അര്‍ദ്ധ ശതകത്തിന് ശേഷം ദീപ്തിയും പുറത്ത്, ഇന്ത്യയ്ക്ക് 6 റൺസ് ലീഡ്

ബ്രിസ്റ്റോളിൽ മത്സരത്തിന്റെ അവസാന ദിവസം ആദ്യ സെഷന്‍ അവസാനിക്കുമ്പോള്‍ ഇന്ത്യ 171/3 എന്ന നിലയിൽ. ഷഫാലി വര്‍മ്മ(63) പുറത്തായ ശേഷം ദീപ്തി ശര്‍മ്മയും പൂനം റൗത്തും ചേര്‍ന്ന് 72 റൺസ് മൂന്നാം വിക്കറ്റിൽ നേടിയാണ് ഇന്ത്യയെ മുന്നോട്ട് നയിച്ചിരിക്കുന്നത്. രണ്ട് സെഷനുകള്‍ അതിജീവിച്ച് മത്സരം സമനിലയിലാക്കാമെന്നാകും ഇന്ത്യയുടെ പ്രതീക്ഷ.

Englandwomen

നേരത്തെ രണ്ടാം വിക്കറ്റിൽ ഷഫാലിയും ദീപ്തിയും ചേര്‍ന്ന് 70 റൺസാണ് നേടിയത്. ഷഫാലിയെ സോഫി എക്ലെസ്റ്റോണിന്റെ ഓവറിൽ മികച്ച ഒരു ക്യാച്ചിലൂടെ കാത്തറിന്‍ ബ്രണ്ട് പിടിച്ച് പുറത്താക്കുകയായിരുന്നു. 54 റൺസ് നേടിയ ദീപ്തിയുടെ വിക്കറ്റും എക്ലെസ്റ്റോൺ ആണ് നേടിയത്. 39 റൺസുമായി പൂനം റൗത്ത് ആണ് ക്രീസിലുള്ളത്.

ഇന്ത്യയ്ക്ക് മത്സരത്തിൽ 6 റൺസിന്റെ ലീഡാണുള്ളത്.

ബ്രിസ്റ്റോളിലും അവസാന സെഷന്‍ കവര്‍ന്ന് മഴ, ഷഫാലിയ്ക്ക് അര്‍ദ്ധ ശതകം

സൗത്താംപ്ടണിന് പുറമെ ബ്രിസ്റ്റോളിലും വില്ലനായി മഴ. ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ടെസ്റ്റ് മത്സരത്തിന്റെ മൂന്നാം ദിവസം ഇന്ത്യ രണ്ടാം ഇന്നിംഗ്സിൽ ഫോളോ ഓണിന് വിധേയരായി 83/1 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ വില്ലനായി എത്തിയത്. അവസാന സെഷന്‍ പൂര്‍ണ്ണമായും നഷ്ടപ്പെടുകയായിരുന്നു.

ഷഫാലി വര്‍മ്മയും ദീപ്തി ശര്‍മ്മയും ചേര്‍ന്ന് രണ്ടാം വിക്കറ്റിൽ 54 റൺസ് കൂട്ടിചേര്‍ത്താണ് ഇന്ത്യയെ മുന്നോട്ട് നയിച്ചത്. ഇന്നിംഗ്സ് തോല്‍വി ഒഴിവാക്കുവാന്‍ ഇന്ത്യ ഇനിയും 82 റൺസ് കൂടി നേടേണം. ഷഫാലി 55 റൺസും ദീപ്തി ശര്‍മ്മ 18 റൺസുമാണ് നേടിയിട്ടുള്ളത്.

8 റൺസ് നേടിയ സ്മൃതി മന്ഥാനയുടെ വിക്കറ്റാണ് ഇന്ത്യയ്ക്ക് നഷ്ടമായത്. കാത്തറിന്‍ ബ്രണ്ടിനാണ് വിക്കറ്റ്.

ബ്രിസ്റ്റോളിലും മഴ, ഇന്ത്യ – ഇംഗ്ലണ്ട് മത്സരം നിര്‍ത്തിവെച്ചു

ബ്രിസ്റ്റോളിലും വില്ലനായി മഴ. ആദ്യ ഇന്നിംഗ്സിൽ 231 റൺസിന് ഓള്‍ഔട്ട് ആയ ഇന്ത്യ ഫോളോ ഓൺ ചെയ്ത് രണ്ടാം ഇന്നിംഗ്സിൽ 57/1 എന്ന നിലയിൽ നില്‍ക്കുമ്പോളാണ് മഴ കളിതടസ്സപ്പെടുത്തുന്നത്. നേരത്തെ ല‍ഞ്ചിന് ശേഷവും മഴ കളി തടസ്സപ്പെടുത്തിയിരുന്നു.

സ്മൃതി മന്ഥാനയുടെ വിക്കറ്റ് കാത്തറിന്‍ ബ്രണ്ട് നേടിയപ്പോള്‍ 46 റൺസുമായി ഷഫാലി വര്‍മ്മയും 44 പന്തിൽ ഒരു റൺസുമായി ദീപ്തി ശര്‍മ്മയുമാണ് ഇന്ത്യയുടെ കോട്ട കാക്കുന്നത്.

ഷഫാലിയ്ക്ക് അരങ്ങേറ്റ ശതകം 4 റൺസ് അകലെ നഷ്ടം

തന്റെ അരങ്ങേറ്റ ശതകം നാല് റൺസ് അകലെ നഷ്ടമായി ഷഫാലി വര്‍മ്മ. ഒന്നാം വിക്കറ്റിൽ സ്മൃതി മന്ഥാനയുമായി 167 റൺസ് കൂട്ടുകെട്ട് നേടിയ ശേഷമാണ് താരത്തിന്റെ മടക്കം. 152 പന്തിൽ നിന്ന് 96 റൺസ് നേടിയ ഷഫാലി കേറ്റ് ക്രോസിന് വിക്കറ്റ് നല്‍കിയാണ് മടങ്ങിയത്.

ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 50 ഓവറില്‍ 167/1 എന്ന നിലയിലാണ്.

അരങ്ങേറ്റ ടെസ്റ്റ് അര്‍ദ്ധ ശതകവുമായി ഷഫാലി വര്‍മ്മ, മന്ഥാനയ്ക്കും അര്‍ദ്ധ ശതകം, ഓപ്പണര്‍മാരുടെ ശതക കൂട്ടുകെട്ട്

ഇന്ത്യയ്ക്ക് വേണ്ടി ടെസ്റ്റ് അരങ്ങേറ്റത്തിൽ തന്നെ അര്‍ദ്ധ ശതകം നേടി ഷഫാലി വര്‍മ്മ. ഇംഗ്ലണ്ടിനെതിരെ ബ്രിസ്റ്റോളിൽ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തിലാണ് താരത്തിന്റെ ഈ നേട്ടം. ഇംഗ്ലണ്ട് 396/9 എന്ന സ്കോറിന് ഡിക്ലയര്‍ ചെയ്ത ശേഷം ഇന്ത്യന്‍ ഓപ്പണര്‍മാര്‍ ടീമിന് മികച്ച തുടക്കമാണ് നല്‍കിയത്.

ചായയ്ക്ക് പിരിയുമ്പോള്‍ 63/0 എന്ന നിലയിലായിരുന്ന ഇന്ത്യന്‍ ഓപ്പണര്‍മാര്‍ അതിവേഗത്തിലാണ് അവസാന സെഷനിൽ സ്കോറിംഗ് നടത്തിയത്. ഒടുവിൽ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ ഇന്ത്യ 30 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 112 റൺസാണ് നേടിയത്. 56 റൺസുമായി ഷഫാലി വര്‍മ്മയും 51 റൺസുമായി സ്മൃതി മന്ഥാനയുമാണ് ക്രീസിൽ.

ബ്രിസ്റ്റോളിൽ ഇന്ത്യക്ക് മികച്ച തുടക്കം

ബ്രിസ്റ്റോളിൽ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കി ഓപ്പണര്‍മാര്‍. രണ്ടാം ദിവസം ചായയ്ക്കായി ടീമുകള്‍ പിരിയുമ്പോള്‍ ഇന്ത്യ വിക്കറ്റ് നഷ്ടമില്ലാതെ 63 റൺസ് നേടിയിട്ടുണ്ട്. ഓപ്പണര്‍മാരായ ഷഫാലി വര്‍മ്മയും സ്മൃതി മന്ഥാനയും കരുതലോടെയാണ് ഇന്ത്യയുടെ ഇന്നിംഗ്സ് മുന്നോട്ട് നീക്കിയത്. ഷഫാലി 35 റൺസും സ്മൃതി 27 റൺസും ആണ് നേടിയിട്ടുള്ളത്.

നേരത്തെ ഇംഗ്ലണ്ട് തങ്ങളുടെ ഒന്നാം ഇന്നിംഗ്സ് 396/9 എന്ന നിലയിൽ ഡിക്ലയര്‍ ചെയ്യുകയായിരുന്നു.

ഷഫാലി വര്‍മ്മയ്ക്ക് അരങ്ങേറ്റം, ഇംഗ്ലണ്ട് ആദ്യം ബാറ്റ് ചെയ്യും

ഇംഗ്ലണ്ടിനെതിരെയുള്ള ഏക ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയുടെ ഷഫാലി വര്‍മ്മയ്ക്ക് അരങ്ങേറ്റം. ബ്രിസ്റ്റോളിൽ ഇന്ന് ആരംഭിച്ച മത്സരത്തിൽ ടോസ് നേടി ഇംഗ്ലണ്ട് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. ഇംഗ്ലണ്ട് നിരയിൽ സോഫിയ ഡങ്ക്ലിയും അരങ്ങേറ്റം നടത്തുകയാണ്. ഏഴ് വര്‍ഷത്തിന് ശേഷമാണ് ഇന്ത്യ ഒരു ടെസ്റ്റ് മത്സരത്തിൽ കളിക്കുന്നത്.

ഇംഗ്ലണ്ട് : Lauren Winfield Hill, Tammy Beaumont, Heather Knight(c), Natalie Sciver, Amy Ellen Jones(w), Sophia Dunkley, Georgia Elwiss, Katherine Brunt, Anya Shrubsole, Sophie Ecclestone, Kate Cross

ഇന്ത്യ : : Smriti Mandhana, Shafali Verma, Punam Raut, Mithali Raj(c), Harmanpreet Kaur, Deepti Sharma, Sneh Rana, Taniya Bhatia(w), Jhulan Goswami, Pooja Vastrakar, Shikha Pandey

ഷഫാലി വര്‍മ്മ ആദ്യമായി ഏകദിന-ടെസ്റ്റ് ടീമില്‍, ഇന്ത്യയുടെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ടീം പ്രഖ്യാപിച്ചു

ഇംഗ്ലണ്ടിലേക്കുള്ള ഇന്ത്യയുടെ വനിത സംഘത്തെ പ്രഖ്യാപിച്ചു. 17 വയസ്സുകാരി താരം ഷെഫാലി വര്‍മ്മയ്ക്ക് ആദ്യമായി ഏകദിന-ടെസ്റ്റ് ടീമില്‍ അവസരം ലഭിയ്ക്കുന്നു എന്നതാണ് ഏറ്റവും വലിയ പ്രത്യേകത. ഇന്ത്യ ഏകദിനത്തിനും ടെസ്റ്റിനുമായി 18 അംഗ സംഘത്തെയും ടി20യ്ക്കായി 17 അംഗ സംഘത്തെയുമാണ് പ്രഖ്യാപിച്ചത്. ടി20യില്‍ ഹര്‍മ്മന്‍പ്രീത് കൗറും മറ്റു ഫോര്‍മാറ്റില്‍ മിത്താലി രാജുമാണ് ക്യാപ്റ്റന്മാര്‍.

ജൂണ്‍ 16ന് ബ്രിസ്റ്റോളില്‍ നടക്കുന്ന ഏക ടെസ്റ്റ് മത്സരത്തോടെയാണ് പരമ്പര ആരംഭിയ്ക്കുന്നത്. അതിന് ശേഷം ഏകദിന പരമ്പരയും ടി20 പരമ്പരയും നടക്കും. രമേശ് പവാര്‍ വീണ്ടും കോച്ചായി എത്തിയ ശേഷമുള്ള ഇന്ത്യയുടെ ആദ്യ ടൂര്‍ കൂടിയാണ് ഇത്.

ടെസ്റ്റ് – ഏകദിന സ്ക്വാഡ്: Mithali Raj (capt), Smriti Mandhana, Harmanpreet Kaur (vc), Punam Raut, Priya Punia, Deepti Sharma, Jemimah Rodrigues, Shafali Verma, Sneh Rana, Taniya Bhatia (wk), Indrani Roy (wk), Jhulan Goswami, Shikha Pandey, Pooja Vastrakar, Arundhati Reddy, Poonam Yadav, Ekta Bisht, Radha Yadav.

ടി20 സ്ക്വാഡ്: Harmanpreet Kaur (capt), Smriti Mandhana (vc), Deepti Sharma, Jemimah Rodrigues, Shafali Verma, Richa Ghosh, Harleen Deol, Sneh Rana, Taniya Bhatia (wk), Indrani Roy (wk), Shikha Pandey, Pooja Vastrakar, Arundhati Reddy, Poonam Yadav, Ekta Bisht, Radha Yadav, Simaran Dil Bahadur.

 

ദി ഹണ്ട്രെഡിന് പിന്നാലെ ഷഫാലിയെ തേടി ബിഗ് ബാഷും, സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും

ഈ വരുന്ന വനിത ബിഗ് ബാഷില്‍ ഷഫാലി വര്‍മ്മ സിഡ്നി സിക്സേഴ്സിന് വേണ്ടി കളിക്കും. കഴിഞ്ഞ ദിവസം ദി ഹണ്ട്രെഡില്‍ താരം ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടി കളിക്കുമെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നു. ടി20 ക്രിക്കറ്റില്‍ കഴിഞ്ഞ കുറച്ച് കാലമായുള്ള താരത്തിന്റെ പ്രകടനം ആണ് താരത്തിന് ക്രിക്കറ്റിന്റെ ചെറിയ ഫോര്‍മാറ്റില്‍ ഏറെ ആവശ്യക്കാരുണ്ടാക്കിയത്.

നേരത്തെ താരം സിഡ്നിയിലെ ഒരു ഫ്രാഞ്ചസിയുമായി ചര്‍ച്ചയിലാണെന്ന വാര്‍ത്ത പുറത്ത് വന്നിരുന്നുവെങ്കിലും തണ്ടറാണോ സിക്സേഴ്സ് ആണോ എന്നതില്‍ അവ്യക്തതയുണ്ടായിരുന്നു. ഇപ്പോള്‍ ഫ്രാഞ്ചൈസിയേതെന്ന കാര്യത്തിലും വ്യക്തത വരികയായിരുന്നു.

സിഡ്നി സിക്സേഴ്സിന്റെ കോച്ച് ആണ് ദി ഹണ്ട്രെഡില്‍ ബിര്‍മ്മിംഗാം ഷീനിക്സിന്റെയും കോച്ചെന്നതും താരത്തിനെ ടീമിലേക്ക് എത്തിക്കുവാന്‍ സഹായിച്ചിട്ടുണ്ടെന്ന് വേണം മനസ്സിലാക്കുവാന്‍.

ഷഫാലി വര്‍മ്മ ദി ഹണ്ട്രെഡില്‍ കളിക്കും

ഷഫാലി വര്‍മ്മ ദി ഹണ്ട്രെഡില്‍ കളിക്കും. ഇംഗ്ലണ്ടിലെ ദി ഹണ്ട്രെഡ് ലീഗില്‍ താരം ബിര്‍മ്മിംഗാം ഫീനിക്സിന് വേണ്ടിയാവും കളിക്കുക. ജൂണ്‍ 21ന് ആണ് ലീഗ് ആരംഭിക്കുവാനിരിക്കുന്നത്. ഹര്‍മ്മന്‍പ്രീത് കൗര്‍, സ്മൃതി മന്ഥാന, ജെമീമ റോഡ്രീഗസ്, ദീപ്തി ശര്‍മ്മ എന്നിവരാണ് ലീഗിന്റെ ഉദ്ഘാടന പതിപ്പില്‍ കളിക്കുന്ന മറ്റ് ഇന്ത്യന്‍ താരങ്ങള്‍.

ന്യൂസിലാണ്ട് ഓള്‍റൗണ്ടര്‍ സോഫി ഡിവൈന്‍ ആണ് ഫീനിക്സിനെ നയിക്കുന്നത്.

 

ഏകദിന ടീമിലെത്തുവാന്‍ ഫിറ്റ്നെസ്സില്‍ ശ്രദ്ധ കേന്ദ്രീകരിക്കും – ഷഫാലി വര്‍മ്മ

ഏകദിന ടീമില്‍ നിന്ന് തന്നെ ഒഴിവാക്കിയത് ഫിറ്റ്നെസ്സിന്റെ കാര്യത്തിലായേക്കാമെന്ന് പറഞ്ഞ് ഇന്ത്യയുടെ ടി20യിലെ വെടിക്കെട്ട് ബാറ്റിംഗ് താരം ഷഫാലി വര്‍മ്മ. ടി20യിലെ ഒന്നാം നമ്പര്‍ റാങ്ക് വീണ്ടും സ്വന്തമാക്കിയ ശേഷം സംസാരിക്കുകയായിരുന്നു ഷഫാലി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ അവസാന ടി20യില്‍ താരം 30 പന്തില്‍ 60 റണ്‍സ് നേടി ഇന്ത്യയുടെ ആശ്വാസ ജയത്തിന്റെ ഭാഗമായി മാറിയിരുന്നു. പരമ്പരയിലെ താരമായി ഷഫാലിയെയാണ് തിരഞ്ഞെടുത്തത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് 130 റണ്‍സാണ് ഇന്ത്യന്‍ താരം സ്വന്തമാക്കിയത്.

താരത്തിന്റെ വെടിക്കെട്ട് തുടക്കങ്ങള്‍ ഇന്ത്യയ്ക്ക് ലോകകപ്പിലും ഏറെ ഗുണം ചെയ്തുവെങ്കിലും താരത്തെ ഇന്ത്യ 50 ഓവര്‍ ഫോര്‍മാറ്റില്‍ പരിഗണിക്കുന്നില്ല. അതിന് കാരണം തനിക്ക് എന്തോ കുറവുള്ളതിനാലാണെന്ന് വിശ്വസിക്കുന്ന വ്യക്തിയാണ് താനെന്ന് ഷഫാലി പറഞ്ഞു.

തനിക്ക് വിഷമമുണ്ടായെങ്കിലും താന്‍ ഈ കാര്യത്തില്‍ അതീവ ദുഖിതയായിരുന്നില്ലെന്നും തനിക്ക് ഇനിയും മെച്ചപ്പെടുവാനുണ്ടെന്ന് താന്‍ മനസ്സിലാക്കുന്നുവെന്നും ഷഫാലി പറഞ്ഞു.

മൂന്നാം ടി20യില്‍ ആശ്വാസ വിജയം നേടി ഇന്ത്യ

ദക്ഷിണാഫ്രിക്കയ്ക്കെതിരെ മൂന്നാം ടി20യില്‍ ആധികാരിക വിജയം നേടി ഇന്ത്യ. ദക്ഷിണാഫ്രിക്ക നല്‍കിയ വിജയ ലക്ഷ്യമായ 112 റണ്‍സ് ഒരു വിക്കറ്റ് നഷ്ടത്തില്‍ 11 ഓവറിലാണ് ഇന്ത്യ മറികടന്നത്. നേരത്തെ ആദ്യം ബാറ്റ് ചെയ്ത ദക്ഷിണാഫ്രിക്ക 7 വിക്കറ്റ് നഷ്ടത്തില്‍ 112 റണ്‍സാണ് നേടിയത്.

28 പന്തില്‍ 48 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സ്മൃതി മന്ഥാന പുറത്താകാതെ നിന്നപ്പോള്‍ 30 പന്തില്‍ 60 റണ്‍സ് നേടി വെടിക്കെട്ട് ബാറ്റിംഗ് പ്രകടനം ആണ് ഷഫാലി വര്‍മ്മ പുറത്തെടുത്തത്. 5 സിക്സും ഏഴ് ഫോറുമാണ് താരം നേടിയത്. ഒന്നാം വിക്കറ്റില്‍ 8.3 ഓവറില്‍ ഇരുവരും ചേര്‍ന്ന് 96 റണ്‍സാണ് നേടിയത്.

രാജേശ്വരി ഗായക്വാഡിന്റെ മൂന്ന് വിക്കറ്റ് നേട്ടമാണ് ദക്ഷിണാഫ്രിക്കയുടെ നടുവൊടിച്ചത്. 28 റണ്‍സ് നേടിയ ക്യാപ്റ്റന്‍ സൂനേ ലൂസ് ആണ് ദക്ഷിണാഫ്രിക്കയുടെ ടോപ് സ്കോറര്‍. ലോറ ഗുഡോള്‍ പുറത്താകാതെ 25 റണ്‍സ് നേടി.

Exit mobile version