എസ്എ20, വേതനം വര്‍ദ്ധിപ്പിച്ചു, ലീഗിൽ പുതിയ നിയമങ്ങളും

അടുത്ത സീസൺ എസ്എ20യ്ക്ക് മുമ്പായി തന്നെ കളിക്കാരുടെ വേതനം വര്‍ദ്ധിപ്പിച്ചു. 34മില്യൺ റാന്‍ഡ് ആയിരുന്ന തുക 39.1 മില്യൺ റാന്‍ഡായി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ലീഗിലെ പുതിയ നിയമപ്രകാരം 22 വയസ്സിനപ്പുറമില്ലാത്ത ഒരു റൂക്കി ദക്ഷിണാഫ്രിക്കന്‍ താരത്തെ ഫ്രാഞ്ചൈസി സ്ക്വാഡിൽ ഉള്‍പ്പെടുത്തണമെന്ന മാനദണ്ഡം കൂടി വന്നിട്ടുണ്ട്.

എസ്എ20യിൽ മുമ്പ് കളിച്ചിട്ടുള്ള താരമാകരുതെന്നും കൂടി നിയമമുണ്ട്. ഇതോടെ ടീമുകളുടെ സ്ക്വാഡ് സൈസ് 19 ആക്കി ഉയര്‍ത്തിയിട്ടുണ്ട്. അത് പോലെ തന്നെ ഒരു സ്ക്വാഡിൽ കുറഞ്ഞത് 11 ദക്ഷിണാഫ്രിക്കക്കാരുണ്ടാകണമെന്നും നിയമം ഉണ്ട്.

തോരാത്ത മഴ!!!! എസ്എ20 ഫൈനൽ മാറ്റി വെച്ചു

ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗായ എസ്എ20യുടെ ഫൈനൽ മാറ്റി വെച്ചു. തോരാതെ പെയ്യുന്ന മഴ കാരണമാണ് ഫൈനൽ മാറ്റുവാനുള്ള തീരുമാനം. ഇന്ന് നടക്കാനിരുന്ന ഫൈനൽ നാളത്തേക്ക് മാറ്റുകയായിരുന്നു.

ഫെബ്രുവരി 11ന് നടക്കാനിരുന്ന ഫൈനൽ റിസര്‍വ് ഡേ ആയ ഫെബ്രുവരി 12ലേക്ക് മാറ്റുകയായിരുന്നു. 12ാം തീയ്യതി ഭേദപ്പെട്ട കാലാവസ്ത പ്രവചനമാണുള്ളത്. പ്രിട്ടോറിയ ക്യാപിറ്റൽസും സൺറൈസേഴ്സ് ഈസ്റ്റേൺ കേപും തമ്മിലാണ് ഫൈനൽ മത്സരം.

മാര്‍ക്രത്തിന് സെഞ്ച്വറി, സൺറൈസേഴ്സ് ഈസ്റ്റേൺ കേപിന് വിജയം, ഫൈനലില്‍ പ്രിട്ടോറിയ ക്യാപിറ്റൽസിനെ നേരിടും

എസ്എ20യിലെ രണ്ടാം സെമിയിൽ മികച്ച റൺ സ്കോറിംഗ് കണ്ട മത്സരത്തിൽ 14 റൺസ് വിജയവുമായി സൺറൈസേഴ്സ് ഈസ്റ്റേൺ കേപ്. ജോബര്‍ഗ് സൂപ്പര്‍ കിംഗ്സിനെയാണ് ടീം പരാജയപ്പെടുത്തിയത്.

ആദ്യം ബാറ്റ് ചെയ്ത സൺറൈസേഴ്സ് 213/5 എന്ന സ്കോര്‍ നേടിയപ്പോള്‍ സൂപ്പര്‍ കിംഗ്സിന് 6 വിക്കറ്റ് നഷ്ടത്തിൽ 199 റൺസ് മാത്രമേ നേടാനായുള്ളു. 31 റൺസായിരുന്നു അവസാന ഓവറിൽ ജയിക്കുവാന്‍ സൂപ്പര്‍ കിംഗ്സ് നേടേണ്ടിയിരുന്നത്.

58 പന്തിൽ 100 റൺസ് നേടിയ എയ്ഡന്‍ മാര്‍ക്രത്തിന്റെ ബാറ്റിംഗ് മികവിലാണ് 213 റൺസെന്ന മികച്ച സ്കോര്‍ സൺറൈസേഴ്സ് നേടിയത്. ജോര്‍ദന്‍ ഹെര്‍മാന്‍ 48 റൺസ് നേടി. സൂപ്പര്‍ കിംഗ്സിന് വേണ്ടി ലിസാദ് വില്യംസ് 4 വിക്കറ്റ് നേടി.

മറുപടി ബാറ്റിംഗിനിറങ്ങിയ സൂപ്പര്‍ കിംഗ്സിന് വേണ്ടി റീസ ഹെന്‍ഡ്രിക്സ് 54 പന്തിൽ 96 റൺസ് നേടിയെങ്കിലും ടോപ് ഓര്‍ഡറിലെ മറ്റു താരങ്ങളിൽ നിന്ന് വേണ്ടത്ര പിന്തുണ ലഭിയ്ക്കാത്തത് തിരിച്ചടിയായി. 14 പന്തിൽ 38 റൺസ് നേടിയ റൊമാരിയോ ഷെപ്പേര്‍ഡും 9 പന്തിൽ 20 റൺസ് നേടിയ ഡൊണാവന്‍ ഫെരേരയും അവസാന ഓവറുകളിൽ പൊരുതി നോക്കിയെങ്കിലും 14 റൺസിന്റെ തോൽവി സൂപ്പര്‍ കിംഗ്സ് ഏറ്റുവാങ്ങി.

എസ്എ20: ആദ്യ സെമിയിൽ വിജയം നേടി പ്രിട്ടോറിയ ക്യാപിറ്റൽസ്

എസ്എ20യിലെ ഫൈനലിസ്റ്റുകളായി പ്രിട്ടോറിയ ക്യാപിറ്റൽസ്. ഇന്നലെ നടന്ന ആദ്യ സെമിയിൽ പാള്‍ റോയൽസിനെ 29 റൺസിന് പരാജയപ്പെടുത്തിയാണ് ക്യാപിറ്റൽസ് ഫൈനലിലേക്ക് കടന്നത്.

ആദ്യം ബാറ്റ് ചെയ്ത ക്യാപിറ്റൽസ് 153/8 എന്ന സ്കോര്‍ നേടിയപ്പോള്‍ ഈ സ്കോറിലേക്ക് എത്തുവാന്‍ സഹായിച്ചത് 41 പന്തിൽ 56 റൺസ് നേടിയ റൈലി റോസ്സോ ആണ്. എഥാന്‍ ബോഷ് 10 പന്തിൽ 22 റൺസും നേടിയപ്പോള്‍ റോയൽസിന് വേണ്ടി ബൗളിംഗിൽ ആന്‍ഡിലെ ഫെഹ്ലുക്വായോ മൂന്നും തബ്രൈസ് ഷംസി രണ്ടും വിക്കറ്റ് നേടി.

31 റൺസ് നേടിയ ഡേവിഡ് മില്ലര്‍ ഒഴിച്ച് മറ്റാര്‍ക്കും വലിയ സ്കോര്‍ നേടാനാകാതെ പോയത് റോയൽസിന് തിരിച്ചടിയായി. ജേസൺ റോയ്, ജോസ് ബട്‍ലര്‍, ഓയിന്‍ മോര്‍ഗന്‍ എന്നിങ്ങനെ വലിയ താരനിര പരാജയപ്പെടുകയായിരുന്നു. പോള്‍ സ്റ്റിര്‍ലിംഗ് 14 പന്തിൽ 21 റൺസ് നേടി പുറത്തായി.

19 ഓവറിൽ ടീം 124 റൺസിന് ഓള്‍ഔട്ട് ആയപ്പോള്‍ എഥാന്‍ ബോഷ്, ആന്‍റിക് നോര്‍ക്കിയ, ആദിൽ റഷീദ്, ജെയിംസ് നീഷം എന്നിവര്‍ ക്യാപിറ്റൽസിനായി രണ്ട് വീതം വിക്കറ്റ് നേടി.

ക്ലാസ്സന്‍ വെടിക്കെട്ട്, SA20ലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്സ്

ഹെയിന്‍റിച്ച് ക്ലാസ്സന്റെ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനത്തിന്റെ ബലത്തിൽ എസ്എ20യിലെ ഏറ്റവും ഉയര്‍ന്ന സ്കോര്‍ നേടി ഡര്‍ബന്‍സ് സൂപ്പര്‍ ജയന്റ്സ്. ഇന്ന് ആദ്യം ബാറ്റ് ചെയ്ത ഡര്‍ബന്‍ 254/4 എന്ന സ്കോറാണ് പ്രിട്ടോറിയ ക്യാപിറ്റൽസിനെതിരെ നേടിയത്.

ക്ലാസ്സന്‍ പുറത്താകാതെ 44 പന്തിൽ 104 റൺസ് നേടിയപ്പോള്‍ ഡി കോക്ക് 20 പന്തിൽ 43 റൺസും ബ്രീറ്റ്സ്കെ 21 പന്തിൽ 46 റൺസും നേടി പുറത്താകാതെ നിന്നു.

എസ്എ20: ജോഫ്രയെ സ്വന്തമാക്കി എംഐ കേപ്ട‍ൗൺ

ഇംഗ്ലണ്ട് താരം ജോഫ്ര ആര്‍ച്ചറെ തങ്ങളുടെ വൈൽഡ് കാര്‍ഡ് പ്ലേയറായി സ്വന്തമാക്കി ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗ് ഫ്രാഞ്ചൈസിയായ എംഐ കേപ്ടൗൺ. ഐപിഎൽ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് എംഐ കേപ്ടൗൺ. അതേ സമയം ജോഫ്ര ഐപിഎലില്‍ അടുത്ത സീസണിൽ മുംബൈയ്ക്ക് വേണ്ടിയാണ് കളിക്കുവാനിരിക്കുന്നത്.

ജനുവരി 10 മുതൽ ഫെബ്രുവരി 11 വരെയാണ് എസ്എ20യുടെ ഉദ്ഘാടന പതിപ്പ് നടക്കുക. ഇംഗ്ലണ്ട് ബോര്‍ഡ് താരത്തിന് അനുമതി പത്രം നൽകിയെന്നാണ് ലഭിക്കുന്ന വിവരം. ജൂലൈ 2021ന് ശേഷം കളത്തിന് പുറത്താണ് ജോഫ്ര ആര്‍ച്ചര്‍.

നിലവിൽ ഇംഗ്ലണ്ട് ലയൺസിനൊപ്പം യുഎഇയിൽ തന്റെ റീഹാബ് നടപടികളുമായി ജോഫ്ര മുന്നോട്ട് പോകുകയാണ്.

എസ്എ20യെ ഐപിഎലിന് ശേഷം ലോകത്തിലെ മുന്‍ നിര ടി20 ലീഗ് ആവുക ലക്ഷ്യം – ഗ്രെയിം സ്മിത്ത്

ഐപിഎലിന് പിന്നിലായി ലോകത്തിലെ രണ്ടാമത്തെ ഏറ്റവും മികച്ച ടി20 ലീഗായി എസ്എ20യെ മാറ്റുകയാണ് ലക്ഷ്യം എന്ന് പറഞ്ഞ് ലീഗ് കമ്മീഷ്ണറും മുന്‍ ദക്ഷിണാഫ്രിക്കന്‍ നായകനുമായ ഗ്രെയിം സ്മിത്ത്.

50ലധികം ഇംഗ്ലീഷ് താരങ്ങളാണ് ലീഗിൽ കളിക്കുന്നതിനായി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ലോകോത്തരമായ ഒരു ടൂര്‍ണ്ണമെന്റായി എസ്എ20 മാറുമെന്നതിന്റെ സൂചനയാണ് ഇതെന്നും സ്മിത്ത് ചൂണ്ടിക്കാണിച്ചു.

എസ്എ20 ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിന്റെ സാമ്പത്തിക സ്ഥിതിയ്ക്ക് വലിയ തോതിലുള്ള സഹായം ആയി മാറുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും സ്മിത്ത് വെളിപ്പെടുത്തി.

പാർൾ റോയൽസിനെ ഡേവിഡ് മില്ലര്‍ നയിക്കും

എസ്എ20 ഫ്രാഞ്ചൈസിയായ പാർൾ റോയൽസിനെ ദക്ഷിണാഫ്രിക്കന്‍ താരം ഡേവിഡ് മില്ലര്‍ നയിക്കും. ഐപിഎൽ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയൽസ് ഉടമസ്ഥരുടെ ദക്ഷിണാഫ്രിക്കന്‍ ടി20 ലീഗിലെ ടീം ആണ് പാർൾ റോയൽസ്.

രാജസ്ഥാന്‍ റോയൽസിൽ കളിക്കുന്ന ജോസ് ബട്‍ലര്‍, ഒബേദ് മക്കോയി എന്നിവരും ഈ ഫ്രാഞ്ചൈസിയിലും കളിക്കുന്നുണ്ട്.

പാർള്‍ റോയൽസ് ജെപി ഡുമിനിയെ മുഖ്യ കോച്ചായി നിയമിച്ചു

ജെപി ഡുമിനിയെ മുഖ്യ കോച്ചായി നിയമിച്ച് എസ്എ20 ഫ്രാഞ്ചൈസി പാർള്‍ റോയൽസ്. ജനുവരി 2023ൽ ആരംഭിയ്ക്കുന്ന ടൂര്‍ണ്ണമെന്റിൽ തങ്ങളുടെ കോച്ചിംഗ് സ്റ്റാഫുകളെ പ്രഖ്യാപിക്കുകയാണ്. ജെപി ഡുമിനിയ്ക്കൊപ്പം റിച്ചാര്‍ഡ് ദാസ് നെവെസ്, മണ്ടല മഷിംബ്യി, മാര്‍ക്ക് ചാള്‍ട്ടൺ, ലിസ കെയ്‍റ്റലി, റസ്സൽ ആസ്പെലിംഗ് എന്നിവരാണ് കോച്ചിംഗ് സ്റ്റാഫിൽ അംഗങ്ങളായിട്ടുള്ളത്.

റോയൽ സ്പോര്‍ട്സ് ഗ്രൂപ്പിന്റെ ഭാഗമായ ഫ്രാഞ്ചൈസിയാണ് പാർള്‍ റോയൽസ്. 2019ൽ ക്രിക്കറ്റിൽ നിന്ന് വിരമിച്ച ശേഷം അതേ വര്‍ഷം ബാര്‍ബഡോസ് റോയൽസിനൊപ്പം കരീബിയന്‍ പ്രീമിയര്‍ ലീഗിൽ കിരീടം നേടിയിരുന്നു.

എസ്എ20: മാര്‍ക്ക് ബൗച്ചര്‍ എംഐ കേപ് ടൗണിനൊപ്പം ചേരും

ദക്ഷിണാഫ്രിക്കയുടെ പരിശീലക സ്ഥാനം ഒഴിഞ്ഞ മാര്‍ക്ക് ബൗച്ചര്‍ എസ്എ20 ഫ്രാഞ്ചൈസിയായ എംഐ കേപ് ടൗണിനൊപ്പം ചേരും. ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പര കൈവിട്ട ശേഷമായിരുന്നു  മാര്‍ക്ക് ബൗച്ചര്‍ പരിശീലക സ്ഥാനം താന്‍ രാജി വയ്ക്കുമെന്ന് അറിയിച്ചത്. ടി20 ലോകകപ്പിന് ശേഷം ആണ് താരം സ്ഥാനം ഒഴിയുക.

കേപ് ടൗണിൽ സെപ്റ്റംബര്‍ 19ന് നടക്കുന്ന ലേലത്തിൽ എംഐ കേപ് ടൗൺ പ്രതിനിധിയായി താരവും ഉണ്ടാകുമെന്നാണ് അറിയുന്നത്. ഐപിഎലിലെ ഫ്രാഞ്ചൈസിയായ മുംബൈ ഇന്ത്യന്‍സിന്റെ ഉടമസ്ഥരായ റിലയന്‍സിന്റെ ഉടമസ്ഥതയിലുള്ള ഫ്രാഞ്ചൈസിയാണ് എംഐ കേപ് ടൗൺ

എസ്എ20: 500ലധികം താരങ്ങള്‍ ലേലത്തിനായി എത്തുന്നു

ക്രിക്കറ്റ് ദക്ഷിണാഫ്രിക്കയുടെ ടി20 ലീഗായ എസ്എ20യിൽ കളിക്കുവാനായി 500ലധികം താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. 18 രാജ്യങ്ങളിൽ നിന്നുള്ള താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തപ്പോള്‍ ലേലത്തിനായി പാക്കിസ്ഥാനിൽ നിന്ന് ആരും രജിസ്റ്റര്‍ ചെയ്തിട്ടില്ല.

കേപ്ടൗണിൽ സെപ്റ്റംബര്‍ 19 ന് ആണ് ലേലം ആരംഭിയ്ക്കുക. ആറ് ഫ്രാ‍ഞ്ചൈസികള്‍ ഈ ലിസ്റ്റിൽ നിന്ന് താല്പര്യമുള്ള താരങ്ങളെ ഷോര്‍ട്ട് ലിസ്റ്റ് ചെയ്ത് നൽകുവാന്‍ ക്രിക്കറ്റ് ദക്ഷിണാഫ്രിക്ക അറിയിച്ചിട്ടുണ്ട്.

ദക്ഷിണാഫ്രിക്കയിൽ നിന്നാണ് 250 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇംഗ്ലണ്ടിൽ നിന്ന് നൂറും വെസ്റ്റിന്‍ഡീസിൽ നിന്ന് 50ലധികം താരങ്ങളും രജിസ്ര്റര്‍ ചെയ്തിട്ടുണ്ട്. ന്യൂസിലാണ്ടിൽ നിന്ന് റോസ് ടെയിലറും ജെയിംസ് നീഷവും ശ്രീലങ്കയിൽ നിന്ന് 30, അഫ്ഗാനിസ്ഥാനിൽ നിന്ന് 25 സിംബാബ്‍വേയിൽ നിന്ന് 10 എന്നിവരാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

നെതര്‍ലാണ്ട്സ്, അയര്‍ലണ്ട്, കാനഡ, ഒമാന്‍, സ്കോട്‍ലാന്‍ഡ്, നമീബിയ എന്നീ രാജ്യങ്ങളിൽ നിന്നും രജിസ്ട്രേഷനുണ്ട്.

Exit mobile version