തനിക്ക് ലഭിച്ച ആ സ്വീകരണം താന്‍ ഒരിക്കലും മറക്കില്ല – ഷഫാലി വര്‍മ്മ

ടി20 ലോകകപ്പില്‍ ഇന്ത്യയ്ക്ക് മിന്നും പ്രകടനം നല്‍കിയ താരമാണ് ഷഫാലി വര്‍മ്മ. ഷഫാലിയുടെ ഓപ്പണിംഗ് സ്ഥാനത്തെ വെടിക്കെട്ട് പ്രകടനത്തിന്റെ ബലത്തില്‍ അനായാസം സെമിയിലേക്ക് കടന്ന ഇന്ത്യ സെമിയില്‍ മഴ നിയമത്തിന്റെ ബലത്തില്‍ മുന്നോട്ട് നീങ്ങിയെങ്കിലും ഫൈനലില്‍ ഓസ്ട്രേലിയയോട് തോല്‍വിയേറ്റ് വാങ്ങുകയായിരുന്നു. മത്സരത്തില്‍ ഷഫാലി വേഗം പുറത്തായതും ഇന്ത്യയ്ക്ക് തിരിച്ചടിയായി.

5 ഇന്നിംഗ്സില്‍ നിന്ന് 1633 റണ്‍സ് നേടിയ ഷഫാലിയുടെ മികവില്‍ ഇന്ത്യ അപരാജിതരായാണ് ഫൈനലിലേക്ക് എത്തിയത്. വെറും 17 വയസ്സില്‍ താഴെ മാത്രം പ്രായമുള്ള താരം ഓപ്പണിംഗില്‍ ഇറങ്ങി അടിച്ച് തകര്‍ക്കുകയാണ് പതിവ്. ലോകകപ്പ് കഴിഞ്ഞ് തന്റെ പട്ടണമായ ഹരിയാനയിലെ റോഹ്ടക്കില്‍ എത്തിയ താരത്തിന്റെ ലഭിച്ച സ്വീകരണം താന്‍ ഒരിക്കലും മറക്കില്ലെന്നാണ് ഷഫാലി പറഞ്ഞത്.

താനൊരു സ്വപ്നത്തിലെന്ന പോലെയാണ് ആ കാഴ്ചകളെ കാണുന്നതെന്ന് തനിക്ക് ലഭിച്ച വമ്പന്‍ സ്വീകരണത്തെ ഓര്‍ത്തെടുത്ത് താരം അഭിപ്രായപ്പെട്ടു. പാട്ടും ഡാന്‍സും ധോലിന്റെ ശബ്ദവുമെല്ലാമായി ഒരു ആഘോഷാന്തരീക്ഷമായിരുന്നു. ലോകത്ത് എല്ലാവര്‍ക്കും ലഭിയ്ക്കുന്ന ഭാഗ്യമല്ല ഒരു ലോകകപ്പ് ഫൈനല്‍ കളിക്കുക എന്നത്. ഈ ചെറിയ പ്രായത്തില്‍ മികച്ച ഒരു പറ്റം ക്രിക്കറ്റര്‍മാര്‍ക്കൊപ്പം തനിക്ക് അതിന് സാധിച്ചുവെന്നത് വലിയ കാര്യമായി കാണുന്നുവെന്ന് ഷഫാലി പറഞ്ഞു.

വനിത റാങ്കിങ്ങിൽ ഷെഫാലി വർമ്മ പിറകോട്ട്, ബെത് മൂണി ഒന്നാം സ്ഥാനത്ത്

ഐ.സി.സിയുടെ ഏറ്റവും പുതിയ വനിതാ ടി20 ബാറ്റിംഗ് റാങ്കിങ്ങിൽ ഇന്ത്യൻ യുവതാരം ഷെഫാലി വർമ്മ മൂന്നാം സ്ഥാനത്ത്. കഴിഞ്ഞ റാങ്കിങ് സമയത്ത് ഷെഫാലി വർമ്മ ഒന്നാം സ്ഥാനത്ത് ആയിരുന്നു. അതെ സമയം ഓസ്‌ട്രേലിയൻ താരം ബെത് മൂണി ഒന്നാം സ്ഥാനത്ത് എത്തി. 762 റേറ്റിംഗ് പോയിന്റുമായാണ് മൂണി ഒന്നാം സ്ഥാനത്ത് എത്തിയത്. 750 റേറ്റിംഗ് പോയിന്റുമായി ന്യൂസിലാൻഡ് താരം സൂസി ബേറ്റ്സ് രണ്ടാം സ്ഥാനത്തും 744 റേറ്റിംഗ് പോയിന്റുമായി ഷെഫാലി വർമ്മ മൂന്നാം സ്ഥാനത്തുമാണ്.

ടി20 ലോകകപ്പിൽ പുറത്തെടുത്ത മികച്ച പ്രകടനമാണ് മൂണിയെ റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തിച്ചത്. ലോകകപ്പിൽ 64 റൺസ് ആവറേജുമായി മൂണി 259 റൺസാണ് സ്വന്തമാക്കിയത്. ഒരു ടി20 ലോകകപ്പിൽ ഒരു താരം നേടുന്ന ഏറ്റവും കൂടുതൽ റൺസായിരുന്നു ഇത്. കൂടാതെ ടൂർണമെന്റിന്റെ താരവും ബെത് മൂണി തന്നെയായിരുന്നു. ആദ്യമായാണ് മൂണി റാങ്കിങ്ങിൽ ഒന്നാം സ്ഥാനത്ത് എത്തുന്നത്. നേരത്തെ ആറാം സ്ഥാനത്ത് ഉണ്ടായിരുന്ന ഇന്ത്യൻ താരം സ്‌മൃതി മന്ദനാ ഒരു സ്ഥാനം താഴോട്ട് ഇറങ്ങി ഏഴാം സ്ഥാനത്താണ്.

രാധ യാദവിന് 4 വിക്കറ്റ്, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം, ശ്രീലങ്കയ്ക്കെതിരെ മികച്ച വിജയവുമായി ഇന്ത്യ

വനിത ടി20 ലോകകപ്പില്‍ തങ്ങളുടെ അവസാന മത്സരത്തിലും വിജയിച്ച് ജൈത്രയാത്ര തുടര്‍ന്ന് ഇന്ത്യ. ഇന്ന് നടന്ന മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയെ 113/9 എന്ന സ്കോറില്‍ ഒതുക്കിയ ശേഷം ഷഫാലി വര്‍മ്മയുടെ വെടിക്കെട്ട് പ്രകടനത്തിന്റെ മികവില്‍ ഇന്ത്യ 7 വിക്കറ്റ് വിജയം നേടുകയായിരുന്നു.

ഇന്ത്യ ചെറിയ ലക്ഷ്യം 3 വിക്കറ്റ് നഷ്ടത്തില്‍ 14.4 ഓവറില്‍ മറികടക്കുകയായിരുന്നു. ഷഫാലി 34 പന്തില്‍ 47 റണ്‍സുമായി തന്റെ ഫോം തുടര്‍ന്നപ്പോള്‍ സ്മൃതി മന്ഥാന(17), ഹര്‍മ്മന്‍പ്രീത് കൗര്‍(15) എന്നിവരും റണ്‍സ് കണ്ടെത്തി.

നേരത്തെ ശ്രീലങ്കയുടെ നടുവൊടിച്ചത് 4 വിക്കറ്റുകള്‍ നേടിയ രാധ യാദവ് ആയിരുന്നു. രാജേശ്വരി ഗായക്വാഡ് രണ്ട് വിക്കറ്റും നേടി. ശ്രീലങ്കയ്ക്കായി ക്യാപ്റ്റന്‍ ചാമരി അട്ടപ്പട്ടു 33 റണ്‍സുമായി ടോപ് സ്കോറര്‍ ആയപ്പോള്‍ വാലറ്റത്തില്‍ പുറത്താകാതെ 25 റണ്‍സ് നേടിയ കവിഷ ദില്‍ഹാരിയാണ് ടീമിനെ 113 എന്ന സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത്.

ആണ്‍കുട്ടികളോടൊപ്പമുള്ള പരിശീലനം ഗുണം ചെയ്യുന്നു, അവര്‍ക്ക് നന്ദി

ലോകകപ്പില്‍ മിന്നും സ്ട്രൈക്ക് റേറ്റോടെ ഇന്ത്യയ്ക്ക് ഇതുവരെയുള്ള മത്സരങ്ങളില്‍ വെടിക്കെട്ട് തുടക്കം നല്‍കുകയും ന്യൂസിലാണ്ടിനെതിരെയുള്ള മത്സരത്തിലെ പ്രകടനം താരത്തെ കളിയിലെ താരമായി തിരഞ്ഞെടുക്കുവാനും കാരണമായിട്ടുണ്ട്. പവര്‍പ്ലേയില്‍ മികച്ച തുടക്കമാണ് തന്റെ ലക്ഷ്യമെന്നും അതിന് സാധിച്ചതില്‍ സന്തോഷമുണ്ടെന്നും ഷഫാലി വ്യക്തമാക്കി.

താന്‍ ആണ്‍കുട്ടികളോടൊപ്പമാണ് ഏറെ സമയം പരിശീലനം നടത്തുന്നതെന്നും തനിക്കൊപ്പം പരിശീലനം ചെയ്ത് മികച്ച പ്രകടനം പുറത്തെടുക്കുവാന്‍ സഹായിച്ച എല്ലാ ആണ്‍കുട്ടികള്‍ക്കും തന്റെ പിതാവിനുമാണ് താന്‍ നന്ദിയര്‍പ്പിക്കുന്നതെന്ന് 16 വയസ്സുകാരി വ്യക്തമാക്കി.

വീണ്ടും കസറി ഷഫാലി, മികവ് പുലര്‍ത്താനാകാതെ ബാക്കി താരങ്ങള്‍ക്ക്, ഇന്ത്യയ്ക്ക് 133 റണ്‍സ്

ന്യൂസിലാണ്ടിനെതിരെ വനിത ലോക ടി20യില്‍ ഇന്ത്യയ്ക്ക് 133/8 എന്ന സ്കോര്‍. ഇന്ന് നടന്ന ഇന്ത്യയുടെ മൂന്നാം മത്സരത്തില്‍ ഷഫാലി വര്‍മ്മ ടോപ് ഓര്‍ഡറില്‍ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം ഇന്ത്യയ്ക്ക് വലിയ സ്കോറെന്ന പ്രതീക്ഷയ്ക്കൊത്തുയരാന്‍ കഴിയാതെ പോകുകയായിരുന്നു. 34 പന്തില്‍ നിന്ന് 46 റണ്‍സ് നേടിയ ഷഫാലി മൂന്ന് സിക്സും നാല് ഫോറും നേടിയപ്പോള്‍ ടീമിന്റെ രണ്ടാമത്തെ ടോപ് സ്കോറര്‍ 23 റണ്‍സ് നേടിയ താനിയ ഭാട്ടിയ ആയിരുന്നു.

9 ഓവറില്‍ ഒരു വിക്കറ്റ് നഷ്ടത്തില്‍ 68 റണ്‍സ് നേടിയ ടീം പിന്നെ തുടരെ വിക്കറ്റുകള്‍ വീണപ്പോള്‍ 111/7 എന്ന നിലയില്‍ ആവുകയായിരുന്നു. ഷഫാലി പുറത്താകുമ്പോള്‍ ഇന്ത്യ 13.5 ഓവറില്‍ 95/5 എന്ന നിലയിലായിരുന്നു. അവസാന ഓവറുകളില്‍ എട്ടാം വിക്കറ്റ് കൂട്ടുകെട്ട് നേടിയ 22 റണ്‍സ് കൂട്ടുകെട്ടാണ് ഇന്ത്യയുടെ സ്കോര്‍ 133 റണ്‍സിലേക്ക് എത്തിച്ചത്.

ന്യൂസിലാണ്ടിനായി റോസ് മേരി മെയ്ര്‍, അമേലിയ കെര്‍ എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

ബംഗ്ലാദേശിനെതിരെ 142 റണ്‍സ് നേടി ഇന്ത്യ, ഷഫാലിയുടെ വെടിക്കെട്ട് പ്രകടനം

ഷഫാലി വര്‍മ്മ 17 പന്തില്‍ നിന്ന് 39 റണ്‍സ് നേടി ഇന്ത്യയ്ക്ക് നല്‍കിയ സ്വപ്ന തുല്യമായ തുടക്കത്തിന് ശേഷം ബംഗ്ലാദേശിനെതിരെ 20 ഓവറില്‍ 142/6 എന്ന സ്കോര്‍ നേടി ഇന്ത്യ. ഷഫാലിയ്ക്ക് പുറമെ 34 റണ്‍സ് നേടിയ ജമൈമ റോഡ്രിഗസ് മാത്രമാണ് ഇന്ത്യന്‍ നിരയില്‍ തിളങ്ങിയത്. പിന്നീട് തുടരെ വിക്കറ്റുകള്‍ ഇന്ത്യയ്ക്ക് വീണപ്പോള്‍ വലിയ സ്കോര്‍ നേടാനാകാതെ ടീം 142 റണ്‍സിലേക്ക് ഒതുങ്ങി.

ബംഗ്ലാദേശിനായി സല്‍മ ഖാടുന്‍, പന്ന ഘോഷ് എന്നിവര്‍ രണ്ട് വീതം വിക്കറ്റ് നേടി.

തുടക്കം കസറി ഇന്ത്യ, പിന്നെ തിരിച്ചടിച്ച് ഓസ്ട്രേലിയ, ഇന്ത്യയെ മുന്നോട്ട് നയിച്ചത് ദീപ്തിയുടെ ഇന്നിംഗ്സ്

ഓസ്ട്രേലിയയ്ക്കെതിരെ മിന്നും തുടക്കത്തിന് ശേഷം അധികം റണ്‍സ് നേടാനാകാതെ ഇന്ത്യ. ഇന്ത്യയുടെ ഓപ്പണര്‍ ഷഫാലി വര്‍മ്മ നല്‍കിയ മിന്നും തുടക്കത്തിന് ശേഷം അതിവേഗം സ്കോര്‍ ചെയ്യാനാകാതെ പോയപ്പോള്‍ ഇന്ത്യയ്ക്ക് 20 ഓവറില്‍ നിന്ന് 132 റണ്‍സ് മാത്രമേ 4 വിക്കറ്റ് നഷ്ടത്തില്‍ നേടാനായുള്ളു.

4.1 ഓവറില്‍ 41/1 എന്ന നിലയില്‍ നിന്ന് 47/3 എന്ന നിലയിലേക്ക് വീണ ഇന്ത്യയെ നാലാം വിക്കറ്റില് ജമീമ റോഡ്രിഗസ്-ദീപ്തി ശര്‍മ്മ കൂട്ടുകെട്ടാണ് മുന്നോട്ട് നയിച്ചത്. നേരത്തെ ഷഫാലി 15 പന്തില്‍ നിന്ന് 29 റണ്‍സ് നേടി മികച്ച തുടക്കമാണ് ടീമിന് നല്‍കിയത്.

സ്മൃതി മന്ഥാന(10), ഹര്‍മ്മന്‍പ്രീത് കൗര്‍(2) എന്നിവര്‍ പരാജയപ്പെട്ടപ്പോള്‍ ദീപ്തി ശര്‍മ്മയാണ് ടീമിന്റെ ടോപ് സ്കോറര്‍. ദീപ്തി പുറത്താകാതെ 49 റണ്‍സാണ് നേടിയത്.

ഓസ്ട്രേലിയയ്ക്കായി ജെസ്സ് ജോനാസ്സെന്‍ രണ്ട് വിക്കറ്റ് നേടി.

സച്ചിൻ ടെണ്ടുൽക്കറുടെ 30 വർഷത്തെ റെക്കോർഡ് മറികടന്ന് ഷഫാലി വർമ

അന്തർദേശീയ മത്സരത്തിൽ ഏറ്റവും കുറഞ്ഞ പ്രായത്തിൽ അർദ്ധ സെഞ്ചുറി നേടുന്ന താരമായി ഇന്ത്യൻ വനിതാ ടീം അംഗം ഷഫാലി വർമ്മ. ഇതോടെ ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറുടെ 30 വർഷം മുൻപത്തെ റെക്കോർഡാണ് ഷഫാലി മറികടന്നത്. വെസ്റ്റിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ ടി20 മത്സരത്തിലാണ് ഷഫാലി അർദ്ധ സെഞ്ചുറി നേടി റെക്കോർഡിട്ടത്. മത്സരത്തിൽ 4 സിക്സുകളുടെയും 6 ബൗണ്ടറികളുടെയും സഹായത്താൽ ഷഫാലി 49 പന്തിൽ 73 റൺസ് എടുത്തിരുന്നു .

അർദ്ധ സെഞ്ചുറി നേടിയപ്പോൾ ഷഫാലിയുടെ പ്രായം 15 വർഷവും 285 ദിവസവുമായിരുന്നു. 16 വർഷവും 214 ദിവസവുമെന്ന സച്ചിൻ ടെണ്ടുൽക്കറുടെ റെക്കോർഡാണ് ഇതോടെ ഷഫാലി മറികടന്നത്. മത്സരത്തിൽ സ്‌മൃതി മന്ദനയുമായി ചേർന്ന് 143 റൺസിന്റെ കൂട്ടുകെട്ട് പടുത്തുയർത്തിയ ഷഫാലി ഇന്ത്യയുടെ ഏറ്റവും വലിയ ടി20 കൂട്ടുകെട്ടും സൃഷ്ടിച്ചിരുന്നു. മത്സരത്തിൽ ഇന്ത്യ 84 റൺസിന് ജയിക്കുകയും ചെയ്തിരുന്നു.

Exit mobile version