പ്രോ ബോക്സിംഗ് അരങ്ങേറ്റത്തിൽ നിഷാന്ത് ദേവിന് വിജയം

ലാസ് വെഗാസിൽ ആൾട്ടൺ വിഗ്ഗിൻസിനെതിരായ ആദ്യ റൗണ്ടിലെ സ്റ്റോപ്പേജ് വിജയത്തോടെ ഇന്ത്യൻ ബോക്സർ നിഷാന്ത് ദേവ് തന്റെ പ്രൊഫഷണൽ കരിയർ ആരംഭിച്ചു. ജനുവരി 25 ന് ദി കോസ്‌മോപൊളിറ്റനിൽ ഡീഗോ പാച്ചെക്കോ vs. സ്റ്റീവ് നെൽസൺ അണ്ടർകാർഡിന്റെ ഭാഗമായി നടന്ന പോരാട്ടത്തിൽ ആണ് നിഷാന്ത് അരങ്ങേറിയത്.

2024 പാരീസ് ഒളിമ്പിക്സിൽ ക്വാർട്ടർ ഫൈനൽ ഫിനിഷും 2023 ലെ ഐബിഎ ബോക്സിംഗ് വേൾഡ് ചാമ്പ്യൻഷിപ്പിൽ ചരിത്രപരമായ വെങ്കല മെഡലും നേടിയ നിഷാന്ത് പ്രൊഫഷണൽ സർക്യൂട്ടിലേക്ക് മാറാൻ അടുത്തിടെയാണ് തീരുമാനിച്ചത്. എഡ്ഡി ഹേണിന്റെ മാച്ച്‌റൂം ബോക്സിംഗുമായി അദ്ദേഹം കരാറിൽ ഒപ്പുവച്ചിട്ടുണ്ട്, നിലവിൽ മുൻ പ്രൊഫഷണൽ ബോക്സർ റൊണാൾഡ് സിംസിന്റെ പരിശീലനത്തിലാണ് അദ്ദേഹം.

നിശാന്ത് ദേവ് ക്വാർട്ടർ ഫൈനലിൽ വീണു, വീണ്ടും ഇന്ത്യക്ക് മെഡൽ നഷ്ടം

പാരീസ് ഒളിമ്പിക്സിൽ ഇന്ത്യയുടെ നാലാം മെഡലിനായുള്ള കാത്തിരിപ്പ് തുടരും. ബോക്സർ നിശാന്ത് ദേവ് ക്വാർട്ടറിൽ പരാജയപ്പെട്ടതോടെ ഒരു മെഡൽ കൂടെ ഇന്ത്യക്ക് കയ്യെത്തും ദൂരത്തിൽ നഷ്ടമായി. 71 കിലോഗ്രാം വിഭാഗത്തിൽ പുരുഷ ബോക്സിംഗിൽ ഇന്ന് ക്വാർട്ടർ ഫൈനലിന് ഇറങ്ങിയ നിശാന്ത് ദേവ് രണ്ടാം സീഡായ വെർദെ ആൽവരസിനോട് ആണ് സ്പ്ലിറ്റ് ഡിസിഷനിൽ പരാജയപ്പെട്ടത്.

നിശാന്ത് ദേവ്

മെക്സിക്കൻ താരത്തിന് എതിരെ വേഗതയാർന്ന തുടക്കമാണ് നിശാന്ത് നടത്തിയത്. ആദ്യ റൗണ്ടിൽ നിശാന്ത് 4-1ന്റെ അനുകൂല കാർഡ് നേടി. രണ്ടാം റൗണ്ടിൽ ഡിഫൻസിലേക്ക് നീങ്ങിയ നിശാന്തിന് തിരിച്ചടിയായി. 3-2ന് മെക്സിക്കൻ താരം രണ്ടാം റൗണ്ട് നേടി എങ്കിലും നിശാന്ത് പ്രതീക്ഷ കാത്തു. അവസാനം വിധി വന്നപ്പോൾ നിശാന്ത് പരാജയപ്പെട്ടു.

23കാരനായ നിശാന്ത് ദേവ് മുമ്പ് ഉസ്ബെക്കിസ്ഥാനിലെ താഷ്കെൻ്റിൽ നടന്ന IBA പുരുഷന്മാരുടെ ലോക ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ 71 കിലോഗ്രാം വിഭാഗത്തിൽ വെങ്കല മെഡൽ നേടിയിരുന്നു. താരത്തിന്റെ ആദ്യ ഒളിമ്പിക്സ് ആണ് ഇത്.

പാരീസ് ഒളിമ്പിക്‌സിൽ ഇന്ത്യക്കായി യോഗ്യത ഉറപ്പിക്കുന്ന ആദ്യ പുരുഷ ബോക്‌സറായി നിശാന്ത്

ഇന്ത്യൻ ബോക്സർ നിശാന്ത് ദേവ് വരാനിരിക്കുന്ന പാരീസ് ഒളിമ്പിക്‌സിൽ സ്ഥാനം ഉറപ്പിച്ചു. വെള്ളിയാഴ്ച തായ്‌ലൻഡിലെ ബാങ്കോക്കിൽ നടന്ന ലോക ഒളിമ്പിക് ബോക്‌സിംഗ് യോഗ്യതാ ക്വാർട്ടർ ഫൈനലിൽ മോൾഡോവൻ ബോക്‌സർ വാസിലി സെബോട്ടരിയെ തോൽപ്പിച്ചാണ് യോഗ്യത ഉറപ്പിച്ചത്. 5:0ന് ആയിരുന്നു വിജയം.


ലോക ചാമ്പ്യൻഷിപ്പിലെ വെങ്കല മെഡൽ ജേതാവ് ആണ് നിശാന്ത് ദേവ്. പാരീസ് ഒളിമ്പിക്‌സിൽ ടീം ഇന്ത്യക്കായി ബർത്ത് ഉറപ്പിക്കുന്ന ആദ്യ പുരുഷ ബോക്‌സറാണ് നിശാന്ത്. മൂന്ന് വനിതാ താരങ്ങൾ ഇതിനകം യോഗ്യത നേടിയിട്ടുണ്ട്. നിഖാത് സരീൻ (50 കിലോഗ്രാം), പ്രീതി സായ് പവാർ (54 കിലോഗ്രാം), ലോവ്‌ലിന ബോർഗോഹെയ്ൻ (75 കിലോഗ്രാം) എന്നിവരാണ് യോഗ്യത നേടിയ വനിതാ താരങ്ങൾ.

71 കിലോഗ്രാം വിഭാഗത്തിൽ ആകും ഇരുപത്തിമൂന്നുകാരനായ നിശാന്ത്, 2024 പാരീസ് ഒളിമ്പിക്‌സിൽ മത്സരിക്കുക.

Exit mobile version