ഏഷ്യാ കപ്പിൽ സഞ്ജു സാംസണിനെ മൂന്നാം നമ്പറിൽ കളിപ്പിക്കണം: മുഹമ്മദ് കൈഫ്


2025-ലെ ഏഷ്യാ കപ്പിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് താരം സഞ്ജു സാംസണെ ഇന്ത്യയുടെ ബാറ്റിംഗ് നിരയിലെ മൂന്നാം നമ്പറിൽ കളിപ്പിക്കണമെന്ന് മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം മുഹമ്മദ് കൈഫ്. ടീം തിരഞ്ഞെടുപ്പ് ആസന്നമായ സാഹചര്യത്തിൽ, യുവതാരങ്ങൾക്ക് അവസരം നൽകുന്നതിനേക്കാൾ പരിചയസമ്പത്തിനും കഴിവുകൾക്കും കൈഫ് മുൻഗണന നൽകി.

“ഐപിഎല്ലിൽ ഏറ്റവും കൂടുതൽ സിക്സറുകൾ നേടുന്ന ആദ്യ 10 താരങ്ങളിൽ ഒരാളാണ് സഞ്ജു. അതുകൊണ്ടാണ് മധ്യ ഓവറുകളിൽ റാഷിദ് ഖാൻ പന്തെറിയാൻ വരുമ്പോൾ അദ്ദേഹത്തെ നേരിടാൻ സഞ്ജുവിനേക്കാൾ മികച്ച ഒരു കളിക്കാരനില്ലെന്ന് ഞാൻ വിശ്വസിക്കുന്നത്. കാരണം, അവന് സിക്സറുകൾ നേടാൻ കഴിയും.”- കൈഫ് പറഞ്ഞു.


ശുഭ്മാൻ ഗില്ലിനെ ടി20ഐയുടെ ഉപനായകനായി നിയമിച്ചതും അഭിഷേക് ശർമ്മയ്‌ക്കൊപ്പം ഓപ്പണറായി കളിക്കാൻ സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് കൈഫിൻ്റെ ഈ പ്രസ്താവന. ഇത് സഞ്ജുവിന് ഓപ്പണിംഗ് സ്ഥാനം നഷ്ടപ്പെടുത്താൻ സാധ്യതയുണ്ട്.

എന്നാൽ സഞ്ജുവിൻ്റെ കഴിവിൽ കൈഫ് വിശ്വസിക്കുന്നു: “ലോകത്തിലെ ഏറ്റവും മികച്ച പിച്ചുകളിലൊന്നായ ദക്ഷിണാഫ്രിക്കയിൽ ഒരു ഓപ്പണറായി സഞ്ജു രണ്ട് സെഞ്ചുറികൾ നേടിയിട്ടുണ്ട്. അവൻ പേസിനെയും സ്പിന്നിനെയും നന്നായി നേരിടും, കൂടാതെ ഐപിഎല്ലിൽ എല്ലാ വർഷവും 400-500 റൺസ് നേടാറുണ്ട്.”


യുവതാരമായ തിലക് വർമ്മയെക്കുറിച്ച് സംസാരിച്ച കൈഫ്, അദ്ദേഹത്തിന് ക്ഷമയും ദീർഘകാല കാഴ്ചപ്പാടും ആവശ്യമാണെന്ന് അഭിപ്രായപ്പെട്ടു: “മൂന്നാം നമ്പറിന് വേണ്ടി, തിലക് വർമ്മ ഒരു യുവതാരമാണ്, അവന് അവൻ്റെ ഊഴത്തിനായി കാത്തിരിക്കാൻ കഴിയും. സഞ്ജു ഒരു പരിചയസമ്പന്നനായ ബാറ്റ്സ്മാനാണ്, മൂന്നാം നമ്പറിൽ സ്ഥിരമായ അവസരങ്ങൾ നൽകി അവനെ വളർത്താൻ സാധിക്കും. ആറ് മാസത്തിന് ശേഷം ഒരു ലോകകപ്പ് വരാനുണ്ട്, അവനൊരു അവസരം അർഹിക്കുന്നുണ്ട്.” കൈഫ് പറഞ്ഞു.

സെഞ്ച്വറി മികവിൽ റൺവേട്ടക്കാരിൽ രണ്ടാമനായി കൃഷ്ണപ്രസാദ്; മറികടന്നത് സഞ്ജുവിനെ

കേരള ക്രിക്കറ്റ് ലീ​ഗ് രണ്ടാം സീസണിൽ ട്രിവാൻഡ്രം റോയൽസിന്റ പ്രതീക്ഷകൾ അസ്തമിച്ചെങ്കിലും സെഞ്ച്വറി പ്രകടനവുമായി ആരാധകർക്ക് ആശ്വാസമേകി ടീം നായകൻ കൃഷ്ണപ്രസാദ്. തൃശൂർ ടൈറ്റൻസിനെതിരായ മത്സരത്തിലായിരുന്നു ക്യാപ്റ്റന്റെ റോളിൽ കെ.പിയുടെ അപരാജിത ഇന്നിങ്സ് . 62 പന്തിൽ നിന്ന് പുറത്താകാതെ 119 റൺസാണ് കൃഷ്ണപ്രസാദ് അടിച്ചുകൂട്ടിയത്. 10 പടുകൂറ്റൻ സിക്സറുകളും 6 ഫോറുകളും ഉൾപ്പെടുന്നതായിരുന്നു ട്രിവാൻഡ്രം നായകന്റെ വെടിക്കെട്ട് ഇന്നിംഗ്സ്.ഇതോടെ ടൂർണമെന്റിലെ റൺ വേട്ടക്കാരിൽ കെ.പി 389 റൺസുമായി രണ്ടാമതെത്തി. 9 മത്സരങ്ങളിൽ നിന്നും ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും അടക്കം 389 റൺസാണ് കെ.പിയുടെ പേരിൽ ഉള്ളത്. കൊച്ചി ബ്ലൂടൈഗേഴ്സിന്റെ സഞ്ജു സാംസണിനെയാണ് കൃഷ്ണപ്രസാദ് മറികടന്നത്. 368 റൺസാണ് സഞ്ജുവിന് ഉള്ളത്.ടൂർണമെന്റിൽ 423 റൺസ് നേടിയ അഹമ്മദ് ഇമ്രാനാണ് റൺവേട്ടക്കാരിൽ ഒന്നാമൻ.

ട്രിവാൻഡ്രം റോയൽസ് ടീമിന്റെ ഓപ്പണറായെത്തിയ കെ.പി, തുടക്കത്തിൽ ടീം തകർച്ച നേരിട്ടപ്പോൾ ഒറ്റയാൾ പോരാളിയായി ക്രീസിൽ നിലയുറപ്പിച്ചു. ടീം സ്കോർ 22 റൺസിൽ നിൽക്കെ 14 റൺസെടുത്ത വിഷ്ണു രാജിന്റെ വിക്കറ്റ് റോയൽസിന് നഷ്ടമായി. തൊട്ടുപിന്നാലെ അനന്തകൃഷ്ണനും പുറത്തായത് റോയൽസിനെ സമ്മർദ്ദത്തിലാക്കി. തുടർന്നെത്തിയ റിയ ബഷീറും, എം നിഖിലുമായി ചേർന്ന് കൃഷ്ണപ്രസാദ് ഉയർത്തിയ വിലപ്പെട്ട കൂട്ടുകെട്ടുകളാണ് റോയൽസിൻ്റെ കൂറ്റൻ സ്കോറിന് അടിത്തറ പാകിയത്.. രണ്ട് കൂട്ടുകെട്ടുകളിലുമായി ആകെ നേടിയ 109 റൺസിൻ്റെ മുക്കാൽ പങ്കും പിറന്നത് കൃഷ്ണപ്രസാദിൻ്റെ ബാറ്റിൽ നിന്നായിരുന്നു. ഒടുവിൽ അബ്ദുൾ ബാസിത്തിനെ കൂട്ടുപിടിച്ച് കെ.പി നടത്തിയ വീരോചിത പ്രകടനം ടീമിന് കൂടുതൽ കരുത്തായി. ഇരുവരും ചേർന്ന് 25 പന്തിൽ നിന്ന് 57 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി റോയൽസിനെ മികച്ച സ്കോറിലേക്ക് കൈപിടിച്ചുയർത്തി.

പ്രസിഡന്റ്‌സ് കപ്പിലാണ് മധ്യനിരബാറ്ററിൽ നിന്നും ഓപ്പണറുടെ റോളിലേക്ക് ക്യാപ്റ്റൻ കെ.പി എത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ സ്ഥിരതയാർന്ന പ്രകടനം കാഴ്ചവയ്ക്കാറുള്ള ടീമംഗങ്ങളുടെ സ്വന്തം കെ.പി , വിജയ് ഹസാരെ ട്രോഫിയിൽ കേരളത്തിന് സെഞ്ചറി നേടിയിട്ടുണ്ട്. കെ.സി.എൽ പ്രഥമ സീസണിൽ ആലപ്പി റിപ്പിൾസിനായി 192 റൺസെടുത്ത് മികച്ച പ്രകടനം കാഴ്ചവെക്കാനും കൃഷ്ണപ്രസാദിന് സാധിച്ചു.

സഞ്ജു സാംസൺ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാമ്പ് വിട്ടു, ഇനി ഏഷ്യാ കപ്പിൽ


കൊച്ചി: ഏഷ്യ കപ്പിന് മുന്നോടിയായി ഇന്ത്യൻ ടീമിനൊപ്പം ചേരാൻ കൊച്ചി ബ്ലൂ ടൈഗേഴ്സ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിട്ടു. ഇതോടെ കേരള ക്രിക്കറ്റ് ലീഗിലെ ശേഷിക്കുന്ന മത്സരങ്ങളിൽ സഞ്ജു കളിക്കില്ല.


റെക്കോർഡ് തുക മുടക്കിയാണ് കൊച്ചി ബ്ലൂ ടൈഗേഴ്സ് ടീം സഞ്ജുവിനെ ടീമിലെത്തിച്ചത്. ടീമിൻ്റെ ഈ വിശ്വാസം കാത്ത സഞ്ജു തകർപ്പൻ പ്രകടനമാണ് ലീഗിൽ നടത്തിയത്. ടീമിന്റെ ടോപ് സ്കോററായ സഞ്ജു മൂന്ന് തവണ പ്ലെയർ ഓഫ് ദി മാച്ച് പുരസ്കാരവും നേടിയിരുന്നു. സഞ്ജുവിന്റെ ബാറ്റിംഗ് മികവിലാണ് ടീം ആദ്യമായി പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത്.


കേരള ക്രിക്കറ്റ് ലീഗിൽ കളിച്ച നാല് മത്സരങ്ങളിൽ നിന്ന് 88.75 ശരാശരിയിൽ 355 റൺസാണ് സഞ്ജു നേടിയത്. 200-ൽ അധികം സ്ട്രൈക്ക് റേറ്റിൽ ഒരു സെഞ്ച്വറിയും മൂന്ന് അർധസെഞ്ച്വറിയും 30 സിക്സറുകളും 26 ഫോറുകളും താരം അടിച്ചുകൂട്ടി. ടി20 ക്രിക്കറ്റിൽ തകർപ്പൻ ഫോമിലുള്ള സഞ്ജുവിന്റെ ഈ പ്രകടനം ഏഷ്യ കപ്പിൽ ഇന്ത്യൻ ടീമിന് വലിയ പ്രതീക്ഷ നൽകുന്നു.

സഞ്ജുവിൻ്റെ മികവിൽ കൊച്ചിയ്ക്ക് വിജയം, പോയിൻ്റ് പട്ടികയിൽ വീണ്ടും ഒന്നാം സ്ഥാനത്ത്

തിരുവനന്തപുരം: കെസിഎല്ലിൽ വീണ്ടും വീജയവഴിയിലേക്ക് മടങ്ങിയെത്തി കൊച്ചി ബ്ലൂ ടൈഗേഴ്സ്. ട്രിവാൺഡ്രം റോയൽസിനെ ഒൻപത് റൺസിനാണ് കൊച്ചി തോല്പിച്ചത്. ആദ്യം ബാറ്റ് ചെയ്ത കൊച്ചി 20 ഓവറിൽ അഞ്ച് വിക്കറ്റിന് 191 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ റോയൽസിന് ആറ് വിക്കറ്റ് നഷ്ടത്തിൽ 182 റൺസ് മാത്രമാണ് നേടാനായത്. വിജയത്തോടെ എട്ട് പോയിൻ്റുമായി കൊച്ചി പോയിൻ്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മടങ്ങിയെത്തി. സഞ്ജു സാംസനാണ് പ്ലെയർ ഓഫ് ദി മാച്ച്.

ബേസിൽ തമ്പിയെറിഞ്ഞ ആദ്യ ഓവറിലെ ആദ്യ പന്തിൽ തന്നെ ബൌണ്ടറി നേടിയാണ് സഞ്ജു സാംസൻ തുടക്കമിട്ടത്. ആ ഓവറിൽ തന്നെ വീണ്ടുമൊരു സിക്സും ഫോറും നേടി സഞ്ജു കൊച്ചിയുടെ തുടക്കം ഗംഭീരമാക്കി. എന്നാൽ തുടർന്നുള്ള ഓവറുകളിൽ കൂടുതൽ തകർത്തടിച്ച് മുന്നേറിയത് വിനൂപ് മനോഹരനാണ്. നിഖിലെറിഞ്ഞ ആറാം ഓവറിൽ വിനൂപ് തുടരെ മൂന്ന് ബൌണ്ടറികൾ നേടി. ഇരുവരും ചേർന്ന മികച്ച തുടക്കത്തിന് അവസാനമിട്ടത് അബ്ദുൾ ബാസിദാണ്. ഒൻപത് ഫോറടക്കം 26 പന്തുകളിൽ നിന്ന് 42 റൺസ് നേടിയ വിനൂപിനെ അബ്ദുൾ ബാസിദ് വിക്കറ്റിന് മുന്നിൽ കുടുക്കി. അടുത്ത ഓവറിൽ ഒൻപത് റൺസെടുത്ത സലി സാംസണെ അഭിജിത് പ്രവീൺ ക്ലീൻ ബൌൾഡാക്കി.

തുടർന്ന് ഇന്നിങ്സിൻ്റെ നിയന്ത്രണം ഏറ്റെടുത്ത സഞ്ജു സീസണിലെ തൻ്റെ മൂന്നാം അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. 30 പന്തുകളിൽ നിന്നാണ് സഞ്ജു അർദ്ധ സെഞ്ച്വറി തികച്ചത്. തുടരെ ബൌണ്ടറികളും സിക്സുമായി സഞ്ജു വീണ്ടും കളം നിറയുമ്പോഴാണ് അഭിജിത് പ്രവീൺ ഇന്നിങ്സിന് അവസാനമിട്ടത്. 37 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സുമടക്കം 62 റൺസുമാണ് സഞ്ജു മടങ്ങിയത്. ഓവറിലെ അവസാന പന്തിൽ ആൽഫി ഫ്രാൻസിസിനെയും പുറത്താക്കി അഭിജിത് കൊച്ചിയ്ക്ക് ഇരട്ടപ്രഹരം നല്കി. ഒടുവിൽ അവസാന ഓവറുകളിൽ നിഖിൽ തോട്ടത്തും ജോബിൻ ജോബിയും ചേർന്നുള്ള തകർപ്പൻ കൂട്ടുകെട്ടാണ് കൊച്ചിയെ മികച്ച സ്കോറിലെത്തിച്ചത്. നിഖിൽ തോട്ടത്ത് 35 പന്തുകളിൽ നിന്ന് 45ഉം ജോബിൻ ജോബി 10 പന്തുകളിൽ നിന്ന് 26ഉം റൺസ് നേടി.

മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ട്രിവാൺഡ്രം റോയൽസിന് തുടക്കത്തിൽ തന്നെ രണ്ട് വിക്കറ്റ് നഷ്ടമായി. ഗോവിന്ദ് ദേവ് പൈയും റിയാ ബഷീറും അക്കൌണ്ട് തുറക്കാതെ മടങ്ങി. സലി സാംസനും ജോബിൻ ജോബിയുമായിരുന്നു വിക്കറ്റുകൾ നേടിയത്. എന്നാൽ കൃഷ്ണപ്രസാദും സഞ്ജീവ് സതീശനും ചേർന്നുള്ള മൂന്നാം വിക്കറ്റ് കൂട്ടുകെട്ട് റോയൽസിന് പ്രതീക്ഷ നല്കി. ഇരുവരും ചേർന്ന് 74 റൺസ് കൂട്ടിച്ചേർത്തു. 36 റൺസെടുത്ത കൃഷ്ണപ്രസാദ് പി എസ് ജെറിൻ്റെ പന്തിൽ മൊഹമ്മദ് ആഷിഖ് പിടിച്ച് പുറത്തായി. പ്രതീക്ഷ കൈവിടാതെ ഇന്നിങ്സ് മുന്നോട്ട് നീക്കിയ അബ്ദുൾ ബാസിദിൻ്റെയും സഞ്ജീവ് സതീശൻ്റെയും കൂട്ടുകെട്ടാണ് കളിയുടെ ആവേശം അവസാന ഓവർ വരെ നീട്ടിയത്. സ്കോർ 151ൽ നില്ക്കെ 70 റൺസെടുത്ത സഞ്ജീവ് മടങ്ങി. 46 പന്തുകളിൽ നാല് ഫോറും അഞ്ച് സിക്സും അടങ്ങുന്നതായിരുന്നു സഞ്ജീവിൻ്റെ ഇന്നിങ്സ്. മറുവശത്ത് ഉറച്ച് നിന്ന അബ്ദൂൾ ബാസിദ് അവസാന ഓവർ വരെ പൊരുതിയെങ്കിലും റോയൽസിൻ്റെ മറുപടി 182 റൺസിൽ അവസാനിച്ചു. അവസാന ഓവറിലെ നാലാമത്തെ പന്തിൽ റണ്ണൌട്ടാവുകയായിരുന്നു അബ്ദുൾ ബാസിദ്. അബ്ദുൾ ബാസിദ് 41 റൺസെടുത്തു. കൊച്ചിയ്ക്ക് വേണ്ടി മൊഹമ്മദ് ആഷിഖ് രണ്ട് വിക്കറ്റ് വീഴ്ത്തി.

സഞ്ജുവിന്റെ സെഞ്ച്വറി!! ആഷിഖിന്റെ ലാസ്റ്റ് ബോൾ സിക്സ്! 237 ചെയ്സ് ചെയ്ത് കൊച്ചി


കേരള ക്രിക്കറ്റ് ലീഗ് 2025-ലെ എട്ടാം മത്സരത്തിൽ ആവേശകരമായ പോരാട്ടത്തിൽ കൊച്ചി ബ്ലൂ ടൈഗേഴ്സിന് വിജയം. കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ കൊല്ലം സെയിലർസിനെതിരെയാണ് ടൈഗേഴ്സിൻ്റെ വിജയം. സെയിലർസ് മുന്നോട്ടുവച്ച 237 റൺസിൻ്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ടൈഗേഴ്സിന് അവസാന പന്തിൽ വിജയിക്കാൻ വേണ്ടിയിരുന്നത് 6 റൺസാണ്. സമ്മർദ്ദം നിറഞ്ഞ ആ നിമിഷം, ആഷിഖ് ഒരു തകർപ്പൻ സിക്സർ അടിച്ച് ടീമിനെ വിജയത്തിലെത്തിച്ചു.


വിഷ്ണു വിനോദിന്റെയും (41 പന്തിൽ 94 റൺസ്) ക്യാപ്റ്റൻ സച്ചിൻ ബേബിയുടെയും (44 പന്തിൽ 91 റൺസ്) വെടിക്കെട്ട് ബാറ്റിംഗാണ് സെയിലർസിനെ 236 റൺസിലെത്തിച്ചത്.

മറുപടി ബാറ്റിംഗിൽ 51 പന്തിൽ 121 റൺസ് നേടിയ സഞ്ജു സാംസണാണ് ടൈഗേഴ്സിൻ്റെ വിജയശിൽപി. 14 ഫോറുകളും 7 സിക്സറുകളും സഞ്ജുവിന്റെ ബാറ്റിൽ നിന്ന് പിറന്നു. മുഹമ്മദ് ആശിഖ് (45*), മുഹമ്മദ് ഷാനു (39) എന്നിവരും മികച്ച പ്രകടനം കാഴ്ചവെച്ചു. അവസാന അഞ്ച് ഓവറുകളിൽ വിജയിക്കാൻ വലിയ റൺറേറ്റ് ആവശ്യമായിരുന്നു. ആഷിഖും ആൽഫി ഫ്രാൻസിസും അവസാനം അതിവേഗത്തിൽ റൺസുകൾ നേടി. അവസാന പന്തിൽ 6 റൺസ് വേണ്ടപ്പോൾ ആഷിഖ് ഷറഫുദ്ദീനെ സി ക്സറടിച്ച് കൊച്ചി ബ്ലൂ ടൈഗേഴ്സിന് 4 വിക്കറ്റിന്റെ ആവേശകരമായ വിജയം സമ്മാനിച്ചു.


ഈ വിജയത്തോടെ കൊച്ചി ബ്ലൂ ടൈഗേഴ്സിന് ലീഗിന് മൂന്നിൽ മൂന്ന് വിജയമായി.

ഇന്ത്യ ഏഷ്യാ കപ്പ് സ്ക്വാഡ് പ്രഖ്യാപിച്ചു!! സഞ്ജു ഉണ്ട്!! ഗിൽ വൈസ് ക്യാപ്റ്റൻ!

ഇന്ത്യ ഏഷ്യാ കപ്പിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 9 മുതൽ യു എ ഇയിൽ വെച്ചാണ് ഏഷ്യാ കപ്പ് നടക്കുന്നത്. ഇത്തവണ ടി20 ഫോർമാറ്റിൽ ആണ് ഏഷ്യാ കപ്പ് നടക്കുന്നത് എന്നതു കൊണ്ട് തന്നെ യുവനിരയെ ആണ് ഇന്ത്യ തിരഞ്ഞെടുത്തിരിക്കുന്നത്. മലയാളി താരം സഞ്ജു സാംസൺ ടീമിൽ ഇടം നേടി. സഞ്ജുവും അഭിഷേകും തന്നെയാകും ടീമിനായി ഓപ്പൺ ചെയ്യുന്നത്.

സൂര്യകുമാർ തന്നെയാണ് ഇന്ത്യയെ നയിക്കുന്നത്. ശുഭ്മൻ ഗില്ലിന് വൈസ് ക്യാപ്റ്റൻ ആയി ടീമിൽ ഉണ്ടാകും ജയ്സ്വാളും ശ്രേയസ് അയ്യറും ടീമിൽ ഇടം നേടിയില്ല.

ജസ്പ്രീത് ബുമ്ര ടീമിനൊപ്പം ഉണ്ട്. സിറാജിന് വിശ്രമം നൽകി. ബുമ്രക്ക് ഒപ്പം അർഷദീപ്, ഹർഷിത് റാണ എന്നിവരാണ് പേസർമാരായുള്ളത്.

ടീം;

Suryakumar Yadav (C), Shubman Gill (VC), Abhishek Sharma, Tilak Varma, Hardik Pandya, Shivam Dube, Axar Patel, Jitesh Sharma, Jasprit Bumrah, Arshdeep Singh, Varun Chakravarthy, Kuldeep Yadav, Sanju Samson, Harshit Rana, Rinku Singh

ഏഷ്യാ കപ്പ്: സഞ്ജു സാംസൺ-അഭിഷേക് ശർമ്മ സഖ്യം തന്നെ ഓപ്പൺ ചെയ്യും! ഗില്ലും സിറാജും ഉണ്ടാകില്ല


ഏഷ്യാ കപ്പ് 2025 സ്ക്വാഡ് ഇന്ത്യ നാളെ പ്രഖ്യാപിക്കാൻ ഇരിക്കുകയാണ്. ടി20ഐ ചാമ്പ്യൻഷിപ്പിൽ ഓപ്പണർമാരായി സഞ്ജു സാംസൺ-അഭിഷേക് ശർമ്മ സഖ്യത്തെ നിലനിർത്താൻ ഇന്ത്യൻ സെലക്ടർമാർ തീരുമാനിച്ചതായി റിപ്പോർട്ട്. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിൽ മികച്ച പ്രകടനം കാഴ്ചവെച്ച ശുഭ്മാൻ ഗില്ലിനും മുഹമ്മദ് സിറാജിനും ടീമിൽ ഇടം ലഭിക്കില്ല.

ഓഗസ്റ്റ് 19-ന് മുംബൈയിൽ വെച്ച് നടക്കുന്ന സെലക്ഷൻ യോഗത്തിന് ശേഷം ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ഇംഗ്ലണ്ടിൽ 750-ലധികം റൺസും ഐപിഎല്ലിൽ 650 റൺസും ഗിൽ നേടിയിരുന്നു. എന്നാൽ, ഇപ്പോൾ ഓപ്പണിംഗ് സ്ഥാനം അഭിഷേക് ശർമ്മ-സഞ്ജു സാംസൺ സഖ്യത്തിനായി മാറ്റിവെച്ചതായിട്ടാണ് സൂചന. മൂന്നാമത്തെ ഓപ്പണറായി യശസ്വി ജയ്‌സ്വാളാണ് മുൻപന്തിയിലുള്ളത്. അത് ഗില്ലിന് തിരിച്ചടിയായി. ഇംഗ്ലണ്ട് പര്യടനത്തിൽ ഇന്ത്യയുടെ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായിരുന്നിട്ടും മുഹമ്മദ് സിറാജിന് പുറത്തിരിക്കേണ്ടി വന്നേക്കാം. ജസ്പ്രീത് ബുംറ, അർഷ്ദീപ് സിംഗ്, പ്രസിദ്ധ് കൃഷ്ണ, ഹർഷിത് റാണ എന്നിവർക്കാണ് സെലക്ടർമാർ മുൻഗണന നൽകുന്നത്.

കുൽദീപ് യാദവ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയി, അക്സർ പട്ടേൽ എന്നിവരാകും ടീമിലെ സ്പിൻ ഓപ്ഷനുകൾ.

സഞ്ജുവും വിഷ്ണുവും പിന്നെ രോഹനും, റൺ മഴ പെയ്യിച്ച് ആവേശപ്പോരാട്ടം

വരാനിരിക്കുന്ന പൂരത്തിൻ്റെ വിളംബരമായി, കെസിഎ സെക്രട്ടറി ഇലവനും കെസിഎ പ്രസിഡൻസ് ഇലവനും തമ്മിലുള്ള പോരാട്ടം. കെസിഎൽ താരങ്ങളെ ഉൾപ്പെടുത്തി സംഘടിപ്പിച്ച മല്സരം ആദ്യാവസാനം കാണികളെ ആവേശത്തിലാഴ്ത്തി. കളിയുടെ ആദ്യ ഇന്നിങ്സിൽ രോഹൻ കുന്നുമ്മലായിരുന്നു തിളങ്ങിയതെങ്കിൽ മറുപടി ബാറ്റിങ്ങിൽ വിഷ്ണു വിനോദിൻ്റെയും സഞ്ജു സാംസൻ്റെയും ഉജ്ജ്വല ഇന്നിങ്സുകളാണ് കെസിഎ സെക്രട്ടറി ഇലവന് വിജയമൊരുക്കിയത്. മഴ മാറി നിന്ന സന്ധ്യയിൽ റൺമഴ പെയ്യിച്ച് കളം നിറയുകയായിരുന്നു ഇരു ടീമിലെയും താരങ്ങൾ.

മുൻനിര നിറം മങ്ങിയപ്പോൾ, കെസിഎ പ്രസിഡൻസ് ഇലവൻ്റെ കൂറ്റൻ സ്കോറിന് അടിത്തറയിട്ടത് രോഹൻ കുന്നുമ്മലിൻ്റെ ഇന്നിങ്സായിരുന്നു. മൊഹമ്മദ് അസറുദ്ദീനും സച്ചിൻ ബേബിയും അഹ്മദ് ഇമ്രാനും, അബ്ദുൾ ബാസിദും സച്ചിൻ സുരേഷും കാര്യമായ സംഭാവനകളില്ലാതെ മടങ്ങി. വലിയൊരു തക‍ർച്ചയുടെ ഘട്ടത്തിൽ നിന്ന് ടീമിനെ കരകയറ്റിയത് രോഹൻ്റെ ഇന്നിങ്സാണ്. ഒരുവശത്ത് വിക്കറ്റുകൾ മുറയ്ക്ക് വീഴുമ്പോഴും കൂറ്റൻ ഷോട്ടുകളുമായി റൺ റേറ്റ് താഴാതെ ഇന്നിങ്സ് മുന്നോട്ട് നീക്കി. വെറും 29 പന്തുകളിൽ അഞ്ച് ഫോറും നാല് സിക്സും അടക്കമാണ് രോഹൻ 60 റൺസ് നേടിയത്. കെസിഎല്ലിൽ കാലിക്കറ്റ് ഗ്ലോബ് സ്റ്റാർസിൻ്റെ ക്യാപ്റ്റനായ രോഹന് കീഴിൽ, കഴിഞ്ഞ തവണ ടീം ഫൈനൽ വരെ മുന്നേറിയിരുന്നു. ആദ്യ സീസണിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരങ്ങളിലൊരാളും രോഹനായിരുന്നു.

മറുപടി ബാറ്റിങ്ങിൽ വിഷ്ണു വിനോദ് നല്കിയ തകർപ്പൻ തുടക്കമാണ് കെസിഎ സെക്രട്ടറി ഇലവൻ്റെ വിജയത്തിൽ നിർണ്ണായകമായത്. തുടക്കം മുതൽ കൂറ്റൻ ഷോട്ടുകളുമായി കളം നിറയുകയായിരുന്നു വിഷ്ണു വിനോദ്. 29 പന്തുകളിൽ ഏഴ് ഫോറും അഞ്ച് സിക്സുമടക്കം 69 റൺസാണ് വിഷ്ണു നേടിയത്. കേരള ക്രിക്കറ്റിൽ ഏറ്റവും പ്രഹരശേഷിയുള്ള ബാറ്റർമാരിലൊരാളായാണ് വിഷ്ണു വിലയിരുത്തപ്പെടുന്നത്.നിശ്ചിത ഓവർ ഫോർമാറ്റുകളിൽ കേരള ടീമിലെ സ്ഥിര സാന്നിധ്യമായ വിഷ്ണു ഐപിഎല്ലിൽ അഞ്ച് ടീമുകളുടെ ഭാഗമായിട്ടുണ്ട്. കഴിഞ്ഞ കെസിഎൽ സീസണിൽ ഏറ്റവും മികച്ച സ്ട്രൈക് റേറ്റ് വിഷ്ണുവിൻ്റേതായിരുന്നു. റൺവേട്ടയിൽ ആദ്യ മൂന്ന് സ്ഥാനക്കാരിലൊരാളും വിഷ്ണു ആയിരുന്നു. ഇത്തവണ ഏരീസ് കൊല്ലം സെയിലേഴ്സിന് വേണ്ടിയാണ് വിഷ്ണു കളിക്കാനിറങ്ങുക.

വിഷ്ണു പുറത്തായതോടെ തക‍ർച്ചയിലേക്ക് വഴുതിയ ഇന്നിങ്സിനെ വിജയത്തിലേക്ക് എത്തിച്ചത് സഞ്ജു സാംസൻ്റെ സമചിത്തതയോടെയുള്ള ഇന്നിങ്സാണ്. കൂറ്റൻ ഷോട്ടുകൾ പായിച്ച സഞ്ജു, വിക്കറ്റ് നഷ്ടപ്പെടുത്താതെ ഒരറ്റത്ത് നിലയുറപ്പിക്കുകയും ചെയ്തു. 36 പന്തുകളിൽ രണ്ട് ഫോറും മൂന്ന് സിക്സുമടക്കം 54 റൺസെടുത്ത സഞ്ജു ടീമിനെ വിജയത്തിൻ്റെ പടിവാതിൽക്കലെത്തിച്ചാണ് മടങ്ങിയത്. ആദ്യ സീസണിൽ കളിക്കാതിരുന്ന സഞ്ജുവാണ് കെസിഎൽ രണ്ടാം സീസണിലെ മുഖ്യ ആക‍ർഷണങ്ങളിൽ ഒന്ന്. റെക്കോഡ് തുകയായ 26.80 ലക്ഷം രൂപയ്ക്കായിരുന്നു കൊച്ചി ബ്ലൂ ടൈ​ഗേഴ്സ് സഞ്ജുവിനെ സ്വന്തമാക്കിയത്. ലീ​ഗിൽ തുട‍ർന്നും തക‍ർപ്പൻ ഇന്നിങ്സുകൾ കാഴ്ച വയ്ക്കാനുള്ള ഫോമിലാണ് താനെന്ന് തെളിയിക്കുകയായിരുന്നു പരിശീലന മല്സരത്തിലൂടെ സഞ്ജു.

സഞ്ജു സാംസൺ – രാജസ്ഥാൻ റോയൽസ് ബന്ധം വഷളായതിന് കാരണം ജോസ് ബട്ട്‌ലറെ റിലീസ് ചെയ്തത്


ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് 2026-ന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടാൻ തീരുമാനിച്ചതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ടെന്ന് റിപ്പോർട്ട്. സഞ്ജുവിൻ്റെ അടുത്ത സുഹൃത്തും ടീമിലെ പ്രധാന താരവുമായിരുന്ന ജോസ് ബട്ട്‌ലറെ ടീമിൽ നിന്ന് ഒഴിവാക്കിയതാണ് ഈ തീരുമാനത്തിലേക്ക് നയിച്ച പ്രധാന കാരണമെന്നാണ് സൂചന.


ടീമിൻ്റെ നായകനായിരുന്നിട്ടും ഈ കാര്യത്തിൽ സഞ്ജുവുമായി കൂടിയാലോചന നടത്താൻ ടീം മാനേജ്മെന്റ് തയ്യാറായില്ല. ഇത് സഞ്ജുവിനെ ഏറെ വേദനിപ്പിച്ചു. കളിക്കളത്തിലും പുറത്തും സഞ്ജുവിന് വലിയ പിന്തുണ നൽകിയിരുന്ന താരമായിരുന്നു ജോസ് ബട്ട്‌ലർ. അദ്ദേഹത്തെ ടീമിൻ്റെ തീരുമാനമെടുക്കുന്ന ഗ്രൂപ്പിൽ നിന്ന് ഒഴിവാക്കിയത് തന്നെ ടീം കാര്യങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നതിന് തുല്യമായി സഞ്ജുവിന് തോന്നി.
കൂടാതെ, ടീമിലെ മാറിക്കൊണ്ടിരുന്ന സാഹചര്യങ്ങളും സഞ്ജുവിൻ്റെ തീരുമാനത്തെ സ്വാധീനിച്ചിട്ടുണ്ട്.

യുവതാരങ്ങളായ വൈഭവ് സൂര്യവംശിയുടെയും റിയാൻ പരാഗിന്റെയും വളർച്ചയും അവർക്ക് കൂടുതൽ നേതൃപരമായ ചുമതലകൾ നൽകിയതും തൻ്റെ സ്വാധീനം കുറയ്ക്കുന്നതായി സഞ്ജുവിന് തോന്നി. സഞ്ജു ടീമിലുണ്ടായിരുന്നപ്പോഴും ചില നേതൃപരമായ ഉത്തരവാദിത്തങ്ങൾ പരാഗിന് നൽകിയത് ഇരുവർക്കുമിടയിൽ പ്രശ്നങ്ങളുണ്ടാക്കിയിരുന്നു. പ്രധാന താരങ്ങളുടെ കാര്യത്തിൽ മാനേജ്മെൻ്റ് ആശയവിനിമയം നടത്താതിരുന്നതും ടീം വിടാനുള്ള സഞ്ജുവിൻ്റെ തീരുമാനത്തിന് പിന്നിലെ പ്രധാന കാരണങ്ങളാണ് എന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു.

സഞ്ജുവിന് പകരം ചെന്നൈയിൽ നിന്ന് ഈ 3 താരങ്ങളിൽ ഒരാളെ വേണം എന്ന് രാജസ്ഥാൻ


ജയ്പൂർ: ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) 2026 സീസണിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസൺ ടീം വിടാൻ ഒരുങ്ങുകയാണ്. തന്നെ മറ്റൊരു ടീമിലേക്ക് ട്രേഡ് ചെയ്യുകയോ, അല്ലെങ്കിൽ ലേലത്തിൽ പങ്കെടുക്കാൻ അവസരം നൽകുകയോ ചെയ്യണമെന്നാണ് സഞ്ജു മാനേജ്‌മെന്റിനോട് ആവശ്യപ്പെട്ടിരിക്കുന്നത്.

2013 മുതൽ രാജസ്ഥാൻ റോയൽസിൻ്റെ നിർണായക താരമായ സഞ്ജു 2021 മുതൽ ടീമിനെ നയിക്കുന്നുമുണ്ട്. സഞ്ജുവിനെ സ്വന്തമാക്കാൻ ചെന്നൈ സൂപ്പർ കിംഗ്സ് (സിഎസ്‌കെ) രംഗത്തുണ്ടെന്ന് ക്രിക്ബസ് റിപ്പോർട്ട് ചെയ്യുന്നു. സഞ്ജുവിനെ വിട്ടുകൊടുക്കുന്നതിന് പകരമായി രവീന്ദ്ര ജഡേജ, റുതുരാജ് ഗെയ്ക്‌വാദ്, ശിവം ദുബെ എന്നീ മൂന്ന് താരങ്ങളിൽ ഒരാളെ നൽകാൻ രാജസ്ഥാൻ റോയൽസ് ചെന്നൈയോട് ആവശ്യപ്പെട്ടതെങ്കിലും, ചെന്നൈ ഈ ആവശ്യം നിരസിച്ചതായാണ് വിവരം.

മറ്റ് ടീമുകളും സഞ്ജുവിനായി രംഗത്തുണ്ട്. സഞ്ജു ടീം വിട്ടാൽ റിയാൻ പരാഗ്, യശസ്വി ജയ്‌സ്വാൾ എന്നിവരിൽ ഒരാൾക്ക് ക്യാപ്റ്റൻ സ്ഥാനം ലഭിക്കാനും സാധ്യതയുണ്ട്. വരും ആഴ്ചകളിൽ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വരുമെന്നാണ് പ്രതീക്ഷ.

സഞ്ജു സാംസൺ രാജസ്ഥാൻ വിടാൻ കാരണം റിയാൻ പരാഗ് എന്ന് ബദരിനാഥ്


രാജസ്ഥാൻ റോയൽസ് (ആർആർ) വിടാൻ സഞ്ജു സാംസൺ ഒരുങ്ങുകയാണെന്ന റിപ്പോർട്ടുകൾക്ക് ഇടയിൽ ഇതിന്റെ കാരണം എന്താണെന്ന് പറഞ്ഞ് മുൻ ചെന്നൈ സൂപ്പർ കിംഗ്സ് താരം ബദ്രിനാഥ്. റിയാൻ പരാഗിന് ആർആറിൽ വർദ്ധിച്ചുവരുന്ന പ്രാധാന്യമാണ് സാംസൺ ഫ്രാഞ്ചൈസി വിടാൻ ആവശ്യപ്പെടാൻ കാരണമെന്ന് മുൻ ഇന്ത്യൻ താരം എസ്. ബദ്രിനാഥ് അഭിപ്രായപ്പെട്ടു.

2025 ഐപിഎല്ലിന്റെ ആദ്യ മത്സരങ്ങളിൽ പരിക്കുമൂലം സഞ്ജുവിന് കളിക്കാൻ സാധിക്കാതിരുന്നപ്പോൾ, ആർആറിനെ നയിച്ചത് പരാഗായിരുന്നു. ഇത് യുവതാരത്തിലുള്ള ഫ്രാഞ്ചൈസിയുടെ വിശ്വാസം വ്യക്തമാക്കുന്നു. നായകസ്ഥാനത്തെ ചൊല്ലിയുള്ള ഈ മാറ്റങ്ങൾ സഞ്ജുവിന്റെ തീരുമാനത്തിന് പിന്നിലുണ്ടെന്നാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.


സഞ്ജു ചെന്നൈയിലേക്ക് വരുമെന്ന അഭ്യൂഹങ്ങളെ കുറിച്ചും ബദ്രിനാഥ് പ്രതികരിച്ചു. ഗെയ്ക്വാദ്, ആയുഷ് മാത്രെ, ഡെവാൾഡ് ബ്രെവിസ് തുടങ്ങിയ കളിക്കാർ സിഎസ്കെയുടെ മുൻനിര ബാറ്റിംഗ് നിരയിൽ ശക്തമായി നിലകൊള്ളുന്നതിനാൽ, അവിടെ സഞ്ജുവിന് ഒരു സ്ഥാനം കണ്ടെത്താൻ പ്രയാസമാകുമെന്ന് ബദ്രിനാഥ് അഭിപ്രായപ്പെട്ടു.

ആദ്യ മൂന്ന് അല്ലെങ്കിൽ നാല് സ്ഥാനങ്ങളിൽ ബാറ്റ് ചെയ്യാൻ ഇഷ്ടപ്പെടുന്ന സഞ്ജുവിന്, സിഎസ്കെയുടെ ശക്തികേന്ദ്രമായ മധ്യനിരയിൽ കളിക്കാൻ ബുദ്ധിമുട്ടുണ്ടായേക്കാം എന്നും അദ്ദേഹം പറഞ്ഞു.

ധോണിയുടെ പിൻഗാമിയാകാൻ യോജിച്ച താരമാണ് സഞ്ജു എന്ന് ക്രിസ് ശ്രീകാന്ത്


രാജസ്ഥാൻ റോയൽസ് (RR) ക്യാപ്റ്റനും വിക്കറ്റ് കീപ്പർ ബാറ്ററുമായ മലയാളി താരം സഞ്ജു സാംസൺ ഇന്ത്യൻ ക്രിക്കറ്റിൽ വലിയ ചർച്ചകൾക്ക് വഴി തുറന്നിരിക്കുകയാണ്. 2026-ലെ ഐപിഎൽ ലേലത്തിന് മുന്നോടിയായി രാജസ്ഥാൻ റോയൽസ് വിടാനുള്ള ആഗ്രഹം സഞ്ജു പ്രകടിപ്പിച്ചതായി റിപ്പോർട്ടുകളുണ്ട്. ഇതിനിടെ, എംഎസ് ധോണിക്ക് ശേഷം ഒരു ദീർഘകാല ക്യാപ്റ്റനെ തേടുന്ന ചെന്നൈ സൂപ്പർ കിംഗ്‌സ് (CSK), സഞ്ജുവിനെ സ്വന്തമാക്കാൻ ശ്രമിച്ചേക്കുമെന്നും അഭ്യൂഹങ്ങളുണ്ട്.


തമിഴ്‌നാട് ക്രിക്കറ്റ് ഇതിഹാസവും മുൻ ഇന്ത്യൻ ക്യാപ്റ്റനുമായ ക്രിസ് ശ്രീകാന്ത് സഞ്ജു ചെന്നൈ സൂപ്പർ കിംഗ്‌സിൽ ചേരുന്നതിനെ പരസ്യമായി പിന്തുണച്ചു. സഞ്ജു ഒരു “മികച്ച കളിക്കാരനാണെന്നും”, ധോണിക്ക് അനുയോജ്യനായ പിൻഗാമിയാണെന്നും ശ്രീകാന്ത് പറഞ്ഞു.

ഐപിഎൽ 2026-ൽ ധോണി തന്റെ അവസാന സീസൺ കളിക്കുമെന്ന് പ്രതീക്ഷിക്കുന്നതിനാൽ, ചെന്നൈയിൽ സഞ്ജുവിനുള്ള ജനപ്രീതിയും സ്വാധീനവും അദ്ദേഹത്തെ ഒരു മികച്ച പകരക്കാരൻ ആക്കും ർന്ന് ശ്രീകാന്ത് ചൂണ്ടിക്കാട്ടി.
സഞ്ജുവിനെ ടീമിൽ നിന്ന് ഒഴിവാക്കുന്നത് രാജസ്ഥാൻ റോയൽസിന് ദോഷകരമായിരിക്കുമെന്നും ശ്രീകാന്ത് മുന്നറിയിപ്പ് നൽകി.

Exit mobile version