പരമ ബോറൻ കളി! വീണ്ടും ജയിക്കാൻ ആവാതെ ഇംഗ്ലണ്ട്, ഡെന്മാർക്കും സ്ലൊവേനിയയും പ്രീ ക്വാർട്ടറിൽ

ഗ്രൂപ്പ് സിയിൽ നിന്നു ഒന്നാം സ്ഥാനക്കാർ ആയി ഇംഗ്ലണ്ട് അവസാന പതിനാറിലേക്ക്. എന്നാൽ തുടർച്ചയായ രണ്ടാം മത്സരത്തിലും ഇംഗ്ലണ്ടിന് ഇന്ന് ജയിക്കാൻ ആയില്ല. സ്ലൊവേനിയക്ക് എതിരെ ഗോൾ രഹിത സമനിലയാണ് ഇംഗ്ലണ്ട് വഴങ്ങിയത്. പരമ ബോറ് കളിയാണ് കടുത്ത വിമർശനങ്ങൾക്ക് ഇടയിലും ഇംഗ്ലണ്ട് ഇന്നും പുറത്ത് എടുത്തത്. അലക്സാണ്ടർ അർണോൾഡിന് പകരം കോണർ ഗാലഗർ മധ്യനിരയിൽ വന്ന മത്സരത്തിൽ ഇംഗ്ലണ്ട് പന്തിൽ ആധിപത്യം കാണിച്ചു എങ്കിലും മികച്ച അവസരങ്ങൾ പോലും ഉണ്ടാക്കിയില്ല. ആദ്യ പകുതിയിൽ സാക ഫോഡന്റെ പാസിൽ നിന്നു നേടിയ ഗോൾ ഫോഡൻ ഓഫ് സൈഡ് ആയതിനാൽ അനുവദിച്ചില്ല.

രണ്ടാം പകുതിയിൽ പകരക്കാരായി വന്ന പാൽമർ, മൈനു എന്നിവരുടെ മികവിൽ ചെറിയ ഉണർവ് കണ്ടെങ്കിലും അവസാന നിമിഷങ്ങളിൽ കെയിനിന്റെ പാസിൽ നിന്നു ലഭിച്ച സുവർണ അവസരം മുതലാക്കാൻ കോൾ പാൽമറിന് ആയില്ല. സമനിലയോടെ ഗ്രൂപ്പിൽ 5 പോയിന്റുകളും ആയി ഇംഗ്ലണ്ട് അവസാന പതിനാറിലേക്ക് ഒന്നാമത് ആയി മുന്നേറി. സമനിലയോടെ ഗ്രൂപ്പിൽ 3 പോയിന്റുകളും ആയി സ്ലൊവേനിയയും അടുത്ത റൗണ്ടിലേക്ക് മുന്നേറി. അതേസമയം ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ സെർബിയയെ ഗോൾ രഹിത സമനിലയിൽ പിടിച്ച ഡെന്മാർക്കും അവസാന പതിനാറിൽ ഇടം പിടിച്ചു.

സ്ലൊവേനിയക്കും ഡെന്മാർക്കിനും 3 പോയിന്റുകളും സമാന ഗോൾ വ്യത്യാസവും അടിച്ച ഗോളുകളും വഴങ്ങിയ ഗോളുകളും ഒരേപോലെയും സമാനമായ ഡിസിപ്ലിനറി റെക്കോർഡും ആയതിനാൽ യൂറോ യോഗ്യതയിൽ മുന്നിലുള്ള ഡെന്മാർക്ക് അതിനാൽ ഗ്രൂപ്പിൽ രണ്ടാം സ്ഥാനക്കാർ ആയി. മത്സരത്തിൽ യൂറോയിൽ നിലനിൽക്കാൻ ജയം അനിവാര്യമായ സെർബിയക്ക് പക്ഷെ ഡെന്മാർക്ക് പ്രതിരോധം ഭേദിക്കാൻ ആയില്ല. ഇടക്ക് ഡെന്മാർക്ക് ഗോൾ നേടിയെങ്കിലും ഫൗൾ കാരണം അത് അനുവദിച്ചില്ല. രണ്ടാം പകുതിയിൽ സെർബിയ ഗോൾ കണ്ടെത്തിയെങ്കിലും ജോവിച് ഓഫ് സൈഡ് ആയതിനാലും അതും അനുവദിച്ചില്ല. അവസാന മിനിറ്റുകളിൽ ക്യാപ്റ്റൻ മിട്രോവിചിന്റെ ശ്രമം കൂടി പരാജയപ്പെട്ടതോടെ സെർബിയ നാട്ടിലേക്ക് ടിക്കറ്റ് എടുത്തു. അവസാന പതിനാറിൽ ഡെന്മാർക്ക് ആതിഥേയരായ ജർമ്മനിയെ ആണ് നേരിടുക.

അവസാന നിമിഷിൽ സ്ലൊവീന്യക്ക് എതിരെ പരാജയം ഒഴിവാക്കി സെർബിയ

യൂറോ കപ്പിൽ ഇന്ന് നടന്ന മത്സരത്തിൽ സെർബിയ അവസാന നിമിഷ ഗോളിൽ സമനില നേടി. ഇന്ന് സ്ലൊവേനിയയോട് തോറ്റ് ഗ്രൂപ്പിൽ നിന്ന് പുറത്തായേക്കും എന്ന് തോന്നിപ്പിച്ച അവസാന നിമിഷത്തിലാണ് സെർബിയ സമനില കണ്ടെത്തി പ്രതീക്ഷകൾ കാത്തത്. 1-1 എന്ന നിലയിലാണ് കളി അവസാനിച്ചത്. രണ്ടു ടീമുകളും നിരവധി അവസരങ്ങൾ സൃഷ്ടിച്ചുവെങ്കിലും അവസരം മുതലാക്കാൻ രണ്ടു ടീമിനും ആയില്ല.

മത്സരത്തിന്റെ രണ്ടാം പകുതിയിൽ 69 മിനിട്ടിൽ കാർണിക്നികിലൂടെ ആണ് സ്ലൊവേനിയ ഗോൾ നേടിയത്‌. എൽസ്നികിന്റെ ക്രോസിൽ നിന്നായിരുന്നു ഈ ഗോൾ. ഇതിനു മറുപടി നൽകാൻ ശ്രമിച്ച സെർബിയയുടെ നിരവധി ശ്രമങ്ങൾ ഗോളിന് അടുത്ത് കൂടെ പുറത്ത് പോയി. അവസാനം മിട്രോവിചിന്റെ ഒരു ഷോട്ട് പോസ്റ്റിൽ തട്ടി മടങ്ങുന്നതും കാണാനായി.

അവസാനം 96ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ലൂക യോവിച് ആണ് സെർബിയക്ക് സമനിക നൽകിയത്. സെർബിയ ഗ്രൂപ്പിലെ ആദ്യ മത്സരത്തിൽ ഇംഗ്ലണ്ടിനോട് പരാജയപ്പെട്ടിരുന്നു. സ്ലൊവേനിയ ആദ്യ മത്സരത്തിൽ ഡെന്മാർക്കിനോട് സമനില വഴങ്ങുകയാണ് ചെയ്തത്. ഇതോടെ സ്ലൊവീന്യക്ക് 2 പോയിന്റും സെർബിയക്ക് 1 പോയിന്റും ആണുള്ളത്.

സെർബിയൻ ഡിഫൻസ് ശക്തം, ആദ്യ പകുതിയിൽ വഴി കണ്ടെത്താൻ ആകാതെ ബ്രസീൽ

ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിന് ഇറങ്ങിയ ബ്രസീൽ ഇന്ന് സെർബിയക്ക് എതിരായ ആദ്യ പകുതി കഴിയുമ്പോൾ ഗോൾ രഹിത സമനിലയിൽ നിൽക്കുകയാണ്. ആദ്യ പകുതിയിൽ സെർബിയൻ ഡിഫൻസിനെ കാര്യമായി പരീക്ഷിക്കാൻ ബ്രസീലിന് ആയില്ല.

തീർത്തും അറ്റാക്കിംഗ് ലൈനപ്പുമായി ഇറങ്ങിയ ബ്രസീൽ തുടക്കം മുതൽ ഇന്ന് സെർബിയൻ ഡിഫൻസിലേക്ക് പാഞ്ഞടുക്കാൻ ആണ് നോക്കിയത്. എന്നാൽ എന്നും ഓർഗനൈസ്ഡ് ആയി ഒരു ടീമെന്ന പോലെ കളിക്കുന്ന സെർബിയൻ ഡിഫൻസിനെ കീഴ്പ്പെടുത്തുക അത്ര എളുപ്പമായിരുന്നില്ല. ഡീപായി ഡിഫൻഡ് ചെയ്യാൻ സെർബിയ തീരുമാനിച്ചത് കൊണ്ട് അറ്റാക്കിംഗ് തേർഡിൽ സ്പേസ് കണ്ടെത്താൻ ബ്രസീൽ പ്രയാസപ്പെട്ടു.

20ആം മിനുട്ടിൽ കസമേറോയുടെ ഒരു ലോങ് റേഞ്ചർ ആയിരുന്നു സെർബിയയെ സമ്മർദ്ദത്തിൽ ആക്കിയ ആദ്യ ഗോൾ ശ്രമം. പക്ഷെ ഗോൾ കീപ്പർ മിലിങ്കോവിച് സാവിച് പതറിയില്ല. 34ആം മിനുട്ടിൽ പക്വേറ്റയും റഫീഞ്ഞയും ചേർന്ന് നടത്തിയ നീക്കം സെർബിയൻ ഡിഫൻസ് തുറന്നു എങ്കിലും റഫീഞ്ഞയുടെ ഇടം കാലൻ ഷോട്ട് ഗോൾ കീപ്പർക്ക് നേരെ ആയത് കളി ഗോൾ രഹിതമായി നിർത്തി.

വിനീഷ്യസും നെയ്മറും നടത്തിയ അറ്റാക്കിംഗ് റണ്ണുകൾ എല്ലാം ആദ്യ പകുതിയിൽ ഫലമില്ലാത്ത റണ്ണുകളാക്കി മാറ്റാൻ സെർബിയക്ക് ആയി. ബ്രസീൽ സ്ട്രൈക്കർ റിച്ചാർലിസൺ ആകട്ടെ ആദ്യ പകുതിയിൽ അധികം പന്ത് തൊട്ടതുമില്ല.

40ആം മിനുട്ടിൽ കസമേറൊയുടെ പാസിൽ നിന്ന് വിനീഷ്യസിന് ഒരു സുവർണ്ണാവസരം ലഭിച്ചു. വിനീഷ്യസിന്റെ ഷോട്ട് പക്ഷെ ടാർഗറ്റിൽ നിന്ന് ഏറെ വിദൂരത്തേക്കാണ് പോയത്.

ഏത് പ്രതിരോധകോട്ടയും പൊളിക്കാവുന്ന മുന്നേറ്റവും ആയി സെർബിയ ലോകകപ്പിന് എത്തുന്നു

ലോകകപ്പിൽ ഏത് പ്രതിരോധത്തെയും തകർക്കാവുന്ന മുന്നേറ്റനിരയും ആയി സെർബിയ ലോകകപ്പിന് എത്തുന്നു. ഇറ്റാലിയൻ സീരി എയിൽ നിന്നു 11 താരങ്ങൾ അടങ്ങിയ 26 അംഗ ടീമിനെ ആണ് സെർബിയ പ്രഖ്യാപിച്ചത്. തുസാൻ ടാടിച്ചിന്റെ നേതൃത്വത്തിൽ ഇറങ്ങുന്ന സെർബിയൻ മുന്നേറ്റം ലോകോത്തരം ആണ്. അയാക്‌സിന്റെ ടാടിച്ചിനു പിറകെ ഫുൾഹാമിനു ആയി പ്രീമിയർ ലീഗിൽ ഗോൾ അടിച്ചു കൂട്ടുന്ന അലക്‌സാണ്ടർ മിട്രോവിച് അവരുടെ പ്രധാന കരുത്ത് ആവും.

ഇതിനു പുറമെ യുവന്റസിന്റെ തുസാൻ വ്ലാഹോവിച്, ഫിലിപ് കോസ്റ്റിച് എന്നിവർക്ക് പുറമെ ഫിയറന്റീനയുടെ ലൂക ജോവിച്ചും മുന്നേറ്റത്തിൽ ഉണ്ട്. മധ്യനിരയിൽ ലാസിയോയുടെ എഞ്ചിൻ ആയ മിലിൻകോവിച്-സാവിച് ആണ് സെർബിയയുടെ ഹൃദയം. അതേസമയം നിലവിൽ റോമയിൽ കളിക്കുന്ന 34 കാരനായ മാറ്റിചിന് ടീമിൽ ഇടം ലഭിച്ചില്ല. യൂറോപ്പിലെ മുൻനിര ടീമുകളിൽ കളിക്കുന്ന താരങ്ങൾ അടങ്ങിയ സെർബിയയെ അത്ര എളുപ്പത്തിൽ ആർക്കും എഴുതി തള്ളാൻ ആവില്ല. പോർച്ചുഗലിനെ മറികടന്നു ലോകകപ്പ് യോഗ്യത നേടിയ സെർബിയ അത് തെളിയിച്ചതും ആണ്. ബ്രസീൽ, സ്വിസർലാന്റ്, കാമറൂൺ എന്നിവർ അടങ്ങിയ ഗ്രൂപ്പ് ജിയിൽ ആണ് സെർബിയ ലോകകപ്പിൽ.

ഡേവിസ് കപ്പ്, ഇന്ത്യയ്ക്കെതിരെ 2-0 ലീഡ് നേടി സെര്‍ബിയ

ഡേവിസ് കപ്പ് ലോക ഗ്രൂപ്പ് പ്ലേ ഓഫ് മത്സരത്തില്‍ ഇന്ത്യയ്ക്ക് ആദ്യ ദിവസം തോല്‍വിയോടെ തുടക്കം. മത്സരത്തിന്റെ ആദ്യ രണ്ട് സിംഗിള്‍സ് മത്സരങ്ങളിലും പരാജയം ഏറ്റുവാങ്ങിയ ഇന്ത്യ 0-2നു പിന്നിലാണ്. രാം കുമാര്‍ രാമനാഥന്‍, പ്രജ്നേഷ് ഗുണ്ണേശ്വരന്‍ എന്നിവരാണ് ആദ്യ സിംഗിള്‍സുകളില്‍ പരാജയമേറ്റു വാങ്ങിയത്.

3-6, 6-4, 7-6 (2), 6-2 എന്ന സ്കോറിനു ലാസ്‍ലോ ജെറേ ആണ് രാംകുമാര്‍ രാമനാഥനെ പരാജയപ്പെടുത്തിയത്. ആദ്യ സെറ്റ് രാമനാഥന്‍ നേടിയെങ്കിലും പിന്നീട് സെര്‍ബിയന്‍ താരം മികച്ച തിരിച്ചുവരവ് നടത്തുകയായിരുന്നു. രണ്ടാം മത്സരത്തില്‍ പ്രജ്നേഷ് ഗുണ്ണേശ്വരന്‍ സെര്‍ബിയന്‍ താരം ഡുസാന്‍ ലാജോവിക്കിനോട് പരാജയം ഏറ്റുവാങ്ങി. സ്കോര്‍: 4-6, 3-6, 4-6

നാളെ ഡബിള്‍സില്‍ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ-ശ്രീറാം ബാലാജി സഖ്യം ഇന്ത്യയുടെ ആദ്യ ജയം പ്രതീക്ഷിച്ച് ഇറങ്ങും.

Exit mobile version