി.

പിന്നീട് 2007 ഇന്ത്യ T20 ലോകകപ്പ് വിജയിച്ചപ്പോൾ പേസ് ബൗളർ ശ്രീശാന്ത് ഇന്ത്യയുടെ ഭാഗമായിരുന്നു. അന്ന് ശ്രീശാന്ത് ഫൈനലിൽ കിരീടം ഉറപ്പിച്ച ക്യാച്ച് നേടി കൊണ്ട് വിജയ നിമിഷത്തിന്റെ ഭാഗവുമായിരുന്നു. 2011 ഏകദിന ലോകകപ്പിലും ശ്രീശാന്ത് മലയാളി സാന്നിധ്യമായി ഇന്ത്യൻ ടീമിൽ ഉണ്ടായിരുന്നു.

അതിനുശേഷം അവസാന ലോകകപ്പുകളിൽ സഞ്ജു സാംസണ് അവസരം കിട്ടുമെന്ന് മലയാളികൾ പലപ്പോഴും ആഗ്രഹിച്ചിരുന്നുവെങ്കിലും അന്നൊക്കെ സഞ്ജു താഴയപ്പെടുകയായിരുന്നു. അവസാനം ഈ ലോകകപ്പിൽ ആണ് സഞ്ജുവിന് അവസരം കിട്ടിയത്. ഇന്ത്യ നാളെ ബാർണഡോസിൽ വിജയിച്ച് കിരീടം ഉയർത്തിയാൽ മലയാളി ലക്ക് എന്നത് കേരളത്തിന് പുറത്തുള്ളവരും കാര്യമായി എടുക്കുന്ന ഫാക്ടർ ആയി മാറും.

ലോകകപ്പ് ഫൈനലിനും മഴ ഭീഷണി? കളി നടന്നില്ല എങ്കിൽ എന്താകും?

ലോകകപ്പ് ടൂർണമെന്റിൽ ഇതുവരെ കണ്ടത് പോലെ ഫൈനലും മഴയുടെ ഭീഷണിയിൽ തന്നെയാണ്‌. നാളെ ബാർബഡോസിൽ നടക്കുന്ന മത്സരത്തിലും മഴ സാധ്യത പ്രവചിക്കുന്നുണ്ട്. എല്ലാം ഗയാനയിലെ പോലെ മത്സരം നടക്കാൻ ആവാത്ത രീതിയിൽ ഉള്ള മഴ ഫൈനലിന് പ്രതീക്ഷിക്കുന്നില്ല.

weather.com അനുസരിച്ച്, നാളെ മഴയുടെ പ്രവചനം 70% ആണ്, പ്രാദേശിക സമയം ഏകദേശം 10:30 am (8:00 pm IST)ന് ആരംഭിക്കുന്ന കളിയുടെ സമയത്തും മഴക്ക് സാധ്യതയുണ്ട്‌. 66% ആണ് കളി ആരംഭിക്കുന്ന സമയത്തെ മഴ സാധ്യത.

കളിക്ക് ഐസിസി ജൂൺ 29 ഞായറാഴ്ച്ച ഒരു റിസേർവ് ഡേയും അനുവദിച്ചിട്ടുണ്ട്. അതുകൊണ്ട് വലിയ ആശങ്ക ഇല്ല. കളി നാളെ പൂർത്തിയാക്കാൻ ആയില്ല എങ്കിൽ റിസർവ് ദിവസം രാവിലെ 10:30ന് കളി പുനരാരംഭിക്കും.

കുറഞ്ഞത് പത്ത് ഓവറെങ്കിലും കളിച്ചാൽ മാത്രമെ ഡക്ക്വർത്ത് ലൂയിസ് നിയമം ഫൈനലിൽ ഉപയോഗിക്കാൻ ആവുകയുള്ളൂ. കളി നടന്നില്ല എങ്കിൽ ഇന്ത്യയും ദക്ഷിണാഫ്രിക്കയും സംയുക്ത ചാമ്പ്യന്മാരാകും.

ഇന്ത്യക്ക് ഏകദിന ലോകകപ്പ് കിരീടം നഷ്ടപ്പെട്ടപ്പോൾ താൻ വേദനിച്ചിരുന്നു – അക്തർ

2024ലെ ടി20 ലോകകപ്പ് കിരീടം നേടാൻ ഇന്ത്യക്ക് ആശംസകളുമായി മുൻ പാകിസ്ഥാൻ പേസർ ഷോയിബ് അക്തർ. കഴിഞ്ഞ ഏകദിന ലോകകപ്പ് ഇന്ത്യ പരാജയപ്പെട്ടപ്പോൾ താൻ ഏറെ വേദനിച്ചിരുന്നു എന്ന് പാകിസ്താൻ പേസർ പറഞ്ഞു. ഇത്തവണ ഇന്ത്യ കിരീടം നേടും എന്നും അക്തർ പറയുന്നു.

“ഞാൻ എപ്പോഴും ടൂർണമെൻ്റിൽ ഇന്ത്യ വിജയിക്കുന്നതിന് അനുകൂലമായിരുന്നു. കഴിഞ്ഞ വർഷം ഇന്ത്യക്ക് ലോകകപ്പ് നേടാനാകാതെ വന്നത് എന്നെ വേദനിപ്പിച്ചു, അവർക്ക് ആ കിരീടം നഷ്ടപ്പെടാൻ പാടില്ലായിരുന്നു, കാരണം അവർ വിജയിക്കാൻ അർഹരായിരുന്നു,” അക്തർ തൻ്റെ ഔദ്യോഗിക യൂട്യൂബ് ചാനലിൽ പറഞ്ഞു.

“കപ്പ് നേടാൻ യോഗ്യനാണെന്നും രോഹിത് ശർമ്മ ആവർത്തിച്ച് തെളിയിക്കുന്നുണ്ട്. അവൻ ഒരു വലിയ കളിക്കാരനാണ്, രോഹിത് നിസ്വാർത്ഥനായ ക്യാപ്റ്റനാണ്, ടീമിനായി മാത്രം കളിക്കുന്നു, ഒരു സമ്പൂർണ്ണ ബാറ്ററാണ് അദ്ദേഹം” അക്തർ കൂട്ടിച്ചേർത്തു.

കോഹ്ലി തന്റെ ഇന്നിംഗ്സ് ഫൈനലിനായി മാറ്റിവെച്ചതാകും എന്ന് രോഹിത് ശർമ്മ

ടി20 ലോകകപ്പിലെ വിരാട് കോഹ്ലിയുടെ ഫോമിൽ ഒരു ആശങ്കയും ടീമിന് ഇല്ല എന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ. ഇന്ന് വിരാട് കോഹ്ലി 9 റൺസ് മാത്രമെ എടുത്തിരുന്നുള്ളൂ. ഈ ലോകകപ്പിൽ ഒരു ഫിഫ്റ്റി പോലും കോഹ്ലിക്ക് നേടാൻ ആയിട്ടില്ല. എന്നാൽ കോഹ്ലിയുടെ ഫോമിനെ കുറിച്ച് പേടിക്കേണ്ട എന്നും കോഹ്ലി തന്റെ ഇന്നിങ്സ് ഫൈനലിനായി മാറ്റിവെച്ചതായിരിക്കും എന്നും രോഹിത് ഇന്ന് മത്സരശേഷം പറഞ്ഞു.

“കോഹ്ലി നിലവാരമുള്ള കളിക്കാരനാണ്. ഏതൊരു കളിക്കാരനും ഇതുപോലുള്ള അവസ്ഥയിലൂടെ കടന്നുപോകാം. അവൻ്റെ ക്ലാസും പ്രാധാന്യവും ഞങ്ങൾ മനസ്സിലാക്കുന്നുണ്ട്. ഫോം ഒരിക്കലും ഒരു പ്രശ്നമല്ല.” രോഹിത് പറഞ്ഞു.

“കോഹ്ലിയുടെ ബാറ്റിംഗിൽ ഇന്റന്റ് നിങ്ങൾക്ക് കാണാം.. തീർച്ചയായും അവന്റെ ഇന്നിംഗ്സ് വരും. ഫൈനൽ മത്സരത്തിലാകും അത്. കോഹ്ലി ചിലപ്പോൾ ഫൈനലിനായി ആ ഇന്നിംഗ്സ് കാത്തുവെച്ചതാകാം.” ഒരു ചിരിയോടെ രോഹിത് ശർമ്മ പറഞ്ഞു.

“ഒരു ടീം എന്ന നിലയിൽ ഞങ്ങൾ ഇന്ന് വളരെ ശാന്തരായിരുന്നു. നല്ല ക്രിക്കറ്റ് കളിക്കണം. അതാണ് ഫൈനലിൽ ഞങ്ങൾ ചെയ്യാൻ ആഗ്രഹിക്കുന്നത്.” രോഹിത് പറഞ്ഞു.

രോഹിതും സൂര്യയും തിളങ്ങി, ഇന്ത്യക്ക് ഇംഗ്ലണ്ടിന് എതിരെ മികച്ച സ്കോർ!!

ടി20 ലോകകപ്പ് സെമി ഫൈനലിൽ മികച്ച സ്കോർ ഉയർത്തി ഇന്ത്യ. ഇന്ന് ആദ്യം ബാറ്റു ചെയ്ത ഇന്ത്യ ക്യാപ്റ്റൻ രോഹിത് ശർമ്മയുടെയും സൂര്യകുമാർ യാദവിന്റെയും ഇന്നിംഗ്സിന്റെ മികവിൽ 20 ഓവറിൽ 171/7 റൺസ് എടുത്തു. തുടക്കത്തിൽ തന്നെ കോഹ്ലിയെയും റിഷഭ് പന്തിനെയും നഷ്ടമായിട്ടും മികച്ച ക്രിക്കറ്റ് കളിക്കാൻ ഇന്ത്യക്ക് ആയി.

കോഹ്ലി വെറും 9 റൺസ് എടുത്താണ് ഇന്ന് പുറത്തായത്. കോഹ്ലി ഇന്ത്യൻ ജേഴ്സിയിൽ ഓപ്പണർ എന്ന നിലയിൽ ഒരിക്കൽ കൂടെ പരാജയപ്പെടുന്നത് ആണ് ഇന്ന് കണ്ടത്. പന്ത് നാലു റൺസ് എടുത്തും ഇന്ന് പുറത്തായി. ഇതിനു ശേഷം രോഹിത് ശർമ്മയും സൂര്യകുമാറും ചേർന്ന് ഇന്ത്യക്ക് ആയി ഒരു നല്ല കൂട്ടുകെട്ട് പടുത്തു.

രോഹിത് ശർമ്മ 39 പന്തിൽ നിന്ന് 57 റൺസ് എടുത്തു. 6 ഫോറും 2 സിക്സും രോഹിത് അടിച്ചു. പിന്നാലെ സൂര്യകുമാർ യാദവ് 36 പന്തിൽ നിന്ന് 47 റൺസ് എടുത്ത് പുറത്തായി. 2 സിക്സും 4 ഫോറും അടങ്ങുന്നതായിരുന്നു സൂര്യയുടെ ഇന്നിംഗ്സ്. ഒരു കൂറ്റൻ ഷോട്ടിന് കളിക്കുന്നതിന് ഇടയിൽ ആണ് സൂര്യകുമാർ ഔട്ട് ആയി.

ഇതിനു ശേഷം ഹാർദികിന്റെയും ജഡേജയുടെയും ഇന്നിംഗ്സ് ഇന്ത്യയെ 170 കടക്കാൻ സഹായിച്ചു. ഹാർദിക് 13 പന്തിൽ നിന്ന് 23 എടുത്തു. ശിവം ദൂബെ ഇന്ന് ഗോൾഡൻ ഡക്ക് ആയി നിരാശപ്പെടുത്തി‌. അവസാനം ജഡേജ 9 പന്തിൽ 17 റൺസും അക്സർ പട്ടേൽ 6 പന്തിൽ 10 റൺസും എടുത്ത് മികച്ച സംഭാവന നൽകി.

ഇന്ത്യ നന്നായി കളിക്കുന്നതിന് ഇടയിൽ തടസ്സമായി മഴ!!

ടി20 ലോകകപ്പ് സെമി ഫൈനലിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നതിന് ഇടയിൽ തടസ്സമായി മഴ. ഇന്ത്യ 8 ഓവറിൽ 65-2 എന്ന നിലയിൽ നിൽക്കെ ആണ് മഴ എത്തിയത്. ബാറ്റിങ് അത്ര എളുപ്പമല്ലാത്ത പിച്ചിൽ മോശമില്ലാത്ത റൺറേറ്റിൽ ആണ് ഇന്ത്യ ബാറ്റു ചെയ്യുന്നത്.

ഇപ്പോൾ രോഹിത് ശർമ്മയും സൂര്യകുമാർ യാദവും ആണ് ക്രീസിൽ ഉള്ളത്. 26 പന്തിൽ നിന്ന് 37 റൺസ് ആണ് രോഹിത് ഇതുവരെ നേടിയത്. 6 ബൗണ്ടറികൾ ഇതിൽ ഉൾപ്പെടുന്നു. സൂര്യകുമാർ 13 റൺസുമായും ക്രീസിൽ നിൽക്കുന്നു.

9 റൺസ് എടുത്ത കോഹ്ലിയുടെയും 4 റൺസ് എടുത്ത പന്തിന്റെയും വിക്കറ്റ് ആണ് ഇന്ത്യക്ക് നഷ്ടമായത്.

Exit mobile version