Picsart 25 11 02 21 55 21 618

സൂപ്പർ ലീഗ് കേരള; കൊച്ചിപോര് ജയിക്കാനുറച്ച് മലപ്പുറം

മലപ്പുറം: സൂപ്പർ ലീഗ് കേരളയുടെ ഈ സീസണിലെ ആദ്യ എവേ മത്സരത്തിന് ഒരുങ്ങി ടീം എംഎഫ്സി. ഫോഴ്‌സ കൊച്ചി എഫ്സിയാണ് മലപ്പുറം എഫ്സിയുടെ എതിരാളികൾ. ലീഗിലെ അഞ്ചാം റൗണ്ട് മത്സരമാണ് ഇനി നടക്കാനിരിക്കുന്നത്. നവംബർ 4ന് കൊച്ചിയുടെ ഹോം ഗ്രൗണ്ടായ മഹാരാജാസ് കോളേജ് സ്റ്റേഡിയത്തിൽ വൈകീട്ട് 7.30നാണ് കിക്കോഫ്. ആദ്യ സീസണിൽ ഇരു ടീമുകളും ഏറ്റുമുട്ടിയപ്പോൾ കലൂർ സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരം 2-0 എന്ന സ്കോറിൽ മലപ്പുറം ജയിക്കുകയും പയ്യനാട് നടന്ന മത്സരം മഴമൂലം മാറ്റിവെച്ചത് കൊണ്ട് രണ്ട് ടീമിനും ഓരോ പോയിൻറ് വീതം നൽകുകയായിരുന്നു.

സീസണിൽ എംഎഫ്സി ഇതുവരെ തോൽവിയറിഞ്ഞിട്ടില്ലെങ്കിലും തൃശൂർ മാജിക്കിനെതിരായ ആദ്യ മത്സരം വിജയിച്ചതിന് ശേഷം തുടർന്നുള്ള മൂന്ന് മത്സരങ്ങളുടെയും ഫലം സമനിലയായിരുന്നു. നിലവിൽ പട്ടികയിൽ ആറ് പോയിന്റോടെ മൂന്നാം സ്ഥാനത്താണ് മലപ്പുറമുള്ളത്. മറുവശത്ത് കൊച്ചിയാണെങ്കിൽ കളിച്ച നാല് കളിയും പരാജയപ്പെട്ട് പോയിന്റ് പട്ടികയിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്. മികച്ച പ്രകടനങ്ങൾ കാഴ്ചവെക്കുന്നുണ്ടെങ്കിലും കൊച്ചിക്ക് ഇത് വരെ ലീഗിൽ ഒരു പോയിന്റ് നേടാൻ കഴിഞ്ഞിട്ടില്ല. അത്കൊണ്ട് തന്നെ എങ്ങനെയെങ്കിലും മലപ്പുറത്തെ തോൽപിച്ച് സീസണിലെ ആദ്യ ജയം സ്വന്തമാക്കുയായിരിക്കും കൊച്ചിയുടെ ലക്ഷ്യം.

കൊച്ചിക്കെതിരെയുള്ള ട്രാവലിംഗ് സ്‌ക്വാഡിൽ പരിശീലകൻ മിഗ്വേൽ കോറൽ ചില പ്രധാന മാറ്റങ്ങൾ വരുത്താനുള്ള സാധ്യതകളുണ്ട്. മുന്നേറ്റനിരയിൽ ക്യാപ്റ്റൻ ഫസ്‌ലുറഹ്മാൻ പരിക്ക് മാറി ടീമിൽ തിരിച്ചെത്തിയത് ആശ്വാസകരമാണ്. സമനില പൂട്ട് പൊളിച്ച് വീണ്ടും വിജയവഴിയിലേക്ക് തിരിച്ചെത്താൻ തന്നെയാണ് മലപ്പുറത്തിന്റെ കൊച്ചിയിലേക്കുള്ള വരവ്.

Exit mobile version