മാഞ്ചസ്റ്റർ ചുവന്നു!! സിറ്റിയെ തറപറ്റിച്ച യുണൈറ്റഡിന്റെ തിരിച്ചുവരവ്

മാഞ്ചസ്റ്റർ അവസാനം ചുവന്നു. മാഞ്ചസ്റ്റർ ഡാർബിയിൽ യുണൈറ്റഡ് ഒരു ക്ലാസിക് തിരിച്ചുവരവിലൂടെ യുണൈറ്റഡ് വിജയം സ്വന്തമാക്കി. ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആയിരുന്നു മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ വിജയം.

ഇന്ന് ആദ്യ പകുതിയിൽ പന്ത് കയ്യിൽ വെച്ചു എങ്കിലും മാഞ്ചസ്റ്റർ സിറ്റിക്ക് താളം കണ്ടെത്താൻ ആയില്ല. മാഞ്ചസ്റ്റർ യുണൈറ്റഡ് ആണ് മികച്ച നീക്കങ്ങൾ നടത്തിയത്. ആദ്യ പകുതിയിലെ രണ്ട് നല്ല അവസരങ്ങളും സൃഷ്ടിച്ചത്. രണ്ട് നല്ല അവസരങ്ങളും ലഭിച്ചത് റാഷ്ഫോർഡിന് ആയിരുന്നു. ആദ്യ അവസരത്തിൽ റാഷ്ഫോർഡ് എഡേഴ്സണെ മറികടന്നു എങ്കിലും ഗോൾ ലൈനിൽ വെച്ച് റാാഹ്ഫോർഡിനെ അകാഞ്ചിയുടെ ബ്ലോക്ക് തടഞ്ഞു. രണ്ടാം അവസരത്തിൽ റാഷ്ഫോർഡിന്റെ ഷോട്ട് എഡേഴ്സൺ തടയുകയും ചെയ്തു.

രണ്ടാം പകുതിയിൽ യുണൈറ്റഡ് മാർഷ്യലിനു പകരം ആന്റണിയെ കളത്തിൽ ഇറക്കി. രണ്ടാം പകുതിയിൽ സിറ്റിയുടെ പ്രകടനം മെച്ചപ്പെട്ടു. അവർ നിരന്തരം യുണൈറ്റഡ് ഡിഫൻസിനെ സമ്മർദ്ദത്തിൽ ആക്കി. സബ്ബായി എത്തിയ ഗ്രീലിഷ് 61ആം മിനുട്ടിൽ സിറ്റിക്ക് ലീഡ് നൽകി. വലതു വിങ്ങിലൂടെ വന്ന ഡി ബ്രുയിനെ പെനാൾട്ടി ബോക്സിൽ എത്തി നൽകിയ ക്രോസ് ഗ്രീലിഷ് ഹെഡ് ചെയ്ത് വലയിൽ എത്തിച്ചു‌ . ഈ ഗോളിന് ശേഷം യുണൈറ്റഡ് ഉണർന്നു കളിച്ചു.

81ആം മിനുട്ടിൽ ഒരു വിവാദ ഗോളിലൂടെ മാഞ്ചസ്റ്റർ യുണൈറ്റഡ് തിരിച്ചടിച്ചു. കസമിറോയുടെ പാസിൽ റാഷ്ഫോർഡ് ഓഫ് ആയിരുന്നു എങ്കിലും അദ്ദേഹം പന്ത് കളിക്കാതെ അവസാന ഘട്ടത്തിൽ പിന്മാറി. ബ്രൂണോ അടിച്ച് പന്ത് വലയിലും എത്തിച്ചു. ആദ്യം ഓഫ്സൈഡ് വിളിച്ചു എങ്കിലും അവസാനം ഗോൾ എന്ന് വിളിച്ചു. സ്കോർ 1-1.

ഈ ഗോൾ പിറന്ന് മിനിട്ടുകൾക്ക് അകം മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഡും എടുത്തു. മാർക്കസ് റാഷ്ഫോർഡ് ആണ് യുണൈറ്റഡിന് ലീഡ് നൽകിയത്. വലതുവിങ്ങിൽ നിന്ന് ഗർനാചോ നൽകിയ പാസിൽ നിന്നായിരുന്നു റാഷ്ഫോർഡിന്റെ ഫിനിഷ്. സ്കോർ 2-1

ഈ വിജയത്തോടെ സിറ്റിക്ക് ഒരു പോയിന്റ് മാത്രം പിറകിലായി മാഞ്ചസ്റ്റർ യുണൈറ്റഡ്. 18 മത്സരങ്ങളിൽ നിന്ന് സിറ്റിക്ക് 39 പോയിന്റും മാഞ്ചസ്റ്റർ യുണൈറ്റഡിന് 38 പോയിന്റും ആണുള്ളത്.

ഇന്ന് മാഞ്ചസ്റ്റർ ഡർബി!! തീപാറും

ഇന്ന് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തീപാറും പോരാട്ടമാണ് നടക്കാൻ പോകുന്നത്. മാഞ്ചസ്റ്റർ ഡാർബിയിൽ മാഞ്ചസ്റ്ററിലെ രണ്ട് വലിയ ക്ലബുകളും നേർക്കുനേർ വരും. ഓൾഡ്ട്രാഫോർഡിൽ ആണ് മത്സരം നടക്കുന്നത്. മാഞ്ചസ്റ്റർ സിറ്റിയുടെ ഹോം ഗ്രൗണ്ട് നടന്ന സീസണിലെ ആദ്യ മാഞ്ചസ്റ്റർ ഡാർബിയിൽ യുണൈറ്റഡ് വലിയ പരാജയം ഏറ്റുവാങ്ങിയിരുന്നു. എന്നാൽ അന്നത്തെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഏറെ മെച്ചപ്പെട്ട ഒരു യുണൈറ്റഡിനെ ആകും സിറ്റി ഇന്ന് നേരിടുക. ഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് വിജയിക്കുക ആണെങ്കിൽ സിറ്റിയും യുണൈറ്റഡും തമ്മിലുള്ള പോയിന്റ് വ്യത്യാസം വെറും ഒരു പോയിന്റ് മാത്രം ആകും.

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇന്ന് ഡാലോട്ട്, മാർഷ്യൽ എന്നിവർ ഇല്ലാതെ ആകും ഇറങ്ങുക. മികച്ച ഫോമിൽ ഉള്ള റാഷ്ഫോർഡിൽ ആകും യുണൈറ്റഡ് പ്രതീക്ഷ. വരാനെയും ലിസാൻഡ്രോ മാർട്ടിനസും ഇറങ്ങുന്ന യുണൈറ്റഡ് ഡിഫൻസ് ഹാളണ്ടിനെയും ആൽവാരസിനെയും തടയുമോ എന്ന് കണ്ടറിയണം. കഴിഞ്ഞ മാഞ്ചസ്റ്റർ ഡർബിയിൽ ഹാളണ്ട് ഹാട്രിക്ക് നേടിയിരുന്നു.

മാഞ്ചസ്റ്റർ സിറ്റി അടുത്ത കാലത്തെ അത്ര സ്ഥിരതയുള്ള പ്രകടനമല്ല കാഴ്ചവെക്കുന്നത്. ഇന്ന് പരാജയപ്പെട്ടാൽ കിരീട പോരാട്ടത്തിൽ സിറ്റിക്ക് അത് വലിയ തിരിച്ചടിയാകും. ഇന്ന് രാത്രി 6 മണിക്കാണ് ഡർബി നടക്കുന്നത്.

രണ്ട് ഹാട്രിക്ക്!! മാഞ്ചസ്റ്ററിൽ ചുവന്ന ചോര തുപ്പി യുണൈറ്റഡ്, നീലക്കൊടി പാറിച്ച് സിറ്റി

മാഞ്ചസ്റ്റർ ഡാർബിയിൽ ഇന്ന് ഒരു ആവേശകരമായ പോരാട്ടം ആണ് എല്ലാവരും പ്രതീക്ഷിച്ചത് എങ്കിലും കണ്ടത് ഏകപക്ഷീയമായ ഒരു പോരാട്ടം ആയിരുന്നു. ഇത്തിഹാദ് സ്റ്റേഡിയത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ നിശ്പ്രഭരാക്കി കൊണ്ട് സിറ്റി മൂന്നിനെതിരെ 6 ഗോളുകളുടെ വിജയം സ്വന്തമാക്കി. സിറ്റി ഇന്ന് ആദ്യ പകുതിയിൽ തന്നെ നാലു ഗോളുകൾ നേടിയിരുന്നു. സിറ്റിക്ക് വേണ്ടി ഇന്ന് ഹാളണ്ടും ഫോഡനും ഹാട്രിക്ക് നേടി.

ടെൻ ഹാഗിന്റെ ഏറ്റവും മികച്ച ഇലവനെ ഇറക്കിയിട്ടും യുണൈറ്റഡിന് അധിക നേരം പിടിച്ചു നിൽക്കാൻ ആയില്ല. മത്സരത്തിൽ എട്ടാം മിനുട്ടിൽ തന്നെ സിറ്റി ലീഡ് എടുത്തു. ബെർണാർഡോ സിൽവ നൽകിയ പാസ് ഫസ്റ്റ് ടച്ചിൽ തന്നെ തന്നെ ഇടം കാലു കൊണ്ട് ഡ്രിൽ ചെയ്ത് ഫോഡൻ വലയിൽ എത്തിച്ചു. സ്കോർ 1-0.

34ആം മിനുട്ടിൽ ഹാളണ്ടിലൂടെ ആയിരുന്നു രണ്ടാം ഗോൾ. കെവിൻ ഡിബ്രുയിന്റെ കോർണർ ഉയർന്നു ചാടി ഹാളണ്ട് വലയിലേക്ക് ഹെഡ് ചെയ്ത് ഇട്ടു. മലാസിയ ആ പന്ത് ക്ലിയർ ചെയ്തു എങ്കിലും അപ്പോഴേക്ക് ഗോൾ വര കടന്നിരുന്നു. സ്കോർ 2-0

ഈ ഗോൾ കഴിഞ്ഞ് മിനുട്ടുകൾക്ക് അകം ഹാളണ്ട് വീണ്ടും വല കുലുക്കി‌‌. 37ആം മിനുട്ടിൽ ഡിബ്രുയിന്റെ കണ്ണഞ്ചിപ്പിക്കുന്ന ക്രോസിൽ നിന്നായിരുന്നു ഹാളണ്ടിന്റെ ഫിനിഷ്‌. താരം ഈ സീസണിൽ നേടുന്ന പതിനാറാം ഗോൾ ആയിരുന്നു ഇത്. ആദ്യ പകുതി അവസാനിക്കും മുമ്പ് ഫോഡനും തന്റെ രണ്ടാം ഗോൾ കണ്ടെത്തി. സ്കോർ 4-0

രണ്ടാം പകുതിയിൽ യുണൈറ്റഡിന് വലിയ പ്രതീക്ഷകൾ ഒന്നും ഉണ്ടായിരുന്നില്ല. എങ്കിലും രണ്ടാം പകുതിയ അവർ മെച്ചപ്പെട്ട രീതിയിൽ തുടങ്ങി. 56ആം മിനുട്ടിൽ ബ്രസീലിയൻ താരം ആന്റണിയുടെ ഒരു സ്ക്രീമർ യുണൈറ്റഡിന് ഒരു ഗോളിന്റെ ആശ്വാസം നൽകി. ആന്റണിയുടെ യുണൈറ്റഡിനായുള്ള രണ്ടാം ഗോളാണിത്. ഈ ഗോൾ ആശ്വാസമായി മാത്രം മാറി.

ഇതിനു പിന്നാലെ എർലിങ് ഹാളണ്ട് ഹാട്രിക്ക് പൂർത്തിയാക്കി. 64ആം മിനുട്ടിൽ ഗോമസിന്റെ പാസിൽ നിന്നായിരുന്നു ഹാളണ്ടിന്റെ മൂന്നാം ഗോൾ. സിറ്റിക്കായി ഹാളണ്ട് നേടുന്ന മൂന്നാമത്തെ ഹാട്രിക്ക് ആണിത്. സ്കോർ 5-1.

സിറ്റി ഇതിലും നിർത്തിയില്ല. അധികം താമസിയാതെ ഫിൽ ഫോഡനും ഹാട്രിക്ക് പൂർത്തിയാക്കി. ഹാളണ്ടിന്റെ അസിസ്റ്റിൽ നിന്നായിരുന്നു ഫോഡന്റെ മൂന്നാം ഗോൾ. സ്കോർ 6-1. 83ആം മിനുട്ടിൽ മാർഷ്യലിലൂടെ ഒരു ഗോൾ കൂടെ യുണൈറ്റഡ് മടക്കി. 90ആം മിനുട്ടിൽ ഒരു പെനാൾട്ടിയിലൂടെ മാർഷ്യൽ യുണൈറ്റഡിന്റെ മൂന്നാം ഗോളും നേടി. ഇത് യുണൈറ്റഡിന്റെ പരാജയ ഭാരം കുറച്ചു

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ 20 പോയിന്റുമായി രണ്ടാം സ്ഥാനത്ത് എത്തി. യുണൈറ്റഡ് 12 പോയിന്റുമായി ആറാം സ്ഥാനത്ത് നിൽക്കുകയാണ്.

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ തുടർച്ചയായ രണ്ടാം ലീഗ് മത്സരവും മാറ്റിവെച്ചു, ഇനി കളി മാഞ്ചസ്റ്റർ സിറ്റിയുമായി

മാഞ്ചസ്റ്റർ യുണൈറ്റഡ് ഇനി അടുത്തതായി പ്രീമിയർ ലീഗിൽ ഇറങ്ങുക ഒരു വലിയ മത്സരത്തിനായാകും. ഇനി ഒക്ടോബറിൽ മാത്രമാണ് യുണൈറ്റഡിന് ലീഗിൽ മത്സരം ഉള്ളത്. ഈ ആഴ്ച നടക്കേണ്ടിയിരുന്ന മാഞ്ചസ്റ്റർ യുണൈറ്റഡും ക്രിസ്റ്റൽ പാലസും തമ്മിലുള്ള മത്സരം നേരത്തെ മാറ്റി വെച്ചിരുന്നു. ഇപ്പോൾ അടുത്ത വാരാന്ത്യത്തിൽ നടക്കേണ്ടിയിരുന്ന ലീഡ്സ് യുണൈറ്റഡുമായുള്ള മത്സരവും മാറ്റിവെക്കപ്പെട്ടിരിക്കുകയാണ്.

മാഞ്ചസ്റ്റർ പോലീസ് ആവശ്യപ്പെട്ടത് കൊണ്ടാണ് ഈ മത്സരം മാറ്റുവെക്കാൻ ക്ലബ് സമ്മതിച്ചത്. എന്നാൽ ഇതിനിടയിൽ നടക്കുന്ന യൂറോപ്പ് ലീഗ് മത്സരം യുണൈറ്റഡ് കളിക്കും. വ്യാഴാഴ്ച ഷെറിഫിനെതിരെ ആണ് മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂറോപ്പ ലീഗിലെ മത്സരം. ഈ മത്സരത്തിനു ശേഷം താരങ്ങൾ ഇന്റർ നാഷണൽ ബ്രേക്കിന് പോകും. അതു കഴിഞ്ഞ് മടങ്ങി എത്തുമ്പോൾ ഉണ്ടാകുന്ന ആദ്യ മത്സരം മാഞ്ചസ്റ്റർ സിറ്റിക്ക് എതിരെ ആകും. ഒക്ടോബർ 2നാകും മാഞ്ചസ്റ്റർ ഡാർബി നടക്കുക.

യുണൈറ്റഡിന്റെ ചോര വീണ് മാഞ്ചസ്റ്റർ ചുവന്നാൽ ആയി!! മാഞ്ചസ്റ്റർ ഡാർബിയിൽ നീലക്കൊടി പറത്തി മാഞ്ചസ്റ്റർ സിറ്റി!!

മാഞ്ചസ്റ്ററിലെ പ്രതാപ കാലം ഒക്കെ യുണൈറ്റഡിന് പറഞ്ഞിരിക്കാം. ഒരിക്കൽ കൂടെ മാഞ്ചസ്റ്റർ ഡാർബി സ്വന്തമാക്കി കൊണ്ട് മാഞ്ചസ്റ്റർ സിറ്റി മാഞ്ചസ്റ്ററിൽ നീലക്കൊടി പറത്തി. ഇന്ന് ഇത്തിഹാദ് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഒന്നിനെതിരെ നാലു ഗോളുകൾക്കാണ് മാഞ്ചസ്റ്റർ സിറ്റി വിജയിച്ചത്. ഡി ഹിയയുടെ മികവ് ഇല്ലായിരുന്നു എങ്കിൽ ഈ ഗോളുകളുടെ എണ്ണം വളരെ വലുതായേനെ.

ഇന്ന് മത്സരം ആരംഭിച്ച് അഞ്ചു മിനുട്ട് മാത്രമേ ആയുള്ളൂ സിറ്റി ലീഡ് എടുക്കാൻ. യുണൈറ്റഡ് ഡിഫൻസ് കാഴ്ചകൾ കണ്ടു നിൽക്കവെ ഡി ബ്രുയിൻ അനായാസം പന്ത് വലയിൽ എത്തിച്ചു. ഈ ഗോളിനോട് നല്ല രീതിയിൽ പ്രതികരിച്ച മാഞ്ചസ്റ്റർ യുണൈറ്റഡ് സാഞ്ചോയിലൂടെ 22ആം മിനുട്ടിൽ സമനില പിടിച്ചു. പോഗ്ബയുടെ അസിസ്റ്റിൽ നിന്നായിരുന്നു സാഞ്ചോയുടെ ഗോൾ.

ഈ സമനില അധികം നീണ്ടു നിന്നില്ല. 28ആം മിനുട്ടിൽ ഡി ബ്രുയിൻ വീണ്ടും വല കുലുക്കി. സിറ്റിക്ക് വീണ്ടും മുന്നിൽ. രണ്ടാം പകുതിയിൽ 68ആം മിനുട്ടിൽ റിയാദ് മഹ്റസിലൂടെ സിറ്റി മൂന്നാം ഗോളും നേടി. ഒരു കോർണറിൽ നിന്ന് മനോഹരമായ ഫസ്റ്റ് ടച്ച് ഫിനിഷിലൂടെ ആണ് മഹ്റസ് തന്റെ ഹോൾ നേടിയത്. ആ ഗോളിന് ശേഷം പിന്നെ മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിന്ന് ഒരു പോരാട്ടം പോലും കാണാൻ ആയില്ല. അവസാനം മഹ്റസ് ഒരു ഗോൾ കൂടെ നേടിയതോടെ യുണൈറ്റഡ് പതനം പൂർത്തിയായി.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി ലീഗിൽ തങ്ങളുടെ ഒന്നാം സ്ഥാനത്തെ 6 പോയിന്റ് ലീഡ് പുനസ്താപിച്ചു. മാഞ്ചസ്റ്റർ യുണൈറ്റഡ് ഈ പരാജയത്തോടെ ടോപ് 4ൽ നിന്ന് പിറകിലേക്ക് പോയി. 47 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഉള്ളത്.

ഡി ഹിയയുടെ കാക്കത്തൊള്ളായിരം സേവുകളും യുണൈറ്റഡിനെ രക്ഷിച്ചില്ല, മാഞ്ചസ്റ്റർ ഡാർബി സിറ്റി കൊണ്ട് പോയി!!

മാഞ്ചസ്റ്റർ യുണൈറ്റഡിന് ഒരിക്കൽ കൂടെ ഓൾഡ്ട്രാഫോർഡിൽ വമ്പൻ പരാജയം. കഴിഞ്ഞ ആഴ്ച ലിവർപൂൾ ആണ് യുണൈറ്റഡിനെ ഓൾഡ്ട്രാഫോർഡിൽ നാണം കെടുത്തിയത് എങ്കിൽ ഇന്ന് അയല്പക്കക്കാരും ചിരവൈരികളുമായ മാഞ്ചസ്റ്റർ സിറ്റിയാണ് യുണൈറ്റഡിനെ നാണം കെടുത്തിയത്. മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു പെപ് ഗ്വാർഡിയോളയുടെ ടീമിന്റെ വിജയം. ഡിഹിയയുടെ എണ്ണമറ്റ സേവുകൾ ഇല്ലായിരുന്നു എങ്കിൽ നാണംകെട്ട മറ്റൊരു പരാജയമായി ഈ മത്സരം മാറിയേനെ.

ഇന്ന് വീണ്ടും ബാക്ക് 5 എന്ന ടാക്ടിക്സും വിശ്വസിച്ചാണ് മാഞ്ചസ്റ്റർ യുണൈറ്റഡ് ഓൾഡ്ട്രാഫോർഡിൽ ഇറങ്ങിയത്. പക്ഷെ യുണൈറ്റഡിനെ ഇന്ന് ആ ടാക്ടിക്സ് രക്ഷിച്ചില്ല. ഏഴാം മിനുട്ടിൽ തന്നെ സന്ദർശകരായ സിറ്റി ഗോൾ നേടി. കാൻസെലോയുടെ അസിസിറ്റിൽ നിന്ന് യുണൈറ്റഡ് ഡിഫൻഡർ എറിക് ബയി ആണ് സ്വന്തം വലയിലേക്ക് പന്ത് എത്തിച്ചത്. കഴിഞ്ഞ യുണൈറ്റഡ് മത്സരത്തിലെ ഹീറോ ആയ ബയി വില്ലനാകാൻ അധികം സമയമെടുത്തില്ല.

ഈ ഗോളിന് മറുപടി നൽകാൻ 26ആം മിനുട്ടിൽ റൊണാൾഡോക്ക് ഒരു അവസരം ലഭിച്ചു. ലൂക് ഷോയുടെ ക്രോസിൽ നിന്ന് റൊണാൾഡോയുടെ ഇടംകാലൻ വോളി എഡേഴ്സൺ സമർത്ഥമായി തടഞ്ഞു. ഈ സേവിന് ശേഷം പിന്നെ ഡി ഹിയയുടെ സേവുകളുടെ വരവായിരുന്നു. 28ആം മിനുട്ടിൽ ജീസുസിന്റെ ഗോളെന്ന് ഉറപ്പിച്ച ഷോട്ട് സേവ് ചെയ്ത് കൊണ്ട് തുടങ്ങിയ ഡി ഹിയ അടുത്ത ആറു മിനുട്ടിനിടയിൽ അഞ്ച് ലോകോത്തര സേവുകളാണ് നടത്തിയത്. ഡി വ്രുയിനും കാൻസെലോയും എന്തിന് യുണൈറ്റഡ് താരം ലിൻഡെലോഫ് വരെയും യുണൈറ്റഡ് വലയിലേക്ക് ബോൾ എത്തിക്കാൻ ശ്രമിച്ചു. എല്ലാം ഡി ഹിയ തടഞ്ഞു.

ആദ്യ പകുതിയുടെ അവസാനം ഏഇ ഹിയക്കും പിഴച്ചു. കാൻസെലോ നൽകിയ ക്രോസ് മഗ്വയറും ലൂക് ഷോയും നോക്കിനിന്നപ്പോൾ ഫാർ പോസ്റ്റിൽ നിന്ന ബെർണാഡോ സിൽവ വലയിലേക്ക് തട്ടിയിട്ടു. സേവ് ചെയ്യാമായിരുന്ന ഷോട്ട് ഡി ഹിയക്ക് സേവ് ചെയ്യാൻ ആയില്ല. സ്കോർ ആദ്യ പകുതി അവസാനിക്കുമ്പോൾ 2-0.

രണ്ടാം പകുതിയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ജേഡൻ സാഞ്ചോയെയും റാഷ്ഫോർഡിനെയും രംഗത്ത് ഇറക്കി. രണ്ടാം പകുതിയിൽ യുണൈറ്റഡ് മെച്ചപ്പെട്ട രീതിയിൽ പന്ത് നിയന്ത്രിച്ചു എങ്കിലും അവസരങ്ങൾ സൃഷ്ടിക്കാൻ യുണൈറ്റഡിനായില്ല. രണ്ടാം പകുതിയിൽ ഒരു ഷോട്ട് പോലും യുണൈറ്റഡിന് ടാർഗറ്റിലേക്ക് തൊടുക്കാൻ ആയില്ല. സിറ്റി അധികം ഗോൾ നേടാൻ ശ്രമിക്കാത്തത് കൊണ്ടും മാന്യമായ പരാജയമായി കണക്കിൽ എങ്കിലും കളി അവസാനിച്ചു.

ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റി 23 പോയിന്റുമായി ലീഗിൽ രണ്ടാം സ്ഥാനത്തേക്ക് എത്തി. 11 മത്സരങ്ങളിൽ നിന്ന് 17 പോയിന്റ് മാത്രമുള്ള മാഞ്ചസ്റ്റർ യുണൈറ്റഡ് ലീഗിൽ ഇപ്പോൾ അഞ്ചാം സ്ഥാനത്താണ്. ഈ മാച്ച് വീക് കഴിയുമ്പോഴേക്ക് യുണൈറ്റഡ് ഇതിനേക്കാൾ പിറകിലാകും. ഈ പരാജയം കഴിഞ്ഞും യുണൈറ്റഡ് മാനേജ്മെന്റ് ഒലെയെ വിശ്വസിക്കുമോ എന്നതാണ് ഇനി ഏവരും കാത്തിരിക്കുന്ന കാര്യം.

Exit mobile version