Picsart 22 12 25 18 59 17 542

കേരളം നാളെ സന്തോഷ് ട്രോഫിയിൽ ഇറങ്ങുന്നു, സൗദിയിലേക്ക് യോഗ്യത നേടണം!!

നിലവിലെ ചാമ്പ്യന്മാരായ കേരളം സന്തോഷ് ട്രോഫി കിരീടം പ്രതിരോധിക്കാനുള്ള പോരാട്ടം നാളെ മുതൽ തുടങ്ങും. നാളെ കോഴിക്കോട് നടക്കുന്ന ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തിൽ കേരളം രാജസ്ഥാനെ നേരിടും. നാളെ വൈകിട്ട് 3.30ന് ഇ എം എസ്‌ സ്റ്റേഡിയത്തിൽ വെച്ചാണ് മത്സരം. മത്സരത്തിന് കാണികൾക്കുള്ള പ്രവേശനം സൗജന്യമാണ്.

രാജസ്ഥാൻ, ബിഹാർ, ആന്ധ്രാപ്രദേശ്, ജമ്മു കാശ്മീർ എന്നിവരാണ് കേരളത്തിന് ഒപ്പം ഗ്രൂപ്പ് 2ൽ ഉള്ളത്‌. ഗ്രൂപ്പ് ഘട്ട മത്സരങ്ങൾക്ക് ആയുള്ള 22 അംഗ ടീമിനെ കേരളം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ സന്തോഷ് ട്രോഫി കിരീടം കേരളം ആയിരുന്നു ഉയർത്തിയത്. ഇതുവരെ ഏഴ് തവണ കേരളം സന്തോഷ് ട്രോഫി കിരീടം നേടിയിട്ടുണ്ട്.

ഇത്തവണ ആറ് ഗ്രൂപ്പുകൾ ആയാണ് യോഗ്യത റൗണ്ട് പോരാട്ടങ്ങൾ നടക്കുന്നത്. ഗ്രൂപ്പിൽ ഒന്നാമത് എത്തുന്നവരും ഒപ്പം മികച്ച മൂന്ന് രണ്ടാം സ്ഥാനക്കാരും ഫൈനൽ ഇവന്റിന് യോഗ്യത നേടും. സന്തോഷ് ട്രോഫി നോക്കൗട്ട് ഫിക്സ്ചറുകൾ ഇത്തവണ സൗദി അറേബ്യയിൽ വെച്ചാകും നടക്കുക എന്ന പ്രത്യേകത ഉണ്ട്. എ ഐ എഫ് എഫും സൗദി ഫുട്ബോൾ അസോസിയേഷനും തമ്മിൽ ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിൽ ആണ് ഈ പുതിയ നീക്കം. അടുത്ത വർഷം ഫെബ്രുവരിയിൽ ആകും നോക്കൗട്ട് മത്സരങ്ങൾ നടക്കുക.

Exit mobile version