മുംബൈ ഇന്ത്യൻസ് പുതിയ പരിശീലകനെ നിയമിച്ചു

അഞ്ച് തവണ ഐ‌പി‌എൽ ചാമ്പ്യൻമാരായിട്ടുള്ള മുംബൈ ഇന്ത്യൻസ് പുതിയ പരിശീലകനെ നിയമിച്ചു. ദക്ഷിണാഫ്രിക്കൻ ഇതിഹാസം മാർക്ക് ബൗച്ചറർ ആണ് മുംബൈയുടെ ഹെഡ് കോച്ചാവുന്നത്. ഇന്ന് ഇത് സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനം വന്നു‌‌. മുൻ പരിശീലകൻ ആയിരുന്ന മഹേല ജയവർദ്ധനെയെ മുംബൈ ഇന്ത്യൻസ് വേറെ പുതിയ റോളുകളിലേക്ക് മാറ്റിയിരുന്നു‌.

“മാർക്ക് ബൗച്ചറിനെ മുംബൈ ഇന്ത്യൻസിലേക്ക് സ്വാഗതം ചെയ്യുന്നതിൽ സന്തോഷമുണ്ട്. ടീമിന്റെ മികച്ച പാരമ്പര്യം മുന്നോട്ട് കൊണ്ടുപോകാൻ മാർക്കിന് ആകും,” ആകാശ് അംബാനി ബൗച്ചറിന്റെ നിയമനത്തെ കുറിച്ച് പറഞ്ഞു.

ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീമിന്റെ പരിശീലകൻ ആയ മാർക്ക് ബൗച്ചർ ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് ശേഷം സ്ഥാനമൊഴിയും എന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു.

2019 ഡിസംബർ മുതൽ ബൗച്ചർ ദക്ഷിണാഫ്രിക്ക ടീമിന്റെ പരിശീലക വേഷം അണിയുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ പരമ്പര വിജയം ഉൾപ്പെടെ 11 ടെസ്റ്റ് വിജയങ്ങളിലേക്ക് ദക്ഷിണാഫ്രിക്കയെ നയിക്കാൻ ബൗച്ചറിനായിരുന്നു. ബൗച്ചർ പരിശീലകനായിരിക്കെ ദക്ഷിണാഫ്രിക്ക 12 ഏകദിന വിജയങ്ങളും 23 ടി20 വിജയങ്ങളും സ്വന്തമാക്കി.

എസ്എ20: മാര്‍ക്ക് ബൗച്ചര്‍ എംഐ കേപ് ടൗണിനൊപ്പം ചേരും

ദക്ഷിണാഫ്രിക്കയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ മാര്‍ക്ക് ബൗച്ചര്‍ എസ്എ20 ഫ്രാഞ്ചൈസിയായ എംഐ കേപ് ടൗണിനൊപ്പം ചേരും. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കൈവിട്ട ശേഷമായിരുന്നു  മാര്‍ക്ക് ബൗച്ചര്‍ പരിശീലക സ്ഥാനം താന്‍ രാജി വയ്ക്കുമെന്ന് അറിയിച്ചത്. ടി20 ലോകകപ്പിന് ശേഷം ആണ് താരം സ്ഥാനം ഒഴിയുക.

കേപ് ടൗണിൽ സെപ്റ്റംബര്‍ 19ന് നടക്കുന്ന ലേലത്തിൽ എംഐ കേപ് ടൗൺ പ്രതിനിധിയായി താരവും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഐപിഎലിലെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥരായ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് എംഐ കേപ് ടൗൺ

മാർക്ക് ബൗച്ചർ ദക്ഷിണാഫ്രിക്ക പരിശീലക സ്ഥാനം ഒഴിയും

ദക്ഷിണാഫ്രിക്ക ക്രിക്കറ്റ് ടീമിന്റെ പരിശീലക സ്ഥാനം മാർക്ക് ബൗച്ചർ ഒഴിയും. അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന ഐസിസി പുരുഷ ടി20 ലോകകപ്പിന് ശേഷം ആകും അദ്ദേഹം സ്ഥാനമൊഴിയുക എന്ന് ക്രിക്കറ്റ് സൗത്ത് ആഫ്രിക്ക അറിയിച്ചു.

2019 ഡിസംബർ മുതൽ ബൗച്ചർ ദക്ഷിണാഫ്രിക്ക ടീമിന്റെ പരിശീലക വേഷം അണിയുന്നുണ്ട്. ഇന്ത്യയ്‌ക്കെതിരായ പരമ്പര വിജയം ഉൾപ്പെടെ 11 ടെസ്റ്റ് വിജയങ്ങളിലേക്ക് ദക്ഷിണാഫ്രിക്കയെ നയിക്കാൻ ബൗച്ചറിനായിരുന്നു. ബൗച്ചർ പരിശീലകനായിരിക്കെ ദക്ഷിണാഫ്രിക്ക 12 ഏകദിന വിജയങ്ങളും 23 ടി20 വിജയങ്ങളും സ്വന്തമാക്കി.

ഭുവനേശ്വര്‍ തങ്ങളെ പവര്‍പ്ലേയിൽ സമ്മര്‍ദ്ദത്തിലാക്കി – മാര്‍ക്ക് ബൗച്ചര്‍

ഇന്ത്യയും ദക്ഷിണാഫ്രിക്കയും തമ്മിലുള്ള ടി20 പരമ്പരയിലെ അവസാന മത്സരം മഴ കാരണം ഉപേക്ഷിച്ചപ്പോള്‍ ഇരു ടീമുകളും 2-2 എന്ന സ്കോറിന് പരമ്പര പങ്കുവയ്ക്കുകയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി മികച്ച പ്രകടനം പുറത്തെടുത്ത് നാല് ഇന്നിംഗ്സിൽ നിന്ന് 6 വിക്കറ്റ് നേടിയ ഭുവനേശ്വര്‍ കുമാര്‍ ആയിരുന്നു പരമ്പരയിലെ താരമായി തിരഞ്ഞെടുക്കപ്പെട്ടത്.

താരത്തിനെ പ്രശംസിച്ച് ദക്ഷിണാഫ്രിക്കന്‍ കോച്ച് മാര്‍ക്ക് ബൗച്ചറും രംഗത്തെത്തിയിട്ടുണ്ട്. പവര്‍പ്ലേയിലെ ഭുവിയുടെ സ്പെല്ലാണ് തന്റെ ടീമിനെ സമ്മര്‍ദ്ദത്തിലാക്കിയതെന്നാണ് ബൗച്ചര്‍ പറഞ്ഞത്.

കഴിഞ്ഞ രണ്ട് വര്‍ഷമായി പരിക്കും മോശം ഫോമും കാരണം ഭുവിയ്ക്ക് മോശം സമയം ആയിരുന്നുവെങ്കിലും ഐപിഎലില്‍ 12 വിക്കറ്റ് തന്റെ ടീമിനായി നേടിയ താരം മികച്ച പോം തുടര്‍ന്ന് ഈ ടി20 പരമ്പരയിലും മികവ് പുലര്‍ത്തി.

ദക്ഷിണാഫ്രിക്കയ്ക്കെതിരെ രണ്ടാം ടി20യിൽ വെറും 13 റൺസ് വിട്ട് നൽകി 4 വിക്കറ്റാണ് ഭുവനേശ്വര്‍ കുമാര്‍ നേടിയത്.

ഡി കോക്കിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നു, പക്ഷേ അത് തങ്ങളെ ഞെട്ടിച്ചു – മാര്‍ക്ക് ബൗച്ചര്‍

ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുവാന്‍ ക്വിന്റൺ ഡി കോക്ക് തീരുമാനിച്ചപ്പോള്‍ താരത്തിന് വെറും 29 വയസ്സ് മാത്രമായിരുന്നു പ്രായം. ഇന്ത്യയ്ക്കെതിരെ സെഞ്ചൂറിയണിലെ ആദ്യ ടെസ്റ്റിന് ശേഷമാണ് ഡി കോക്ക് തന്റെ വിരമിക്കിൽ തീരുമാനം പ്രഖ്യാപിച്ചത്.

എന്നാൽ താരത്തിന്റെ ഈ തീരുമാനം ഏവരെയും ഞെട്ടിച്ചുവെന്നാണ് ടീം മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കിയത്. എന്നാൽ അദ്ദേഹത്തിന്റെ തീരുമാനത്തെ ബഹുമാനിക്കുന്നുവെന്നാണ് ബൗച്ചര്‍ അഭിപ്രായപ്പെട്ടത്.

ഈ തീരുമാനം ആരും പ്രതീക്ഷിച്ചതല്ലെന്നും അപ്രതീക്ഷിതമായ ഘട്ടത്തിലെത്തിയ ഈ തീരുമാനത്തെ മറന്ന് ടീം മുന്നോട്ട് പോകണമെന്നും അടുത്ത മത്സരത്തിലേക്ക് ശ്രദ്ധ തിരിക്കണമെന്നും മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി.

ഡി കോക്കിനെ പോലെ ഇത്രയും പ്രതിഭയുള്ള ഒരു താരം ഇത്ര ചെറുപ്പത്തിൽ രാജി വയ്ക്കുക എന്നത് ആര്‍ക്കും ഉള്‍ക്കൊള്ളാനാകുന്ന ഒന്നല്ല, എന്നാൽ അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണയ്ക്കുകയാണ് താനും ദക്ഷിണാഫ്രിക്കന്‍ ടീമും എന്ന് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കി.

കരുത്തരായ വിന്‍ഡീസിനെതിരെ ഏതാനും താരങ്ങള്‍ ഫോമില്‍ അല്ലാത്തപ്പോളും വിജയിക്കാനായത് ദക്ഷിണാഫ്രിക്കയുടെ കരുത്ത് കാട്ടുന്നു – മാര്‍ക്ക് ബൗച്ചര്‍

ടി20 ലോക ചാമ്പ്യന്മാരായ വിന്‍ഡീസിനെതിരെ ഏതാനും താരങ്ങള്‍ ഫോമിലല്ലാഞ്ഞിട്ടും പരമ്പര സ്വന്തമാക്കിയത് ദക്ഷിണാഫ്രിക്കയ്ക്ക് ഏത് ടീമിനെയും തോല്പിക്കാനാകുമെന്നത് കാണിക്കുന്നുവെന്ന് പറ‍ഞ്ഞ് കോച്ച് മാര്‍ക്ക് ബൗച്ചര്‍. പരമ്പരയിൽ 255 റൺസ് നേടിയ ക്വിന്റൺ ഡി കോക്ക് മാത്രമാണ് റൺസ് കണ്ടെത്തിയത്. രണ്ടാം സ്ഥാനത്തുള്ള മാര്‍ക്ക് ബൗച്ചര്‍ മാത്രമാണ് മൂന്നക്ക സ്കോറിലേക്ക് കടന്ന മറ്റൊരു താരം. 113 റൺസ് നേടിയ താരം അവസാന മത്സരത്തിൽ നേടിയ 70 റൺസിന്റെ ബലത്തിലാണ് ഈ സ്കോര്‍ നേടിയത്.

ഈ സാഹചര്യത്തിലും ദക്ഷിണാഫ്രിക്ക പരമ്പര വിജയിച്ചത് വലിയ കാര്യമാണെന്നും ചില താരങ്ങള്‍ കൂടി ഫോമിലേക്ക് ഉയര്‍ന്നാൽ ഏത് ടീമിനെയും കീഴടക്കുവാന്‍ ദക്ഷിണാഫ്രിക്കയ്ക്ക് സാധിക്കുമെന്നും ബൗച്ചര്‍ വ്യക്തമാക്കി. ദുഷ്കരമായ സാഹചര്യത്തിൽ സ്മാര്‍ട്ട് ക്രിക്കറ്റാണ് ദക്ഷിണാഫ്രിക്ക കളിച്ചതെന്നും ബൗച്ചര്‍ കൂട്ടിചേര്‍ത്തു.

 

എബിഡി തിരിച്ചുവരുന്നില്ലെന്ന് പറഞ്ഞതിന് പിന്നിലെ കാരണം വ്യക്തമാക്കി മാര്‍ക്ക് ബൗച്ചര്‍

അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരിച്ചുവരുവാന്‍ സാധ്യതയുണ്ടെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഐപിഎലിനിടെ പറഞ്ഞ എബി ഡി വില്ലിയേഴ്സ് എന്നാല്‍ പിന്നീട് തന്റെ വിരമിക്കല്‍ തീരുമാനത്തില്‍ ഉറച്ച് നില്‍ക്കുകയാണെന്ന് ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡിനോട് അറിയിക്കുകയായിരുന്നു. താരത്തിന്റെ ഈ തീരുമാനത്തിന് കാരണം എന്താണെന്ന് ദക്ഷിണാഫ്രിക്കയുടെ മുഖ്യ കോച്ച് ഇപ്പോള്‍ വെളിപ്പെടുത്തിയിട്ടുണ്ട്.

എബിഡി തിരിച്ച് വന്ന് ടീമിന്റെ ഭാഗമായി ഇത്രയും നാള്‍ കളിച്ചിരുന്ന ഒരു വ്യക്തിയുടെ അവസരം തട്ടിയെടുക്കുന്ന സാഹചര്യം ഉണ്ടാകുമായിരുന്നുവെന്നും അത് താരത്തിന് ഉള്‍ക്കൊള്ളുവാന്‍ കഴിയാത്തതിനാലാണ് തന്റെ തിരിച്ചുവരവ് വേണ്ടെന്ന് അദ്ദേഹം കരുതിയതെന്നും എബി ഡി വില്ലിയേഴ്സ് തങ്ങളെ അറിയിച്ചുവെന്നാണ് മാര്‍ക്ക് ബൗച്ചര്‍ വ്യക്തമാക്കിയിരിക്കുന്നത്.

ടി20 ലോകകപ്പ് കളിക്കണമെന്ന് ആഗ്രഹമുണ്ട് – എ ബി ഡി വില്ലിയേഴ്സ്

വരുന്ന ടി20 ലോകകപ്പില്‍ കളിക്കണമെന്ന് തനിക്ക് ആഗ്രഹമുണ്ടെന്ന് പറഞ്ഞ് എ ബി ഡി വില്ലിയേഴ്സ്. താരം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചുവെങ്കിലും ഐപിഎലില്‍ മികച്ച ഫോമിലാണ് കളിക്കുന്നത്. കഴിഞ്ഞ ദിവസം കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെതിരെ 34 പന്തില്‍ 76 നേടി പുറത്താകാതെ നിന്ന താരം താന്‍ ഇപ്പോളത്തെ ദേശീയ മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചറുമായി തന്റെ മടങ്ങി വരവിന്റെ ചര്‍ച്ച നടത്തുമെന്ന് പറഞ്ഞു.

ഈ അടുത്ത് ഇതുവരെ ആ ചര്‍ച്ച നടന്നിട്ടില്ലെങ്കിലും ഐപിഎലിനിടെ അതുണ്ടാവുമെന്ന് എബിഡി പറഞ്ഞു. തന്നോട് ബൗച്ചര്‍ കഴിഞ്ഞ വര്‍ഷം തനിക്ക് ലോകകപ്പ് കളിക്കുവാന്‍ താല്പര്യമുണ്ടോ എന്ന് ചോദിച്ചിരുന്നുവെന്നും ഡി വില്ലിയേഴ്സ് വ്യക്തമാക്കി. താന്‍ താല്പര്യമുണ്ടെന്നാണ് അന്ന് അറിയിച്ചതെന്നും ഐപിഎലിന് ശേഷം ഇതിനെക്കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തുവാന്‍ താനും ബൗച്ചറും കൂടിക്കാഴ്ച നടത്തുമെന്നും എ ബി ഡി വില്ലിയേഴ്സ് വ്യക്തമാക്കി.

നാട്ടില്‍ തോല്‍വിയേറ്റ് വാങ്ങിയത് ദുഃഖകരം – മാര്‍ക്ക് ബൗച്ചര്‍

പാക്കിസ്ഥാനോട് ഏകദിന പരമ്പര 2-1 ന് അടിയറവ് വെച്ചത് ദുഃഖരമായ അവസ്ഥയെന്ന് പറഞ്ഞ് ദക്ഷിണാഫ്രിക്കന്‍ മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍. നാട്ടിലെ സാഹചര്യങ്ങളില്‍ ഒരു പരമ്പര നഷ്ടപ്പെടുത്തിയത് ആരും ആഗ്രഹിക്കാത്ത കാര്യമാണെന്ന് ബൗച്ചര്‍ പറഞ്ഞു.

എന്നാല്‍ പരമ്പരയില്‍ ഉടനീളം പാക്കിസ്ഥാനായിരുന്നു ദക്ഷിണാഫ്രിക്കയെക്കാള്‍ മികച്ച ടീമെന്നും ബൗച്ചര്‍ കൂട്ടിചേര്‍ത്തു. മികച്ച രീതിയിലാണ് ഈ സാഹചര്യങ്ങളില്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരെ പാക്കിസ്ഥാന്‍ കളിച്ചതെന്നും ബൗച്ചര്‍ പറഞ്ഞു.

ഐപിഎല്‍ കളിക്കുവാനായി പ്രമുഖ താരങ്ങള്‍ ഇന്ത്യയിലേക്ക് യാത്രയായതിനാല്‍ നിര്‍ണ്ണായകമായ മൂന്നാം ഏകദിനത്തില്‍ അഞ്ച് മുന്‍ നിര താരങ്ങളുടെ സേവനമില്ലാതെയാണ് ദക്ഷിണാഫ്രിക്ക ഇന്ന് മത്സരത്തിനിറങ്ങിയത്.

കാലിസ് കണ്‍സള്‍ട്ടന്റായി തിരികെ എത്തണമെന്ന ആവശ്യവുമായി മാര്‍ക്ക് ബൗച്ചര്‍

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം ജാക്ക്വസ് കാലിസിനെ ദക്ഷിണാഫ്രിക്കന്‍ കോച്ചിംഗ് ക്യാമ്പില്‍ തിരിച്ച് കൊണ്ടുവരണമെന്ന ആവശ്യവുമായി ടീം മുഖ്യ കോച്ച് മാര്‍ക്ക് ബൗച്ചര്‍. നിലവില്‍ ഇംഗ്ലണ്ടിന്റെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റ് എന്ന നിലയില്‍ ശ്രീലങ്കയിലുള്ള ദക്ഷിണാഫ്രിക്കന്‍ മുന്‍ താരത്തെ ദക്ഷിണാഫ്രിക്കന്‍ ടീമിനൊപ്പം എത്തിക്കണമെന്നാണ് മാര്‍ക്ക് ബൗച്ചറിന്റെ ആവശ്യം.

തന്റെ വളരെ അടുത്ത സുഹൃത്തായ കാലിസിനെ വെറും സുഹൃത്തായത് കൊണ്ടല്ല താന്‍ കണ്‍സള്‍ട്ടന്റായി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം മികച്ചൊരു ക്രിക്കറ്ററാണെന്നും ദക്ഷിണാഫ്രിക്കയ്ക്ക് അദ്ദേഹത്തിന്റെ അറിവ് ഗുണം ചെയ്യുമെന്നും ബൗച്ചര്‍ വ്യക്തമാക്കി.

2019/20 സീസണില്‍ ചെറിയൊരു കാലഘട്ടത്തില്‍ ദക്ഷിണാഫ്രിക്കയുടെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി കാലിസ് ചുമതല വഹിച്ചരുന്നു.

3TCയുടെ ഉടമസ്ഥരായ കമ്പനിയുടെ ഭാഗമല്ല സ്മിത്തും ബൗച്ചറെന്നും വിശദീകരിച്ച് ക്രിക്കറ്റ് സൗത്താഫ്രിക്ക

3TCയുടെ ഉടമസ്ഥരായ കമ്പനിയില്‍ ഷെയര്‍ ഹോള്‍ഡര്‍മാരും ഫൗണ്ടര്‍മാരുമാണ് ഗ്രെയിം സ്മിത്തും മാര്‍ക്ക് ബൗച്ചറും എന്ന വാദങ്ങളെ തള്ളി ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ബോര്‍ഡ്. ബോര്‍ഡ് ചീഫായ സ്മിത്തും ടീമിന്റെ കോച്ചായ ബൗച്ചറും ഈ പുതിയ ഫോര്‍മാറ്റിന്റെ ഉടമസ്ഥരായ കമ്പനിയിലെ അവകാശികളാണെന്ന തരത്തിലാണ് വാര്‍ത്ത പുറത്ത് വന്നത്. എന്നാല്‍ ഈ ടൂര്‍ണ്ണമെന്റ് ആരംഭിക്കുവാനുള്ള അനുമതി ദക്ഷിണാഫ്രിക്കന്‍ ബോര്‍ഡ് നിരസിക്കുകയായിരുന്നു.

ഇരുവരും ഈ ഫോര്‍മാറ്റിന്റെ രൂപകല്പനയില്‍ പങ്കാളികളായിരുന്നുവെന്നും അത് അവര്‍ നേരത്തെ തന്നെ ബോര്‍ഡിനോട് അറിയിച്ചിരുന്നതാണെന്നും ബോര്‍ഡ് വ്യക്തമാക്കി. അല്ലാതെ ഇവര്‍ക്ക് ഈ കമ്പനിയില്‍ ഷെയറോ ഉടമസ്ഥാവകാശമോ ഇല്ലെന്ന് ബോര്‍ഡ് വ്യക്തമാക്കി.

ഇത്തരം വാദങ്ങള്‍ക്കെതിരെ ബോര്‍ഡ് നിയമനടപടിയ്ക്ക് ഒരുങ്ങുമെന്നാണ് അറിഞ്ഞത്.

ബൗച്ചറുടെ നിയമനം 2023 ലോകകപ്പ് വരെ

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ടീം ഡയറക്ടറായി നിയമിക്കപ്പെട്ട മാര്‍ക്ക് ബൗച്ചര്‍ 2023 വരെയാണ് ഈ പദവയില്‍ തുടരുവാന്‍ ബോര്‍ഡുമായി കരാറിലെത്തിയിരിക്കുന്നത്. നേരത്തെ ബൗച്ചറെ കോച്ചായിയുള്ള പ്രഖ്യാപനം വരുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കില്‍ കഴിഞ്ഞ ദിവസമാണ് ഔദ്യോഗിക പ്രഖ്യാപനം വന്നത്. ദക്ഷിണാഫ്രിക്കയുടെ ക്രിക്കറ്റ് ഡയറക്ടര്‍ ആയി നിയമിക്കപ്പെട്ട ഗ്രെയിം സ്മിത്താണ് ഈ പ്രഖ്യാപനം നടത്തിയത്.

ഇംഗ്ലണ്ടിനെതിരെ ഡിസംബര്‍ 26ന് സെഞ്ച്യുറിയണില്‍ ആരംഭിക്കുന്ന ടെസ്റ്റ് പരമ്പരയാവും ബൗച്ചറുടെ ആദ്യ ദൗത്യം. ഡിസംബര്‍ 16ന് നാല് ടെസ്റ്റ് പരമ്പരയിലെ ആദ്യ രണ്ട് ടെസ്റ്റുകള്‍ക്കുള്ള ടീമുകളുടെ പ്രഖ്യാപനം നടത്തുമെന്നാണ് അറിയുന്നത്. കൂടാതെ ടീമിന്റെ പുതിയ ബാറ്റിംഗ് ബൗളിംഗ് കണ്‍സള്‍ട്ടന്റ്മാരെയും ഉടന്‍ പ്രഖ്യാപിക്കുമെന്നാണ് അറിയുന്നത്. ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ജാക്വിസ് കാലിസിന്റെ പേരാണ് ഉയര്‍ന്ന് കേള്‍ക്കുന്നത്.

Exit mobile version