പാകിസ്ഥാൻ ഏകദിന ടീമിന്റെ പുതിയ ക്യാപ്റ്റനായി ഷഹീൻ അഫ്രീദി


ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ വരാനിരിക്കുന്ന ഹോം പരമ്പരയ്ക്ക് മുന്നോടിയായി പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) സുപ്രധാനമായ നേതൃമാറ്റം പ്രഖ്യാപിച്ചു. ഷഹീൻ അഫ്രീദിയെ പാകിസ്ഥാൻ ഏകദിന ക്രിക്കറ്റ് ടീമിന്റെ പുതിയ ക്യാപ്റ്റനായി നിയമിച്ചു. 20 മത്സരങ്ങളിൽ 9 വിജയവും 11 തോൽവിയും എന്ന സമ്മിശ്ര റെക്കോർഡുണ്ടായിരുന്ന മുഹമ്മദ് റിസ്വാനെ മാറ്റിയാണ് ഷഹീൻ അഫ്രീദിയെ പുതിയ ക്യാപ്റ്റനായി നിയമിച്ചത്.


പിസിബി ഉദ്യോഗസ്ഥരും, മുഖ്യ പരിശീലകൻ മൈക്ക് ഹെസ്സനും, സെലക്ഷൻ കമ്മിറ്റിയും പങ്കെടുത്ത യോഗത്തിലാണ് ഈ തീരുമാനം അന്തിമമാക്കിയത്. 25 വയസ്സുള്ള ഇടംകൈയ്യൻ ഫാസ്റ്റ് ബൗളറായ അഫ്രീദി, പരിമിത ഓവർ ക്രിക്കറ്റിൽ 249 വിക്കറ്റുകൾ നേടി പാകിസ്ഥാന്റെ പ്രധാന മാച്ച് വിന്നർമാരിൽ ഒരാളാണ്.


2025-ന്റെ തുടക്കത്തിൽ ടി20 നേതൃസ്ഥാനം ഒഴിഞ്ഞതിന് ശേഷം ഷഹീൻ വീണ്ടും ക്യാപ്റ്റൻ സ്ഥാനത്തേക്ക് എത്തുന്നതിനെയാണ് ഈ മാറ്റം സൂചിപ്പിക്കുന്നത്. നവംബർ 4-ന് ഫൈസലാബാദിലെ ഇഖ്ബാൽ സ്റ്റേഡിയത്തിൽ ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പരയോടെ അഫ്രീദിയുടെ ക്യാപ്റ്റൻസി ആരംഭിക്കും.

ഏഷ്യാ കപ്പ് 2025: യുഎഇയെ വീഴ്ത്തി പാകിസ്ഥാൻ സൂപ്പർ ഫോറിൽ


ദുബായ്: ഏഷ്യാ കപ്പ് 2025-ൽ യുഎഇയെ 41 റൺസിന് തോൽപ്പിച്ച് പാകിസ്ഥാൻ സൂപ്പർ 4 ഘട്ടത്തിലേക്ക് മുന്നേറി. ഇന്ത്യയുമായുള്ള മത്സരത്തിന് ശേഷം നടന്ന “ഹാൻഡ്ഷേക്ക് വിവാദ”ത്തെ തുടർന്ന് പാകിസ്ഥാൻ മത്സരത്തിൽ പങ്കെടുക്കുമോ എന്ന ആശങ്ക നിലനിന്നിരുന്നതിനാൽ മത്സരം വൈകിയാണ് ഇന്ന് തുടങ്ങിയത്.


ബാറ്റിങ്ങിൽ ഫഖർ സമാൻ (36 പന്തിൽ 50), ഷഹീൻ ഷാ അഫ്രീദി (29*), എന്നിവരുടെ പ്രകടനം പാകിസ്ഥാന് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചു. നിശ്ചിത 20 ഓവറിൽ 9 വിക്കറ്റ് നഷ്ടത്തിൽ 146 റൺസാണ് പാകിസ്ഥാൻ നേടിയത്. യുഎഇ ബൗളർമാരായ ജുനൈദ് സിദ്ദിഖ് (4/18), സിമ്രൻജീത് സിംഗ് (3/26) എന്നിവർ പാകിസ്ഥാന്റെ മുൻനിരയെ തകർത്ത പ്രകടനമാണ് നടത്തിയത്.


എന്നാൽ, പാകിസ്ഥാൻ ബൗളിങ്ങിന് മുന്നിൽ യുഎഇക്ക് പിടിച്ചുനിൽക്കാനായില്ല. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ നഷ്ടപ്പെട്ട അവർക്ക് കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ സാധിക്കാതെ വന്നതോടെ 105 റൺസിന് ഓൾ ഔട്ടായി.
ഈ വിജയത്തോടെ പാകിസ്ഥാൻ സൂപ്പർ 4-ലേക്ക് യോഗ്യത നേടി. ഗ്രൂപ്പ് എയിൽ നിന്ന് മികച്ച നെറ്റ് റൺറേറ്റോടെ ഇന്ത്യ നേരത്തെ തന്നെ സൂപ്പർ ഫോറിലേക്ക് പ്രവേശിച്ചിരുന്നു. ഇതോടെ അടുത്ത സൂപ്പർ 4 ഘട്ടത്തിൽ ഇന്ത്യയും പാകിസ്ഥാനും വീണ്ടും ഏറ്റുമുട്ടും.

ലക്ഷപ്രഭു ആവുകയാണ് ഷഹീൻ അഫ്രീദിയുടെ പരിഗണന, രൂക്ഷ വിമർശനവുമായി വസീം അക്രം

ഓസ്‌ട്രേലിയയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റിൽ ഫാസ്റ്റ് ബൗളർ ഷഹീൻ ഷാ അഫ്രീദിക്ക് വിശ്രമം അനുവദിച്ചതിനെ വിമർശിച്ച് മുൻ പാകിസ്ഥാൻ പേസ് ഇതിഹാസം വസീം അക്രം. ഈ തീരുമാനത്തിന് മാനേജ്‌മെന്റുമായി യാതൊരു ബന്ധവുമില്ലെന്നും അത് ഷഹീന്റെ മാത്രം തീരുമാനമാണെന്നും വസീം അവകാശപ്പെട്ടു. ടി20 ഫോർമാറ്റുകൾക്ക് മുൻഗണന നൽകുമ്പോൾ “നിങ്ങൾ മികച്ച ക്രിക്കറ്റർ ആകാൻ ആണോ അതോ കോടീശ്വരനാകണോ” ശ്രമിക്കുന്നത് എന്ന് അക്രം ചോദിക്കുന്നു‌.

“ഇതിന് ശേഷം ന്യൂസിലൻഡിൽ അഞ്ച് ടി20 മത്സരങ്ങളുണ്ട്, ഷഹീനാണ് ക്യാപ്റ്റൻ,എന്നാൽ ടി20 ക്രിക്കറ്റ് ആരാണ് ശ്രദ്ധിക്കുന്നത്? അത് വിനോദത്തിനും ക്രിക്കറ്റ് ബോർഡുകൾക്കും കളിക്കാർക്കും സാമ്പത്തിക നേട്ടത്തിനും വേണ്ടിയാണെന്ന് ഞാൻ മനസ്സിലാക്കുന്നു, പക്ഷേ ടെസ്റ്റ് ക്രിക്കറ്റാണ് ആത്യന്തികമെന്ന് ക്രിക്കറ്റ് കളിക്കാർ അറിയണം.” അക്രം പറഞ്ഞു

“20 വർഷം മുമ്പ് സിഡ്‌നിയിൽ നടന്ന ഈ ടെസ്റ്റിൽ എന്താണ് സംഭവിച്ചതെന്ന് നമ്മൾ സംസാരിക്കുകയാണെങ്കിൽ, ഇന്നലെ രാത്രി ടി20യിൽ എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ല. അതാണ് വ്യത്യാസം. നിങ്ങൾ കളിയിൽ മികച്ചവരാകണമെങ്കിൽ അവർ മനസ്സിലാക്കുകയും പഠിക്കുകയും വേണം. ഒരു കോടീശ്വരനാകാൻ ആഗ്രഹിക്കുന്നു എങ്കിൽ നിങ്ങൾക്ക് ആകാം, പക്ഷേ കുറച്ചുകൂടി വിവേകത്തോടെ വേണം” അദ്ദേഹം പറഞ്ഞു.

ഷഹീൻ അഫ്രീദി ലോക റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്

ഷഹീൻ അഫ്രീദി ഏകദിന റാങ്കിംഗിൽ ഒന്നാം സ്ഥാനത്ത്‌. ഏഴ് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി ആണ് ഏകദിന ബൗളിംഗ് റാങ്കിങ്ങിൽ ഷഹീൻ ഒന്നാം സ്ഥാനത്തെത്തിയത്. 673 റേറ്റിംഗ് പോയിന്റുമായി ഓസ്‌ട്രേലിയൻ ഫാസ്റ്റ് ബൗളർ ജോഷ് ഹാസിൽവുഡിനെയാണ് ഇടങ്കയ്യൻ പേസർ മറികടന്നത്.

ഇന്നലെ തന്റെ 51-ാം മത്സരത്തിൽ ഏകദിനത്തിൽ ഏറ്റവും വേഗത്തിൽ 100 ​​വിക്കറ്റ് വീഴ്ത്തുന്ന പേസർ ആയി ഷഹീൻ മാറിയിരുന്നു. ഈ ലോകകപ്പിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 16 വിക്കറ്റുകൾ ഷഹീൻ വീഴ്ത്തി കഴിഞ്ഞു.

ഹേസിൽവുഡ്, ഇന്ത്യയുടെ മുഹമ്മദ് സിറാജ്, ദക്ഷിണാഫ്രിക്കയുടെ കേശവ് മഹാരാജ്, ന്യൂസിലൻഡിന്റെ ട്രെന്റ് ബോൾട്ട്, അഫ്ഗാനിസ്ഥാന്റെ റാഷിദ് ഖാൻ, ഇന്ത്യയുടെ കുൽദീപ് യാദവ്, അഫ്ഗാനിസ്ഥാന്റെ മുജീബ് ഉർ റഹ്മാൻ എന്നിവർ റാങ്കിംഗിൽ ഒരോ സ്ഥാനം വീതം താഴേക്ക് പോയി.

“ഷഹീൻ അഫ്രീദി വസീം അക്രമല്ല, ഇത്രയധികം ഹൈപ്പ് ചെയ്യേണ്ട ആവശ്യമില്ല” രവി ശാസ്ത്രി

പാകിസ്താൻ ബൗളർ ആയ ഷഹീൻ ഷാ അഫ്രീദിയെ വിമർശിച്ച് രവി ശാസ്ത്രി. ഇന്നലെ ഷഹീൻ രണ്ട് വിക്കറ്റുകൾ നേടിയിരുന്നു എങ്കിലും ഇന്ത്യക്ക് കാര്യമായ വെല്ലുവിളി അദ്ദേഹം ഉയർത്തിയിരുന്നില്ല. ഷഹീൻ ഒരു നല്ല ബൗളറാണ്, പുതിയ പന്തിൽ ഒരു വിക്കറ്റ് നേടാനാകും. പക്ഷേ, നസീം ഷാ കളിക്കുന്നില്ലെങ്കിൽ പാക്കിസ്ഥാന്റെ ബൗളിംഗിന്റെ നിലവാരം ഇതുപോലെയാണെന്ന് സമ്മതിക്കേണ്ടി വരും. രവി ശാസ്ത്രി പറഞ്ഞു.

“ഷഹീൻ വസീം അക്രമല്ല. അവൻ ഒരു നല്ല ബൗളറാണ്, പക്ഷേ നമ്മൾ അദ്ദേഹത്തെ ഇത്രയധികം ഹൈപ്പ് ചെയ്യേണ്ട ആവശ്യമില്ല. ഒരു കളിക്കാരൻ കേവലം ഒരു നല്ല കളിക്കാരനാണെങ്കിൽ, അവൻ ഒരു നല്ല കളിക്കാരനാണെന്ന് പറയുന്നതിൽ നമ്മുടെ പ്രശംസ പരിമിതപ്പെടുത്തണം. അവൻ ഒരു മികച്ച കളിക്കാരനല്ല, ഞങ്ങൾ അത് സമ്മതിക്കണം” രവി ശാസ്ത്രി പറഞ്ഞു.

ബുമ്രയുടെ കുഞ്ഞിന് സമ്മാനവുമായി പാകിസ്താൻ താരം ഷഹീൻ ഷാ അഫ്രീദി!!

കൊളംബോയിൽ ഇന്ന് മഴ കാരണം മത്സരം പകുതിക്കു നിന്നു എങ്കിലും പാകിസ്താൻ പേസർ ഷഹീൻ അഫ്രീദിയുടെ ഒരു സമ്മാനം ക്രിക്കറ്റ് ആരാധകർക്ക് സന്തോഷം നൽകി. പുതുതായി അച്ഛൻ ആയ ജസ്പ്രീത് ബുംറയെ അഭിനന്ദിക്കാൻ എത്തിയ ഷഹീൻ ഷാ അഫ്രീദി ടീം ഹോട്ടലിലേക്ക് മടങ്ങുന്നതിന് മുമ്പ് ബുംറയുടെ നവജാത ശിശുവിന് ഒരു സമ്മാനം നൽകി. ഷഹീൻ ബുമ്രക്ക് സമ്മാനം നൽകുന്ന വീഡിയോ പാകിസ്താൻ ക്രിക്കറ്റിന്റെ ഔദ്യോഗിക അക്കൗണ്ട് സാമൂഹിക മാധ്യമങ്ങളിലൂടെ പങ്കുവെച്ചു.

ഷഹീൻ അഫ്രീദി ചുവപ്പ് നിറത്തിലുള്ള സമ്മാനം പൊതിഞ്ഞ പെട്ടി ജസ്പ്രീത് ബുംറയ്ക്ക് കൈമാറി. പാകിസ്ഥാൻ പേസർ ബുംറയെ അഭിനന്ദിക്കുകയും ബുന്രയുടെ നവജാത ശിശുവിന് നല്ല ആരോഗ്യവും സന്തോഷവും നേരുകയും ചെയ്തു. ബുമ്ര ഈ സമ്മാനത്തിന് ഷഹീന് നന്ദി പറഞ്ഞു. ഇത് ഏറെ മധുരമുള്ള നിമിഷമാണെന്നും ബുമ്ര പറഞ്ഞു.

താൻ ഷഹീൻ അഫ്രീദിയുടെ ആരാധകൻ ആണെന്ന് ബ്രോഡ്

അടുത്തിടെ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ഇംഗ്ലണ്ട് താരം സ്റ്റുവർട്ട് ബ്രോഡ്, താൻ പാകിസ്ഥാൻ ഇടംകൈയ്യൻ സ്പീഡ്സ്റ്റർ ഷഹീൻ ഷാ അഫ്രീദിയുടെ കടുത്ത ആരാധകനാണെന്ന് പറഞ്ഞു. ദി ഹൺറഡിൽ വെൽഷ് ഫയറിന് വേണ്ടി മികച്ച് പ്രകടനം നടത്തുകയാണ് ഷഹീൻ ഇപ്പോൾ.

“ഈ ലോകത്ത് ഞാൻ കളി കാണാൻ ആഗ്രഹിക്കുന്ന എന്റെ പ്രിയപ്പെട്ട ബൗളർമാരിൽ ഒരാളാണ് ഷഹീൻ ഷാ അഫ്രീദി,” ബ്രോഡ് സ്കൈ സ്പോർട്സിനോട് പറഞ്ഞു.

“അവന്റെ ബൗളിങിലെ ആക്ഷനും ഊർജ്ജവും ഉന്മേഷവും ഞാൻ ഇഷ്ടപ്പെടുന്നു. അദ്ദേഹത്തിന് ഒരു സ്വാഭാവിക കഴിവുണ്ട് – പന്ത് വലംകൈയ്യൻമാരിലേക്ക് ഇൻ സ്വിംഗ് ചെയ്ത് വരുന്ന രീതി കാണാൻ വളരെ രസകരമാണ്.” ബ്രോഡ് പറഞ്ഞു.

“ഈ വേനൽക്കാലത്ത് അദ്ദേഹം നോട്ട്‌സ് ഔട്ട്‌ലോകളെ പ്രതിനിധീകരിച്ചു, എന്റെ പ്രിയപ്പെട്ട ടീമണ് ഇത്. ഞാൻ വളരെയധികം ആരാധിക്കുന്ന ബൗളർമാരിൽ ഒരാളാണ് അദ്ദേഹം, അവൻ നല്ല പ്രകടനം നടത്തുന്നത് കാണാൻ ഞാൻ ആഗ്രഹിക്കുന്നു, ”അദ്ദേഹം കൂട്ടിച്ചേർത്തു

Exit mobile version