Picsart 25 05 04 10 05 18 964

ആർസിബിക്കെതിരായ തോൽവിക്ക് കാരണം താനാണെന്ന് ധോണി


റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരായ ഐപിഎൽ 2025 ലെ 52-ാം മത്സരത്തിൽ ചെന്നൈ സൂപ്പർ കിംഗ്സ് രണ്ട് റൺസിന് തോറ്റതിന് പിന്നാലെ ടീമിന്റെ തോൽവിയുടെ പൂർണ്ണ ഉത്തരവാദിത്തം ഏറ്റെടുത്ത് ക്യാപ്റ്റൻ എം എസ് ധോണി. എം ചിന്നസ്വാമി സ്റ്റേഡിയത്തിൽ 214 റൺസ് എന്ന കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന സിഎസ്കെ, 17 കാരനായ ആയുഷ് മാത്രെയുടെ 48 പന്തിൽ 94 റൺസിന്റെ വെടിക്കെട്ട് ഇന്നിംഗ്സും രവീന്ദ്ര ജഡേജയുടെ 45 പന്തിൽ പുറത്താകാതെ നേടിയ 77 റൺസും ഉണ്ടായിട്ടും നിരാശാജനകമായ തോൽവി ഏറ്റുവാങ്ങി.


എട്ട് പന്തിൽ 12 റൺസ് നേടിയ ധോണി അവസാന ഓവറിൽ യാഷ് ദയാലിന്റെ പന്തിൽ എൽബിഡബ്ല്യു ആയി പുറത്തായി. അപ്പോൾ മൂന്ന് പന്തിൽ 13 റൺസായിരുന്നു സിഎസ്കെയ്ക്ക് വേണ്ടിയിരുന്നത്.

“ഞാൻ ബാറ്റ് ചെയ്യാൻ ഇറങ്ങിയപ്പോൾ, ആവശ്യമായ റൺസ് വെച്ച് നോക്കുമ്പോൾ, സമ്മർദ്ദം കുറയ്ക്കാൻ ഞാൻ കുറച്ച് വലിയ ഷോട്ടുകൾ കൂടി അടിക്കണമായിരുന്നു. ഞാൻ ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നു.” – ധോണി പറഞ്ഞു.


അവസാന ഓവറിന് തൊട്ടുമുന്‍പുള്ള ഓവറിൽ ഭുവനേശ്വർ കുമാറിനെതിരെ ധോണി ഒരു സിക്സർ നേടി എങ്കിലും സിഎസ്കെ രണ്ട് റൺസിന് തോറ്റു.

Exit mobile version