ആന്ധ്രയെയും പറപ്പിച്ച് കേരളം!! സന്തോഷ് ട്രോഫിയിൽ മൂന്നാം വിജയം

സന്തോഷ് ട്രോഫി ഗ്രൂപ്പ് ഘട്ടത്തിൽ കേരളത്തിന് മൂന്നാം വിജയം. ഇന്ന് ആന്ധ്രാപ്രദേശിനെ നേരിട്ട കേരളം എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് വിജയിച്ചത്.

ഇന്ന് മത്സരം ആരംഭിച്ച് പതിനാറാം മിനുട്ടിൽ ആയിരുന്നു കേരളത്തിന്റെ ആദ്യ ഗോൾ. കഴിഞ്ഞ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയ നിജോ ഗിൽബേർട്ട് ആണ് ഇന്ന് കേരളത്തിന്റെ ഗോൾ വേട്ട ആരംഭിച്ചത്. പതിനെട്ടാം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് കേരളം ലീഡ് ഇരട്ടിയാക്കി. മുഹമ്മദ് സലീമിന്റെ ഇടം കാലൻ ഷോട്ട് ആണ് കേരളത്തിന്റെ രണ്ടാം ഗോളായത്.

ആദ്യ പകുതിയുടെ ഇഞ്ച്വറി ടൈമിൽ മൂന്നാം ഗോൾ വന്നു. നിജോ ഗിൽബേർട്ടിന്റെ ത്രൂ പാസ് സ്വീകരിച്ച് അബ്ദു റഹീം ആണ് കേരളത്തിന്റെ മൂന്നാം ഗോൾ നേടിയത്. രണ്ടാം പകുതിയുടെ തുടക്കത്തിൽ നിജോയുടെ ഒരു കോർണറിൽ നിന്ന് വിശാഖ് മോഹനാണ് നാലാം ഗോൾ നേടിയത്.

62ആം മിനുട്ടിൽ വിഗ്നേഷ് കൂടെ ഗോൾ നേടിയതോടെ വിജയം പൂർത്തിയായി. മൂന്ന് മത്സരങ്ങളിൽ നിന്ന് 9 പോയിന്റുമായി കേരളം ഒന്നാം സ്ഥാനത്ത് നിൽക്കുകയാണ്. നേരത്തെ കേരളം രാജസ്ഥാനെയും ബീഹാറിനെയും തോൽപ്പിച്ചിരുന്നു.

സന്തോഷ് ട്രോഫി, ബീഹാറിനെതിരെ മിസോറാം വിജയം

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ഗ്രൂപ്പ് രണ്ടിലെ ഏഴാം മത്സരത്തിൽ ബീഹാറിനെതിരെ മിസോറം വിജയിച്ചു. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് ആയിരുന്നു മിസോറാമിന്റെ വിജയം. തുടക്കത്തിൽ രണ്ടാം മിനുട്ടിൽ വാൻലാലിലൂടെ മിസോറാം മുന്നിൽ എത്തി. ഈ ഗോളിന് 33ആം മിനുട്ടിൽ മുന്ന മന്ദിയിലൂടെ ബിഹാർ മറുപടി നൽകി.

രണ്ടാം പകുതിയിൽ കളി തീർത്തും മിസോറാമിന്റെ കയ്യിലായി. ലാൽഹിയക്ഡികയുടെ ഇരട്ട ഗോളുകൾ അവർക്ക് വിജയവും നൽകി. അടുത്ത കളിയിൽ വൈകീട്ട് 3 30 മണിക്ക് കേരളം ആന്ധ്രയെ നേരിടും.

സന്തോഷ് ട്രോഫി, രാജസ്ഥാൻ ആന്ധ്രയെ തോൽപ്പിച്ചു

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ഗ്രൂപ്പ് രണ്ട് ആറാമത്തെ മത്സരത്തിൽ ആന്ധ്രക്കെതിരെ രാജസ്ഥാൻ വിജയം നേടി. മറുപടി ഇല്ലാത്ത ഒരു ഗോളിനായിരുന്നു വിജയം. 70ആം മിനുട്ടിൽ യൗരാജ് സിങ് ആണ് രാജസ്ഥാന്റെ വിജയ ഗോൾ നേടിയത്‌. രാജസ്ഥാൻ ആദ്യ മത്സരത്തിൽ കേരളത്തോട് പരാജയപ്പെട്ടിരുന്നു‌‌

ഗ്രൂപ്പിൽ 6 പോയിന്റുമായി കേരളം തന്നെയാണ് ഒന്നാമത്. അടുത്ത കളിയിൽ ജനുവരി 1ന് രാവിലെ 8 മണിക്ക് ബീഹാർ മിസോറാമിനെ നേരിടും. ശേഷം വൈകീട്ട് 3.30 മണിക്ക് കേരളം ആന്ധ്രയെ നേരിടും.

സന്തോഷ് ട്രോഫി, ബീഹാറിനെയും തോൽപ്പിച്ച് കേരളം

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് രണ്ടാം വിജയം‌. ഇന്ന് ഗ്രൂപ്പ് രണ്ടിലെ അഞ്ചാം മത്സരത്തിൽ ബിഹാറിനെ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് കേരളം പരാജയപ്പെടുത്തിയത്‌. നിജോ ഗിൽബേർട്ടിന്റെ ഇരട്ട ഗോളുകൾ കേരളത്തിന് കരുത്തായി.

ആദ്യ പകുതിയിൽ ഒരു ഫ്രീകിക്കിൽ നിന്ന് ആയിരുന്നു നിജോ ഗിൽബേർടിന്റെ ആദ്യ ഗോൾ. അനായാസം തടയാമായിരുന്ന ഫ്രീകിക്ക് തടയാൻ ബിഹാർ ഗോൾ കീപ്പർക്ക് ആയില്ല. അതിന് ശേഷം ഒരു പെനാൾട്ടിയിലൂടെ നിജോ തന്നെ ലീഡ് ഇരട്ടിയാക്കി. 81ആം മിനുട്ടിൽ ഒരു കോർണറിലൂടെ ബിഹാർ ഒരു ഗോൾ മടക്കി. എന്നാൽ താമസിയാതെ വിശാഖ് മോഹനിലൂടെ മൂന്നാം ഗോൾ നേടിക്കൊണ്ട് കേരളം വിജയം ഉറപ്പിച്ചു. കളി അവസാനിക്കും മുമൊ അബ്ദു റഹീമും കേരളത്തിനായി ഗോൾ നേടി.

ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ 7-0ന് തോൽപ്പിച്ചിരുന്നു. രണ്ട് മത്സരങ്ങളിൽ നിന്ന് 6 പോയിന്റുമായി കേരളാണ് ഗ്രൂപ്പിൽ ഒന്നാമത് ഉള്ളത്.

അവസാന നിമിഷങ്ങളിൽ ഇരട്ട ഗോളുകൾ, മിസോറാം ജമ്മു കാശ്മീരിനെ തോല്പ്പിച്ചു

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫി ടൂർണമെന്റിൽ ഗ്രൂപ്പ് രണ്ടിലെ നാലാം മത്സരത്തിൽ മിസോറം ജമ്മു കാശ്മീരിനെ പരാജയപ്പെടുത്തി. രണ്ടിന് എതിരെ മൂന്ന് ഗോളുകൾക്കു ആയിരുന്നു മിസോറാമിന്റെ വിജയം. ആദ്യ പകുതിയുടെ അവസാനത്തോടെ ഇരു ടീമും ഓരോ ഗോൾ വീതം അടിച്ചു സമനിലയിൽ നിന്നു. അദ്നാൻ പത്താം മിനുട്ടിൽ കാശ്മീരിനായി ഗോൾ നേടി. ലാൽബിയക്ലുവ 33ആം മിനുട്ടിൽ മിസോറാനിനായി സമനില നേടി.

രണ്ടാം പകുതിയിൽ ആക്രമിച്ചു കളിച്ച ജമ്മു കശ്മീരിന്റെ രണ്ടാം ഗോൾ 57 ആം മിനുറ്റിൽ പെനാൽറ്റിയിലൂടെ പിറന്നു. ആകിഫ് ജാവിദ് ആയിരുന്നു സ്കോറർ. കളി തീരാൻ പത്തു മിനിറ്റ് ബാക്കി നിൽക്കേ പ്രതിരോധത്തിലേക്ക് മാറിയ ജമ്മു കാശ്മീരിനെ ഞെട്ടിച്ചുകൊണ്ട് മിസോറം മിന്നൽ വേഗത്തിൽ ആക്രമിച്ചു രണ്ടു ഗോളുകൾ വലയിലാക്കി. 83ആം മിനുട്ടിൽ ലാൽതങ്കുമയും 87ആം മിനുട്ടിൽ നുൻസിരയും ആണ് ഗോൾ നേടിയത്‌.

ഫുൾ ടൈം സ്കോർ മിസോറം – 3, ജമ്മു കാശ്മീർ – 2. അടുത്ത മത്സരത്തിൽ വൈകീട്ട് 3.30 മണിക്ക് കേരളം ബിഹാറിനെ നേരിടും.

സന്തോഷ് ട്രോഫി, മിസോറാം ആന്ധ്രയെ വീഴ്ത്തി, കേരളം തന്നെ ഒന്നാമത്

കോഴിക്കോട് ഇഎംഎസ് കോർപറേഷൻ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന എഴുപത്തിയാറാമത് സന്തോഷ് ട്രോഫിയിൽ ഗ്രൂപ്പ് രണ്ടിലെ മൂന്നാം മത്സരത്തിൽ ആന്ധ്രക്കെതിരെ മിസോറം എതിരില്ലാത്ത മൂന്ന് ഗോളുകളുടെ വിജയം നേടി. സബ്ബായി എത്തിയ ജോസെഫ നേടിയ ഇരട്ട ഗോളുകൾ മിസോറാനിന് കരുത്തായി. 82, 90 മിനുട്ടുകളിൽ ആയിരുന്നു ജോസേഫയുടെ ഗോളുകൾ. മാൽസംഫേലയും മിസോറത്തിനായി ഗോൾ നേടി.

ഗ്രൂപ്പിൽ കേരളം തന്നെയാണ് ഒന്നാമത്. കോഴിക്കോട്ടെ അടുത്ത കളിയിൽ ഡിസംബർ 29ന് രാവിലെ 8 മണിക്ക് ജമ്മു കാശ്മീർ മിസോറാമിനെ നേരിടും. ശേഷം വൈകീട്ട് 3.30 മണിക്ക് കേരളം ബിഹാറിനെ നേരിടും.

സന്തോഷ് ട്രോഫിയിൽ കേരളത്തിന്റെ താണ്ഡവം, രാജസ്ഥാന് വല നിറയെ ഗോൾ!!

സന്തോഷ് ട്രോഫി യോഗ്യത റൗണ്ടിലെ ആദ്യ മത്സരത്തിൽ കേരളത്തിന് വൻ വിജയം. ഇന്ന് ഗ്രൂപ്പ് 2ലെ ആദ്യ മത്സരത്തിൽ കോഴിക്കോട് വെച്ച് രാജസ്ഥാനെ നേരിട്ട കേരളം എതിരില്ലാത്ത ഏഴു ഗോളുകളുടെ വിജയമാണ് നേടിയത്. നിലവിലെ സന്തോഷ് ട്രോഫി ടീമായ കേരളം അനായാസമാണ് ഗോളുകൾ ഇന്ന് അടിച്ചു കൂട്ടിയത്. ആദ്യ പകുതിയിൽ തന്നെ കേരളം എതിരില്ലാത്ത അഞ്ചു ഗോളുകൾക്ക് മുന്നിൽ ആയിരുന്നു‌

നിജോ ഗിൽബേർട്ട് ആണ് കേരളത്തിന്റെ ഇന്നത്തെ ഗോളടി തുടങ്ങിയത്. വിക്നേഷിന്റെ ഒരു വീക്ക് ഷോട്ട് തടയാൻ രാജസ്ഥാൻ കീപ്പർ ഒജിയ പരാജയപ്പെട്ടതോടെ ലീഡ് ഇരട്ടിയായി. ഇടതു വിങ്ങിൽ നിന്ന് കട്ട് ചെയ്ത് കയറി ഒരു വലം കാൽ ഷോട്ടിലൂടെ വിക്നേഷ് കേരളത്തിന്റെ മൂന്നാം ഗോളും നേടി. നരേഷ് ഭാഗ്യനാഥന്റെ ഒരു ഇടം കാലൻ ഷോട്ടിലൂടെ ആയിരുന്നു നാലാം ഗോൾ.

നരേഷിന്റെ വലം കാലൻ ഷോട്ടും വലയിൽ കയറിയതോടെ ആദ്യ പകുതിയിൽ തന്നെ കേരളം 5 ഗോളിന് മുന്നിൽ. രണ്ടാം പകുതിയിൽ റിസുവാന്റെ ഇരട്ട ഗോളുകൾ വന്നതോടെ കേരളം വിജയം പൂർത്തിയാക്കി. ഇനി 29ന് ബീഹാറിന് എതിരെ ആണ് കേരളത്തിന്റെ മത്സരം.

കേരളം നാളെ സന്തോഷ് ട്രോഫിയിൽ ഇറങ്ങുന്നു, സൗദിയിലേക്ക് യോഗ്യത നേടണം!!

നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി കിരീടം പ്രതിരോധിക്കാനുള്ള പോരാട്ടം നാളെ മുതൽ തുടങ്ങും. നാളെ കോഴിക്കോട് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും. നാളെ വൈകിട്ട് 3.30ന് ഇ എം എസ്‌ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. മത്സരത്തിന് കാണികൾക്കുള്ള പ്രവേശനം സൗജന്യമാണ്.

രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ്, ജമ്മു കാശ്മീർ എന്നിവരാണ് കേരളത്തിന് ഒപ്പം ഗ്രൂപ്പ് 2ൽ ഉള്ളത്‌. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ആയുള്ള 22 അംഗ ടീമിനെ കേരളം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സന്തോഷ് ട്രോഫി കിരീടം കേരളം ആയിരുന്നു ഉയർത്തിയത്. ഇതുവരെ ഏഴ് തവണ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുണ്ട്.

ഇത്തവണ ആറ് ഗ്രൂപ്പുകൾ ആയാണ് യോഗ്യത റൗണ്ട് പോരാട്ടങ്ങൾ നടക്കുന്നത്. ഗ്രൂപ്പിൽ ഒന്നാമത് എത്തുന്നവരും ഒപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ഫൈനൽ ഇവന്റിന് യോഗ്യത നേടും. സന്തോഷ് ട്രോഫി നോക്കൗട്ട് ഫിക്സ്ചറുകൾ ഇത്തവണ സൗദി അറേബ്യയിൽ വെച്ചാകും നടക്കുക എന്ന പ്രത്യേകത ഉണ്ട്. എ ഐ എഫ് എഫും സൗദി ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പുതിയ നീക്കം. അടുത്ത വർഷം ഫെബ്രുവരിയിൽ ആകും നോക്കൗട്ട് മത്സരങ്ങൾ നടക്കുക.

കിരീടം നിലനിർത്താനായി കേരളം, സന്തോഷ് ട്രോഫി സ്ക്വാഡ് പ്രഖ്യാപിച്ചു

നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫിക്ക് ആയുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ആയുള്ള 22 അംഗ ടീമിനെ ആണ് കേരളം പ്രഖ്യാപിച്ചത്. ഡിസംബർ 26 മുതൽ കോഴിക്കോട്‌ വെച്ചാണ് കേരളത്തിന്റെ ആദ്യ ഘട്ട മത്സരങ്ങൾ നടക്കുന്നത്.

രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ്, ജമ്മു കാശ്മീർ എന്നിവരാണ് കേരളത്തിന് ഒപ്പം ഗ്രൂപ്പ് 2ൽ ഉള്ളത്‌. ഇ എം എസ് സ്റ്റേഡിയത്തിൽ നടക്കുന്ന ഡിസംബർ 26ലെ ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും. എല്ലാ മത്സരങ്ങൾക്കും സ്റ്റേഡിയത്തിലേക്ക് ഫ്രീ എൻട്രി ആണ്.

ടീം:

ഫിക്സ്ചർ:

‘സന്തോഷാരവം’  വിളംബര ജാഥ: ഒന്നാം ദിനത്തിന് തിരൂരിൽ സമാപനം

സന്തോഷ് ട്രോഫി ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിന് ആവേശം പകർന്ന ‘സന്തോഷാരവം’ വിളംബര ജാഥയുടെ ആദ്യ ദിനം തിരൂരിൽ സമാപിച്ചു. മലപ്പുറം ടൗണ്‍ഹാളില്‍ നിന്ന് രാവിലെ ആരംഭിച്ച വിളംബര ജാഥ കോട്ടക്കൽ, വളാഞ്ചേരി,എടപ്പാള്‍, പൊന്നാനി, കൂട്ടായി വാടിക്കല്‍ എന്നിവിടങ്ങളിൽ പര്യടനം നടത്തിയാണ് വൈകിട്ടോടെ തിരൂരിലെ രാജീവ് ഗാന്ധി മുനിസിപ്പൽ സ്റ്റേഡിയത്തിലെത്തിയത്. വിളംബര ജാഥയോടനുബന്ധിച്ച് എല്ലാ കേന്ദ്രങ്ങളിലും പൊതുജങ്ങള്‍ക്കായി ഷൂട്ടൗട്ട് മത്സരങ്ങളും ഗോളടിച്ചവർക്ക് സമ്മാനങ്ങളും നൽകി.

പരിപാടിയിൽ മുൻ കേരള ടീം ക്യാപ്റ്റനും സന്തോഷ് ട്രോഫി താരവുമായിരുന്ന ഉസ്മാൻ കണ്ണന്തളിയെ മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോ ആദരിച്ചു. തിരൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ.യു സൈനുദ്ധീൻ പരിപാടി ഉദ്ഘാടനം ചെയ്തു. തിരൂർ നഗരസഭ വൈസ് ചെയർമാൻ പി. രാമൻകുട്ടി അധ്യക്ഷനായി.

സന്തോഷാരവം വിളംമ്പര ജാഥയുടെ കോട്ടക്കല്‍ മേഖല ഉദ്ഘാടനം ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ. നിര്‍വഹിച്ചു. ജില്ലാ ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് യു.തിലകന്‍ അധ്യക്ഷത വഹിച്ചു. വളാഞ്ചേരി മേഖല ഉദ്ഘാടനം നഗരസഭാ ചെയര്‍മാന്‍ അഷ്റഫ്, എടപ്പാള്‍ മേഖലാ ഡോ.കെ.ടി. ജലീല്‍ എം.എല്‍.എ, പൊന്നാനി മേഖലാ ഉദ്ഘാടനം നഗരസഭാ ശിവദാസ് അറ്റുപുറം, കൂട്ടായി വാടിക്കല്‍ മേഖല ഉദ്ഘാടനം മുന്‍ ഇന്ത്യന്‍ താരം കെ.ടി. ചാക്കോ തുടങ്ങിയവര്‍ നിര്‍വഹിച്ചു.

തിരൂരിൽ നടന്ന സമാപന പരിപാടിയിൽ നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻമാരായ അഡ്വ. എസ് ഗിരീഷ്, കെ.കെ. അബ്ദുൽ സലാം, കൗൺസിലർമാരായ കെ.അബൂബക്കർ, കെ.പി. റംല, പി.ഷാനവാസ്, ഇ.പി ഹാരിസ്, പി.മിർഷാദ്, ജില്ലാ സ്പോർട്സ് കൗൺസിൽ സെക്രട്ടറി എച്ച്.പി മെഹ്റൂഫ്, ജില്ലാ ഒളിംപിക് അസോസിയേഷൻ സെക്രട്ടറി ഹൃഷികേഷ്, തിരൂർ ചേംബർ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് പി. എ ബാവ, വി.പി മുഹമ്മദ് കാസിം, പിമ്പുറത്ത് ശ്രീനിവാസൻ, അഡ്വ. കെ ഹംസ എന്നിവർ പങ്കെടുത്തു.

Exit mobile version