തീപാറും സ്പെല്ലുമായി സിറാജ്!!! ആര്‍സിബിയ്ക്ക് 24 റൺസ് വിജയം

മൊഹമ്മദ് സിറാജിന്റെ തീപാറും സ്പെല്ലിൽ ഏറ്റ തിരിച്ചടികളിൽ നിന്ന് കരകയറാനാകാതെ പഞ്ചാബ് കിംഗ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ആര്‍സിബിയെ മികച്ച തുടക്കത്തിന് ശേഷം 174/4 എന്ന സ്കോറിൽ ഒതുക്കുവാന്‍ പഞ്ചാബിനായെങ്കിലും ബാറ്റിംഗിൽ ടീമിന്റെ പ്രകടനം നിരാശാജനകം ആയിരുന്നു. പ്രഭ്സിമ്രാന്‍ സിംഗും ജിതേഷ് ശര്‍മ്മയും നടത്തിയ ചെറുത്ത്നില്പ് പഞ്ചാബിന് പ്രതീക്ഷ നൽകിയെങ്കിലും ടീം 18.2 ഓവറിൽ 150 റൺസിന് ഓള്‍ഔട്ട് ആകുകയായിരുന്നു. തന്റെ അവസാന ഓവറില്‍ രണ്ട് വിക്കറ്റ് നേടി മത്സരത്തിൽ നിന്ന് നാല് വിക്കറ്റ് നേടിയ സിറാജ് ആണ് മത്സരം ആര്‍സിബിയ്ക്ക് അനുകൂലമാക്കിയത്.

 

30 പന്തിൽ നിന്ന് 46 റൺസ് നേടിയ പ്രഭ്സിമ്രാന്‍ സിംഗ് മാത്രമാണ് പഞ്ചാബ് നിരയിൽ പൊരുതിയത്. 10 ഓവറിനുള്ളിൽ തന്നെ അഞ്ച് വിക്കറ്റ് നഷ്ടമായ പഞ്ചാബിന് മത്സരത്തിലേക്ക് തിരിച്ചുവരവ് നടത്തുക പ്രയാസമായി മാറുകയായിരുന്നു.

ജിതേഷ് ശര്‍മ്മ അവസാന ഓവറുകളിൽ സ്കോറിംഗ് വേഗത കൂട്ടിയപ്പോള്‍ 30 പന്തിൽ നിന്ന് 50 റൺസായിരുന്നു പഞ്ചാബ് നേടേണ്ടിയിരുന്നത്. എന്നാൽ കൈവശം വെറും 3 വിക്കറ്റ് മാത്രമുണ്ടായത് കാര്യങ്ങള്‍ പ്രയാസകരമാക്കി.

വൈശാഖ് വിജയകുമാര്‍ എറിഞ്ഞ 16ാം ഓവറിൽ ഒരു ഫോറും ഒരു സിക്സും ജിതേഷ് ശര്‍മ്മ നേടിയപ്പോള്‍ ഓവറിൽ നിന്ന് പിറന്നത് 13 റൺസായിരുന്നു. ഇതോടെ അവസാന നാലോവറിൽ പഞ്ചാബിന്റെ വിജയ ലക്ഷ്യം 24 പന്തായി മാറി.

ഹര്‍ഷൽ പട്ടേല്‍ എറിഞ്ഞ 17ാം ഓവറിൽ വലിയ ഷോട്ടുകള്‍ ഉതിര്‍ക്കുവാന്‍ ജിതേഷിനോ ബ്രാറിനോ സാധിച്ചില്ലെങ്കിലും ആദ്യ അഞ്ച് പന്തുകളിൽ സിംഗിളുകള്‍ നേടിയ ശേഷം അവസാന പന്തിൽ ജിതേഷ് നൽകിയ അവസരം കൈവിട്ടപ്പോള്‍ ഡബിള്‍ ഉള്‍പ്പെടെ 7 റൺസ് ഓവറിൽ നിന്ന് പിറന്നു. 18 പന്തിൽ 30 എന്ന ലക്ഷ്യമായിരുന്നു ഇതോടെ പഞ്ചാബ് നേടേണ്ടിയിരുന്നത്.

സിറാജ് 18ാം ഓവറിൽ 13 റൺസ് നേടിയ ബ്രാറിനെ ബൗള്‍ഡാക്കിയപ്പോള്‍ 41 റൺസിന്റെ എട്ടാം വിക്കറ്റ് കൂട്ടുകെട്ടാണ് തകര്‍ന്നത്. തന്റെ സ്പെല്ലിലെ അവസാന പന്തിൽ സിറാജ് നഥാന്‍ എല്ലിസിനെ പുറത്താക്കിയപ്പോള്‍ തന്റെ നാലോവറിൽ വെറും 21 റൺസ് വിട്ട് നൽകിയാണ് താരം 4 വിക്കറ്റ് നേടിയത്.

27 പന്തിൽ നിന്ന് 41 റൺസ് നേടിയ ജിതേഷ് ശര്‍മ്മയെ പുറത്താക്കി ഹര്‍ഷൽ പട്ടേലാണ് പഞ്ചാബിന്റെ അവസാന വിക്കറ്റ് നേടിയത്. ഇതോടെ 150 റൺസിന് പഞ്ചാബ് ഓള്‍ഔട്ട് ആയി ആര്‍സിബി 24 റൺസ് വിജയം കൈക്കലാക്കി. സിറാജിന് പുറമെ 2 വിക്കറ്റ് നേടിയ വനിന്‍ഡു ഹസരംഗയും ആര്‍സിബി ബൗളിംഗിൽ തിളങ്ങി. രണ്ട് പഞ്ചാബ് ബാറ്റ്സ്മാന്മാര്‍ റണ്ണൗട്ട് രൂപത്തിലും പുറത്തായി.

Exit mobile version