മലബാർ ഡെർബി – രണ്ടാം പാദം തിങ്കളാഴ്ച കോഴിക്കോട്ട്

മലപ്പുറം: സൂപ്പർ ലീഗ് കേരളയിലെ കാലിക്കറ്റ് എഫ്സി – മലപ്പുറം എഫ്സി ക്ലാസിക് പോരാട്ടത്തിൻറെ രണ്ടാം പാദം കാലിക്കറ്റിന്റെ ഹോം ഗ്രൗണ്ടായ ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ തിങ്കളാഴ്ച്ച നടക്കും. വൈകീട്ട് 7.30നാണ് കിക്കോഫ്. പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന ആദ്യപാദത്തിൽ ഇരുടീമുകളും ഏറ്റുമുട്ടിയപ്പോൾ മത്സരം ആവേശകരമായ 3-3 സമനിലയിൽ അവസാനിച്ചിരുന്നു.

കഴിഞ്ഞ സീസണിൽ കാലിക്കറ്റ് എഫ്‌സിയെ കിരീടത്തിലേക്ക് നയിച്ച ജോൺ കെന്നഡി അബ്ദുൽ ഹക്കു,ഗനി നിഗം, എന്നീ സൂപ്പർ താരങ്ങൾ ഇത്തവണയുള്ളത് മലപ്പുറത്തിൻറെ കൂടെയാണ്. ഗോൾവേട്ടക്കാരുടെ പട്ടികയിൽ മുന്നിലുള്ള എംഎഫ്സിയുടെ ബ്രസീലിയൻ താരം കെന്നഡിയും സിഎഫ്‌സിയുടെ യുവതാരം അജ്സലും നേർക്കുനേർ ഏറ്റുമുട്ടുന്നുവെന്നതും ഈ ഡെർബിയുടെ പ്രത്യേകതയാണ്. രണ്ടു പേരും ഏഴ് മത്സരങ്ങളിൽ നിന്ന് 5 ഗോളുകളടിച്ച് ഒപ്പത്തിനൊപ്പമാണ്.

നിലവിൽ ലീഗിലെ ടേബിൾ ടോപേഴ്‌സ് ആണ് കാലിക്കറ്റ്. 7 മത്സരങ്ങളിൽ നിന്ന് 14 പോയിന്റാണ് അവർക്കുള്ളത്. മലപ്പുറമാകട്ടെ 7 മൽസരങ്ങളിൽ നിന്നും 10 പോയിന്റോടെ നാലാം സ്ഥാനത്താണുള്ളത്. പ്ലേ ഓഫ് ഉറപിക്കണമെങ്കിൽ എംഎഫ്സിക്ക് ഡെർബിയടക്കം വരുന്ന എല്ലാ കളിയിലും ജയിച്ചേ മതിയാകു. തങ്ങളുടെ ചിരവൈരികളായ കാലിക്കറ്റുമായി മലപ്പുറത്തിന് ഇതുവരെ ജയിക്കാൻ കഴിഞ്ഞിട്ടില്ല, കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കാലിക്കറ്റിനായിരുന്നു മുൻതൂക്കം.ഹോമിലും എവേയിലും കാലിക്കറ്റ് എഫ്‌സി മലപ്പുറത്തെ പരാജയപ്പെടുത്തിയിരുന്നു. കോഴിക്കോടിൻറെ മണ്ണിൽ വെച്ച് മലപ്പുറത്തിന് പ്രതികാരം വീട്ടാനാകുമോയെന്ന് തികളാഴ്ച കണ്ടറിയാം.

ഐ ലീഗ് ക്ലബ് സ്‌പോര്‍ട്ടിംഗ് ബെംഗളൂരു എഫ്‌സിയില്‍ നിന്ന് 2 താരങ്ങൾ കണ്ണൂർ വാരിയേഴ്‌സിലേക്ക്

കണ്ണൂര്‍: ഐ ലീഗ് ക്ലബ് സ്‌പോര്‍ട്ടിംഗ് ബംഗളൂരു എഫ്‌സിയില്‍ നിന്ന് രണ്ട് താരങ്ങളെ ടീമിലെത്തിച്ച് കണ്ണൂര്‍ വാരിയേഴ്‌സ് ഫുട്‌ബോള്‍ ക്ലബ്. മധ്യനിരതാരം ആസിഫ് ഒ.എം. പ്രതിരോധ താരം മനോജ് എസ് എന്നിവരെയാണ് കണ്ണൂര്‍ വാരിയേഴ്‌സ് സ്വന്തമാക്കിയത്.
ആസിഫ് ഒ.എം. സെന്‍ട്രല്‍ മിഡ്ഫില്‍ഡറായും അറ്റാക്കിംഗ് മിഡ്ഫിള്‍ഡറായും കളിക്കാന്‍ സാധിക്കുന്ന താരമാണ്. 2023-24 സീസണില്‍ സ്‌പോര്‍ട്ടിംഗ് ബംഗളൂരു ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ചാമ്പ്യനായപ്പോള്‍ മധ്യനിരയില്‍ ആസിഫ് ഉണ്ടായിരുന്നു.

കേരള ബ്ലാസ്റ്റേഴ്‌സ് റിസര്‍വ് ടീമിന് വേണ്ടി കേരള പ്രീമിയര്‍ ലീഗില്‍ കളിച്ച താരം 2019-20 സീസണില്‍ ബ്ലാസ്റ്റേഴ്‌സിനെ ചാമ്പ്യന്‍മാരാക്കുന്നതില്‍ നിര്‍ണായ പങ്കു വഹിച്ചു. കേരളത്തിന് വേണ്ടി 2022 -23 സീസണില്‍ സന്തോഷ് ട്രോഫിയും അണ്ടര്‍ 17 വിഭാഗത്തില്‍ ദേശീയ ഫുട്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ മൂന്നാം സ്ഥാനവും നേടി. എഫ്.സി. കേരള പ്രോഡ്ജി എഫ്.എ. എന്നിവര്‍ക്ക് വേണ്ടി ജൂനിയര്‍ ഐ ലീഗും താരം കളിച്ചിട്ടുണ്ട്. എറണാകുളം ജില്ലയിലെ കൊച്ചി സ്വദേശിയാണ്.


ഇടത് വിംങ്ബാക്കായി കളിക്കാന്‍ സാധിക്കുന്ന താരമാണ് മനോജ്. 2014 -15 സീസണില്‍ ബംഗളൂരു എഫ്‌സിയുടെ അണ്ടര്‍ 19 വിഭാഗത്തില്‍ മത്സരം ആരംഭിച്ച താരം ഐ ലീഗ് രണ്ടാം ഡിവിഷനില്‍ ഫത്തേ ഹൈദരാബാദ്, ഓസോണ്‍ എഫ്‌സി, അറ എഫ്‌സി, ബംഗളൂരു യുണൈറ്റഡ് എഫ്‌സി എന്നിവര്‍ക്ക് വേണ്ടി കളിച്ചു. കൊല്‍ക്കത്തന്‍ ലീഗില്‍ പീര്‍ലെസ് ക്ലബിനുവേണ്ടിയും ബൂട്ടുകെട്ടി. 2023 ലാണ് സ്‌പോര്‍ട്ടിംങ് ക്ലബിലെത്തുന്നത്. പിന്നീട് സ്‌പോര്‍ട്ടിംഗിന് വേണ്ടി ഐ ലീഗ് മൂന്നാം ഡിവിഷന്‍, ഐ ലീഗ് രണ്ടാം ഡിവിഷന്‍, ഐ ലീഗ് എന്നീ മത്സരങ്ങള്‍ കളിച്ചു. ടീം ക്യാപ്റ്റനുമായിരുന്നു. 2022-23 സീസണില്‍ സൗദിയിലെ റിയാദില്‍ വച്ച് നടന്ന സന്തോഷ് ട്രോഫി ഫൈനല്‍ റൗണ്ടില്‍ ചാമ്പ്യന്‍മാരായ കര്‍ണാടക ടീമിന്റെ ക്യാപ്റ്റനുമായിരുന്നു. കര്‍ണാടക സ്വദേശിയാണ്

സൂപ്പർ ലീഗ് കേരള ഗ്ലോബൽ ആകും! 100 കോടിയോളം വരുന്ന ഡീൽ ഒപ്പുവെച്ച് SEGG മീഡിയ


ഇന്ത്യൻ ഫുട്ബോളിന് വലിയ ഉണർവ് നൽകിക്കൊണ്ട്, SEGG മീഡിയയുടെ Sports.com ഏഷ്യൻ വിപണിയിലേക്ക് പ്രവേശിച്ചു. ഇതിന്റെ ഭാഗമായി മേഖലയിലെ ആദ്യ ഔദ്യോഗിക ഫുട്ബോൾ ലീഗ് പങ്കാളിത്തത്തിൽ അവർ ഒപ്പുവെച്ചു. 98 കോടി രൂപയുടെ (ഏകദേശം $11.6 ദശലക്ഷം) വാണിജ്യ കരാറിലൂടെ, അടുത്ത അഞ്ച് വർഷത്തേക്ക് സൂപ്പർ ലീഗ് കേരളയുടെ എക്സ്ക്ലൂസീവ് ആഗോള വാണിജ്യ, പ്രക്ഷേപണ പങ്കാളിയായി Sports.com മാറും.


ഈ കരാർ SEGG മീഡിയയ്ക്കും സൂപ്പർ ലീഗ് കേരളയ്ക്കും ഒരുപോലെ ഒരു സുപ്രധാന നാഴികക്കല്ലാണ്, കാരണം Sports.com ആപ്പിൽ ആദ്യമായി തത്സമയ ഫുട്ബോൾ സ്ട്രീം ചെയ്യുന്നത് ഈ പങ്കാളിത്തത്തിലൂടെയാകും. വിവിധ ഭാഷകളിൽ സ്ട്രീമിംഗ് വാഗ്ദാനം ചെയ്യുന്ന ഈ കരാർ, ഇന്ത്യൻ ഉപഭൂഖണ്ഡത്തിലും അതിനപ്പുറവുമുള്ള വലിയൊരു പ്രേക്ഷകരെ ആകർഷിക്കാൻ ലക്ഷ്യമിടുന്നു.

ലീഗിന്റെ ആദ്യ സീസണിൽ ഏകദേശം 13 ദശലക്ഷത്തിലധികം കാഴ്ചക്കാരെ സൂപ്പർ ലീഗ് കേരളക്ക് സൃഷ്ടിക്കാൻ കഴിഞ്ഞിരുന്നു. പുതിയ സഹകരണം പ്രാദേശിക ഫുട്ബോളിനെ ലോക ഫുട്ബോൾ മാപ്പിൽ എത്തിക്കുന്ന ഒരു പുതിയ മാറ്റത്തിന് വഴിയൊരുക്കും.

സൂപ്പർ ലീഗ് കേരളക്ക് ഊർജ്ജമായി പൃഥ്വിരാജ്!! കൊച്ചി പൈപ്പേഴ്സിൽ സഹ ഉടമയാകും

സൂപ്പർ ലീഗ് കേരള ആദ്യ സീസൺ ആരംഭിക്കും മുമ്പ് കേരള ഫുട്ബോൾ പ്രേമികൾക്ക് സന്തോഷം നൽകുന്ന ഒരു വാർത്ത. മലയാള ചലച്ചിത്ര താരമായി പൃഥ്വിരാജ് സൂപ്പർ ലീഗ് കേരളയിലെ (എസ്എൽകെ) ഫുട്ബോൾ ടീമായ കൊച്ചി പൈപ്പേഴ്സിൽ സഹ ഉടമയാകും എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹം ഓഹരി വാങ്ങിയതായാണ് റിപ്പോർട്ടുകൾ.

നേരത്തെ തൃശൂർ റോർസ് ടീമുമായി പൃഥ്വിരാജ് ചർച്ചകൾ നടത്തിയിരുന്നു എങ്കിലും ആ ചർച്ചകൾ വിജയിച്ചിരുന്നില്ല.മുൻ രാജ്യാന്തര ടെന്നിസ് താരം മഹേഷ് ഭൂപതിയും ചലച്ചിത്ര താരം ലാറ ദത്തയുമാണു നിലവിൽ കൊച്ചി പൈപ്പേഴ്സ് ടീം ഉടമകൾ. ഇവർക്ക് ഒപ്പം ഇനി പൃഥ്വിരാജും ഭാര്യ സുപ്രിയ മേനോനും കൂടെ ടീമിന്റെ ഉടമകളായി ഉണ്ടാകും.

സൂപ്പർ ലീഗ് കേരളയുടെ ഭാഗമാകുന്ന ആദ്യ മലയാളി സെലിബ്രിറ്റി ആണ് പൃഥ്വി. സൂപ്പർ ലീഗ് കേരളയുടെ ഔദ്യോഗിക ലോഞ്ച് മെയ് മാസം നടന്നിരുന്നു. സെപ്റ്റംബറിൽ ആകും ലീഗിന്റെ ആദ്യ സീസൺ നടക്കുക.ആറ് ടീമുകൾ ആകും ആദ്യ സീസണിൽ കേരള സൂപ്പർ ലീഗിന്റെ ഭാഗമാവുക.

File Pic

മലപ്പുറത്ത് നിന്ന് മലപ്പുറം ഫുട്ബോൾ ക്ലബ്, കോഴിക്കോട് നിന്ന് കോഴിക്കോട് സുൽത്താൻസ് എഫ് സി, തിരുവനന്തപുരം ആസ്ഥാനമായി തിരുവനന്തപുരം കൊമ്പൻസ്, തൃശ്ശൂരിൽ നിന്ന് തൃശ്ശൂർ റോർ ഫുട്ബോൾ ക്ലബ്, കണ്ണൂരിൽ നിന്ന് കണ്ണൂർ സ്ക്വാഡ് ഫുട്ബോൾ ക്ലബ്, കൊച്ചി ആസ്ഥാനമായി കൊച്ചി പൈപേഴ്സ് എന്നിവരാണ് ആദ്യ സീസണിലെ ടീമുകൾ.

ഈ വർഷം സെപ്റ്റംബറിൽ SLK ആരംഭിക്കുമെന്നും 45 മുതൽ 60 ദിവസം വരെ നീണ്ടു നിൽക്കും എന്നും KFA സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് സ്റ്റേഡിയങ്ങളിലായാകും മത്സരങ്ങൾ നടക്കുക. ഇഎംഎസ് കോർപ്പറേഷൻ സ്റ്റേഡിയം (കോഴിക്കോട്), ജെഎൽഎൻ സ്റ്റേഡിയം (കൊച്ചി), മഞ്ചേരി പയ്യനാട് സ്റ്റേഡിയം (മലപ്പുറം) എന്നിവ ആകും ആദ്യ സീസണിലെ വേദികൾ.

മത്സരങ്ങൾ സ്റ്റാർ സ്പോർട്സിലും ഹോട്സ്റ്റാറിലും ടെലിക്കാസ്റ്റും ചെയ്യും.

Exit mobile version