സൂപ്പർ ലീഗിൽ നാളെ ക്ലാസിക് പോരാട്ടം, മലപ്പുറം എഫ്സിയും കാലിക്കറ്റ് എഫ്സിയും തമ്മിൽ ഏറ്റുമുട്ടും

മലപ്പുറം: സൂപ്പർ ലീഗ് കേരളയിൽ വിജയവഴിയിലേക്ക് തിരിച്ചെത്താൻ മലപ്പുറവും കാലിക്കറ്റും നാളെ (19-10-2025) കച്ചകെട്ടിയിറങ്ങുന്നു. വൈകീട്ട് 7.30 ന് പയ്യനാട് സ്റ്റേഡിയത്തിലാണ് മത്സരം. കഴിഞ്ഞ മത്സരത്തിൽ കണ്ണൂർ വാരിയേർസുമായി മലപ്പുറം എഫ്സി സമനിലയിൽ പിരിഞ്ഞിരുന്നു. അതേ സമയം കാലിക്കറ്റ് ആണെങ്കിൽ തൃശ്ശൂർ മാജിക് എഫ്സിയുമായി സ്വന്തം തട്ടകത്തിൽ ഒരു ഗോളിന് തോൽക്കുകയും ചെയ്തു. അത് കൊണ്ട് തന്നെ ഇരു ടീമുകൾക്കും ജയം അനിവാര്യമാണ്.

മലപ്പുറം തൃശ്ശൂരിനെയും കാലിക്കറ്റ് എഫ്‌സി ഫോഴ്‌സ കൊച്ചിയെയും ആദ്യ മത്സരത്തിൽ പരാജയപെടുത്തിയിരുന്നു. നിലവിൽ രണ്ട് മത്സരങ്ങളിൽ നിന്ന് നാല് പോയിന്റാണ് മലപ്പുറത്തിന്റെ സമ്പാദ്യം .കാലിക്കറ്റിന് രണ്ട് മത്സരത്തിൽ നിന്നും മൂന്ന് പോയിന്റുമാണുള്ളത് .

കഴിഞ്ഞ രണ്ടു കളിയിലും ക്ലീൻഷീറ്റ് നേടിയാണ് മലപ്പുറം വരുന്നത്. കാലിക്കറ്റാകട്ടെ രണ്ടു കളികളിലും ഗോൾ വഴങ്ങിയിരുന്നു. ഗോൾകീപ്പർ അസ്ഹറും പ്രതിരോധ നിരയിൽ ഐറ്റർ, ഹക്കു, ജിതിൻ, നിധിൻ മധു തുടങ്ങിയവരെല്ലാം മികച്ച ഫോമിലാണെന്നുള്ളത് മലപ്പുറത്തിന് പോസിറ്റീവ് ഘടകമാണ്. മുന്നേറ്റത്തിൽ ബദ്ർ, ഫാകുണ്ടോ, റോയ് കൃഷണ ,ഗനി ,അഭിജിത്ത് തുടങ്ങിയ താരങ്ങളും താളം കണ്ടെത്തിയിട്ടുണ്ടെന്നുള്ളത് ആശ്വാസകരമാണ്. കഴിഞ്ഞ മൽസരത്തിനിറങ്ങിയ ആദ്യ ഇലവനിൽ കോച്ച് മിഗ്വേൽ കോറൽ കാര്യമായ മാറ്റങ്ങൾ വരുത്താൻ സാധ്യത കുറവാണ്.

ആദ്യ സീസണിൽ കാലിക്കറ്റിനെ കിരീടത്തിലേക്ക് നയിച്ച അബ്ദുൽ ഹക്കു,ഗനി നിഗം, ജോൺ കെന്നഡി എന്നീ പ്രധാന താരങ്ങൾ ഇത്തവണയുള്ളത് മലപ്പുറത്തിൻറെ തട്ടകത്തിലാണ്. തീർച്ചയായും പയ്യനാട് ഒരു ക്ലാസിക് പോരാട്ടത്തിനാകും നാളെ വേദിയാകാൻ പോകുന്നത്. തങ്ങളുടെ ചിരവൈരികളായ കാലിക്കറ്റിനെ എന്ത് വിലകൊടുത്തും പയ്യനാട് സ്റ്റേഡിയത്തിൽ തോൽപിച്ച് വിടണമെന്നാണ് ഓരോ മലപ്പുറം ആരാധകനും ആഗ്രഹിക്കുന്നതും. അത്കൊണ്ട് തന്നെ മലപ്പുറത്തിൻറെ കഴിഞ്ഞ ഓരോ കളികൾക്കും ഗാലറി നിറഞ്ഞത് പോലെ ഈ പ്രാവശ്യവും ആരാധകരെ കൊണ്ട് സ്റ്റേഡിയം നിറഞ്ഞൊഴുകുമെന്നതിൽ സംശയമില്ല. കഴിഞ്ഞ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കാലിക്കറ്റിനായിരുന്നു മുൻതൂക്കം.ഹോമിലും എവേയിലും അവർ മലപ്പുറത്തെ പരാജയപ്പെടുത്തിയിരുന്നു. അത്കൊണ്ട് തന്നെ കഴിഞ്ഞ വർഷത്തെ തോൽവികൾക്ക് പകരം വീട്ടാൻ മലപ്പുറത്തിൻറെ ചുണകുട്ടികൾക്കാവുമോ എന്നാണ് ഏവരും ഉറ്റുനോക്കുന്നത്.

ഈ സീസണിലേക്കുള്ള എവേ ജേഴ്സി പുറത്തിറക്കി മലപ്പുറം എഫ്‌സി

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലെ വരുന്ന മൽസരങ്ങൾക്ക് മുന്നോടിയായി തങ്ങളുടെ എവേ ജേഴ്സി പുറത്തിറക്കി മലപ്പുറം ഫുട്ബോൾ ക്ലബ്. ഇത്തവണ ആരാധകർക്കെല്ലാം കൂടുതൽ ഇഷ്ട്ടപ്പെടുന്ന രീതിയിലാണ് എവേ ജേഴ്സി ഒരുക്കിയിട്ടുള്ളത്. വെള്ള, ഓറഞ്ച് എന്നീ നിറങ്ങൾ ഉൾപ്പെടുത്തിയാണ് എവേ കിറ്റ് ഡിസൈൻ ചെയ്തിരിക്കുന്നത്. ടീമിൻറെ സമൂഹ മാധ്യമങ്ങളിലൂടെയാണ് എവേ കിറ്റ് പുറത്തിറക്കിയത്.നേരത്തെ ഇറക്കിയ ഹോം കിറ്റ് ആരാധകർക്കിടയിൽ വലിയ സ്വീകാര്യത നേടിയിരുന്നു. നീല, ഓറഞ്ച് എന്നീ നിറങ്ങളിലായിരുന്നു ഹോം കിറ്റ് ഒരുക്കിയത്.

കഴിഞ തവണ ആദ്യമായി എംഎഫ്സിയുടെ ജേഴ്സികൾ ഒരുക്കിയ ഹമ്മൽ തന്നെയാണ് ഈ സീസണിലും കിറ്റുകൾ തയ്യാറാക്കിയിട്ടുള്ളത്. ഡാനിഷ് സ്പോർട്സ്‌വെയർ ബ്രാൻഡായ ഹമ്മൽ അന്താരാഷ്ട്ര തലത്തിൽ നിരവധി ക്ലബുകൾക്കും ദേശീയ ടീമുകൾക്കും കിറ്റുകൾ തയ്യാറാക്കുന്നുണ്ട്, ഇന്ത്യൻ ഫുട്ബോളിൽ തന്നെ ഐഎസ്എൽ, ഐ-ലീഗ് ടീമുകൾക്കും ഹമ്മൽ ഇന്ത്യ ജേഴ്സികൾ ഒരുക്കിയിട്ടുണ്ട്.

സൂപ്പർ ലീഗ് കേരള; തൃശ്ശൂരിനെ തോൽപ്പിച്ച് മലപ്പുറം എഫ് സി തുടങ്ങി

സൂപ്പർ ലീഗ് കേരള രണ്ടാം സീസണിൽ മലപ്പുറം എഫ് സിക്ക് വിജയ തുടക്കം. ഇന്ന് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ തൃശ്ശൂർ മാജിക് എഫ് സിയെ ആണ് മലപ്പുറം പരാജയപ്പെടുത്തിയത്. എതിരില്ലാത്ത ഒരു ഗോളിനായിരുന്നു വിജയം.

വിരസമായ ആദ്യ പകുതിയിൽ കാര്യമായ മുന്നേറ്റങ്ങൾ ഒന്നും വന്നിരുന്നില്ല. രണ്ടാം പകുതിയിൽ 71ആം മിനുറ്റിൽ ഒരു പെനാൽറ്റി ആണ് സമനിലപ്പൂട്ട് തകരാൻ കാരണം. മുൻ ഐ എസ് എൽ ഗോൾഡൻ ബൂട്ട് വിന്നർ ആയ റോയ് കൃഷ്ണ ആണ് പെനാൽറ്റി ലക്ഷ്യത്തിൽ എത്തിച്ചത്. അവസാന നിമിഷങ്ങളിൽ നന്നായി പ്രതിരോധിച്ച് വിജയം ഉറപ്പിക്കാൻ മലപ്പുറത്തിനായി.

സർപ്രൈസ് സൈനിംഗ്!! മൊറോക്കൻ താരം ബദ്ർ ബുലാഹ്റൂദിനെ സ്വന്തമാക്കി മലപ്പുറം എഫ്സി

മലപ്പുറം: ആരാധകരെ ഞെട്ടിച്ചു കൊണ്ട് അപ്രതീക്ഷിതമായൊരു സൈനിംഗ് നടത്തി മലപ്പുറം ഫുട്ബോൾ ക്ലബ്. മൊറോക്കൻ താരം ബദ്ർ ബുലാഹ്റൂദിനെയാണ് മലപ്പുറം പുതിയതായി ടീമിലെത്തിച്ചിരിക്കുന്നത്. ഈ സീസണിൽ മധ്യനിരയിൽ എംഎഫ്സിയുടെ വജ്രായുധമായിരിക്കും ബദ്ർ. സെൻട്രൽ മിഡ്ഫീൽഡിലും ഡിഫൻസീവ് മിഡ്ഫീൽഡിലും ഒരുപോലെ കളിക്കാൻ ഈ താരത്തിന് കഴിയും. 32 വയസ്സാണ് പ്രായം.ഇന്ത്യയിലിതാദ്യമായാണ് ബദ്ർ പന്തുതട്ടാനൊരുങ്ങുന്നത്. മുൻപ് മൊറോക്കോ, സ്പെയിൻ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ വിവിധ ക്ലബ്ബുകൾക്കായി ബൂട്ടണിഞ്ഞിട്ടുണ്ട്.

മൊറോക്കോയുടെ ഒന്നാം ഡിവിഷൻ ക്ലബായ ആർസിഎ സെമാമ്രയിൽ നിന്നുമാണ് താരം ഇപ്പോൾ മലപ്പുറം എഫ്സിയിലേക്കെത്തുന്നത്. സെമാമ്രയ്ക്ക് വേണ്ടി 13ഓളം മത്സരങ്ങളിൽ കളത്തിലിറങ്ങിയിട്ടുണ്ട്. മൊറോക്കോയിലെ തന്നെ മറ്റു ഒന്നാം ഡിവിഷൻ ടീമുകളായ ഫാത്ത് യൂണിയൻ സ്പോർട്ട്നു വേണ്ടി 83 മത്സരങ്ങളും രാജ ക്ലബ് അത്‌ലറ്റിക്നു വേണ്ടി 22 മത്സരങ്ങളും കളിച്ചു. 5 അസിസ്റ്റും നേടി. രാജാ ക്ലബിൻറെ കൂടെ കാഫ് കോൺഫെഡറേഷൻ കപ്പ് നേടിയിട്ടുണ്ട് .നിലവിൽ സ്പാനിഷ് രണ്ടാം ഡിവിഷൻ ക്ലബായ മലാഗ സിഎഫിനു വേണ്ടി 31 മത്സരങ്ങളിൽ നിന്ന് 1 ഗോളും 3 അസിസ്റ്റും നേടിയിട്ടുണ്ട്. സൗദി രണ്ടാം ഡിവിഷൻ ടീമായ ഒഹൊദ് ക്ലബിനു വേണ്ടി 30 മത്സരങ്ങളിൽ കളത്തിലിറങ്ങി. രണ്ട് അസിസ്റ്റും സ്വന്തമാക്കി.

മൊറോക്കോ ദേശീയ ടീമിനായും ബദ്ർ ബൂട്ടണിഞ്ഞിട്ടുണ്ട്. മൊറോക്കോ അണ്ടർ -23 ടീമിന് വേണ്ടി 7 മൽസരങ്ങൾ കളിച്ചു. സീനിയർ ടീമിന് വേണ്ടി 9 കളികളിൽ നിന്ന് 1 ഗോളും നേടിയിട്ടുണ്ട്. 2017 നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ഈജിപ്തിനെതിരെയാണ് രാജ്യത്തിന് വേണ്ടി തന്റെ ആദ്യഗോൾ നേടിയത്. 2018ൽ നടന്ന ആഫ്രിക്കൻ നേഷൻസ് കപ്പിൽ ജേതാക്കളായ മൊറോക്കൻ ടീമംഗം കൂടിയാണ് ബദ്ർ ബുലാഹ്റൂദിൻ. താരത്തിൻറെ അനുഭവസമ്പത്ത് തീർച്ചയായും മലപ്പുറം എഫ്സിക്കൊരു മുതൽക്കൂട്ടായിരിക്കുമെന്നതിൽ സംശയമില്ല.

പ്രീ-സീസൺ പരിശീലന മത്സരം – ബെംഗളൂരു എഫ്സിയെ സമനിലയിൽ തളച്ച് മലപ്പുറം

ബെംഗളൂരു എഫ്സി 0-0 മലപ്പുറം എഫ്സി

ബാംഗ്ലൂർ: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണ് തയ്യാറെടുക്കുന്ന മലപ്പുറം എഫ്സി കരുത്തരായ ബെംഗളുരു എഫ്‌സിയെ പരിശീലന മത്സരത്തിൽ സമനിലയിൽ പിടിച്ചു കെട്ടി. ഇരു ടീമുകളും മികച്ച മുന്നേറ്റങ്ങൾ സൃഷ്ട്ടിച്ചെങ്കിലും അത് ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല.ബെംഗളൂരു എഫ്സിയുടെ പരിശീലന ഗ്രൗണ്ടായ സെന്റർ ഫോർ സ്പോർട്സ് എക്സലൻസിലായിരുന്നു മത്സരം നടന്നത് , സുനിൽ ചേത്രി,ഗുർപ്രീത് സിംഗ് സന്ധു, സുരേഷ് സിംഗ്, രാഹുൽ ബെക്കെ, മുഹമ്മദ് സലാഹ്, നിഖിൽ പൂജാരി, റോഷൻ സിംഗ് , ചിംഗ്ലെൻ സനാ തുടങ്ങിയ ഇന്ത്യൻ താരങ്ങളും റയാൻ വില്ല്യംസ്, ബ്രയാൻ സാഞ്ചസ്, സലാഹെദ്ദീൻ ബാഹി എന്നീ വിദേശ താരങ്ങളും അടങ്ങിയ പ്രമുഖ നിര തന്നെയായിരുന്നു മലപ്പുറത്തിനെതിരെ കളിക്കാനിറങ്ങിയത്.

മലപ്പുറത്തിന് വേണ്ടി ഗോൾകീപ്പർ മുഹമ്മദ് അസ്ഹർ മികച്ച സേവുകളോടെ മിന്നും പ്രകടനമാണ് നടത്തിയത്. ബെംഗളൂരു എഫ്സിയുടെ ഗോളെന്നുറപിച്ച പല ഷോട്ടുകളും അസ്ഹർ തട്ടിയകറ്റി. കളിയിലുടനീളം പ്രതിരോധ നിരയിൽ ഹക്കുവും സഞ്ജു ഗണേഷും നല്ല പ്രകടനം കാഴ്ചവെച്ചു. റോയ് കൃഷ്ണയും കെന്നഡിയും ചില മികച്ച നീക്കങ്ങൾ സൃഷ്‌ടിച്ചെങ്കിലും ഗോളാക്കി മാറ്റാൻ കഴിഞ്ഞില്ല. ഒക്ടോബർ മൂന്നാം തീയ്യതിയാണ് എംഎഫ്സിയുടെ ഈ സീസണിലെ ആദ്യ മൽസരം. ഹോം ഗ്രൗണ്ടായ പയ്യനാട് സ്റ്റേഡിയത്തിൽ നടക്കുന്ന കളിയിൽ തൃശ്ശൂർ മാജിക് എഫ്സിയാണ് എതിരാളികൾ.

കണ്ണൂർ വാരിയേഴ്‌സ് ഗോൾകീപ്പർ അജ്‌മലിനെ മലപ്പുറം എഫ്സി സ്വന്തമാക്കി

മലപ്പുറം: കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേർസിന് വേണ്ടി ഗോൾവല കാത്ത കീപ്പർ അജ്മൽ പി.എയെ ടീമിലെത്തിച്ച് മലപ്പുറം ഫുട്ബോൾ ക്ലബ്. മലപ്പുറം ചേലേമ്പ്ര സ്വദേശിയാണ് അജ്മൽ.29 വയസ്സാണ് താരത്തിൻറെ പ്രായം. കണ്ണൂരിന് വേണ്ടി ആദ്യ സീസണിൽ ഗോൾപോസ്റ്റിന് മുന്നിൽ നടത്തിയ സ്ഥിരതയാർന്ന പ്രകടനങ്ങളും മികച്ച സേവുകളും തന്നെയാണ് അജ്മലിനെ വേറിട്ടു നിർത്തുന്നത്.

കഴിഞ്ഞ സീസണിൽ കണ്ണൂർ വാരിയേർസിനു വേണ്ടി എല്ലാ മത്സരങ്ങളിലും ഗോൾപോസ്റ്റിന് കാവൽ നിന്നത് അജ്മൽ ആയിരുന്നു. 10 കളിയിൽ നിന്നും 28 സേവുകളും 5 ക്ലിയറൻസുകളുമായി ശ്രദ്ധേയമായ പ്രകടനം താരം കാഴ്ച വെച്ചു. ഇത്തവണ കിരീടം മാത്രം ലക്ഷ്യം വെച്ചിറങ്ങുന്ന മലപ്പുറം എഫ്സിക്ക് ഒരു മുതൽകൂട്ട് തന്നെയായിരിക്കും ഈ കാവൽക്കാരൻ.

ഗോകുലം കേരള എഫ്സിക്ക് വേണ്ടി ഐ-ലീഗ്, ഡ്യൂറണ്ട് കപ്പ് എന്നീ ലീഗുകളിൽ ബൂട്ടണിഞ്ഞിട്ടുണ്ട്. കൂടാതെ 2021ലും 2022 സീസണിലും ഗോകുലത്തിൻറെ കൂടെ ഐ-ലീഗ് കിരീടവും നേടിയിട്ടുണ്ട്. കേരള പ്രീമിയർ ലീഗിൽ എഫ്സി അരീക്കോട്, ലൂക്കാ എസ്.സി മലപ്പുറം, ബാസ്കോ എഫ്സി എന്നീ ടീമുകൾക്ക് വേണ്ടിയും ഗോൾവല കാത്തിട്ടുണ്ട്.

പയ്യനാട് സ്റ്റേഡിയം ഇളക്കിമറിച്ച് അൾട്രാസ്-ആവേശമായി മലപ്പുറം എഫ്സിയുടെ ഒഫീഷ്യൽ ലോഞ്ച്

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിന് ഗംഭീര തുടക്കം കുറിച്ച് പയ്യനാട്ടെ മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ഒഫീഷ്യൽ ലോഞ്ച്. മലപ്പുറം എഫ്സിയുടെ പുതിയ യുവ സ്പാനിഷ് പരിശീലകനെയും റോയ് കൃഷണയടക്കമുള്ള താരങ്ങളെയും നേരിൽ കാണാൻ മഞ്ചേരിയിലെ പയ്യനാട് സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയത് 2500ഓളം ആരാധകരാണ്. ആരാധക്കർക്ക് മുന്നിലേക്കുള്ള റോയ് കൃഷ്ണയുടെ വരവ് ഏവർക്കും ആവേശം നൽകി. ടീം സ്റ്റാഫുകളെയും എല്ലാ ടീമംഗങ്ങളെയും ആരാധകർക്ക് മുന്നിൽ പരിചയപ്പെടുത്തി. പ്രായഭേദമന്യേ മുതിർന്നവരും കുട്ടികളുമടക്കം ഒരുപാട് പേരാണ് ചടങ്ങിന് എത്തിയത്. മലപ്പുറത്തെ ഫുട്ബോൾ ആരാധകരുടെ അഭിനിവേശം വ്യക്തമാക്കുന്നതായിരുന്നു അവരുടെ പങ്കാളിത്തം.

ചടങ്ങിൽ ഇന്ത്യൻ നെറ്റ്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും പ്രശസ്ത സിനിമാ നടിയുമായ പ്രാചി തെഹ്ലൻ മുഖ്യാതിഥിയായിരുന്നു. ക്ലബ്ബിന്റെ ഈ സീസണിലേക്കുള്ള പുതിയ ഔദ്യോഗിക ജേഴ്സികളുടെ പ്രകാശനം താരം നിർവ്വഹിച്ചു. എംഎഫ്സി യൂത്ത് പ്രൊമോട്ടർമാരായ അർഷഖും യൂസഫ് അജ്മലും ചേർന്ന് ജേഴ്സികൾ ഏറ്റുവാങ്ങി. ഹമ്മൽ ഇന്ത്യ ഹെഡ് അജിൽ ഡി അൽമെയ്ഡ, മലപ്പുറം എഫ്സി സ്‌കൗട്ടിംഗ് ഡയറക്ടർ അനസ് എടത്തൊടിക,കേരളാ ഫുട്ബോൾ അസോസിയേഷൻ പ്രസിഡണ്ട് നവാസ് മീരാൻ,മലപ്പുറം എഫ്സിയുടെ ഡയറക്ടർമാരായ ഡോ: അൻവർ അമീൻ ചേലാട്ട്, ആഷിഖ് കൈനിക്കര, ഷംസുദ്ധീൻ എ.പി, അജ്മൽ വി.എ തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.

ഏകദേശം രണ്ട് മണിക്കൂർ നീണ്ടുനിന്ന പരിപാടിയിൽ വയലിനിസ്റ്റും സംഗീതജ്ഞനുമായ സെഫിൻ ഫരീദും സംഘവും ആരാധകർക്കായി അവതരിപ്പിച്ച സംഗീത വിരുന്ന് ആഘോഷത്തിന്റെ മാറ്റുകൂട്ടി. എസ്എൽകെയുടെ ആദ്യ സീസണിൽ മലപ്പുറത്തെ ജനങ്ങൾ നൽകിയ പിന്തുണ വിലമതിക്കാനാവത്തതായിരുന്നു. ഈ വർഷവും അതേ പിന്തുണ ആരാധകരുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും 3തിയ്യതി ആദ്യ ഹോം മത്സരത്തിന് സ്റ്റേഡിയം നിറയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ടീം ഡയറക്ട്ടർമാർ പറഞ്ഞു.

5 വിദേശ കളിക്കാരുൾപ്പെടെ 24 പേരാണ് നിലവിൽ സ്ക്വാഡിലുള്ളത്. യുവ സ്പാനിഷ് പരിശീലകനായ മിഗ്വേൽ കോറൽ ടൊറൈറയാണ് ടീമിന്റെ ഹെഡ് കോച്ച് . വെറും 34 വയസ്സ് പ്രായം മാത്രമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ സീസണിലും ടീമിന്റെ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ക്ലിയോഫസ് അലക്സ് തന്നെയാണ് ഇത്തവണയും അസിസ്റ്റന്റ് കോച്ച്. ഐ-ലീഗ് രണ്ടാം ഡിവിഷനിൽ സാറ്റ് തിരൂരിനെ പരിശീലിപിച്ചിട്ടുണ്ട്. ചെന്നൈയിൻ എഫ്.സി റിസർവ് ടീം മുഖ്യ പരിശീലകനും കൂടിയായിരുന്നു. ഗോൾകീപ്പർ കോച്ചായി മുൻ ഇന്ത്യൻ താരവും ഗോവൻ സ്വദേശിയുമായ ഫെലിക്സ് ഡിസൂസയുമുണ്ട്.

ഗോൾകീപ്പർമാർ-മുഹമ്മദ് അസ്ഹർ, അജ്മൽ പി.എ, മുഹമ്മദ് ജസീൻ

പ്രതിരോധ താരങ്ങൾ-ഹക്കു നെടിയോടത്ത്, നിതിൻ മധു, അഖിൽ പ്രവീൺ, സഞ്ജു ഗണേഷ്, ടോണി ആന്റണി, സബ്രിൻ ബുഷ്, ജിതിൻ പ്രകാശ്, സച്ചിൻ ദേവ്

മധ്യനിര താരങ്ങൾ- മുഹമ്മദ് ഇർഷാദ്, ഗനി നിഗം, അഭിജിത്ത് പിഎ, സയ്‌വിൻ എറിക്സൺ,
ഫക്കുണ്ടോ ബല്ലാർഡോ(അർജന്റീന), കൊമ്രോൺ തുർസുനോവ്(താജിക്കിസ്ഥാൻ), എയ്റ്റർ അൽദാലൂർ(സ്പെയിൻ),

മുന്നേറ്റനിര താരങ്ങൾ- ഫസ്‌ലു റഹ്മാൻ, അക്ബർ സിദ്ദിഖ്, റോയ് കൃഷ്ണ(ഫിജി), ജോൺ കെന്നഡി(ബ്രസീൽ), മുഹമ്മദ് റിസ്‌വാൻ, റിഷാദ് ഗഫൂർ

ബ്ലാസ്റ്റേഴ്സ് യുവ ഗോൾകീപ്പർ ജെസീൻ മലപ്പുറം എഫ്സിയിൽ

മലപ്പുറം: സുപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിനായി ഒരുങ്ങുന്ന മലപ്പുറം എഫ്സി ഗോൾവല കാക്കാനായി മറ്റൊരു മികച്ച കീപ്പറെ കൂടി ടീമിലെത്തിച്ചു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ യുവ ഗോൾകീപ്പർ മുഹമ്മദ് ജെസിനെയാണ് ലോണടിസ്ഥാനത്തിൽ സ്വന്തമാക്കിയത്.വെറും 21 വയസ്സ് പ്രായം മാത്രമാണ് താരത്തിനുള്ളത്. മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ജെസീൻ. എസ്എൽകെയിൽ ഇതാദ്യമായാണ് താരം ബൂട്ട് കെട്ടാനൊരുങ്ങുന്നത്.

കൊണ്ടോട്ടിയിലെ കെ.വൈ.ഡി.എഫ് ഫുട്ബോൾ അക്കാദമിയിലൂടെയാണ് ജെസീൻ വളർന്നു വന്നത്. അവിടന്ന് പിന്നീട് പറപ്പൂർ എഫ്സിയിലേക്ക് എത്തി. പറപ്പൂരിന് വേണ്ടി 2017- 18 സീസണിൽ അണ്ടർ -15 യൂത്ത് ഐ-ലീഗ്, 2018 – 19 സീസണിൽ അണ്ടർ -18 കേരള ജൂനിയർ ലീഗ്, അണ്ടർ -18 ജൂനിയർ ഐ-ലീഗ് എന്നീ ടൂര്ണമെന്റ്കളിൽ കളിച്ചു. 2021-22 സീസൺ കേരളാ പ്രീമിയർ ലീഗിലും താരം പറപ്പൂർ എഫ്സിയുടെ വല കാത്തിട്ടുണ്ട്. 2019ൽ പിഎഫ്സിയിൽ കളിക്കുന്ന സമയത്ത് അണ്ടർ-16 വിഭാഗത്തിൽ കേരള ടീമിന് വേണ്ടി ബീസി റോയ് ട്രോഫിയിലും ബൂട്ടണിഞ്ഞു.

പിന്നീട് പറപ്പൂർ എഫ്സിയിൽ നിന്നും താരത്തിൻറെ ശ്രദ്ധേയമായ പ്രകടനം കണ്ട് ബ്ലാസ്റ്റേഴ്സ് സ്വന്തമാക്കുകയായിരുന്നു. ബ്ലാസ്റ്റേഴ്സിന് വേണ്ടി കേരള പ്രീമിയർ ലീഗിലും ഡെവലപ്പ്മെൻറ് ലീഗിലും ബൂട്ട് കെട്ടി, ബണ്ടോദ്കർ മെമ്മോറിയൽ ട്രോഫിയിൽ റണ്ണർ-അപ്പായ ടീമിലും അംഗമായിരുന്നു. കൂടാതെ ഐഎസ്എൽ,സൂപ്പർ കപ്പ്, ഡ്യൂറൻഡ് കപ്പ് സ്ക്വാഡുകളിലും ഇടം നേടിയിട്ടുണ്ട്. ഈ സൂപ്പർ ലീഗ് കേരളയിൽ മലപ്പുറത്തിന്റെ ഗോൾപോസ്റ്റിന് മുന്നിൽ മികച്ച പ്രകടനം കാഴ്ചവെക്കാൻ ഒരുങ്ങുകയാണ് മുഹമ്മദ് ജെസീൻ.

സൂപ്പർ ലീഗ് കേരള സീസൺ-2 മലപ്പുറം എഫ്സിയുടെ ഔദ്യോഗിക ലോഞ്ച് സെപ്റ്റംബർ 26ന്

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ രണ്ടാം സീസണിലേക്ക് മികച്ച തയ്യാറെടുപ്പുകളുമായി മുന്നേറുന്ന മലപ്പുറം ഫുട്ബോൾ ക്ലബ്ബിന്റെ ഔദ്യോഗിക ലോഞ്ച് സെപ്റ്റംബർ 26 വെള്ളിയാഴ്ച വൈകിട്ട് 5 മണിക്ക് മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ വെച്ച് നടക്കും. ചടങ്ങിൽ മലപ്പുറം എഫ്സിയുടെ പുതിയ കളിക്കാരെയും കോച്ചിനെയും ആരാധകർക്ക് മുന്നിൽ അവതരിപ്പിക്കും. ഒക്ടോബർ 3ന് നടക്കുന്ന ആദ്യ ഹോം മത്സരത്തിന്റെ ടിക്കറ്റ് ഉൽഘാടനവും പരിപാടിയിൽ നടക്കും. എംഎഫ്സി ടീം പ്രമോട്ടർമാരും ചടങ്ങിൽ സന്നിഹിതരായിക്കും.

ഇന്ത്യൻ നെറ്റ്ബോൾ, ബാസ്ക്കറ്റ്ബോൾ ടീമിന്റെ മുൻ ക്യാപ്റ്റനും പ്രശസ്ത സിനിമാ നടിയുമായ പ്രാചി തെഹ്ലൻ ചടങ്ങിൽ മുഖ്യാതിഥിയായിരിക്കും. ക്ലബ്ബിന്റെ ഈ സീസണിലേക്കുള്ള പുതിയ ഔദ്യോഗിക ജേഴ്സികളുടെ പ്രകാശനവും പരിപാടിയിൽ താരം നിർവ്വഹിക്കും. പുതിയ സീസണിന് മുന്നോടിയായി മലപ്പുറത്തെ ഫുട്ബോൾ പെരുമയും അഭിനിവേശവും വീണ്ടും ആഘോഷിക്കുന്നതിനും ടീമുമായി ആരാധകർക്ക് കൂടുതൽ അടുത്തിടപഴകുന്നതിന് അവസരമൊരുക്കുന്നതിന്റെയും ഭാഗമായാണ് ഇങ്ങനെയൊരു ചടങ്ങ് സംഘടിപ്പിക്കുന്നതെന്ന് മാനേജ്മെൻറ് പ്രധിനിധികൾ പറഞ്ഞു.

6 വിദേശ കളിക്കാരുൾപ്പെടെ 26 പേരാണ് നിലവിൽ സ്ക്വാഡിലുള്ളത്. യുവ സ്പാനിഷ് പരിശീലകനായ മിഗ്വേൽ കോറൽ ടൊറൈറയാണ് ടീമിന്റെ ഹെഡ് കോച്ച് . വെറും 34 വയസ്സ് മാത്രമാണ് അദ്ദേഹത്തിനുള്ളത്. കഴിഞ്ഞ സീസണിലും ടീമിന്റെ കൂടെയുണ്ടായിരുന്ന തിരുവനന്തപുരം സ്വദേശി ക്ലിയോഫസ് അലക്സ് തന്നെയാണ് ഇത്തവണയും അസിസ്റ്റന്റ് കോച്ച്. ഐ-ലീഗ് രണ്ടാം ഡിവിഷനിൽ സാറ്റ് തിരൂരിനെ പരിശീലിപിച്ചിട്ടുണ്ട്. ചെന്നൈയിൻ എഫ്.സി റിസർവ് ടീം മുഖ്യ പരിശീലകനും കൂടിയായിരുന്നു.

രണ്ട് മണിക്കൂർ നീണ്ട് നിൽക്കുന്ന പരിപാടിയിൽ ആരാധകർക്കായി വയലിനിസ്റ്റും സംഗീതഞ്ജനുമായ സെഫിൻ ഫരീദും സംഘവും അവതരിപ്പിക്കുന്ന സംഗീത വിരുന്നും ഉണ്ടാകും. എസ്എൽകെയുടെ ആദ്യ സീസണിൽ മലപ്പുറത്തെ ജനങ്ങൾ നൽകിയ പിന്തുണ വിലമതിക്കാനാവത്തതായിരുന്നു. ഈ വർഷവും അതേ പിന്തുണ ആരാധകരുടെ അടുത്ത് നിന്ന് പ്രതീക്ഷിക്കുന്നുണ്ടെന്നും 26തിയ്യതി രണ്ടായിരത്തോളം പേരെയാണ് പ്രതീക്ഷിക്കുന്നതെന്നും ക്ലബ് പ്രധിനിധികൾ പറഞ്ഞു.

സായ് താരം സച്ചിൻദേവ് മലപ്പുറം എഫ്സിയിൽ

മലപ്പുറം: സായ് (സ്പോർട്സ് അതോറിറ്റി ഓഫ് ഇന്ത്യ) തിരുവനന്തപുരത്തിന്റെ യുവതാരം സച്ചിൻ ദേവിനെ സൈൻ ചെയ്ത് മലപ്പുറം എഫ്സി. കോഴിക്കോട് നടുവണ്ണൂർ സ്വദേശിയാണ് ഈ കൗമാരതാരം. ആദ്യമായി സൂപ്പർ ലീഗ് കേരളയിൽ പന്ത് തട്ടാനൊരുങ്ങുന്നതിൻറെ ആവേശത്തിലും സന്തോഷത്തിലുമാണ് സച്ചിൻ. വെറും 19 വയസ്സ് പ്രായം മാത്രമെ താരത്തിനൊള്ളു. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം കൂടിയാണ്. ലെഫ്റ്റ് ബാക്ക് പൊസിഷനിൽ നന്നായി കഠിനാധ്വാനം ചെയ്യുന്ന കളിക്കാരൻ കൂടിയാണ് സച്ചിൻ.

നടുവണ്ണൂർ സ്കോർലൈൻ സ്പോർട്സ് അക്കാദമിയിലൂടെയാണ് സച്ചിൻ കളിച്ചു വളർന്നത്. പിന്നീട് ട്രയൽസിലൂടെ സായിയിൽ സെലക്ഷൻ നേടി. സായിക്കു വേണ്ടി സ്വാമി വിവേകാനന്ദ അണ്ടർ-20 നാഷണൽ ചാമ്പ്യൻഷിപ്പിൽ മിന്നും പ്രകടനം കാഴ്ചവെച്ചിരുന്നു. ടീം സായ് അന്ന് മൂന്നാം സ്ഥാനം നേടുകയും ചെയ്തു. തുടർന്ന് സച്ചിന് ഇന്ത്യയുടെ അണ്ടർ – 20 ക്യാംപിൽ സെലക്ഷൻ കിട്ടി. കൂടാതെ 2023 സീസൺ കേരള പ്രീമിയർ ലീഗിലും 2023-24 സീസൺ ഡെവലപ്മെന്റ് ലീഗിലും താരം സായിക്ക് വേണ്ടി ബൂട്ടണിഞ്ഞിട്ടുണ്ട്.

2022ൽ നടന്ന സംസ്ഥാന സീനിയർ ഫുട്ബോൾ ചാമ്പ്യൻഷിപ്പിൽ ഇടുക്കി ജില്ലക്ക് വേണ്ടിയും കഴിഞ്ഞ വർഷം നടന്ന ജൂനിയർ വിഭാഗം ചാമ്പ്യൻഷിപ്പിൽ കോഴിക്കോടിന് വേണ്ടിയും കളത്തിലിറങ്ങിയിട്ടുണ്ട്. കോഴിക്കോടന്ന് മൂന്നാം സ്ഥാനം നേടുകയും ചെയ്തിരുന്നു. ഇത്തവണ സൂപ്പർ ലീഗ് കേരളയിൽ കിരീടം ലക്ഷ്യമിട്ടിറങ്ങുന്ന മലപ്പുറം ഒരുപിടി മികച്ച യുവതാരങ്ങളെയാണ് ടീമിലെത്തിച്ചിട്ടുള്ളത്. നിലവിൽ ടീമിന്റെ ശരാശരി പ്രായം വെറും 27 ആണ്.

സൂപ്പർ ലീഗ് കേരള സീസൺ 2: തന്ത്രങ്ങൾ മെനയാൻ പരിശീലകർ റെഡി

കൊച്ചി, 16/09/2025 — പ്രഥമ സീസണിന്റെ ഉജ്ജ്വല വിജയത്തിന് ശേഷം, സൂപ്പർ ലീഗ് കേരള രണ്ടാം പതിപ്പുമായി തിരിച്ചെത്തുന്നു. ഇത്തവണ കളിക്കളത്തിൽ ആവേശം അലതല്ലും, ലീഗിലെ ആറ് ക്ലബ്ബുകളും അന്താരാഷ്ട്ര നിലവാരത്തിലുള്ള പരിശീലകരെ തങ്ങളുടെ കൂടാരങ്ങളിൽ എത്തിച്ചതോടെ സൂപ്പർ ലീഗ് സീസൺ 2 വീറും വാശിയുമേറിയ മത്സരങ്ങൾക്ക് വേദിയാകും . “കേരളത്തിന്റെ സ്വന്തം ലീഗ്” എന്ന് വിശേഷിപ്പിച്ച് കേരളക്കര സൂപ്പർ ലീഗ് കേരള സീസൺ 1 നെ ഹൃദയപൂർവം സ്വീകരിച്ചിരുന്നു. ഇപ്പോൾ, ആവേശപ്പോരാട്ടത്തിന് കളമൊരുങ്ങുമ്പോൾ, ആറ് ഫ്രാഞ്ചൈസികളും പുതിയ സീസണിനായി മുഖ്യ പരിശീലകരെ എത്തിച്ച് മത്സരം കടുപ്പിച്ചിരിക്കുകയാണ്.

ലീഗിലെ ആറ് ക്ലബ്ബുകളിൽ മൂന്ന് ക്ലബ്ബുകളും സ്പാനിഷ് പരിശീലകരെ നിയോഗിച്ചപ്പോൾ, മറ്റുള്ളവർ അർജന്റീന, ഇംഗ്ലണ്ട്, റഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള പരിചയസമ്പന്നരായ ഫുട്ബോൾ തന്ത്രജ്ഞരെയാണ് തങ്ങളുടെ തട്ടകത്തിലെത്തിച്ചിരിക്കുന്നത്. വിദേശ പരിശീലകരുടെ വരവോടുകൂടി സൂപ്പർ ലീഗ് കേരളയുടെ മത്സരങ്ങളുടെ നിലവാരം ഉയരുന്നതിനൊപ്പം, കേരളത്തിലെ പ്രാദേശിക താരങ്ങളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താനും സാധിക്കും.

കണ്ണൂർ വാരിയേഴ്സ് മാത്രമാണ് സീസൺ 1-ലെ തങ്ങളുടെ പരിശീലകനെ നിലനിർത്തിയ ഏക ക്ലബ്. കഴിഞ്ഞ വർഷം സെമിഫൈനലിലേക്ക് ടീമിനെ നയിച്ച സ്പാനിഷ് തന്ത്രജ്ഞൻ മാനുവൽ സാഞ്ചസ് മുരിയസിനെയാണ് കണ്ണൂർ ഇക്കുറിയും തങ്ങളുടെ താരങ്ങളെ നയിക്കാൻ ചുമതലപെടുത്തിയിട്ടുള്ളത്. പ്രതീക്ഷകൾക്കൊത്ത് ആദ്യ സീസണിന് തിളങ്ങാൻ കഴിയാതെപോയ മലപ്പുറം എഫ്. സി, പനാമൻ ക്ലബ്ബുകളെ പരിശീലിപ്പിച്ച് മികച്ച പരിചയസമ്പത്തുള്ള 34 വയസ്സുകാരനായ യുവ സ്പാനിഷ് മാനേജർ മിഗ്വൽ കോറലിനെയാണ് തങ്ങളുടെ സീസൺ 2 വിന്റെ പ്രതീക്ഷകൾക്ക് നിറമേകാൻ എത്തിച്ചിട്ടുള്ളത്. സീസൺ 1 കിരീടം കൈയകലെ നഷ്ടപെട്ട ഫോഴ്‌സ കൊച്ചിയും സ്പാനിഷ് കരുത്തിൽ വിശ്വാസമർപ്പിച്ചാണ് മിക്കൽ ലാഡോ പ്ലാനയെ തങ്ങളുടെ വിജയ യാത്രയ്ക്ക് നേതൃത്വം നൽകാനും, കിരീടത്തിലേക്ക് നയിക്കാനും ചുമതലപ്പെടുത്തിയിരിക്കുന്നത്.

നിലവിലെ ചാമ്പ്യൻമാരായ കാലിക്കറ്റ് എഫ്‌സി അർജന്റീനിയൻ കോച്ച് എവർ അഡ്രിയാനോ ഡെമാൽഡെയാണ് മുഖ്യ പരിശീലകനായി നിയമിച്ചിരിക്കുന്നത. 44 വയസ്സുകാരനായ എവർ ഫ്രഞ്ച് വമ്പൻമാരായ ഒളിമ്പിക് മാഴ്സെയ്‌ക്കൊപ്പവും സൗദി അറേബ്യൻ ദേശീയ ടീമിനൊപ്പവും അസിസ്റ്റന്റ് മാനേജരായി പ്രവർത്തിച്ച അനുഭവസമ്പത്തുണ്ട്. തിരുവനന്തപുരം കൊമ്പൻസ് തങ്ങളെ പരിശീലിപ്പിച്ച ബ്രസീലിയൻ പരിശീലകൻ സെർജിയോ അലക്സാണ്ടറിന് പകരം ഇംഗ്ലീഷ് മാനേജർ ജെയിംസ് മക്അലൂണിനെയാണ് ടീമിലെത്തിച്ചിരിക്കുന്നത്. അതേസമയം, ഉദ്ഘാടന സീസണിൽ കാര്യമായ പ്രകടനം കാഴ്ചവെക്കാൻ കഴിയാതെ പോയ തൃശ്ശൂർ മാജിക് എഫ് . സി , റഷ്യൻ തന്ത്രങ്ങൾ തേടി മുഖ്യ പരിശീലകനായി ആൻഡ്രെയ് ചെർണിഷോവുമായി കരാറിലെത്തിയിട്ടുണ്ട്. മുഹമ്മദൻ എസ്‌സിയെ പരിശീലിപ്പിച്ച് അനുഭവസമ്പത്തുള്ള ചെർണിഷോവ്, മുഹമ്മദൻ എസ. സി യെ ഐ-ലീഗ് കിരീടത്തിലേക്കും ഒടുവിൽ ഐ‌എസ്‌എല്ലിലേക്ക് നയിച്ചതും 57കാരനായ ചെർണിഷോവാണ്.

ENDS

For media inquiries, please contact:
Hari Krishnan T V
Media Manager
media@superleaguekerala.com
7902306894,9567554233

അൾട്രാസിന് വിരുന്നൊരുക്കി മലപ്പുറം ഫുട്ബോൾ ക്ലബ്

മലപ്പുറം: പുതിയ സീസണിന് മൂന്നോടിയായി ക്ലബിൻറെ ഔദ്യോഗിക ആരാധക കൂട്ടായ്മായ അൾട്രാസിന് പ്രത്യേക വിരുന്നൊരുക്കി മലപ്പുറം എഫ്സി. ക്ലബിന് ആരാധകരോടുള്ള സ്നേഹം പ്രകടമാക്കുന്നതായിരുന്നു വിരുന്ന്. ടീമിൻറെ പരിശീലന കേന്ദ്രമായ കാലിക്കറ്റ് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് 300 ഓളം വരുന്ന ആരാധകർ ഒത്തുകൂടിയത്. വരാൻ പോകുന്ന സീസണിന് മുന്നോടിയായി ടീമിന് അൾട്രാസിൻറെ ശക്തമായ പിന്തുണ പ്രഖ്യാപിക്കുന്നതുമായിരുന്നു പരിപാടി.

പരിപാടിയിൽ ക്ലബ് മാനേജ്മെന്റ പ്രധിനിധികളും പരിശീലകരും കളിക്കാരും പങ്കെടുത്ത് ആരാധകരോടൊപ്പം സംവദിക്കുകയും ഫോട്ടോകൾ പങ്കുവെക്കുകയും ചെയ്തു. ആരാധക്കർക്കിടയിലേക്കുള്ള റോയ് കൃഷ്ണയുടെ സർപ്രൈസ് എൻട്രി എല്ലാവർക്കും ആവേശം നൽകി. വലിയ കൈയ്യടികളോടെയാണ് എല്ലാ താരങ്ങളെയും അൾട്രാസ് സ്വാഗതം ചെയ്തത്. സംവേദന സെഷനുകൾ, അൾട്രാസ് പോളോ കിറ്റ് റിലീസ് എന്നിവ നടത്തി. താരങ്ങൾക്കും സ്റ്റാഫ്സിനും അൾട്രാസ് മൊമെന്റോയും സമ്മാനമായി നൽകി.

സംഗമത്തിൽ ടീമിന്റെ വരാനിരിക്കുന്ന സീസണുമായി ബന്ധപ്പെട്ട പദ്ധതികൾ ആരാധകരുമായി പങ്കുവെച്ചു. പുതിയ സീസണിലും ആരാധകരുടെ ഉറച്ച പിന്തുണ ടീമിന് വലിയ ആത്മവിശ്വാസമാകുമെന്ന് ഹെഡ് കോച്ച് മിഗ്വേൽ കോറലും സഹപരിശീലകൻ ക്ലിയോഫസ് അലക്സും വ്യക്തമാക്കി. സൂപ്പർ ലീഗ് കേരളയുടെ പുതിയ സീസണിലേക്ക് തയ്യാറെടുക്കുന്ന മലപ്പുറം എഫ്സി ആരാധകരുടെ ശക്തമായ പിന്തുണയാണ് ഇത്തവണയും ലക്ഷ്യമിടുന്നത്.

Exit mobile version